Jeevithavijayam
11/19/2019
    
ഒരിക്കലും നീയെന്നെ ഓര്‍ത്തില്ലല്ലോ
രാത്രി മുഴുവന്‍ ഞാന്‍ കാവലിരുന്നു. നീ ഉണര്‍ന്നപ്പോള്‍ ഞാന്‍ നിന്റെ അരികിലുണ്ടായിരുന്നു. എന്നാല്‍, നീ എന്നെ കണ്ടില്ല; എന്നെ ഓര്‍മിച്ചുമില്ല.

നീ ഉണര്‍ന്നാലുടനെ എന്നോടു സംസാരിക്കുമെന്നും നീ ചെയ്യാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച് എന്നോട് ആലോചന ചോദിക്കുമെന്നുമാണു ഞാ ന്‍ കരുതിയത്. പുതിയൊരു ദിവസത്തിലേക്കു കാലുകുത്തുവാന്‍ സാധിച്ചതില്‍ നീ നന്ദിപറയുമെന്നും ഞാന്‍ കരുതി.

എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. പ്രഭാതകര്‍മങ്ങള്‍ കഴിഞ്ഞയുടനെ നീ പത്രമെടുക്കുവാന്‍ പോയി. പത്രവും വായിച്ചുകൊണ്ടു പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ നിന്റെ ചിന്തയില്‍ ഞാന്‍ വരുമെന്നു വിചാരിച്ചു. ആ ചിന്ത വെറുതെയായി.

രാവിലെ നീ ഓഫീസിലേക്കു യാത്രയാവുന്നതിനു മുമ്പ് നിനക്കു കുറെസമയം ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അപ്പോഴെങ്കിലും നീ എന്നെക്കുറിച്ചു ചിന്തിക്കുമെന്നു ഞാന്‍ കരുതി. എന്നാ ല്‍, അതിനു പകരം വെറുതെ ഒരു സോഫയില്‍ ചാരിയിരുന്നു നേരം കളയുകയാണു നീ ചെയ്തത്.

ഓഫീസിലേക്കു പോകാന്‍ നീ വളരെ ശ്രദ്ധാപൂര്‍വമാണ് ഒരുങ്ങിയത്. നിന്റെ വേഷവിധാനം ഏറ്റവും മെച്ചമാണെന്നു നീ ഉറപ്പുവരുത്തി. പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ ഷൂവാണു നീ ധരിച്ചത്. മുടി നീ മനോഹരമായി ചീകിവച്ചു. പോക്കറ്റില്‍ പേനയും കുത്തി കൈയില്‍ ബ്രീഫ് കെയ്‌സുമെടുത്തു നീ കാറിലേക്കു കയറിയപ്പോഴെങ്കിലും എന്നെ ഓര്‍മിക്കുമെന്നു ഞാന്‍ കരുതി. പക്ഷേ, അതുണ്ടായില്ല.

നീ ഡ്രൈവ് ചെയ്ത് അപകടമൊന്നും കൂടാതെ ജോലിസ്ഥലത്തെത്തി. അപ്പോഴെങ്കിലും നിന്റെ മനസില്‍ നന്ദിയുടെ ഒരു ചിന്ത ഉടലെടുക്കുമെന്നു ഞാന്‍ കരു തി. അതും സംഭവിച്ചില്ല.

ഓഫീസിലെത്തിയ ഉടനെ നീ എല്ലാവരോടും ക്ഷേമാന്വേഷണങ്ങള്‍ നടത്തി. ജോലിയിലേക്കു പ്രവേശിച്ചു. എന്നെ അനുസ്മരിച്ചിട്ടു നിന്റെ ജോലി നീ തുടങ്ങിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചതു വെറുതെയായി.

ഉച്ചഭക്ഷണത്തിനു നീ പോയത് ഒരു റെസ്റ്റോറന്റിലേക്കാണ്. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന വഴി നീ ക്രോസ് ചെയ്തപ്പോഴെങ്കിലും നിന്റെ ചിന്തയില്‍ ഞാന്‍ വരുമെന്നു പ്രതീക്ഷിച്ചു. നിനക്ക് അപകടം ഉണ്ടാവില്ല എന്ന ഉറപ്പായിരിക്കണം എന്നെ നീ സ്മരിക്കാതിരിക്കാന്‍ കാരണം.

ഭക്ഷണത്തിനിരിക്കുമ്പോള്‍ നീ ചു റ്റിലും നോക്കി. അപ്പോള്‍, ചിലര്‍ തലകുനിച്ച് എനിക്കു നന്ദിപറഞ്ഞു ഭക്ഷ ണം കഴിക്കുവാന്‍ തുടങ്ങുന്നതു നീ കണ്ടു. പക്ഷേ, അപ്പോഴും എന്നെ ഓര്‍മിക്കുവാനോ എന്നോടു സംസാരിക്കുവാനോ നീ ശ്രമിച്ചില്ല.

ജോലി കഴിഞ്ഞു നീ വീട്ടിലെത്തുമ്പോള്‍ നിന്റെ കുടുംബാംഗങ്ങള്‍ നിന ക്കു ഭക്ഷണം തയാറാക്കി കാത്തിരിപ്പുണ്ടായിരുന്നു. ആ ഭക്ഷണം വെട്ടിവിഴുങ്ങിയിട്ടു ചില സുഹൃത്തുക്കളെ കാണുവാന്‍ നീ പോയി. നീ മടങ്ങിവന്നപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. എങ്കിലും ടെലിവിഷന്‍ കാണുവാന്‍ നീ കുറെ സമയം കണെ്ടത്തി. അതിനിടയില്‍ ചില സുഹൃത്തുക്കളെ വിളിച്ചു നീ സൗഹൃദ സംഭാഷണം നടത്തുകയുംചെയ്തു.


ഇതെല്ലാം കഴിഞ്ഞപ്പോള്‍ നിന്റെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായി മാറി. കിടക്കയിലേക്കു ചെരിയുന്നതിനു മുമ്പ് ഒരുനിമിഷ നേരത്തേക്കെങ്കിലും നീ മുട്ടുകുത്തി എന്നോടു സംസാരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, അതും സംഭവിച്ചില്ല.

ഞാന്‍ ഇപ്പോഴും ക്ഷമാപൂര്‍വം നിന ക്കു കാവലിരിക്കുകയാണ്. നീ ക്ഷീണം തീര്‍ത്ത് ഉറക്കമുണരുമ്പോഴെങ്കിലും എന്നെ ഓര്‍മിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

തെറ്റിദ്ധരിക്കേണ്ട, എനിക്കു നിന്നോടു പകയില്ല. എന്നാല്‍, എനിക്കു ദുഃഖമുണ്ട്. നീ എന്നെ ഇടയ്‌ക്കെങ്കിലും ഓര്‍മിച്ചിരുന്നുവെങ്കില്‍ നിന്റെ ദിവസത്തിന്റെ മേന്മ എത്രയോ വര്‍ധിക്കുമായിരുന്നു! നിനക്കുണ്ടായ ഈ നഷ്ടത്തെക്കുറിച്ചാണ് എന്റെ ദുഃഖം.

ഞാന്‍ ഇപ്പോഴും ക്ഷമാപൂര്‍വം കാ ത്തിരിക്കുകയാണ്. രാവിലെ നീ ഉറക്കമുണരുമ്പോള്‍ എന്റെ സ്‌നേഹവുമായി ഞാന്‍ കാത്തുനില്‍ക്കും. അപ്പോള്‍ നീ എന്നെ ഓര്‍മിച്ചാല്‍ എന്റെ സ്‌നേഹവും അനുഗ്രഹങ്ങളും നിന്നിലേക്കൊഴുകും. നീ എന്നെ സ്മരിച്ചില്ലെങ്കിലോ? അപ്പോള്‍ എന്റെ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നിന്നില്‍ സ്ഥാനമില്ലാതെപോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

ഉറക്കമുണരുന്ന നിമിഷമെങ്കിലും നീ എന്നെ സ്മരിക്കുമെന്ന പ്രതീക്ഷയോടെ നിനക്കായി ഞാന്‍ കാത്തിരിക്കുന്നു. എന്ന് നിന്റെ ഏറ്റവും വലിയ സുഹൃ ത്ത്ദൈവം.

ദൈവത്തിന്റെ പേരില്‍ ആരോ എഴുതിയ ഒരു എഴുത്ത് ഇന്റര്‍നെറ്റില്‍ കാണുവാനിടയായി. ആ എഴുത്തിന്റെ ചുവടുപിടിച്ച് എഴുതിയ കത്താണു മുകളില്‍ കൊടുത്തിരിക്കുന്നത്.

ഇമ്മാതിരിയൊരു എഴുത്തു വായിക്കാതെതന്നെ ദൈവത്തെ അനുദിനം സ്മരിക്കുകയും അവിടത്തേക്കു നന്ദിപറയുകയും ചെയ്യുന്നവരാകാം നമ്മള്‍. അങ്ങനെയെങ്കില്‍ നാം ഭാഗ്യവാന്മാര്‍ തന്നെ. എന്നാല്‍ നമ്മുടെ തിരക്കുകള്‍ക്കും ജീവിത വ്യഗ്രതകള്‍ക്കുമിടയില്‍ ദൈവ ത്തെ അനുസ്മരിക്കാന്‍ സമയം കണെ്ടത്താതെ പോകുന്നവരാണോ നമ്മള്‍?

എങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന കത്ത് നാം ശ്രദ്ധാപൂര്‍വം വായിക്കുകതന്നെ വേണം.

ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും നമുക്കു ദൈവം കാവല്‍നി ല്‍ക്കുന്നുണ്ട്. അതുപോലെതന്നെ, തന്റെ അളവില്ലാത്ത സ്‌നേഹം എപ്പോഴും നമുക്കായി അവിടുന്നു വച്ചുനീട്ടുന്നുണ്ട്. ആ സ്‌നേഹം നന്ദിപൂര്‍വം സ്വീകരിക്കുവാ നോ അത് അവഗണിക്കുവാനോ നമുക്കു സാധിക്കും.

ദൈവം നമുക്കായി വച്ചുനീട്ടുന്ന സ്‌നേഹം നന്ദിയോടെ എപ്പോഴും സ്വീകരിക്കുവാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ഏതു നിമിഷവും ധന്യമായിരിക്കും. ഇക്കാര്യം എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.
    
To send your comments, please clickhere