Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
April 23, 2019
 
 
    
 
Print this page
 

കയ്പുരസത്തില്‍നിന്നു മധുരം

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. സമാധാന സംസ്ഥാപനത്തിനായി ലോകരാഷ്ട്രങ്ങളുടെ ഒരു സംഘടനയ്ക്കു രൂപം നല്‍കാന്‍ ലോകനേതാക്കള്‍ ഓടിനടക്കുന്നു. പലപ്പോഴായി മോസ്‌കോയിലും ടെഹ്‌റാനിലും ഡമ്പാര്‍ട്ടണ്‍ ഓക്‌സിലും ക്രിമിയയിലും നടന്ന ചര്‍ച്ചകള്‍ക്കുശേഷം അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചിലും സോവ്യറ്റ്‌യൂണിയന്റെ ഭരണത്തലവന്‍ സ്റ്റാലിനും യാള്‍ട്ടയില്‍ സമ്മേളിച്ചു.

ലോകരാഷ്ട്രങ്ങളുടെ സംഘടനയ്ക്കു രൂപംനല്കാനുള്ള പദ്ധതി നീണ്ടുനീണ്ടു പോകുന്നതില്‍ അക്ഷമനായാണു റൂസ്‌വെല്‍റ്റ് യാള്‍ട്ടയില്‍ എത്തിയത്. യാള്‍ട്ടയിലെ ചര്‍ച്ചകള്‍ ഔദ്യോഗികമായി തുടങ്ങിയപ്പോള്‍ ആമുഖമായി റൂസ്‌വെല്‍റ്റ് പറഞ്ഞു: ''നമ്മുടെ ഈ ചര്‍ച്ച നാലോ അഞ്ചോ ദിവസത്തില്‍ കൂടുതല്‍ നീണ്ടുപോകില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എങ്ങനെയെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് നമ്മുടെ ലക്ഷ്യം സാധിക്കണം.

ഉടനേ ചര്‍ച്ചില്‍ ഗൗരവംവിടാതെ പറഞ്ഞു: ''നാലോ അഞ്ചോ ദിവസംകൊണ്ടു ലോകരാഷ്ട്രങ്ങളുടെ ഒരു സംഘടനയ്ക്ക് എങ്ങനെ തൃപ്തികരമായ രീതിയില്‍ രൂപംകൊടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയില്ല. ഈ ലോകം സൃഷ്ടിക്കാന്‍ ദൈവംതമ്പുരാന്‍പോലും ആറുദിവസമെടുത്തു എന്നതു നാം മറക്കേണ്ട.

ഐക്യരാഷ്ട്രസംഘടനയ്ക്കു രൂപം നല്‍കുന്നതില്‍ റൂസ്‌വെല്‍റ്റിനുണ്ടായിരുന്ന ആകാംക്ഷയും അക്ഷമയുമൊക്കെ നമുക്കു മനസിലാക്കാവുന്നതേയുള്ളു. കാരണം, അത്രമാത്രം പ്രധാനപ്പെട്ട ഒരു കാര്യത്തിലായിരുന്നു അദ്ദേഹവും മറ്റു നേതാക്കളും വ്യാപൃതരായിരുന്നത്. എന്നാല്‍, ചര്‍ച്ചില്‍ സൂചിപ്പിച്ചതുപോലെ അത്ര അനായാസം സാധിക്കാമായിരുന്ന ഒരു കാര്യത്തിലായിരുന്നില്ല അവര്‍ ഉള്‍പ്പെട്ടിരുന്നത്. ക്ഷമാശീലത്തോടും സഹിഷ്ണുതയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി കൈകാര്യംചെയ്യേണ്ടിയിരുന്ന ഒരു ജോലിയായിരുന്നു അവരുടേത്. പലവര്‍ഷം നീണ്ടുനിന്ന പരിശ്രമത്തിനുശേഷമാണെങ്കില്‍ക്കൂടിയും ലോകനേതാക്കളുടെ ക്ഷമാപൂര്‍വമുള്ള സമീപനമാണ് ഐക്യരാഷ്ട്രസംഘടനയ്ക്കു രൂപം നല്‍കുന്നതില്‍ വലിയൊരു പങ്കുവഹിച്ചതെന്നതില്‍ സംശയമില്ല.

ജീവിതത്തില്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ നാം കച്ചകെട്ടിയിറങ്ങുമ്പോഴും ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ തരണംചെയ്യാന്‍ ശ്രമിക്കുമ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കേണ്ട വലിയൊരു ഗുണമാണു ക്ഷമാശീലം. നാമാഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നാമാഗ്രഹിക്കുന്ന രീതിയില്‍ നാമാഗ്രഹിക്കുന്ന സമയത്തു നടന്നിരുന്നെങ്കില്‍ അതു നല്ലകാര്യമായിരുന്നു. പക്ഷേ, നമ്മുടെയൊക്കെ അനുഭവം പലപ്പോഴും മറിച്ചാണല്ലോ.

നാമാഗ്രഹിക്കുന്ന കാര്യങ്ങള്‍, ആഗ്രഹിക്കുന്ന രീതിയില്‍, ആഗ്രഹിക്കുന്ന സമയത്ത് നടന്നുകിട്ടുക അത്ര സാധാരണമല്ല. പലപ്പോഴും വലിയ കാത്തിരിപ്പിനും ബുദ്ധിമുട്ടുകള്‍ക്കും ശേഷമാണ് ആഗ്രഹങ്ങളില്‍ ചിലതെങ്കിലും സാധിതമാവുക. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ക്ഷമാശീലമില്ലാതെ വിജയപൂര്‍വം നമുക്കു മുമ്പോട്ടുപോകാനാവില്ലെന്നുള്ളതാണു വസ്തുത.

നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്ഷമാശീലം നമുക്കു കൂടിയേ തീരൂ. ഇടുകുടുക്കേ ചോറും കറിയും എന്ന രീതിയില്‍ നാം ആജ്ഞാപിച്ചാല്‍ നമ്മുടെ കല്പനയനുസരിച്ചു ചെയ്യാന്‍ ആരാണുള്ളത്? നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു തുള്ളാന്‍ ചിലപ്പോള്‍ ആരെങ്കിലും ക്ഷമാപൂര്‍വം തയാറായേക്കാം. എന്നാല്‍, സാധാരണജീവിതത്തില്‍ അങ്ങനെയുള്ള അനുഭവങ്ങള്‍ വിരളമായേ ഉണ്ടാവൂ.

നാം മറ്റുള്ളവരോടും നമ്മോടുതന്നെയും അക്ഷമരാകുന്ന അനുഭവങ്ങള്‍ ജീവിതത്തില്‍ ഏറെയുണ്ടാകും. എന്നാല്‍, അക്ഷമരാകുന്നതുകൊണ്ടു മാത്രം ജീവിതത്തില്‍ എന്തെങ്കിലും നേടുമെന്നു നാം കരുതേണ്ടതില്ല. പലപ്പോഴും നേരേ വിപരീതമാണ് നമ്മുടെ അനുഭവവും. ക്ഷമാശീലത്തിന്റെ അഭാവമാണ് നമ്മുടെ ജീവിതത്തെ പലപ്പോഴും പരാജയത്തിലേക്കു തള്ളിനീക്കുന്നത്.

ക്ഷമാശീലത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു പറയുമ്പോള്‍ ക്ഷമാശീലം നിസംഗതാമനോഭാവമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. നമ്മുടെ ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍ ആ മുറിവില്‍ എത്ര വിശിഷ്ടമായ മരുന്നു വച്ചുകെട്ടിയാല്‍പ്പോലും അതുണങ്ങാന്‍ അല്പം സമയം വേണ്ടിവരുകയില്ലേ എന്നു ഷേക്‌സ്പിയര്‍ ചോദിച്ചിട്ടുണ്ട്. ശരീരത്തിലുണ്ടായ മുറിവുണങ്ങാന്‍ ക്ഷമാപൂര്‍വം കാത്തിരിക്കുന്നതിനെ നിസംഗതാമനോഭാവമായി ആരെങ്കിലും കരുതുമോ?

നിസംഗതാമനോഭാവം നമുക്കു വേണ്ട. എന്നാല്‍, കാര്യവിവരത്തോടെ പ്രായോഗികമാക്കാന്‍ പറ്റിയ തരത്തിലുള്ള ക്ഷമാശീലം നമുക്കെല്ലാവര്‍ക്കും വേണം. ജീവിതവിജയത്തിന് ഈ സദ്ഗുണം നമുക്കു കൂടിയേ തീരൂ.

ക്ഷമാശീലത്തിന്റെ കാര്യം പറയുമ്പോള്‍ പലരും പിന്നോട്ടു മാറിനില്‍ക്കും. തങ്ങള്‍ക്കൊരിക്കലും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ കാര്യമല്ല ഇത് എന്നവര്‍ പറയും. അതിനവര്‍ പറയുന്ന ന്യായമെന്താണെന്നോ? തങ്ങള്‍ക്ക് ഈ ഗുണം തീരെ ഇല്ലപോലും! എന്നാല്‍, പോളിഷ് സംഗീതസംവിധായകനും പിയാനോ വിദഗ്ധനുമായിരുന്ന ഫ്രെഡറിക് ചോപ്പിന്‍ (1810-1849) പറയുന്നതു ശ്രദ്ധിക്കൂ:

''മറ്റുള്ളവര്‍ക്ക് ഉള്ളതിലും അല്പംപോലും കൂടുതല്‍ ക്ഷമാശീലം എനിക്കില്ല. എന്നാല്‍, ഒരുകാര്യത്തില്‍ എനിക്കു വ്യത്യാസമുണ്ട്. എനിക്കുള്ള ക്ഷമാശീലം എങ്ങനെ ഉപയോഗിക്കണം എന്നെനിക്കറിയാം എന്നതാണ് ആ വ്യത്യാസം.

സംഗീതസംവിധായകനായിരുന്ന ചോപ്പിന് അസാധാരണ ക്ഷമാശീലമുണ്ടായിരുന്നു എന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍, അദ്ദേഹംതന്നെ പറഞ്ഞതുപോലെ, മറ്റാരെയുംകാള്‍ കൂടുതലായി ക്ഷമാശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നാല്‍, ക്ഷമാശീലം തന്റെ കലാജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സംഗീതജീവിതത്തിനു വിജയം നേടിക്കൊടുത്ത വലിയൊരു ഘടകം.

ക്ഷമാശീലം അധികമില്ലായിരിക്കാം നമുക്ക്. എന്നാല്‍, നമുക്കുള്ള ക്ഷമാശീലം പ്രാവര്‍ത്തികമാക്കാന്‍ നമുക്കു നോക്കാം. അപ്പോള്‍ നമ്മെ അദ്ഭുതസ്തബ്ധരാക്കുന്ന രീതിയില്‍ ക്ഷമാശീലത്തിന്റെ ഫലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കാണാനാവും.

കയ്പുരസം നിറഞ്ഞതാണ് ക്ഷമാശീലം. എന്നാല്‍, അതിന്റെ ഫലങ്ങള്‍ ഏറെ മധുരമാണെന്നു റൂസോ പറഞ്ഞിരിക്കുന്നത് നമ്മുടെ ഓര്‍മയിലിരിക്കട്ടെ. കയ്പുരസമില്ലാതെ എപ്പോഴും മധുരം നുണയാമെന്ന ചിന്താഗതി മാറ്റിവച്ചിട്ട് ക്ഷമാശീലമെന്ന കയ്പ് അല്പമായിട്ടെങ്കിലും നമുക്കു കുടിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം തീര്‍ച്ചയായും മധുരിക്കും.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.