Jeevithavijayam
10/15/2018
    
അവരുടെ സ്ഥാനത്തു നമ്മള്‍
'ദ ഡിഫറന്റ് ഡ്രം'. സമൂഹസൃഷ്ടിയും സമാധാനവും സംബന്ധിച്ച് ഒട്ടേറെ നവീന ആശയങ്ങള്‍ പകര്‍ന്നുതരുന്ന ഒരു ഗ്രന്ഥമാണിത്. ഡോ.എം.സ്‌കോട്ട് പെക്ക് ആണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.

മനഃശാസ്ത്രജ്ഞനാണ് ഡോ.പെക്ക്. അതുകൊണ്ടുതന്നെ മനഃശാസ്ത്രചിന്തകളാണ് ഈ പുസ്തകത്തിന്റെ കാതല്‍. എന്നാല്‍, മനഃശാസ്ത്ര ചിന്തകളെക്കാളേറെ ഈ പുസ്തകത്തിനു ജീവന്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അനുഭവകഥകളാണ്. ആ അനുഭവകഥകളിലൊന്ന് ഇവിടെ പകര്‍ത്തട്ടെ.

ഡോ.പെക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആര്‍മി ജനറല്‍ ഹോസ്പിറ്റലില്‍ സൈക്കിയാട്രി ട്രെയിനിംഗ് നടത്തുന്ന അവസരം. അവിടെ പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞന്റെ കീഴില്‍ ഒരു ''ഗ്രൂപ്പ് എക്‌സ്പീരിയന്‍സി''ല്‍ പങ്കാളിയാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

പന്ത്രണ്ടു പേരായിരുന്നു ഡോ.പെക്കിന്റെ ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലെ അംഗങ്ങളെല്ലാവരും മനഃശാസ്ത്രജ്ഞരോ അല്ലെങ്കില്‍ മറ്റ് ഉന്നത ബിരുദധാരികളോ ആയിരുന്നു. പക്ഷേ, ഗ്രൂപ്പ് എക്‌സ്പീരിയന്‍സിന്റെ തുടക്കത്തില്‍ത്തന്നെ പെക്കിന്റെ ഉന്മേഷവും ശ്രദ്ധയും നഷ്ടപ്പെട്ടു. അതിന്റെ കാരണം അദ്ദേഹത്തിനു തൊട്ടടുത്തിരുന്ന മറ്റൊരു മനഃശാസ്ത്രപണ്ഡിതനായിരുന്നു. ഗ്രൂപ്പ് എക്‌സ്പീരിയന്‍സ് ആരംഭിച്ച നിമിഷം ആ പണ്ഡിതന്‍ കൂര്‍ക്കം വലിച്ച് ഉറക്കം തുടങ്ങിയിരുന്നു!

തൊട്ടടുത്തിരുന്ന മാന്യന്‍ കൂര്‍ക്കംവലിച്ച് ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഡോ.പെക്കിന്റെ ചിന്ത പോയത് എങ്ങനെയായിരുന്നെന്നോ? അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഇവിടെ പകര്‍ത്തുന്നു:

''എന്തിനാണ് ഈ മനുഷ്യന്‍ ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ വന്നത്? ആരും അയാളെ നിര്‍ബന്ധിച്ചില്ലായിരുന്നല്ലോ. അയാളുടെ ഒരു ഉറക്കവും കൂര്‍ക്കം വലിയും!'

ഡോ.പെക്ക് വീണ്ടും എഴുതുന്നു: ''അയാളുടെ കൂര്‍ക്കംവലി വര്‍ധിച്ചപ്പോള്‍ എന്നിലെ രോഷം ആളിക്കത്തി... അയാളോടുള്ള എന്റെ വെറുപ്പ് വര്‍ധിച്ചു. എനിക്ക് ക്ഷമിക്കാവുന്നതിലും അധികമായിരുന്നു അയാളുടെ കൂര്‍ക്കംവലി.''

പക്ഷേ, വെറുപ്പോടുകൂടി പെക്ക് അയാളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് പെക്കിന്റെ ചിന്താഗതിയില്‍ ഒരു മാറ്റമുണ്ടായി. പെക്ക് എഴുതുന്നു: ''ഞാന്‍ അയാളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു ഞാന്‍ തന്നെ അയാളുടെ കസേരയിലിരിക്കുന്നതായി ഞാന്‍ കണ്ടു. അതുപോലെ, ഞാന്‍ ആ കസേരയില്‍ ക്ഷീണിതനായിരുന്നു കൂര്‍ക്കം വലിച്ചുറങ്ങുന്നതായും എനിക്കു തോന്നി. എന്റെ ക്ഷീണിതമായ രൂപമായിരിക്കണം അയാള്‍. അതുപോലെ ഉണര്‍ന്നിരിക്കുന്ന അയാളുടെ രൂപമായിരിക്കണം ഞാന്‍. ഈ ചിന്തകള്‍ ഞാനറിയാതെ എന്നിലുദിച്ചപ്പോള്‍ എന്റെ ധാര്‍മികരോഷം പെട്ടെന്ന് ഒലിച്ചുപോയി. എന്നു മാത്രമല്ല, എനിക്ക് അയാളോട് ഏറെ സഹതാപവും താത്പര്യവും സ്‌നേഹവും തോന്നുകയും ചെയ്തു.''

തന്റെ ആത്മാവിനെ ആഴത്തില്‍ സ്വാധീനിച്ച ഒരു അനുഭവമായിട്ടാണ് ഡോ.പെക്ക് ഈ സംഭവം വിവരിക്കുന്നത്.


തന്റെ സഹജീവിയുടെ നേരെ കോപവും വെറുപ്പും നുരഞ്ഞുപൊന്തിയപ്പോള്‍ ഡോ.പെക്ക് തന്നെത്തന്നെ അയാളുടെ രൂപത്തില്‍ കാണുവാന്‍ ശ്രമിച്ചു. അതിന്റെ ഫലം അത്ഭുതകരമായിരുന്നു. താനും തന്റെ സഹജീവിയും അത്ര വ്യത്യസ്തരല്ലെന്നും സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ടു മാത്രമാണു താന്‍ തന്റെ കസേരയില്‍ ഉണര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കണ്ടു. ക്ഷീണിതനായിരുന്നെങ്കില്‍ താനും അയാളെപ്പോലെ കസേരയിലിരുന്നു കൂര്‍ക്കം വലിച്ചുറങ്ങിപ്പോകുമായിരുന്നു എന്ന ചിന്ത ഡോ.പെക്കിനെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു.

നമ്മുടെ അനുദിനജീവിതത്തില്‍ പലപ്പോഴും നാം പലരോടും അമര്‍ഷം കൊള്ളുകയും അവരെ കുറ്റം വിധിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യാറില്ലേ? ഒരുപക്ഷേ, അങ്ങനെ ചെയ്യുവാന്‍ ന്യായമായ കാരണങ്ങള്‍ നമുക്കുണ്ടായിരിക്കാം. എന്നിരുന്നാലും അല്പനിമിഷത്തേക്കെങ്കിലും നമ്മെത്തന്നെ അവരുടെ സ്ഥാനത്തു നമുക്കു കാണുവാന്‍ സാധിച്ചാല്‍ നമ്മുടെ ചിന്താഗതിയില്‍ കാതലായ മാറ്റം വരുമെന്നതില്‍ സംശയം വേണ്ട.

ഉദാഹരണമായി, പരമദരിദ്രനായ ഒരു മനുഷ്യനെ വഴിവക്കില്‍വച്ച് നാം കണ്ടുവെന്നിരിക്കട്ടെ. അയാളുടെ ദാരിദ്ര്യത്തിന്റെ കാരണം അയാളുടെ കുറ്റംതന്നെയാണെന്നു നമുക്കറിയാമെന്നുമിരിക്കട്ടെ. ഇങ്ങനെയൊരു സാഹചര്യത്തില്‍ അയാളെ ആക്ഷേപിക്കാനും വിമര്‍ശിക്കാനുമായിരിക്കാം ആദ്യം നമുക്കു പ്രചോദനമുണ്ടാകുന്നത്.

എന്നാല്‍, സാഹചര്യങ്ങളുടെ പ്രത്യേകതമൂലം നമ്മളാണ് അയാളുടെ സ്ഥാനത്ത് എന്നു മനഃപൂര്‍വം കരുതുക. അപ്പോള്‍ നമ്മിലൂടെ കടന്നുപോകുന്ന ചിന്തകള്‍ എങ്ങനെയുള്ളതായിരിക്കും? അവ ആക്ഷേപകരവും വിമര്‍ശനപൂര്‍ണവുമായിരിക്കുമോ? ഒരിക്കലുമില്ല.

ഡോ.പെക്ക് എഴുതിയിരിക്കുന്നതുപോലെ ക്ഷീണിച്ചുറങ്ങുന്ന ഒരാളെ കണ്ടാല്‍ അതു ക്ഷീണിച്ചുറങ്ങുന്ന എന്റെ രൂപം തന്നെയാണ് എന്നതില്‍ ഞാന്‍ സംശയിക്കേണ്ട കാര്യമില്ല. കാരണം, ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നാണിരിക്കുന്നതെങ്കിലും അടുത്ത നിമിഷം ഞാന്‍ ക്ഷീണിച്ചു കൂര്‍ക്കം വലിച്ചുറങ്ങുകയില്ലെന്ന് എന്താണുറപ്പ്?

നാം മറ്റുള്ളവരില്‍ കാണുന്ന കുറ്റങ്ങളും കുറവുകളും ഇന്നല്ലെങ്കില്‍ നാളെ നമ്മിലും ഉണ്ടായെന്നുവരാം. തന്മൂലം, നാം ഇന്നു നല്ലവരായിരിക്കുന്നതിന്റെ പേരില്‍ മാത്രം, ഇന്നു മോശക്കാരായിട്ടുള്ളവരെ വിമര്‍ശിക്കുവാനും അമിതമായി പഴിക്കുവാനും നമുക്കെന്ത് അവകാശമാണുള്ളത്?

മറ്റുള്ളവരുടെ സ്ഥാനത്തു നമ്മെ പ്രതിഷ്ഠിച്ചു ചിന്തിച്ചാല്‍ സകല കൊള്ളരുതായ്മകളും നാം അംഗീകരിക്കുവാന്‍ തയാറാവുകയല്ലേ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പക്ഷേ, മറ്റുള്ളവരുടെ സ്ഥാനത്തു നമ്മെ പ്രതിഷ്ഠിക്കുന്നത് അവരുടെ തെറ്റുകളും കുറ്റങ്ങളും അംഗീകരിക്കുവാനല്ല എന്നത് നാം മറക്കരുത്. ഇന്നും എന്നും നാം ആഗ്രഹിക്കുന്ന കരുണയും സ്‌നേഹവുമൊക്കെ മറ്റുള്ളവരും അര്‍ഹിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഈ ചിന്താരീതിയുടെ ലക്ഷ്യം.
    
To send your comments, please clickhere