ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്താക്കി അകാലത്തിൽ ചാകുന്ന മൃഗങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നു. ഭക്ഷണം തേടി കാടിറങ്ങി വരുന്ന മൃഗങ്ങളും പ്ലാസ്റ്റിക് ദുരന്തങ്ങൾക്ക് ഇരയായി മാറുന്നുണ്ട്. നഗരങ്ങളിലെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ആകാശം മുട്ടെ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏതൊരു നാടിന്റെയും വികൃതമുഖമാണ്.
ഇതെവിടെകൊണ്ട് എങ്ങനെ കളയും എന്ന ആശങ്ക ഇന്ന് എല്ലാ ഭരണകൂടങ്ങളെയും അലട്ടിക്കൊണ്ടിരിക്കുന്നു. റീസൈക്കിൾ ചെയ്യാവുന്നതും ചെയ്യാൻ കഴിയാത്തതുമായ പ്ലാസ്റ്റിക് ഇനങ്ങളാണ് മല പോലെ കൂടിക്കിടക്കുന്നത്. അവിടെ മലിനജലം കെട്ടിനിന്നു കൊതുകും രോഗാണുക്കളും പെരുകുന്നു.
കനത്ത മഴയിൽ ഇവ പുറത്തേക്കൊഴുകി നാടിനുതന്നെ ഭീഷണിയാകുന്നു. 2019 ഫെബ്രുവരിയിൽ കൊച്ചി കോർപറേഷൻ മാലിന്യം തള്ളുന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ദിവസങ്ങളോളമാണു കൊച്ചിയെയും പരിസരപ്രദേശങ്ങളെയും ശ്വാസം മുട്ടിച്ചത്. ഇത്തരം തീപിടിത്തങ്ങളിൽ കത്തിയമരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ദുരന്തം വിവരണാതീതമാണ്.
അലങ്കാരംഅലങ്കാരങ്ങൾ അവശേഷിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നാട് നേരിടുന്ന മറ്റൊരു പ്രശ്നം. പെരുന്നാളും ഉത്സവങ്ങളും സമ്മേളനങ്ങളുമൊക്കെ കഴിയുന്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനിയെങ്കിലും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അലങ്കാരങ്ങൾക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് അധികാരികളും നേതാക്കളും നിരുത്സാഹപ്പെടുത്തണം.
തെർമോകോൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങളും കഴിയുന്നത്ര ഉപേക്ഷിക്കണം. തെർമോകോൾ എന്നതു പ്ലാസ്റ്റിക് തന്നെയാണെന്ന് അറിയാവുന്നവർ ചുരുക്കമായിരിക്കും. പ്ലാസ്റ്റിക്കിലെ സ്റ്റൈറൈൻ ഇനത്തിൽപ്പെട്ട ഉത്പന്നമാണ് തെർമോകോൾ. റീസൈക്കിൾ അത്ര എളുപ്പമല്ലാത്ത വസ്തു കൂടിയാണിത്.
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽനിന്നും മനുഷ്യനും ഇതര ജീവജാലങ്ങൾക്കും പ്രകൃതിക്കും വലിയ ദോഷമാണ് പ്ലാസ്റ്റിക്കിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്നു വ്യക്തം. ഒരുപക്ഷേ, പ്ലാസ്റ്റിക്കിനെ പൂർണമായി മനുഷ്യന് ഉടൻ ഉപേക്ഷിക്കാനാകില്ല. പക്ഷേ, വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനും പ്രതിരോധിക്കാനും കഴിയും.
ഉപയോഗം 25 മിനിറ്റ്, ഇല്ലാതാകാൻ 500 വർഷം!ശരാശരി ഒരു പ്ലാസ്റ്റിക് കാരി ബാഗ് 25 മിനിറ്റ് മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്നതാണ് കണക്ക്. എന്നാൽ, ഇതേ ബാഗ് ദ്രവിച്ച് ഇല്ലാതാകാൻ കുറഞ്ഞത് 500 വർഷമെങ്കിലും എടുക്കും. അതുവരെ ഇതു മണ്ണിലോ കടലിലോ മാലിന്യമായി അവശേഷിക്കും. ഒരു പ്ലാസ്റ്റിക് ബാഗ് വലിച്ചെറിയുക എന്നത് ഏതാനും സെക്കൻഡുകൾ മാത്രമെടുക്കുന്ന ഒരു പ്രവൃത്തിയാണ്. എന്നാൽ, അതുവഴി പരിസ്ഥിതിക്കു വരുത്തുന്ന ദോഷമോ നൂറ്റാണ്ടുകളുടേതും!
ലോകമെന്പാടും ഓരോ മിനിറ്റിലും പത്തുലക്ഷം പ്ലാസ്റ്റിക് ബാഗുകൾ വീതം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിൽ ബഹുഭൂരിപക്ഷവും മാലിന്യമായി തള്ളപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യമായി തള്ളപ്പെടുന്നതും പരിസ്ഥിതിക്കു ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് കൂടുകൾ തന്നെ. പ്ലാസ്റ്റിക് കൂടുകളുടെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ജൂലൈ മൂന്ന് ഇന്റർനാഷണൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ (പ്ലാസ്റ്റിക് ബാഗ് വിരുദ്ധദിനം) ആയി ആചരിക്കുന്നത്.
പ്ലാസ്റ്റിക്, റോഡ് ആയി മാറുന്പോൾനാട്ടിലെന്പാടും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഭരണകൂടങ്ങൾ പുതുതായി നിർദേശിക്കുന്ന പോംവഴിയാണ് പ്ലാസ്റ്റിക് പൊടിച്ചു റോഡ് നിർമാണത്തിന് ഉപയോഗിക്കുക എന്നത്. ഒറ്റനോട്ടത്തിൽ ഇതു നല്ല ആശയമാണെന്നു തോന്നുമെങ്കിലും അടിസ്ഥാനപരമായി പ്ലാസ്റ്റിക് ഇല്ലാതാകുന്നില്ല എന്നതാണ് യാഥാർഥ്യം.
പ്ലാസ്റ്റിക് പൊടിച്ചു ഉരുക്കി ടാറിൽ ചേർത്തു റോഡ് നിർമിക്കുക വഴി പ്ലാസ്റ്റിക് ഇല്ലാതാകുന്നില്ല, മറ്റൊരു രൂപത്തിലേക്കു മാറി എന്നു മാത്രം. കൂന്പാരം കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കിനെ കുറെയൊക്കെ ഒഴിവാക്കി എന്നു സമാധാനിക്കാമെങ്കിലും ഈ പദ്ധതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.
വിവിധ ഇനങ്ങൾക്കു വ്യത്യസ്തമാണെങ്കിലും ശരാശരി 165 ഡിഗ്രി സെൽഷ്യസിൽ ആണ് പ്ലാസ്റ്റിക് ഉരുകുന്നത്. അത്രയും താപനിലയിൽ മെറ്റലിലേക്കു പൊടിച്ച പ്ലാസ്റ്റിക് ചേർക്കുകയാണു പൊതുരീതി. ഇങ്ങനെ പ്ലാസ്റ്റിക് ചേർക്കുന്പോൾ പ്ലാസ്റ്റിക് കത്തിക്കുന്നതിനു തുല്യമായ സാഹചര്യമാണ് ഉണ്ടാകുന്നതെന്നു വിമർശകർ പറയുന്നു.
അപകടകരമായ വാതകങ്ങൾ പുറത്തേക്കു വമിക്കാൻ ഇതിടയാക്കും. അപകടകാരിയായ പിവിസി സാധാരണ ഈ പദ്ധതിക്ക് ഉപയോഗിക്കുന്നില്ല. എന്നാൽ, ഏതു പ്ലാസ്റ്റിക് കത്തിച്ചാലും ഹാനികരമായ വാതകങ്ങൾ പുറത്തേക്കു വരുന്നുണ്ടെന്നതാണ് യാഥാർഥ്യം.
ടാറിൽ ചേർത്തുവിടുന്ന പ്ലാസ്റ്റിക് അംശങ്ങളും അതിലെ രാസവസ്തുക്കളും കാലക്രമത്തിൽ കനത്ത ചൂടിലും മഴയിലുമൊക്കെ പൊടിഞ്ഞും അലഞ്ഞും വെള്ളത്തിലേക്കും മണ്ണിലേക്കുമിറങ്ങാൻ സാധ്യതയില്ലേയെന്നും വിമർശകർ ചോദിക്കുന്നു. ഈ മൈക്രോപ്ലാസ്റ്റിക് മാലിന്യത്തെ എന്തു ചെയ്യാൻ കഴിയും? എന്തായാലും ഈ രംഗത്തെ സാധ്യതകളും പ്രത്യാ ഘാതങ്ങളും സംബന്ധിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്നു ചുരുക്കം.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ-6/ ജോൺസൺ പൂവന്തുരുത്ത്