ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
Friday, January 22, 2021 12:20 AM IST
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോകം വഹിച്ച പങ്ക് നിസ്തുലമാണ്. ശാസ്ത്രലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയും അതുല്യമാണ്. അതിനുള്ള പ്രധാന തെളിവാണ് വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ഇന്ത്യയെക്കുറിച്ചുള്ള വാക്കുകള്‍. ബൗദ്ധികമായും രാഷ്ട്രീയമായും ഗ്രീക്ക് പൈതൃകത്തോട് തുലനം ചെയ്യാന്‍ സാധിക്കുന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ആധുനിക ലോകത്തിന് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ സംഭാവന എന്താണെന്ന് ഈ അവസരത്തില്‍ വിലയിരുത്തുന്നത് ഉചിതമായിരിക്കും. 2020-ലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ ശാസ്ത്രജ്ഞരെ റാങ്ക് ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ശാസ്ത്രസമൂഹം അവരുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തതായി കാണാം.
അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ജോണ്‍ ഇയോനിഡിന്നിസിന്റെ നേതൃത്വത്തില്‍ ലോകത്തിലെ സമുന്നതരായ 79,84,150 ശാസ്ത്രജ്ഞരുടെ വിവരശേഖരണം നടത്തി റാങ്ക് ചെയ്യുകയുണ്ടായി. ഇതില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് ലഭിച്ച രണ്ടു ശതമാനം ആളുകളില്‍ ആകെ 1,59,683 ശാസ്ത്രജ്ഞരാണുള്ളത്. ഇതനുസരിച്ച് ഈ സമുന്നതരായ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങള്‍ മറ്റുള്ളവര്‍ റഫര്‍ ചെയ്തതിന്റെ അളവ്, അവരുടെ ലേഖനങ്ങള്‍, ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ജേര്‍ണലുകളുടെ നിലവാരം എന്നിവ അടിസ്ഥാനമാക്കി സൂചിക തയാറാക്കി റാങ്ക് ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ (H-Index) സൂചിക തയാറാക്കി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശാസ്ത്രജ്ഞന്റെ ശാസ്ത്രലോകത്തുള്ള നിര്‍ണായക സ്ഥാനമാണ് ഈ സൂചിക. ശാസ്ത്രജ്ഞരെ അവരുടെ സംഭാവനയ്ക്കനുസരിച്ച് ശാസ്ത്രീയമായി റാങ്ക് ചെയ്യുന്ന ഒരു സംവിധാനം വേറെ ഇല്ലെന്നതാണ് വസ്തുത.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ റാങ്കിംഗ് അനുസരിച്ച് 1499 പേര് ഇന്ത്യയില്‍നിന്നുള്ളവരാണ്. ഇതാകട്ടെ ഏതാണ്ട് ഒരു ശതമാനത്തിനടുത്തുവരും. കേരളത്തില്‍നിന്ന് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 57 ശാസ്ത്രജ്ഞരാണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍നിന്നും ലോകത്തെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞരുടെ ലിസ്റ്റില്‍ വന്നിട്ടുള്ളവരാണ്. ഗവേഷണ വിഷയങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ ചില വിഷയങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണം 25-നും 100-നും ഇടയ്ക്കാണെങ്കില്‍ മറ്റു ചില വിഷയങ്ങളില്‍ അഞ്ചില്‍ താഴെയാണെന്നും കാണാവുന്നതാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേട്ടം
സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ റാങ്കിംഗ് അനുസരിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയില്‍നിന്നുള്ള ശാസ്ത്രജ്ഞരില്‍ അഞ്ചില്‍ നാലു ഭാഗവും സര്‍ക്കാര്‍ പിന്തുണയോടുകൂടിയുള്ള സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തിയവരാണെന്നു കാണാം. അതായത് ഇവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വിവിധ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവയില്നിന്നുള്ളവരാണ്. സയന്‍സ്, ടെക്നോളജി വിഭാഗത്തില്‍ പ്രത്യേകിച്ചും. ഇതിനുള്ള പ്രധാന കാരണം ഇവിടങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യവും ഉയര്‍ന്ന ഗുണമേന്മയുള്ള സൗകര്യങ്ങളുമാണ്. കൂടാതെ അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുക്കുന്നതിനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇവിടങ്ങളില്‍ കൂടുതലാണ്.
സ്വകാര്യ സര്‍ക്കാരിതര ഗവേഷണ സ്ഥാപനങ്ങളുടെയും വിദൂര ഗ്രാമപ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളുടെയും ഈ രംഗത്തുള്ള പങ്കും സംഭാവനയും അതുല്യമാണ്. റാങ്കിംഗ് ലിസ്റ്റ് പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം വളരെ വ്യക്തമാകും. ആയതിനാല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗര- ഗ്രാമീണ പശ്ചാത്തലത്തിലുള്ള വേര്‍തിരിവു കുറഞ്ഞുവരുന്നതായി കാണാം.
സ്വകാര്യ സ്ഥാപനങ്ങളും മെഡിക്കല്‍ രംഗവും
സര്‍ക്കാരിതര- സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ പ്രധാനമായും ശ്രദ്ധയൂന്നിയിട്ടുള്ളത് സയന്‍സ്, ടെക്നോളജി, മെഡിക്കല്‍ രംഗത്താണ്. പ്രത്യേകിച്ച് ജനറല്‍ ആന്‍ഡ് മെഡിസിന്, അനാട്ടമി, ഒഫ്താല്‍മോളജി & ഓട്ടോമെട്രി തുടങ്ങിയ രംഗങ്ങളിൽ. അതിനാല്‍ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കൂടി ഈ രംഗത്ത് ശ്രദ്ധയൂന്നേണ്ടതിന്റെയും കൂടുതല്‍ മുതല്മുടക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. പ്രത്യേകിച്ച് മെഡിക്കല്‍ കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ രംഗത്തെ അവരുടെ സംഭാവന വിലയിരുത്തുകയും കൂടുതല്‍ ശ്രദ്ധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുകയും വേണം.
പ്രാധാന്യമുള്ള മറ്റു വിഷയങ്ങള്‍
അപ്ളൈഡ് ഫിസിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് & ഇമേജ് പ്രോസസിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് & ട്രാന്സ്പോര്ട്ടേഷന്, ഓര്‍ഗാനിക് കെമിസ്ട്രി & പോളിമേഴ്സ് തുടങ്ങിയ വിഷയങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണം 50-ല്‍ താഴെ മാത്രമാണ്. ഇതു കാണിക്കുന്നത് ഈ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഗവേഷണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ്. അതേസമയം ഈ വിഷയങ്ങളില്‍ ഗവേഷണം നടത്തിയ പല ഗവേഷകര്‍ക്കും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നുള്ളതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇതു യുവശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ പ്രചോദനകരവുമാണ്.
അതേസമയം അനസ്തേഷ്യോളജി, അപ്ലൈഡ് മാത്തമാറ്റിക്സ്, എമര്‍ജന്‍സി & ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക് & ഹെറിഡിറ്ററി, ജിയോളജി തുടങ്ങിയ വിഷയങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണം വളരെ പരിമിതമാണുതാനും. ഇത് ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക മെഡിക്കല്‍ വകുപ്പും ശ്രദ്ധിക്കേണ്ടതും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.
ശാസ്ത്ര സാങ്കേതിക ഗവേഷണരംഗത്തുള്ള ഇന്ത്യയുടെ ഈ മുന്തിയ സ്ഥാനത്തിനുള്ള പ്രധാന കാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണം നടത്തിയിട്ടുള്ളവരുടെ മികവും സംഭാവനയുമാണ്. പ്രത്യേകിച്ച് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സംഭാവന. ഇന്ത്യയിലെ പല ഉന്നത ഗവേഷണ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. അതിന്റെ ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ ഗവേഷണത്തിനുള്ള പ്രസക്തി
2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് ദേശീയതലത്തില്‍ത്തന്നെ ഗവേഷണ പദ്ധതിക്ക് രൂപം നല്‍കുന്നതും അതിലേക്കാവശ്യമായ പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്നതുമായിരിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ അനുസരിച്ച് ഇന്ത്യയില്‍ ആകെ ജിഡിപിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം തുകയാണ് നാളിതുവരെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നത്. ഇതാവട്ടെ, വികസിത രാജ്യങ്ങള്‍ ഈ രംഗത്തിനുവേണ്ടി നീക്കിവയ്ക്കുന്ന തുകയെ അപേക്ഷിച്ച് വളരെ പരിമിതമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന മുന്തിയ സ്ഥാനം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വളരെയധികം സഹായകരമാണ്. അതുപോലെതന്നെ രാജ്യത്തെ ഗവേഷണ മേഖലയെ പുതിയ ദിശയിലേക്കു നയിക്കുന്നതിനും ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സഹായകരമായിരിക്കും. പുതിയ ദേശീയ ഗവേഷണ പദ്ധതി അനുസരിച്ച് സയന്‍സ്, ടെക്നോളജി, സാമൂഹ്യശാസ്ത്രം, കൃഷി, പരിസ്ഥിതി, മനുഷ്യവിഭവം എന്നീ മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
പുതുക്കിയ ഗവേഷണ പദ്ധതിയുടെ മാനദണ്ഡപ്രകാരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും അത് അര്‍ഹത അനുസരിച്ച് ലഭ്യമാക്കാനുള്ള നിര്‍ദേശവും ഈ രംഗത്തു വേണ്ടത്ര കുതിച്ചുചാട്ടത്തിന് രാജ്യത്തെ പ്രാപ്തമാക്കും. പുതിയ ഗവേഷണ നയവും സ്വാശ്രയ ഇന്ത്യക്കായുള്ള പ്രയത്നവും പരമ്പരാഗത രീതിയില്‍നിന്നു മാറി ചിന്തിക്കുന്നതിനും ഗവേഷണരംഗത്തെ പുതിയ ദിശയിലേക്കു നയിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങളെയും നമ്മുടെ ഗവേഷകരെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനും സഹായകരമാകുമെന്നും നമുക്കു പ്രത്യാശിക്കാം.
ഡോ. കെ. ഗിരീശന്, ഡോ. ജോസ് ചാത്തുകുളം
(ഡോ. കെ. ഗിരീശൻ ശ്രീപെരുന്പതൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്
ഡെവലപ്മെന്റിൽ അസോസിയേറ്റ് പ്രഫസറും ഡോ. ജോസ് ചാത്തുകുളം കോട്ടയം സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടറുമാണ്)