Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
April 21, 2019
 
 
    
 
Print this page
 

പത്തു രൂപ കൊണ്ടു ജീവിക്കാമെങ്കില്‍

അറിയപ്പെടുന്ന എഴുത്തുകാരിയും പ്രശസ്തയായ സാമൂഹികപ്രവര്‍ത്തകയുമാണ് പദ്മശ്രീ സുധാ മൂര്‍ത്തി. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സ്ഥാപകയും ഇന്‍ഫോസിസ് സോഫ്ട്‌വെയര്‍ കമ്പനിയുടെ സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യയുമായ സുധ കര്‍ണാടകയിലെ എന്‍ജിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. പിന്നീട് കംപ്യൂട്ടര്‍ സയന്‍സില്‍ എം.ടെക് പരീക്ഷ പാസായതും ഒന്നാം റാങ്കോടെ ആയിരുന്നു.

പഠനത്തിനുശേഷം പൂനെയിലും ബോംബെയിലുമൊക്കെ ജോലി ചെയ്ത സുധ വിവാഹത്തിനുശേഷമാണ് സാമൂഹ്യപ്രവര്‍ത്തനത്തിലേയ്ക്കു ശ്രദ്ധതിരിച്ചത്. ഇക്കാര്യത്തില്‍ ഭര്‍ത്താവ് നാരായണമൂര്‍ത്തിയുടെ പൂര്‍ണപിന്തുണയുമുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തോടൊപ്പം കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്നതിലും സമയം കണ്ടെത്തുന്ന സുധ ഒന്‍പതു നോവലുകളും മൂന്നു യാത്രാവിവരണങ്ങളും ഒരു ചെറുകഥാ സമാഹാരവുമുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

'ദി ഓള്‍ഡ്മാന്‍ ആന്‍ഡ് ഹിസ് ഗോഡ്' എന്ന ഗ്രന്ഥത്തില്‍ സുധ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്: ഒരു രാത്രിയില്‍ തഞ്ചാവൂരിലൂടെ സുധ ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയില്‍ ശക്തമായ മഴമൂലം മുന്നോട്ടുള്ള യാത്ര അസാധ്യമായി. ടാക്‌സി ഡ്രൈവര്‍ നിര്‍ദേശിച്ചതനുസരിച്ച് അടുത്തുകണ്ട ഗ്രാമത്തില്‍ അഭയം തേടാന്‍ സുധ തീരുമാനിച്ചു. കോരിച്ചൊരിയുന്ന മഴയത്തു കാറില്‍ നിന്നിറങ്ങിയ സുധ കണ്ടത് ഒരു ചെറിയ അമ്പലമായിരുന്നു. സുധ വേഗം അവിടേക്കു കയറി.

അപ്പോള്‍ അമ്പലത്തിന്റെ ഉള്ളില്‍ ഒരു എണ്ണവിളക്കിന്റെ പ്രകാശം അവര്‍ കണ്ടു. അങ്ങോട്ടു കടന്നു ചെന്നപ്പോള്‍ എണ്‍പതിലേറെ വയസു തോന്നിക്കുന്ന ഒരാള്‍ സുധയെ സ്വാഗതം ചെയ്തു. അന്ധനായ ഒരു പൂജാരിയായിരുന്നു അയാള്‍. അയാളോടൊപ്പം വൃദ്ധയായ ഭാര്യയും അവിടെയുണ്ടായിരുന്നു.

പൂജാരിയെ അഭിവാദനം ചെയ്തതിനുശേഷം തനിക്കുവേണ്ടി ഒരു സായാഹ്നപൂജ നടത്തുവാന്‍ സുധ ആവശ്യപ്പെട്ടു. പൂജയ്ക്കുശേഷം നൂറുരൂപയുടെ ഒരു നോട്ട് പൂജാരിക്കു നല്‍കി. തനിക്കു കിട്ടിയ ദക്ഷിണ നൂറുരൂപയുടെ നോട്ടാണെന്നറിഞ്ഞപ്പോള്‍ അയാള്‍ അതു സ്വീകരിച്ചില്ല. ''പത്തു രൂപയുടെ ദക്ഷിണ മാത്രമേ ഞാന്‍ സ്വീകരിക്കാറുള്ളൂ,'' അയാള്‍ വിശദീകരണരൂപേണ പറഞ്ഞു. ''നിങ്ങള്‍ ആരാണെങ്കിലും നിങ്ങളുടെ ഭക്തിയാണു പ്രധാനം, പണമല്ല. ദയവുചെയ്ത് ഈ നൂറുരൂപ നോട്ട് തിരികെയെടുക്കൂ.''

സുധ വൃദ്ധന്റെ ഭാര്യയുടെ മുഖത്തേക്കു നോക്കി. വൃദ്ധന്റെ നിലപാട് അംഗീകരിക്കുന്നതായിരുന്നു അവരുടെ മുഖഭാവം. പണം തിരിച്ചെടുക്കുവാന്‍ അവരും സുധയെ പ്രോത്സാഹിപ്പിച്ചു. പുറത്തു ശക്തമായ മഴ തുടരുന്നുണ്ടായിരുന്നതുകൊണ്ട് കുറെ സമയം അവിടെ ചെലവഴിക്കുവാന്‍ വേണ്ടി സുധ അവരോടൊപ്പം ഇരുന്നു. അവരുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ദരിദ്രരാണെന്നു സുധയ്ക്കു മനസിലായി.

''ഞാന്‍ നിങ്ങള്‍ക്കു കുറെ പണം അയച്ചു തരാം,'' സുധ അവരോടു പറഞ്ഞു. ''ബാങ്കില്‍നിന്ന് അതിന്റെ പലിശകൊണ്ടു നിങ്ങള്‍ക്കു ജീവിക്കാനാവും. രോഗം വന്നാല്‍ ചികിത്സയ്ക്കായി ബാങ്കില്‍ നിന്നു പണം എടുക്കുകയും ചെയ്യാം.''

അപ്പോള്‍ ഒരു പുഞ്ചിരിയോടെ വൃദ്ധന്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് എന്തിനാണു പണം? ഇവിടത്തെ ആളുകള്‍ ദയാശീലരാണ്. ഞാന്‍ പൂജ ചെയ്യുന്നതിനു പകരമായി അവര്‍ എനിക്ക് അരി തരുന്നു. രോഗം വന്നാല്‍ എനിക്കു മരുന്നും കിട്ടും. പിന്നെ, എല്ലാം ദൈവം നോക്കിക്കൊള്ളും.'' അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തുടര്‍ന്നു: ''ഞങ്ങള്‍ സംതൃപ്തരാണിപ്പോള്‍. നിങ്ങളുടെ നല്ല മനസിനു നന്ദി. ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതുപോലെ ജീവിക്കുവാന്‍ ഞങ്ങളെ അനുവദിക്കൂ.''

ഒരാള്‍ പണം വച്ചുനീട്ടിയിട്ടും സന്തോഷപൂര്‍വം അതു നിരസിക്കുന്ന ഒരു വൃദ്ധന്‍! ആ വൃദ്ധന്റെ നിലപാടിനെ അപ്പാടെ അംഗീകരിക്കുന്ന ഭാര്യ! പണത്തിന്റെ പിന്നാലെ പരക്കംപായുന്നവരെ മാത്രം കണ്ടിട്ടുള്ള സുധയ്ക്ക് അത് അദ്ഭുതമായിരുന്നു. അവരുടെ മുഖത്തു നിഴലിച്ചിരുന്ന സംതൃപ്തിയുടെ മനോഭാവം സുധയെ ഏറെ സ്വാധീനിക്കുകതന്നെ ചെയ്തു.

സുധ പറയുന്ന ഈ കഥ കേള്‍ക്കുമ്പോള്‍ ഇമ്മാതിരി മനുഷ്യര്‍ ഇപ്പോഴും ഈ ലോകത്തിലുണ്ടോ എന്നു നാം ചോദിച്ചേക്കും. കാരണം, പണത്തിന്റെ പിന്നാലെ പോകാത്തവര്‍ എത്രയോ വിരളമാണു നമ്മുടെയിടയില്‍! പണത്തിനു തീര്‍ച്ചയായും വലിയ വശ്യശക്തിയുണ്ട്. അതുകൊണ്ടുതന്നെ പണത്തിന്റെ പിന്നാലെ പോകുവാനാണു ഭൂരിപക്ഷംപേര്‍ക്കും താത്പര്യം. പക്ഷേ, പണം വഴിയായി തങ്ങള്‍ ആഗ്രഹിക്കുന്ന മനഃസമാധാനമോ ജീവിതസംതൃപ്തിയോ അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം?

ന്യായമായ വഴിയിലൂടെ പണം സമ്പാദിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഉള്ളതുകൊണ്ടു തൃപ്തനാകാന്‍ സാധിക്കാത്ത ഒരാള്‍ക്ക് എത്രകിട്ടിയാലും മതിവരുമെന്നു കരുതേണ്ട. സുധ കണ്ടുമുട്ടിയ വൃദ്ധനും വൃദ്ധയും പണത്തിനുവേണ്ടി ജീവിച്ചവരല്ലായിരുന്നു. അതുകൊണ്ടുതന്നെയാണു വെറുതെ പണം ലഭിക്കുവാന്‍ അവസരമുണ്ടായിട്ടും അവര്‍ അതു സ്വീകരിക്കാതെ പോയത്. പണത്തിന്റെ മുന്‍പില്‍ തല കുനിക്കുന്നവരാണോ നമ്മള്‍? എങ്കില്‍ പണം എത്ര ലഭിച്ചാലും നമുക്കു തൃപ്തി ഉണ്ടാകില്ല എന്നതു മറക്കരുത്.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.