ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കും; സർക്കാരിന് ഒപ്പം നിൽക്കും: രാഹുൽ ഗാന്ധി
ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കും; സർക്കാരിന് ഒപ്പം നിൽക്കും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരർക്കെതിരായ നടപടിയിൽ സർക്കാരിന് ഒപ്പം നിൽക്കുമെന്നും അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, മുതിർന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവർക്കൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

കൊടുംഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈനികർക്കെതിരേ നടന്നിരിക്കുന്നത്. സൈന്യത്തിനൊപ്പം കോണ്‍ഗ്രസ് പാർട്ടി നിൽക്കുമെന്നും മരിച്ച ജവാന്മാരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്‍റെ ഐക്യം തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്നും ഭീകരരെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാജ്യത്തിനെതിരായ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്താൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സർക്കാരിനും സൈനിക വിഭാഗങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പുൽവാമ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നാൽപ്പതിലധികം സൈനികരുടെയും പരിക്കേറ്റ സൈനികരുടെയും കുടുംബത്തിന്‍റെ ദുഃഖത്തിൽ എല്ലാവരും പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരരുമായി രാജ്യം ഒരു കാലത്തും സന്ധി ചെയ്യില്ലെന്നും ശക്തമായ നടപടി പുൽവാമ ആക്രമണത്തിനെതിരേ ഉണ്ടാകണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.