Jeevithavijayam
10/20/2018
    
ആരോ അവരെ ശ്രവിക്കുന്നു
മൈക്കിളിനു തന്റെ പിതാവായ ഫ്രാങ്കിനോടു വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. ഫ്രാങ്കിനാകട്ടെ തന്റെ പുത്രനോട് അതിയായ സ്‌നേഹവും അടുപ്പവുമായിരുന്നു.

ഒരു ദിവസം ഫ്രാങ്കും ഭാര്യയും ഒരുമിച്ചു ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി അകലെ ഒരിടത്തേക്കു യാത്രയായി. താമസിയാതെ മൈക്കിള്‍ ഒരു കാറപകടത്തില്‍പ്പെട്ടു മരിച്ചു. അതറിഞ്ഞു ഫ്രാങ്ക് ഞെട്ടി. ഞെട്ടലിന്റെ ഫലമായി മൈക്കിളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും ഫ്രാങ്കിനു നഷ്ടമായി.

കത്തോലിക്കാ മതവിശ്വാസത്തിലായിരുന്നു ഫ്രാങ്ക് വളര്‍ന്നത്. ഒരു കാലത്ത് സെമിനാരിയില്‍ വൈദികവിദ്യാര്‍ഥിയായി പഠിക്കുകയും ചെയ്തതാണ്. എന്നാല്‍ ദൈവം എന്നു പറയുന്നതു വെറും ഭാവനാസൃഷ്ടിയാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ ഫ്രാങ്ക് സെമിനാരി വിട്ടു. പിന്നീടു ഫ്രാങ്കിന്റെ ജീവിതത്തില്‍ ദൈവത്തിനു സ്ഥാനമില്ലായിരുന്നു.

മൈക്കിള്‍ മരിച്ചപ്പോള്‍ വീണ്ടും ദൈവത്തെക്കുറിച്ചുള്ള ചിന്ത ഫ്രാങ്കിന്റെ മനസിലേക്കു കടന്നു വന്നു. പക്ഷേ, അപ്പോഴും മനുഷ്യരെ സ്‌നേഹിക്കുന്നവനായ ദൈവത്തെ കാണാന്‍ ഫ്രാങ്കിന് സാധിച്ചില്ല. തന്റെ പുത്രന്റെ ജീവന്‍ അകാലത്തില്‍ തിരിച്ചെടുത്ത ദൈവം എന്തു ദൈവമാണെന്നായിരുന്നു അയാളുടെ ചോദ്യം.

മൈക്കിള്‍ മരിച്ചിട്ടു കാലം കുറേ കഴിഞ്ഞു. എങ്കിലും കാലമെന്ന മാന്ത്രികന്‍ ഫ്രാങ്കിന്റെ വേദനകള്‍ മാറ്റിക്കളഞ്ഞില്ല. മൈക്കിളിനെക്കുറിച്ചുള്ള ഓര്‍മകളെല്ലാം നഷ്ടപ്പെട്ടപ്പോഴും മൈക്കിള്‍ മരിച്ചുവെന്ന വസ്തുത ഫ്രാങ്കിന്റെ മനസില്‍ സജീവമായി നിലകൊണ്ടു.

അങ്ങനെയിരിക്കുമ്പോഴാണ് ഫ്രാങ്കും ഭാര്യയും കൂടി ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകരെന്ന നിലയില്‍ നല്ല കഥകളന്വേഷിച്ച് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തേക്കു യാത്രതിരിച്ചത്. അവിടെയെത്തി ഒരു ചെറിയ റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എവിടെ നല്ല കഥകള്‍ക്കുള്ള മാറ്റര്‍ കണെ്ടത്താനാവുമെന്നു വെയിറ്റ്‌റസിനോട് അവര്‍ തിരക്കി. അപ്പോള്‍ ആ വെയിറ്റ്‌റസ് ഗദ്‌സമേനിയിലെ ട്രാപ്പിസ്റ്റ് ആശ്രമത്തിലേക്കു പോകുവാന്‍ അവരെ ഉപദേശിച്ചു.

ആശ്രമവും സന്യാസികളുമൊക്കെയെന്നു കേട്ടപ്പോള്‍ ഫ്രാങ്കിന് അത്ര പിടിച്ചില്ല. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി ട്രാപ്പിസ്റ്റ് ആശ്രമം സന്ദര്‍ശിക്കാന്‍ അയാള്‍ തയാറായി.

ഫ്രാങ്കും ഭാര്യയും ആശ്രമത്തിലെത്തുമ്പോള്‍ ആശ്രമാംഗങ്ങളുടെ പ്രാര്‍ഥനാസമയമായിരുന്നു. അമ്പതോളം സന്യാസികള്‍ ഏകസ്വരത്തില്‍ ഭക്തിപൂര്‍വം പ്രാര്‍ഥിക്കുന്നതു കണ്ടപ്പോള്‍ ഫ്രാങ്കിന്റെ ഹൃദയം ശക്തമായി സ്പന്ദിക്കാന്‍ തുടങ്ങി. അതോടൊപ്പം ഫ്രാങ്കറിയാതെതന്നെ ആ സന്യാസിമാരുടെ പ്രാര്‍ഥനയില്‍ ഫ്രാങ്കിന്റെ ഹൃദയവും മനസും ലയിച്ചുപോയി.

ട്രാപ്പിസ്റ്റ് സന്യാസിമാരുടെ പ്രാര്‍ഥനയില്‍ അയാളങ്ങനെ ലയിച്ചിരിക്കുമ്പോള്‍ പെട്ടെന്നു തന്റെ പുത്രനായ മൈക്കിളിനെക്കുറിച്ചുള്ള ഓര്‍മകള്‍ അയാള്‍ക്കു വീണ്ടുകിട്ടി. അതോടൊപ്പം ദൈവത്തിന്റെ സജീവസാന്നിധ്യവും അയാള്‍ക്ക് അനുഭവവേദ്യമായി.


ഫ്രാങ്ക് എഴുതുന്നു: ''ഞാന്‍ കരഞ്ഞു. ദൈവത്തിന്റെ കരവലയത്തിലിരുന്നു ഞാന്‍ കരഞ്ഞു. അപ്പോള്‍ അവിടുത്തെ സമാധാനം എന്റെ ഹൃദയത്തിലലതല്ലി.''

ദൈവത്തിലുള്ള തന്റെ വിശ്വാസവും തന്റെ പുത്രനായ മൈക്കിളിനെക്കുറിച്ചുള്ള ഓര്‍മകളും തിരിച്ചുകിട്ടിയ സന്തോഷത്തിലാണു മൈക്കിള്‍ അന്ന് അവിടെനിന്നു മടങ്ങിപ്പോയത്. ഈ സംഭവത്തെക്കുറിച്ചെഴുതുന്ന അവസരത്തില്‍ ട്രാപ്പിസ്റ്റ് സന്യാസിമാരുടെ പ്രാര്‍ഥനയെക്കുറിച്ച് ഒരുകാര്യം ഫ്രാങ്ക് എടുത്തുപറയുന്നുണ്ട്.

'ഗൈഡ്‌പോസ്റ്റ്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫ്രാങ്ക് എഴുതുന്നു: ''ഒരു കാര്യം എനിക്കു മനസിലായി. പ്രാര്‍ഥനയിലൂടെ അവര്‍ ആരോടോ സംസാരിക്കുകയായിരുന്നു. അതുപോലെ, ആരോ അവരെ ശ്രവിക്കുന്നുണ്ടായിരുന്നു.'' ഈ കണെ്ടത്തലാണു ഫ്രാങ്കിന്റെ കണ്ണു തുറപ്പിച്ചത്; അയാള്‍ക്കു വിശ്വാസത്തിന്റെ മാഹാത്മ്യം വീണ്ടും മനസിലാക്കിക്കൊടുത്തത്.

വിശ്വാസം നഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഫ്രാങ്ക്. എന്നാല്‍, ട്രാപ്പിസ്റ്റ് സന്യാസിമാരുടെ പ്രാര്‍ഥന കണ്ടപ്പോള്‍ ദൈവമുണെ്ടന്നും ദൈവം നമ്മുടെ പ്രാര്‍ഥന ശ്രവിക്കുന്നുണെ്ടന്നും അയാള്‍ക്കു ബോധ്യമായി. ആ ബോധ്യമാണു വിശ്വാസത്തിന്റെ വഴിയിലേക്ക് അയാളെ വീണ്ടും നയിച്ചത്.

ദൈവത്തില്‍ വിശ്വാസമുള്ളവരാണു നമ്മള്‍. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ ദുഃഖം അണപൊട്ടിയൊഴുകുമ്പോള്‍ ഒരുപക്ഷേ, നാം ദൈവത്തെ തള്ളിപ്പറയാനിടയായേക്കാം. അല്ലെങ്കില്‍, നമ്മുടെ പ്രാര്‍ഥനകളൊക്കെ അവിടുന്നു ശ്രവിക്കുന്നുണേ്ടായെന്നു സംശയിച്ചേക്കാം. അതുമല്ലെങ്കില്‍ അവിടുത്തേക്കു നമ്മോടു യഥാര്‍ഥ സ്‌നേഹമുണേ്ടായെന്നു നാം ആശങ്ക പുലര്‍ത്തിയേക്കാം.

എന്നാല്‍, നമ്മുടെ ദുഃഖം എത്ര ആഴമേറിയതാണെങ്കിലും അവിടുന്നു നമ്മെ സ്‌നേഹിക്കുന്നുവെന്നതില്‍ ആര്‍ക്കുമൊരിക്കലും ഒരു സംശയവും വേണ്ട. അതുപോലെ, നാം അവിടുത്തോടു പ്രാര്‍ഥിക്കുമ്പോള്‍ അവിടുന്നു ശ്രദ്ധാപൂര്‍വം നമ്മെ കേള്‍ക്കുന്നുവെന്നതിലും സംശയം വേണ്ട.

നമ്മുടെ പ്രാര്‍ഥനയ്ക്ക്ഹൃദയപൂര്‍വമുള്ള നമ്മുടെ സംഭാഷണത്തിന് കാതോര്‍ത്തിരിക്കുന്നവനാണു നമ്മുടെ ദൈവം. അവിടുന്നു നമ്മില്‍നിന്ന് അകന്നിരിക്കുന്നുവെന്നു നമുക്കു തോന്നുമ്പോഴും അവിടുന്നു നമ്മുടെ കൂടെ ഉണെ്ടന്നതാണു സത്യം.

നാം പലപ്പോഴും നമ്മുടെ വേദനയിലും പ്രശ്‌നങ്ങളിലും മാത്രം ശ്രദ്ധിക്കാനിടയാകുന്നതുകൊണ്ട് അവിടുത്തെ സാന്നിധ്യവും സഹായവും മനസിലാക്കാനിടയാകുന്നില്ലെന്നുമാത്രം.
    
To send your comments, please clickhere