Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
October 21, 2019
 
 
    
 
Print this page
 

നിരാശരാകരുത്, ദൈവമുണ്ടല്ലോ

എല്ലാ ദാനങ്ങളുടെയും ഉറവിടമേ വരൂ' (കം ദൗ ഫൗന്റ് ഓഫ് എവ്‌രി ബ്ലസിംഗ്) എന്നു തുടങ്ങുന്ന അതിമനോഹരമായ ഇംഗ്ലീഷ് പ്രാര്‍ഥനാ ഗീതത്തിന്റെ രചയിതാവാണു റോബര്‍ട്ട് റോബിന്‍സണ്‍ (1735-1790). ഇംഗ്ലണ്ടിലെ നോര്‍ഫോക്കില്‍ ജനിച്ച അദ്ദേഹത്തിന്റെ ബാല്യം ഏറെ ക്ലേശകരമായിരുന്നു. അഞ്ചു വയസില്‍ പിതാവിനെ നഷ്ടപ്പെട്ട റോബിന്‍സണ്‍ ഒരു അങ്കിളിന്റെ സംരക്ഷണത്തിലാണു വളര്‍ന്നത്. റോബിന്‍സന്റെ അമ്മയുടെ പിതാവ് ധനികനായിരുന്നെങ്കിലും അയാള്‍ തന്റെ കൊച്ചുമകനെ സംരക്ഷിക്കുവാന്‍ തയാറായില്ല. തന്മൂലം, റോബിന്‍സണ്‍ വളര്‍ന്നത് അത്ര നല്ല രീതിയിലായിരുന്നില്ല.

റോബിന്‍സണു പതിനേഴു വയസുള്ളപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഒരു തെമ്മാടിസംഘത്തിലെ അംഗമായിരുന്നു. ഒരു ദിവസം വഴിയരികിലിരുന്നു മദ്യപിച്ചുകൊണ്ടിരുന്ന ഒരു നാടോടി സ്ത്രീയെ റോബിന്‍സണും സംഘവും ആക്രമിച്ചു. ആളുകളുടെ ലക്ഷണം നോക്കി ഭാവിപറയുന്ന ഒരു സ്ത്രീയായിരുന്നു അത്. ചെറുപ്പക്കാരെല്ലാവരും കൂടി അവരുടെ തലയില്‍ മദ്യം ഒഴിച്ചു ഫ്രീയായി തങ്ങളുടെ ഭാവി പ്രവചിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു.

അപ്പോള്‍ റോബിന്‍സന്റെ നേരേ നോക്കി ആ സ്ത്രീ പറഞ്ഞു: 'നിനക്കു മക്കളെയും അവരുടെ മക്കളെയും കാണുവാനുള്ള ഭാഗ്യമുണ്ടാകും'. ഈ പ്രവചനം റോബിന്‍സന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. തനിക്കു മക്കളും കൊച്ചുമക്കളും ഉണ്ടാകുവാനുള്ളതാണെങ്കില്‍ താന്‍ ഇങ്ങനെ ജീവിക്കുന്നതു ശരിയല്ലെന്ന് ആ ചെറുപ്പക്കാരനു തോന്നി. അങ്ങനെയാണു സുഹൃത്തുക്കളെയും കൂട്ടി ജോര്‍ജ് വൈറ്റ്ഫീല്‍ഡ് എന്ന മതപുരോഹിതന്റെ പ്രസംഗം കേള്‍ക്കുവാന്‍ റോബിന്‍സണ്‍ പോയത്.

'അണലി സന്താനങ്ങളേ, വരുവാനിരിക്കുന്ന കോപത്തില്‍നിന്നു ഓടിയകലുവാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത്' (മത്തായി 3:7) എന്ന ബൈബിള്‍ വചനത്തെക്കുറിച്ചായിരുന്നു വൈറ്റ് ഫീല്‍ഡ് അന്നു പ്രസംഗിച്ചത്. പ്രസംഗം കേട്ടു ഭയപ്പെട്ട റോബിന്‍സണ്‍ അവിടെനിന്ന് ഓടിപ്പോയി വലിയ കുറ്റബോധത്തോടെ ജീവിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ദൈവത്തില്‍ ആശ്വാസം കണെ്ടത്തിയ റോബിന്‍സണ്‍ ഒരു പ്രൊട്ടസ്റ്റന്റ് മതപ്രസംഗകനായി മാറി.

അതെത്തുടര്‍ന്നാണ് 'എല്ലാ ദാനങ്ങളുടെയും ഉറവിടമേ വരൂ' എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗീതം അദ്ദേഹം രചിച്ചത്. അതിമനോഹരമായ ഈ പ്രാര്‍ഥനാഗീതത്തില്‍ അദ്ദേഹത്തിന്റെ ഹൃദയവിചാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗീതത്തിന്റെ അവസാനഭാഗത്തു, തനിക്കു വഴിതെറ്റിപ്പോയേക്കാമെന്നും താന്‍ സ്‌നേഹിക്കുന്ന ദൈവത്തെ ഉപേക്ഷിക്കുവാനിടവന്നേക്കാമെന്നുമുള്ള ആശങ്കകള്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

റോബിന്‍സണ്‍ തന്റെ പ്രാര്‍ഥനാഗീതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതുപോലെ അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ടാകുമോ? അദ്ദേഹത്തെപ്പറ്റി നിലവിലുള്ള ഒരു കഥ ഇപ്രകാരമാണ്. അദ്ദേഹം മതപ്രസംഗം ആരംഭിച്ചു കുറെക്കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ മതപ്രസംഗം മതിയാക്കി വീണ്ടും പാപകരമായ ജീവിതത്തിലേക്കു തിരിഞ്ഞു. വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം ജീവിതം ആസ്വദിക്കുവാനായി പാരീസില്‍ എത്തി. അവിടെ ദൈവത്തെ മറന്നു ജീവിക്കുമ്പോള്‍ ഒരു ദിവസം ഒരു കുതിരവണ്ടിയില്‍ യാത്ര ചെയ്യുവാനിടയായി. ആ കുതിരവണ്ടിയിലെ ഒരു യാത്രക്കാരി പാപകരമായ ജീവിതം നയിച്ചു മാനസാന്തരപ്പെട്ട ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നു.

ആ സ്ത്രീ യാത്രയ്ക്കിടയില്‍ വായിച്ചുകൊണ്ടിരുന്നത് 'എല്ലാ ദാനങ്ങളുടെയും ഉറവിടമേ വരൂ' എന്ന പ്രാര്‍ഥനാഗീതമായിരുന്നു. ഈ പ്രാര്‍ഥനാഗീതത്തിന്റെ ആദ്യഭാഗം ഉറക്കെ വായിച്ചതിനുശേഷം ആ സ്ത്രീ റോബിന്‍സനോടു ചോദിച്ചു: 'ഈ കവിതയെക്കുറിച്ച് എന്തുതോന്നുന്നു?' അപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു റോബിന്‍സണ്‍ പറഞ്ഞു: 'ഞാനാണ് ഈ ഗാനം എഴുതിയത്. എന്നാല്‍ ഞാന്‍ ദൈവത്തില്‍നിന്ന് അകന്നുപോയി. തിരിച്ചുപോകുവാനുള്ള വഴി ഞാന്‍ കാണുന്നില്ല.'

റോബിന്‍സന്റെ മറുപടി കേട്ട ആ സ്ത്രീ ആദ്യം അമ്പരന്നുപോയി. എന്നാല്‍, നിമിഷനേരത്തിനുള്ളില്‍ ആ സ്ത്രീ പറഞ്ഞു: 'തിരിച്ചുപോകുവാനുള്ള വഴിയും ഇതില്‍ പറയുന്നുണ്ടല്ലോ. ദൈവത്തിന്റെ കരുണയുടെ പ്രവാഹം ഒരിക്കലും നിലയ്ക്കുന്നില്ല (സ്ട്രീംസ് ഓഫ് മേഴ്‌സി നെവര്‍ ഫെയിലിംഗ്' എന്നല്ലേ നിങ്ങള്‍ തന്നെ എഴുതിയിരിക്കുന്നത്?'

ഈ മറുപടി കേട്ടപ്പോള്‍ റോബിന്‍സണ്‍ ദൈവത്തിന്റെ കരുണയിലാശ്രയിച്ചു വീണ്ടും പശ്ചാത്തപിച്ചു ദൈവത്തിലേക്കു തിരിഞ്ഞുവെന്നും വീണ്ടും മതപ്രസംഗകനായി തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിച്ചുവെന്നുമാണു കഥ. ഈ കഥയുടെ യാഥാര്‍ഥ്യം എന്തുതന്നെയായാലും ഈ കഥ നല്കുന്ന സന്ദേശം ഒരിക്കലും മറന്നുകൂടാ.

തെറ്റുകുറ്റങ്ങളില്‍ മുഴുകി ജീവിച്ച റോബിന്‍സണ്‍ സ്വന്തം തെറ്റുകളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തിനു തന്റെ ജീവിതം സമര്‍പ്പിച്ചു ജീവിക്കുവാന്‍ തുടങ്ങി. എന്നാല്‍, അധികം താമസിയാതെ റോബിന്‍സണ്‍ വീണ്ടും പാപകരമായ ജീവിതത്തിലേക്കു വഴുതിവീണു. അങ്ങനെ അശാന്തനായി കഴിയുമ്പോഴാണു ദൈവത്തിന്റെ കരുണയുടെ നിലയ്ക്കാത്ത പ്രവാഹത്തെക്കുറിച്ച് ഓര്‍മിക്കുവാന്‍ വീണ്ടും അവസരം ലഭിച്ചത്. അതുവഴിയായി വീണ്ടും ദൈവത്തില്‍ അഭയം കണെ്ടത്തുവാന്‍ റോബിന്‍സനു സാധിച്ചു.

നാമെല്ലാവരും ബലഹീനരായ മനുഷ്യരായിരിക്കുന്നതുകൊണ്ടു നമ്മുടെ ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിച്ചുവെന്നിരിക്കും. അതുപോലെ, ചിലപ്പോള്‍ ഗൗരവമായ പാപത്തിലും നാം വീണുപോയി എന്നിരിക്കും. അപ്പോള്‍ സ്വാഭാവികമായും നമുക്കു മനഃസമാധാനം നഷ്ടപ്പെടുകയും നാം വലിയ കുറ്റബോധത്തിനടിപ്പെട്ടു നിരാശാഗര്‍ത്തത്തില്‍ നിപതിക്കുകയും ചെയ്‌തേക്കാം. അതു സംഭവിക്കാതിരിക്കണമെങ്കില്‍ നിരന്തരമായി പ്രവഹിക്കുന്ന ദൈവത്തിന്റെ അനന്തമായ കരുണയെക്കുറിച്ചു നാം അവബോധമുള്ളവരാകണം.

നാം പാപത്തില്‍ വീഴുന്നതു വലിയ തെറ്റാണ്. അതുപോലെതന്നെ വലിയ തെറ്റാണു ദൈവത്തിന്റെ കരുണയെ വിസ്മരിച്ചു നിരാശരായി ജീവിക്കുന്നതും. നാം എപ്പോഴെങ്കിലും പാപത്തില്‍ വീഴുവാന്‍ ഇടയായാല്‍ ദൈവത്തിന്റെ കരുണയിലാശ്രയിച്ചുകൊണ്ടു ദൈവത്തോടു മാപ്പു ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്‌നേഹനിധിയും കരുണാസമ്പന്നനുമായ ദൈവം അപ്പോള്‍ നമ്മുടെ പശ്ചാത്താപം കണ്ടു നമ്മോടു ക്ഷമിക്കുകതന്നെ ചെയ്യും.

താന്‍ പാപത്തില്‍ നിപതിക്കുവാന്‍ സാധ്യത ഉണെ്ടന്നു സ്വയം ഓര്‍മിപ്പിച്ചുകൊണ്ടു റോബിന്‍സണ്‍ തന്റെ പ്രാര്‍ഥനാഗീതത്തില്‍ ഇപ്രകാരം എഴുതുന്നു: 'ഇതാ എന്റെ ഹൃദയം. എന്റെ ഹൃദയം അങ്ങു സ്വീകരിച്ചു എന്റെ ഹൃദയത്തെ അങ്ങേക്കായി മുദ്രവയ്ക്കുക.' പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന നമ്മുടെ പ്രാര്‍ഥനയും ഇതുതന്നെയായിരിക്കട്ടെ.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.