Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
May 26, 2019
 
 
    
 
Print this page
 

മാറ്റിമറിക്കാവുന്ന 'വിധി'കള്‍

രാജാവായിരുന്നെങ്കിലും ആ പിതാവിനു സ്വന്തം പുന്നാരമോള്‍ക്ക് ഒരു ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം മകളെ വിളിച്ചു പറഞ്ഞു: ''മകളേ, നീ തന്നെ പോയി നിനക്കൊരു ഭര്‍ത്താവിനെ കണ്ടുപിടിച്ചു വരൂ.''

രാജപുത്രി മന്ത്രിസത്തമനുമൊത്തു തനിക്കൊരു ഭര്‍ത്താവിനെ തേടിയിറങ്ങി. യാത്രാമധ്യേ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സുന്ദരനായ സത്യവാനെ അവള്‍ കണ്ടുമുട്ടി.

സ്വാലരാജാവായിരുന്ന ദ്യുമത്‌സേനന്റെ പുത്രനായിരുന്നു സത്യവാന്‍. സത്യവാന്‍ അന്ധനായ തന്റെ പിതാവിനോടൊപ്പം കാട്ടില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.

പ്രഥമദര്‍ശനത്തില്‍ത്തന്നെ അവള്‍ക്കു സത്യവാനെ ഇഷ്ടപ്പെട്ടു. സത്യവാനും അവളോടു താത്പര്യമായിരുന്നു. അയാളെ മനസാ വരിച്ചതിനുശേഷം താന്‍ ഭര്‍ത്താവിനെ കണ്ടുപിടിച്ച വാര്‍ത്തയുമായി അവള്‍ പിതൃസന്നിധിയിലേക്കു മടങ്ങി.

മദ്രം രാജ്യത്തെ അശ്വപതിയുടെ മകളായിരുന്നു അവള്‍. പരിവാരസമേതം അവള്‍ കൊട്ടാരത്തില്‍ മടങ്ങിയെത്തുമ്പോള്‍ നാരദമഹര്‍ഷി രാജാവിനോടു കുശലം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെന്നപാടേ അവള്‍ പിതാവിനോടു സത്യവാനെ കണ്ടുപിടിച്ച കഥ പറഞ്ഞു.

അവള്‍ സ്വയം കണ്ടുപിടിച്ച ഭര്‍ത്താവ് സത്യവാനാണെന്നറിഞ്ഞപ്പോള്‍ നാരദമഹര്‍ഷിയോട് അശ്വപതി അഭിപ്രായം ചോദിച്ചു. അപ്പോള്‍ നാരദന്‍ പറഞ്ഞു: ''എല്ലാ ഗുണങ്ങളും തികഞ്ഞവനാണ് സത്യവാന്‍. പക്ഷേ, അവന്‍ ഒരു വര്‍ഷത്തിനകം മരിക്കും.''

സത്യവാനെക്കുറിച്ചു നാരദന്‍ പറഞ്ഞതുകേട്ടിട്ട് അവളൊട്ടും കുലുങ്ങിയില്ല.

താന്‍ സത്യവാനെ മനസാ വരിച്ചതുകൊണ്ട് അദ്ദേഹത്തെക്കൊണ്ടുതന്നെ വിവാഹം കഴിപ്പിക്കണമെന്ന് അവള്‍ പിതാവിനെ നിര്‍ബന്ധിച്ചു. അശ്വപതി മകളുടെ അഭ്യര്‍ഥന മാനിച്ച് അവളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

സത്യവാന്റെ വാസം കാട്ടിലായിരുന്നതുകൊണ്ട് അവളും ആഡംബരജീവിതം ഉപേക്ഷിച്ചു സത്യവാനോടൊപ്പം കാട്ടിലേക്കു പോയി. അവിടെ അവര്‍ സന്തോഷപൂര്‍വം ജീവിക്കുമ്പോള്‍ സത്യവാന്റെ മരണം അടുത്തു എന്നവള്‍ ഓര്‍മിച്ചു. സത്യവാന്റെ മരണത്തിനുള്ള ഒരുക്കമായി അവള്‍ മൂന്നുദിവസത്തെ നിരാഹാരവ്രതം അനുഷ്ഠിച്ചു.

അയാള്‍ മരിക്കുന്ന ദിവസം അവള്‍ക്കറിയാമായിരുന്നതുകൊണ്ട്, ആ ദിവസം അയാള്‍ വിറകുശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ അവളും കൂടെപ്പോയി.

സത്യവാന്‍ വിറകുശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ യമന്‍ സത്യവാനുനേരേ നടന്നടുക്കുന്നത് അവള്‍ കണ്ടു. ഒട്ടും മടിക്കാതെ അവള്‍ യമനോടു ചോദിച്ചു: ''എന്തുകൊണ്ടാണ് അങ്ങു നേരിട്ടുതന്നെ വന്നിരിക്കുന്നത്? സാധാരണ അങ്ങയുടെ കിങ്കരന്മാരാണല്ലോ ജീവനപഹരിക്കാന്‍ വരാറുള്ളത്?''

യമന്‍ പറഞ്ഞു: ''സത്യവാന്‍ ധര്‍മിഷ്ഠനാണ്. അതുകൊണ്ടാണു ഞാന്‍ തന്നെ നേരിട്ടുവന്നിരിക്കുന്നത്.''

അവള്‍ക്കു യമനോടു വേറെയും ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. പക്ഷേ, അതിനൊന്നും സമയം നല്‍കാതെ കാലപാശം വീശി യമന്‍ സത്യവാന്റെ ജീവന്‍ അപഹരിച്ചു.

സത്യവാന്റെ ആത്മാവിനെയുംകൊണ്ട് യമന്‍ നടന്നുനീങ്ങുമ്പോള്‍ അവള്‍ പുറകേ ചെന്നു. അപ്പോള്‍ യമന്‍ പറഞ്ഞു: ''നീ തിരികെപ്പോയി ശേഷക്രിയ നടത്തുക. നിനക്കു കഴിയുന്നത്ര ദൂരം നീ ഭര്‍ത്താവിനെ അനുഗമിച്ചുകഴിഞ്ഞു.''

അപ്പോള്‍ അവള്‍ പറഞ്ഞു: ''എന്റെ ഭര്‍ത്താവിനെ കൊണ്ടുപോകുന്ന സ്ഥലത്തേക്കു ഞാനും പോരുന്നു. അതാണു ഭാര്യയുടെ ധര്‍മം.''

അവളെ തിരിച്ചയയ്ക്കാന്‍ പ്രയാസമെന്നു കണ്ടപ്പോള്‍ സത്യവാന്റെ ജീവനൊഴികെ എന്തെങ്കിലും വരം ചോദിച്ചോളാന്‍ യമന്‍ പറഞ്ഞു. ''എന്റെ ഭര്‍ത്തൃപിതാവിനു കാഴ്ച തിരികെ ലഭിക്കണം.'' യമന്‍ ആ വരം ഉടനേ അവള്‍ക്കു നല്‍കി.

പക്ഷേ, അപ്പോഴും യമനെ വിട്ടിട്ടുപോകാന്‍ അവള്‍ തയാറായില്ല. വീണ്ടും ഒരു വരംകൂടി ചോദിച്ചുകൊള്ളാന്‍ യമന്‍ പറഞ്ഞു. ഇത്തവണ തന്റെ ഭര്‍ത്തൃപിതാവിനു നഷ്ടപ്പെട്ടുപോയിരുന്ന രാജ്യം തിരികെ ലഭിക്കണമെന്നായിരുന്നു അവളുടെ അഭ്യര്‍ഥന. യമന്‍ അതും സാധിച്ചുകൊടുത്തു.

എങ്കിലും യമന്റെ പിന്നാലെ നിന്നു മാറുവാന്‍ അവള്‍ തയാറായില്ല. അതുകൊണ്ട് വീണ്ടും ഒരു വരം കൂടി ചോദിച്ചുകൊള്ളാന്‍ യമന്‍ പറഞ്ഞു. ''എനിക്കും സത്യവാനുംകൂടി നൂറുപുത്രന്‍മാര്‍ ജനിക്കണം.''

ഈ അപേക്ഷ കേട്ടപ്പോള്‍ യമന്റെ കണ്ണു തള്ളിപ്പോയിട്ടുണ്ടാവണം. എങ്കിലും അവളുടെ വ്രതശുദ്ധിയും സത്കര്‍മങ്ങളും ഭര്‍ത്താവിനോടുള്ള സ്‌നേഹവുമെല്ലാം കണ്ടപ്പോള്‍ യമന് അവളുടെ അഭ്യര്‍ഥന നിരസിക്കാന്‍ സാധിച്ചില്ല. സത്യവാന്റെ ജീവന്‍ തിരികെ നല്‍കിയശേഷമാണ് അന്നു യമന്‍ മടങ്ങിയത്.

തന്റെ ഭര്‍ത്താവായ സത്യവാന്റെ ജീവന്‍ യമനില്‍നിന്നു തിരികെ വാങ്ങിയ സാവിത്രി എന്ന രാജകുമാരിയുടെ കഥ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. പുരാണേതിഹാസങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്ന അതുല്യമായൊരു കഥാപാത്രമാണു സാവിത്രി.

എന്തായിരുന്നു സാവിത്രിയുടെ പ്രത്യേകത? തന്റെയും ഭര്‍ത്താവിന്റെയും 'വിധി' മുന്‍കൂട്ടി അറിഞ്ഞിട്ടും അതിനെതിരേ പോരാടി വിജയം വരിച്ചവളാണു സാവിത്രി.

തന്റെ ഭര്‍ത്താവ് ഒരു വര്‍ഷത്തിനകം മരിക്കുമെന്നു മുന്‍കൂട്ടി അറിഞ്ഞപ്പോഴും പതറാതെ നില്‍ക്കുവാന്‍ അവള്‍ക്കു സാധിച്ചു. എന്നു മാത്രമല്ല, 'വിധി'ക്കെതിരേ പോരാടി വിജയം വരിക്കാനും അവള്‍ക്കു സാധിച്ചു. അതാണു സാവിത്രിയുടെ ജീവിതത്തെ മഹത്തരമാക്കി മാറ്റുന്നത്.

ജീവിതത്തില്‍ നന്മയും തിന്മയും അനുഭവിക്കുന്നവരാണു നാമെല്ലാം. ഒരു പക്ഷേ, നമ്മില്‍ പലരെയും സംബന്ധിച്ചിടത്തോളം സന്തോഷകരമായ അനുഭവങ്ങളെക്കാള്‍ സന്താപമുള്ളവയായിരിക്കും കൂടുതല്‍.

ജീവിതത്തില്‍ ദുഃഖകരമായ അനുഭവങ്ങളുണ്ടാകുമ്പോള്‍ നാം സാധാരണയായി എന്താണു ചെയ്യാറുള്ളത്? നാം നമ്മുടെ 'വിധി'യെ പഴിക്കും, അല്ലേ? എന്നാല്‍ നാം മനസുവച്ചാല്‍, നമ്മെക്കുറിച്ചുള്ള 'വിധി'പോലും മാറ്റിമറിക്കാനാവും എന്നതാണു വസ്തുത. നാം അങ്ങനെ ചെയ്യണമെന്നാണു ദൈവംപോലും ആഗ്രഹിക്കുന്നത് എന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല.

നമ്മള്‍ തന്നെയാണു പലപ്പോഴും ജീവിതത്തില്‍ പരാജയങ്ങള്‍ക്കു വഴിയൊരുക്കുന്നത്. എന്നാല്‍, അങ്ങനെ പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ നാം 'വിധി'യെ പഴിച്ചു സ്വന്തം കുറ്റത്തില്‍നിന്നു രക്ഷപ്പെടും. ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്.

നാം ഉള്ളുരുകി പ്രാര്‍ഥിക്കുകയും ദൈവാഭീഷ്ടമനുസരിച്ചു, ജീവിക്കുകയും ചെയ്താല്‍ യഥാര്‍ഥത്തിലുള്ള 'വിധി'യെപ്പോലും നമുക്കു മാറ്റിമറിക്കാന്‍ സാധിക്കുമെന്നാണു സത്യവാന്റെയും സാവിത്രിയുടെയും കഥ നമ്മെ ഓര്‍മിപ്പിക്കുന്നത്. നാം ദൈവത്തോടു ചേര്‍ന്നുനിന്നാല്‍ നമ്മെക്കുറിച്ചുള്ള 'വിധി'പോലും നമുക്കു മാറ്റാനും പല പരാജയങ്ങളും നമുക്കൊഴിവാക്കാനും സാധിക്കുമെന്നതില്‍ സംശയം വേണ്ട.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.