Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
June 21, 2019
 
 
    
 
Print this page
 

ജീവിക്കേണ്ട ഈസ്റ്റര്‍

പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന മൈക്കിള്‍ ഫാരഡേ (1791- 1867) മരണശയ്യയില്‍ കിടക്കുന്ന സമയം. കുറെ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാനെത്തി. ഫാരഡേ അവരോടു സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അവരിലൊരാള്‍ ചോദിച്ചു: ''മരണാനന്തരജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ ഊഹം അല്ലെങ്കില്‍ സിദ്ധാന്തം എന്താണ്?

അദ്ദേഹം പറഞ്ഞു: ''ഊഹവും സിദ്ധാന്തവും! എനിക്ക് അവയെക്കുറിച്ച് ഒന്നുമറിയില്ല. എനിക്കറിയാവുന്നത് തീര്‍ച്ചയുള്ള കാര്യത്തെക്കുറിച്ചു മാത്രമാണ്. എന്റെ രക്ഷകനായ യേശു ഉയിര്‍ത്തെഴുന്നേറ്റു ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയാം. അവിടുന്നു ജീവിച്ചിരിക്കുന്നതുകൊണ്ടു ഞാനും അവിടുത്തോടുകൂടെ നിത്യമായി ജീവിക്കും എന്നുമെനിക്കറിയാം.

കുരിശില്‍ മരിച്ച യേശു മരണത്തെ കീഴടക്കി ഉത്ഥാനംചെയ്ത മഹാസംഭവം അനുസ്മരിക്കുന്ന ദിവസമാണല്ലോ ഈസ്റ്റര്‍. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ദിവസം യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കാന്‍വേണ്ടി മാത്രമുള്ള ദിവസമല്ല. പ്രത്യുത, യേശുവഴിയായി നാമും നിത്യമായി ജീവിക്കുമെന്ന് ഏറ്റുപറയാനുള്ള ദിവസംകൂടിയാണിത്. ഫാരഡേ പറഞ്ഞതുപോലെ, യേശു ഉയിര്‍ത്തെഴുന്നേറ്റു ജീവിച്ചിരിക്കുന്നതുകൊണ്ട് നാമും ഉയിര്‍ത്തെഴുന്നേറ്റ് നിത്യമായി അവിടുത്തോടുകൂടി ജീവിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനുള്ള ദിവസംകൂടിയാണ് ഈസ്റ്റര്‍.

ഇംഗ്ലണ്ടിലെ പ്രസിദ്ധനായ സുവിശേഷപ്രവര്‍ത്തകനായിരുന്നു ഡബ്ല്യു.ഇ.സാംഗ്സ്റ്റര്‍. അദ്ദേഹത്തിനൊരിക്കല്‍ തൊണ്ടയ്ക്കു വല്ലാത്ത വിഷമം അനുഭവപ്പെട്ടു. സംസാരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ. ഡോക്ടറുടെ അഭിപ്രായത്തില്‍, മാംസപേശികളെ തളര്‍ത്തുന്ന തീരാരോഗമായിരുന്നു അദ്ദേഹത്തിന്.

സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ട് സുവിശേഷവേല തുടര്‍ന്നു. അവസാനം, എഴുതുന്നതുപോലും വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറി. മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ഉയിര്‍പ്പുഞായറാഴ്ച അദ്ദേഹം തന്റെ പുത്രി മാര്‍ഗരറ്റിന് ഒരു കത്തു തയാറാക്കി. തനിക്കു പൂര്‍ണമായും നഷ്ടപ്പെട്ട സംസാരശേഷിയെക്കുറിച്ചുകൂടി പരാമര്‍ശിച്ചിരുന്ന ആ കത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതി:

''യേശു ഉത്ഥാനം ചെയ്തുവെന്നു പറയാനുള്ള സ്വരം ഈസ്റ്റര്‍ ഞായറാഴ്ചയില്‍ ഇല്ലാതെവരുന്നതു കഷ്ടമാണ്. എന്നാല്‍, അതിനെക്കാള്‍ കഷ്ടമാണു നമുക്ക് സ്വരമുണ്ടായിട്ടും 'യേശു ഉത്ഥാനംചെയ്തു' എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നാം വൈമനസ്യം കാണിക്കുന്നത്.

യേശു ഉത്ഥാനംചെയ്തുവെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ നമ്മില്‍ പലര്‍ക്കും വൈമനസ്യം കാണില്ല. അങ്ങനെ ഉറക്കെ പാടിക്കൊണ്ടായിരിക്കും നാം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നതും. എന്നാല്‍, യേശുവിന്റെ ഉത്ഥാനം ഉറക്കെ പ്രഖ്യാപിക്കുന്ന നമ്മള്‍ ഉത്ഥിതനായ യേശുവിന്റെ ജീവനില്‍ പങ്കുപറ്റുന്നുണേ്ടാ എന്നുള്ളതാണു പ്രസക്തമായ ചോദ്യം.

ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച നിരീശ്വരനായിരുന്നു ജര്‍മന്‍ തത്ത്വജ്ഞാനിയായിരുന്ന ഫ്രെഡറിക് നീചേ (1844-1900). ക്രൈസ്തവവിശ്വാസത്തെ തള്ളിപ്പറഞ്ഞ നീചേ ഒരിക്കല്‍ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ''ഉത്ഥിതനായ യേശുവില്‍ വിശ്വസിക്കുന്നു എന്നു പ്രഖ്യാപിക്കുന്നവരാണു ക്രൈസ്തവര്‍. എന്നാല്‍, അവരുടെ ജീവിതം കണ്ടാല്‍ അവര്‍ അങ്ങനെ വിശ്വസിക്കുന്നുണേ്ടായെന്നു സംശയം തോന്നും.

എന്തുകൊണ്ടാണു നീചേ ക്രൈസ്തവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്? ഉത്ഥിതനായ യേശുവിന്റെ ജീവനില്‍ പങ്കുപറ്റാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച കുറേ ക്രൈസ്തവരെയാണ് അദ്ദേഹം ചുറ്റിലും കണ്ടത്. തന്മൂലമാണ്, ക്രൈസ്തവരെ മൊത്തത്തില്‍ അദ്ദേഹം ആക്ഷേപിച്ചത്.

തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ക്രൈസ്തവരെക്കുറിച്ചു നീചേ നടത്തിയ പരാമര്‍ശം ശരിയോ തെറ്റോ ആകാം. നമ്മെ സംബന്ധിച്ചിടത്തോളം അതത്ര പ്രസക്തമല്ല. യേശുവിന്റെ ഉത്ഥാനം സാഘോഷം അനുസ്മരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം നാം അവിടുത്തെ നവജീവനില്‍ പങ്കുപറ്റി സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ചു ജീവിതം നയിക്കുന്നുണേ്ടാ എന്നതാണു പ്രസക്തമായ കാര്യം.

അപ്പസ്‌തോലനായ സെന്റ് പോള്‍ പഠിപ്പിക്കുന്നതുപോലെ, നാം നമ്മുടെ ദുരാഗ്രഹങ്ങള്‍ക്കും പാപത്തിനും മരിച്ച്, ഉത്ഥിതനായ യേശുവിനോടുകൂടെ നന്മചെയ്തു ജീവിക്കുന്നുണേ്ടാ എന്നതാണ് നാം സ്വയം ആരായേണ്ടതായിട്ടുള്ളത്. പാപത്തെയും മരണത്തെയും കീഴടക്കി ഉത്ഥാനംചെയ്ത യേശുവിലാണു നാം വിശ്വസിക്കുന്നതെങ്കില്‍ പാപത്തോടും തിന്മയോടും നാം എന്നും പോരാടിയേ മതിയാകൂ. നമ്മുടെ ഈ പോരാട്ടത്തില്‍ നമുക്കു ശക്തി പകര്‍ന്നുതരാനുംകൂടിയാണ് അവിടുന്ന് ഉത്ഥാനംചെയ്തു നമ്മോടുകൂടെ വസിക്കുന്നത്.

എന്നാല്‍, ഉത്ഥിതനായ യേശു നമ്മോടൊപ്പം എപ്പോഴും ഉണെ്ടന്ന വസ്തുത പലപ്പോഴും നാം മറന്നുപോകുന്നു. അതുകൊണ്ടല്ലേ തിന്മയോടുള്ള പോരാട്ടത്തില്‍ അവിടുത്തെ സഹായം തേടുന്നതില്‍ നാം വിമുഖത കാണിക്കുന്നത്?

കാലാകാലത്തോളം യേശു നമ്മോടൊപ്പമുണ്ടായിരിക്കുമെന്നാണ് അവിടുന്നു നമ്മോടു പറഞ്ഞിട്ടുള്ളത്. അവിടുത്തെ ഹൃദയപൂര്‍വം അന്വേഷിക്കുന്നവര്‍ക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനുമാണ് എന്നു നമുക്കറിയാം. എന്നാല്‍, ജീവിതത്തിലെ വ്യഗ്രതകള്‍ക്കിടയില്‍ അവിടുത്തെ ദിവ്യസാന്നിധ്യം നാം മറന്നുപോകുന്നു. അതുപോലെ, അവിടുത്തെ സഹായം തേടുന്ന കാര്യവും നാം വിസ്മരിച്ചുപോകുന്നു.

യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുമ്പോള്‍ അവിടുത്തെ ദിവ്യസാന്നിധ്യം അനുഭവിക്കുന്നതിലും അവിടുത്തെ നവജീവനില്‍ പങ്കുപറ്റുന്നതിലുമായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതുപോലെതന്നെ, പാപത്തില്‍നിന്നു മോചിതരായി ദൈവികചൈതന്യം തുടിക്കുന്ന ഈസ്റ്റര്‍ജനമായി യഥാര്‍ഥത്തില്‍ മാറുന്നതിനും നമുക്കു ശ്രമിക്കാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.