Jeevithavijayam
9/20/2018
    
ഇരട്ടിക്കുന്ന ദുരന്തങ്ങള്‍
ഓമനത്തം തുളുമ്പുന്ന ഒരു കുസൃതിക്കുടുക്കയായിരുന്നു മൂന്നു വയസുള്ള മാത്യു. ഒരുദിവസം അവന്‍ തന്റെ മൂന്നു വീലുള്ള കൊച്ചുസൈക്കിളില്‍ വീട്ടുമുറ്റത്തു സവാരി നടത്തുകയായിരുന്നു. അവന്റെ മമ്മി അടുക്കളയില്‍ അത്താഴം തയാറാക്കുന്ന തിരക്കിലായിരുന്നു.

അടുക്കളയിലെ തിരക്കിനിടയിലും മാത്യുവിന്റെ മമ്മിയുടെ കണ്ണുകള്‍ മാത്യുവിനെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടാണിരുന്നത്.

എന്നാല്‍, മമ്മിയുടെ കണ്ണുവെട്ടിച്ച് അവന്‍ പെട്ടെന്നു മുറ്റത്തുനിന്നു വഴിയിലേക്കു സൈക്കിളോടിച്ചു.

അപ്പോള്‍ ആ വഴിയിലൂടെ ചീറിപ്പാഞ്ഞുവന്ന ഒരു കാര്‍ മാത്യുവിനെ തട്ടിത്തെറിപ്പിച്ചു ദൂരെയെറിഞ്ഞു.

ഭാഗ്യംകൊണ്ട് അവന്‍ മരിച്ചില്ല. പക്ഷേ, ആ അപകടംവഴിയായി മാത്യുവിന്റെ തലച്ചോറിനു സാരമായ തകരാറു സംഭവിച്ചു.

മമ്മിയും ഡാഡിയും അവനെ വേണ്ടവിധം ശുശ്രൂഷിച്ചു. എന്നാല്‍ മാത്യുവിന്റെ തലച്ചോറിനു സംഭവിച്ച തകരാറ് അവനെ നിത്യരോഗിയാക്കിമാറ്റി.

ആ മാതാപിതാക്കള്‍ ആകെ നിരാശരായിമാറി. തങ്ങളുടെ പിഞ്ചോമനയായ ഏകമകന് ഈ വിധിയായല്ലോ എന്നോര്‍ത്തപ്പോള്‍ അവരുടെ ഹൃദയം തകര്‍ന്നു. ജീവിതത്തിലെ അവരുടെ സകല സന്തോഷവും അവസാനിച്ചു. അവരുടെ ജീവിതം വെറും യാന്ത്രികമായി മാറി.

ഒരു ദിവസം മാത്യുവിന്റെ ഡാഡിയായ ചക്ക് തന്റെ ഭാര്യയോടു ചോദിച്ചു: ''മാത്യു വീട്ടുമുറ്റത്തു സൈക്കിള്‍സവാരി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നു?''

ചോദ്യം അത്ര രസിച്ചില്ലെങ്കിലും മാത്യുവിന്റെ മമ്മി പറഞ്ഞു: ''ഞാന്‍ അടുക്കളയില്‍ അത്താഴം തയാറാക്കുകയായിരുന്നു.''

അപ്പോള്‍ ചക്ക് ഒന്നും പറഞ്ഞില്ല.

കുറേ ദിവസം കഴിഞ്ഞപ്പോള്‍ മാത്യുവിന്റെ മമ്മി തന്റെ ഭര്‍ത്താവിനോടു ചോദിച്ചു: ''നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണോ? മാത്യുവിന്റെകൂടെ പുറത്തു കളിക്കാനിറങ്ങാതെ അടുക്കളയില്‍ അത്താഴം തയാറാക്കിയതു തെറ്റാണെന്നാണോ നിങ്ങള്‍ പറയുന്നത്?''

മാത്യുവിന് അപകടമുണ്ടായതു തന്റെ ഭാര്യയുടെ ശ്രദ്ധക്കുറവാണെന്ന വിശ്വാസം ചക്കിനുണ്ടായിരുന്നു. അതിനാല്‍ മറുപടിയൊന്നും നല്‍കാതെ അയാള്‍ നിശ്ശബ്ദനായിരുന്നു. അന്നു പിന്നെ അവര്‍ സംസാരിച്ചില്ല.

അടുത്തൊരു ദിവസം ചക്കിന്റെ ഭാര്യ അയാളോടു പറഞ്ഞു: ''മാത്യുവിനു സംഭവിച്ച അപകടത്തിന്റെപേരില്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയാണെന്ന് എനിക്കറിയാം. എന്നാല്‍ അപകടം സംഭവിച്ചകാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റമുണെ്ടങ്കില്‍ അതു നിങ്ങള്‍ക്കുതന്നെയാണ്. കാരണം, മാത്യു വഴിയിലേക്കു തനിയെ ഇറങ്ങിപ്പോകാതിരിക്കാന്‍ വീട്ടുമുറ്റത്ത് മതിലുകെട്ടാമെന്നു നിങ്ങള്‍തന്നെ പറഞ്ഞിരുന്നതല്ലേ? അവന് അപകടമുണ്ടായെങ്കില്‍ അതിന്റെ കുറ്റം എന്റേതുമാത്രമല്ല, നിങ്ങളുടേതുമാണ്.''

മാത്യുവിനു സംഭവിച്ച അപകടം വലിയൊരു ദുരന്തമായിരുന്നു. എന്നാല്‍ ആ ദുരന്തം അവിടംകൊണ്ട് അവസാനിച്ചില്ല. അത് മമ്മിയുടെയും ഡാഡിയുടെയും ജീവിതത്തെക്കൂടി ഉലച്ചുകളഞ്ഞുവെന്ന് അവരുടെ കഥ വിവരിച്ചുകൊണ്ട് റോബര്‍ട്ട് വെനിന്‍ഗ തന്റെ ''എ ഗിഫ്റ്റ് ഓഫ് ഹോപ്പ്'' എന്ന പുസ്തകത്തില്‍ പറയുന്നു.


തങ്ങളുടെ പൊന്നോമനപ്പുത്രന് ഒരു ദുരന്തമുണ്ടായപ്പോള്‍ അതിന്റെ ദുഃഖം താങ്ങാന്‍ ചക്കിനും അയാളുടെ ഭാര്യയ്ക്കും കഴിഞ്ഞില്ല. ദുഃഖത്തിന്റെ തീവ്രതയില്‍ അവര്‍ ആശ്വാസം കണെ്ടത്താന്‍ ശ്രമിച്ചത് പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടായിരുന്നു. പക്ഷേ, അതു തെറ്റായവഴിയാണെന്നു വളരെ വൈകിമാത്രമേ അവര്‍ അറിഞ്ഞുള്ളു.

നമ്മുടെ കുടുംബങ്ങളിലും ദുരന്തങ്ങളുണ്ടാകുമ്പോള്‍ നാം പ്രതികരിക്കുന്നത് ഒരുപക്ഷേ ഇതുപോലെയായിരിക്കുകയില്ലേ? നമ്മുടെ കുടുംബങ്ങളില്‍ എന്തെങ്കിലും ഒരു ദുരന്തമോ പ്രശ്‌നമോ ഉണ്ടായാല്‍ ആരാണതിനു കുറ്റക്കാരന്‍ അല്ലെങ്കില്‍ കുറ്റക്കാരി എന്നല്ലേ നമ്മില്‍ പലരും ആദ്യമന്വേഷിക്കുക? അല്ലാതെ ആ ദുരന്തത്തെ ക്രിയാത്മകമായി എങ്ങനെ നേരിടാം എന്നാണോ നാം അന്വേഷിക്കാറുള്ളത്?

ഉദാഹരണത്തിന്, നമ്മുടെ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ പിതാവും മകനും തമ്മിലോ ഒരു ഏറ്റുമുട്ടലുണ്ടായി എന്നുകരുതുക. അങ്ങനെ സംഭവിക്കുമ്പോള്‍ നാം ആദ്യം അന്വേഷിച്ചുപോകുന്നത് ആ ഏറ്റുമുട്ടലിലെ കുറ്റക്കാരനെത്തേടിയല്ലേ? എന്നാല്‍ കുറ്റക്കാരനെ കണെ്ടത്തുന്നതിലുപരി പ്രശ്‌നം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ പെട്ടെന്ന് ഏറെ മെച്ചമാകില്ലേ?

വേറൊരു ഉദാഹരണം എടുക്കട്ടെ: മാതാപിതാക്കള്‍ ലാളിച്ചുവളര്‍ത്തിയ ഏക പുത്രന്‍ വഴിതെറ്റിപ്പോയി എന്നു കരുതുക. അപ്പോള്‍ ആ മകനെ തിരികെ നല്ലവഴിയിലേക്കു കൊണ്ടുവരുന്നതിലോ അതോ മകനെ വളര്‍ത്തിയതിലുള്ള പോരായ്മകളെക്കുറിച്ചു പരസ്പരം പഴിചാരുന്നതിലോ ഏതിലായിരിക്കും ആ മാതാപിതാക്കളുടെ ശ്രദ്ധ? രണ്ടാമത്തെ നിലപാടല്ലേ മിക്കവരും സ്വീകരിക്കാറുള്ളത്?

നമ്മുടെ അനുദിനജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സ്വാഭാവികംമാത്രം.

എന്നാല്‍ അങ്ങനെയുള്ള അവസരങ്ങളില്‍ അവയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കാതെ പരസ്പരം കുറ്റാരോപണങ്ങള്‍ക്കു പോയാല്‍ അതു നമ്മുടെ ജീവിതത്തില്‍ വേറെ ദുരന്തങ്ങള്‍ക്കു വഴിതെളിക്കുമെന്നു തീര്‍ച്ചയാണ്.

ദുരന്തങ്ങളുണ്ടാകുന്ന അവസരത്തില്‍ പരസ്പരം കുറ്റാരോപണത്തിനു മുതിരുമ്പോള്‍ അതുവഴി ദുരന്തത്തിന്റെ കാഠിന്യം ഇരട്ടിക്കുമെന്നതാണ് വാസ്തവം. പക്ഷേ അക്കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ നാം പലപ്പോഴും മെനക്കെടാറില്ലല്ലോ.

കുടുംബങ്ങളില്‍ ദുരന്തങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ കുടുംബാംഗങ്ങള്‍ ഒരുമയോടെ അവയെ നേരിടുകയാണുവേണ്ടത്.

എന്തു പ്രശ്‌നമുണ്ടായാലും കുടുംബാംഗങ്ങളോരോരുത്തരുടെയും സഹകരണത്തോടെ അവയ്ക്കു പരിഹാരം കണെ്ടത്താന്‍ സാധിക്കുമെന്ന ബോധ്യത്തോടെ നാം മുന്നോട്ടുപോയാല്‍ പ്രശ്‌നപരിഹാരം എളുപ്പം സാധിക്കുമെന്നതാണ് വസ്തുത.

അതുപോലെതന്നെ, അങ്ങനെയുള്ള ആരോഗ്യകരമായ ഒരു സമീപനം സ്വീകരിക്കുകവഴി മറ്റു പല ദുരന്തങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമെന്നതും നാം മറക്കേണ്ട.
    
To send your comments, please clickhere