Jeevithavijayam
3/26/2019
    
സര്‍വദുഃഖവും ഉള്‍ക്കൊള്ളുമ്പോള്‍
ഒരു യഹൂദകഥ: പുണ്യചരിതനായിരുന്നു ആ റബ്ബി. യഹൂദര്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്ന യോംകിപ്പൂര്‍ എന്ന തിരുനാള്‍ദിവസം രാത്രിയില്‍ അദ്ദേഹം സിനഗോഗില്‍ പ്രാര്‍ഥിക്കാനെത്തി. അന്നു ദിവസംമുഴുവനും പ്രാര്‍ഥനയിലും ഉപവാസത്തിലും ചെലവഴിച്ചതുകൊണ്ടു വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം.

എങ്കിലും സിനഗോഗിലെ ആരാധനയുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നതുകൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന തുടങ്ങി. പ്രാര്‍ഥനയ്ക്കിടയില്‍ അദ്ദേഹത്തിനൊരു സംശയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്രമാത്രം ആളുകളാണു പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നത!്. അവരുടെയെല്ലാം പ്രാര്‍ഥന ദൈവം കേള്‍ക്കുമോ? ദൈവം തന്റെ പ്രാര്‍ഥന കേട്ടു സിനഗോഗിലുള്ള എല്ലാവരുടെയും പാപം ക്ഷമിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആശിച്ചു.

ആ നിമിഷം അദ്ദേഹം ദൈവത്തിന്റെ സ്വരം കേട്ടു. അതിപ്രകാരമായിരുന്നു: ''നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന ടാം എന്നയാള്‍ സമര്‍പ്പിക്കട്ടെ. ടാം നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു നിങ്ങളെ അനുഗ്രഹിക്കാം.''

ദൈവത്തിന്റെ സ്വരം കേട്ടപ്പോള്‍ റബ്ബി ആകെ പകച്ചുപോയി. എങ്കിലും ധൈര്യം സംഭരിച്ച് അദ്ദേഹം ജനങ്ങളുടെ നേരേ തിരിഞ്ഞു ചോദിച്ചു: ''ടാം! താങ്കള്‍ എവിടെയാണ്? വേഗം മുന്നോട്ടുവരൂ.''

ടാം ആരാണെന്നു റബ്ബിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ആകാംക്ഷാപൂര്‍വം ടാമിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഒരു പാവപ്പെട്ട മനുഷ്യന്‍ ഭയന്നുവിറച്ചു മുന്നോട്ടു കടന്നുവന്നു. റബ്ബി തന്നെ വിളിച്ചതെന്തിനാണെന്നറിയാതെ അയാള്‍ അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ റബ്ബി അയാളോടു പറഞ്ഞു:

''നമ്മുടെ എല്ലാവരുടെയും പാപങ്ങളുടെ മോചനത്തിനായി ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയായിരുന്നു. അപ്പോള്‍ ദൈവം എന്നോടു പറഞ്ഞതു താങ്കള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കും എന്നാണ്. ടാം, താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കൂ.''

റബ്ബിയുടെ അഭ്യര്‍ഥന കേട്ട് എന്തുപറയണമെന്നറിയാതെ അയാള്‍ അവിടെ നിശ്ശബ്ദനായി നിന്നു. വീണ്ടും റബ്ബി പറഞ്ഞു: ''ടാം, താങ്കള്‍ പ്രാര്‍ഥിച്ചാലേ ദൈവം ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കൂ. ദയവായി എത്രയുംവേഗം പ്രാര്‍ഥിക്കൂ.''

അപ്പോള്‍ ടാം പറഞ്ഞു: ''ഞാന്‍ പ്രാര്‍ഥിക്കാം. പക്ഷേ, അതിനുമുമ്പ് ഞാന്‍ പോയി എന്റെ പ്രാര്‍ഥന എടുത്തുകൊണ്ടുവരട്ടെ.'' റബ്ബിക്ക് ആ നിര്‍ദേശം സ്വീകാര്യമായിരുന്നു.

പ്രാര്‍ഥന എടുക്കാന്‍പോയി ടാം എത്രയുംവേഗം സിനഗോഗില്‍ മടങ്ങിയെത്തി. അപ്പോള്‍ അയാളുടെ കൈയില്‍ ഒരു ചെറിയ മണ്‍പാത്രമുണ്ടായിരുന്നു. അയാള്‍ ആ മണ്‍പാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിച്ചു:

''പരിശുദ്ധനായ ദൈവമേ, എനിക്കു പ്രാര്‍ഥിക്കാന്‍ അറിയില്ലെന്ന് അങ്ങേയ്ക്കറിയാമല്ലോ. എന്നാല്‍, എനിക്കുള്ളതെല്ലാം ഞാന്‍ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ഈ പാത്രത്തിലുള്ളത് എന്റെ കണ്ണീരാണ്.''

''രാത്രിയില്‍ ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും ഓര്‍മിക്കും. അവര്‍ക്കു നല്ലവസ്ത്രം ധരിച്ചു സിനഗോഗില്‍ പ്രാര്‍ഥിക്കാന്‍ പോകുന്നതിനു സാധിക്കുകയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്റെ കണ്ണു നിറയും. അപ്പോള്‍ ദരിദ്രരെയും ഭിക്ഷക്കാരെയുംകുറിച്ച് ഞാന്‍ ഓര്‍മിക്കും. ചൂടും തണുപ്പും വിശപ്പും ദാഹവും മൂലം അവര്‍ കഷ്ടപ്പെടുന്നത് എന്റെ ഭാവനയില്‍ തെളിയും. അപ്പോള്‍ വീണ്ടും ഞാന്‍ കരയും.


''ആ കണ്ണീര്‍ വറ്റുന്നതിനുമുമ്പ് ഞങ്ങള്‍ സഹോദരങ്ങള്‍ പരസ്പരം വഴക്കടിക്കുന്നതും തലതല്ലിക്കീറുന്നതും എന്റെ ഓര്‍മയില്‍വരും. അപ്പോള്‍ ഞാന്‍ വീണ്ടും കരയും. അങ്ങു ഞങ്ങളുടെ ദുഷ്‌ചെയ്തികളോര്‍ത്തു വേദനിക്കുന്നതും ഞങ്ങള്‍ക്കുവേണ്ടി കരയുന്നതും ഞാന്‍ ഓര്‍മിക്കും. അപ്പോള്‍ എന്റെ ദുഃഖം അണപൊട്ടിയൊഴുകും. അങ്ങനെയുണ്ടാകുന്ന കണ്ണീരെല്ലാം ഞാന്‍ ഈ പാത്രത്തില്‍ ശേഖരിച്ചിട്ടുണ്ട്.

''ദൈവമേ, അങ്ങ് എന്റെ ഈ കണ്ണീര്‍ മുഴുവന്‍ സ്വീകരിക്കേണമേ. ഞങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിച്ചു ഞങ്ങളെ അങ്ങയുടെ ഹൃദയത്തിലേക്കു തിരികെ സ്വീകരിക്കേണമേ. ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ കടങ്ങള്‍ മായിച്ചുകളയേണമേ.'' ഈ പ്രാര്‍ഥനയ്ക്കുശേഷം ആ മണ്‍പാത്രത്തിലുണ്ടായിരുന്ന കണ്ണീര്‍മുഴുവന്‍ ടാം സാവധാനം തറയിലൊഴിച്ചു. അപ്പോള്‍ റബ്ബി പറഞ്ഞു: ''ദൈവം ടാമിന്റെ പ്രാര്‍ഥന കേട്ടു. അവിടുന്നു നമ്മുടെ പാപങ്ങളെല്ലാം ക്ഷമിച്ചു. നമുക്കിനി നന്ദിയുള്ളവരായി പരസ്പരം സ്‌നേഹിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും ജീവിക്കാം.''

എഴുതപ്പെട്ട പ്രാര്‍ഥനയായിരുന്നില്ല ടാമിന്റേത്. ചെറുപ്പത്തില്‍ മനഃപാഠമാക്കിയ പ്രാര്‍ഥനയുമായിരുന്നില്ല അത്. ടാമിന്റെ പ്രാര്‍ഥന അക്ഷരാര്‍ഥത്തില്‍ അയാളുടെ കണ്ണീരായിരുന്നു. തന്റെ സഹജീവികളുടെയും ദുഃഖം കണ്ടതുമൂലമുണ്ടായ കണ്ണീര്‍. താനും തന്റെ സഹജീവികളും ദൈവത്തെ എപ്രകാരം വേദനിപ്പിക്കുന്നു എന്നോര്‍ത്തപ്പോള്‍ ഉണ്ടായ കണ്ണീര്‍.

ടാമിന്റെ കണ്ണീരാകുന്ന ഈ പ്രാര്‍ഥനയാണു ദൈവത്തെ പ്രസാദിപ്പിച്ചത്. മറ്റുള്ളവര്‍ക്കുവേണ്ടി അയാള്‍ ചിന്തിയ കണ്ണീരാണ് അവര്‍ക്കു ദൈവത്തില്‍നിന്നു പാപമോചനം നേടിക്കൊടുത്തത്.

പ്രാര്‍ഥിക്കുന്ന മനുഷ്യരാണ്. എന്നാല്‍, നമ്മുടെ പ്രാര്‍ഥന പലപ്പോഴും നമുക്കറിയാവുന്ന പല പ്രാര്‍ഥനകളുടെയും ആവര്‍ത്തനമല്ലേ? അതുപോലെ, എഴുതപ്പെട്ടിരിക്കുന്ന പല പ്രാര്‍ഥനകളും ആവര്‍ത്തിക്കുന്നതിലല്ലേ നമ്മുടെ ശ്രദ്ധ?

മനഃപാഠമായ പ്രാര്‍ഥനകള്‍ ആവര്‍ത്തിക്കുന്നതു നല്ലതുതന്നെ. അതുപോലെ, എഴുതപ്പെട്ടിരിക്കുന്ന പ്രാര്‍ഥനകള്‍ കൃത്യമായി ചൊല്ലുന്നതും നല്ലതുതന്നെ. എന്നാല്‍, നാം അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയവും ആ പ്രാര്‍ഥനയോടൊപ്പമുണെ്ടന്നു നാം ഉറപ്പുവരുത്തണം. അതോടൊപ്പം നമ്മുടെ കണ്ണീരും ആ പ്രാര്‍ഥനയോടു കലര്‍ത്തണം.

ടാമിനെ സംബന്ധിച്ചിടത്തോളം അയാളുടെ കണ്ണീര്‍തന്നെയായിരുന്നു അയാളുടെ പ്രാര്‍ഥന. കാരണം അയാളുടെ പ്രാര്‍ഥനയുടെ ഉറവിടം തന്റെയും മറ്റുള്ളവരുടെയും ദൈവത്തിന്റെയും ദുഃഖം കണ്ട അയാളുടെ ഹൃദയമായിരുന്നു.

നാം തീര്‍ച്ചയായും നമ്മുടെ ദുഃഖം കാണുന്നവരാണ്. തന്മൂലം നമ്മുടെ പ്രാര്‍ഥനയിലെല്ലാം നമ്മുടെ ദുഃഖം എപ്പോഴും നിഴലിക്കുന്നുണ്ടാകും. എന്നാല്‍, നാം മറ്റുള്ളവരുടെയും ദൈവത്തിന്റെയും ദുഃഖം കാണാറുണേ്ടാ? നമ്മുടെ പ്രാര്‍ഥനകളില്‍ ആ ദുഃഖം നിഴലിക്കാറുണേ്ടാ?

ടാമിന്റെ പ്രാര്‍ഥന ദൈവത്തിനു പ്രീതികരമായിരുന്നു. അതിന്റെ ഒരുകാരണം അയാളുടെ പ്രാര്‍ഥനയില്‍ സകലരുടെയും ദുഃഖം നിഴലിച്ചിരുന്നു എന്നുള്ളതാണ്. ടാമിനെപ്പോലെ മറ്റുള്ളവരുടെയും ദുഃഖം ഉള്‍ക്കൊണ്ടുകൊണ്ടു നമുക്കു പ്രാര്‍ഥിക്കാം. അപ്പോള്‍ നമ്മുടെ പ്രാര്‍ഥനയിലും ദൈവം സംപ്രീതനാകും.
    
To send your comments, please clickhere