കനലെരിയുമ്പോള്‍ സെലീന തളരുന്നില്ല
കനലെരിയുമ്പോള്‍ സെലീന തളരുന്നില്ല
പുകയും കരിയും നിറഞ്ഞ നാലു ചുമരുകൾക്കുള്ളിൽ സെലീനയുടെ വിയർപ്പുതുള്ളികൾ വീണു ചിതറുന്പോൾ ചിതയിൽ മാംസം കത്തിയമർന്ന് അസ്ഥികൾ ശേഷിച്ചിട്ടുണ്ടാകും. ശരീരത്തിന്‍റെ അഞ്ചു ഭാഗങ്ങളിൽ നിന്നായി അസ്ഥികൾ പെറുക്കിയെടുത്തു കുടത്തിൽ നിറച്ച് ഉറ്റവർക്കു നൽകുന്പോൾ സെലീനയുടെ മുഖത്ത് തെളിയുന്നത് നിസംഗത മാത്രം. വർഷങ്ങളായി സെലീന മൈക്കിൾ മനുഷ്യർക്കായി ചിതയൊരുക്കുകയാണ്. സമൂഹത്തിൽ ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന പ്രവൃത്തി സെലീന ഒറ്റയ്ക്കു ചെയ്യാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിയുന്നു. കാക്കനാട് അത്താണിയിലുള്ള തൃക്കാക്കര മുനിസിപ്പൽ പൊതുശ്മശാനം കരാറെടുത്ത് ഒറ്റയ്ക്കു നടത്തുകയാണ് സെലീന മൈക്കിൾ എന്ന 54 കാരി.

ഭാവഭേദമില്ലാതെ സെലീന

അകത്ത് ചിതയിൽ രണ്ടു മൃതദേഹങ്ങൾ അഗ്നി ഏറ്റുവാങ്ങുന്പോൾ സെലീന പുറത്തെ കോണ്‍ക്രീറ്റ് ബഞ്ചിൽ അലസമായി ഇരിക്കുന്നു. ഇടയ്ക്കിടെ അകത്തു ചെന്ന് ചിത ഇളക്കും. വീണ്ടും കാത്തിരിപ്പാണ്, ചിത കത്തിയെരിഞ്ഞു തീരുന്നതിനുള്ള കാത്തിരിപ്പ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളാണ് സെലീനയുടെ ജീവിതത്തിൽ അധികവും. എന്നാൽ ജീവിതത്തിനുശേഷം ഇവിടെ ഒറ്റപ്പെടുന്ന മൃതദേഹങ്ങൾക്കു കൂട്ടാകുന്നത് സെലീന മാത്രം. ദഹിപ്പിക്കപ്പെടാനായി മാസംതോറുമെത്തുന്ന നിരവധി മൃതദേഹങ്ങൾ ഇവിടെയുള്ള രണ്ട് പരന്പരാഗത വിറകുചിതകളിൽ വെച്ച് ദഹിപ്പിക്കുന്നത് സെലീന തനിച്ചാണ്. എത്ര ഉറ്റവരായാലും മൃതദേഹത്തെ അനുഗമിക്കുന്നവർ ചിതയ്ക്കു തീകൊളുത്തുന്നതോടെ കണ്ണുനീരോടെ യാത്ര പറയും. മൃതദേഹം തിരിച്ചും മറിച്ചും കിടത്തി കത്തിച്ചുതീർക്കേണ്ടത് സെലീനയുടെ മാത്രം ഉത്തരവാദിത്വമാണ്. മുൻപ് രാത്രി രണ്ടുവരെ നീണ്ടിരുന്നു ഈ ജോലി. എന്നാൽ ഇപ്പോൾ അധികം രാത്രിയാകും മുൻപേ ജോലികൾ തീർക്കും.

ഒറ്റപ്പെടലിന്‍റെ കഥ

സെലീനയുടെ രണ്ടാം വയസിൽ അമ്മ മരിച്ചു. ഒരു മഠം വക സ്കൂളിൽ നിന്നായിരുന്നു സെലീന പഠിച്ചിരുന്നത്. സ്കൂളിൽ നല്ലതുപോലെ പഠിച്ചിരുന്ന സെലീനയുടെ ജീവിതം മാറി മാറിയുന്നത് എട്ടാം ക്ലാസ് മുതലാണ്. അന്നാണ് അസുഖബാധിതനായിരുന്ന അച്ഛന്‍റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. തൃക്കാക്കരയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന അച്ഛന്‍റെ ചെറിയ വരുമാനവും അതോടെ നിലച്ചു. തുടർന്നു തളർവാതരോഗവും പിടിപെട്ടതോടെ അച്ഛന് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായി. അതോടെ സെലീനയുടെ പഠനം നിലച്ചു. അങ്ങനെ 13-ാം വയസിൽ ആരംഭിച്ചതാണ് സെലീനയുടെ ദുരിതം. അടുത്തുള്ള വീടുകളിൽ വീട്ടുപണിയായിരുന്നു സെലീനയുടെ ആദ്യ ജോലി. പിന്നീട് ഒരു ചായക്കടയിൽ കുറച്ചു നാൾ ജോലി ചെയ്തു. പിന്നെ കൂലിപ്പണി, തയ്യൽ, പലഹാരം ഉണ്ടാക്കൽ, കൽപ്പണി അങ്ങനെ പോയി ജോലികൾ. 16 വയസിലാണ് സെലീന കൽപ്പണി ആരംഭിക്കുന്നത്. ആ പണി വർഷങ്ങളോളം തടർന്നു. പിന്നെ കെട്ടിട നിർമാണ തൊഴിലാളിയായി വർഷങ്ങൾ... അപ്പോഴേക്കും സെലീനയുടെ മനസ് കരിങ്കല്ലായി മാറിക്കഴിഞ്ഞിരുന്നു. ഇതിനിടെയായിരുന്നു സെലീനയുടെ വിവാഹം. പറക്കമുറ്റാത്ത രണ്ടു പെണ്‍മക്കളെ നൽകി 20 വർഷംമുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ തുടങ്ങിയ പോരാട്ടം ഇന്നും സെലീന തുടരുന്നു. തോൽക്കാൻ സെലീന തയ്യാറായിരുന്നില്ല.

ശ്മശാനത്തിലേക്ക്

കൽപ്പണിയും കെട്ടിട നിർമാണജോലിയു മെക്കെയായി ജീവിതം തള്ളിനീക്കുന്നതിനിടെ കൊച്ചി കോർപ്പറേഷന്‍റെ കീഴിലുള്ള പച്ചാളം ശ്മശാനം കരാറെടുത്തു നടത്തുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. അന്ന് പച്ചാളം ശ്മശാനത്തിനുപുറമേ രാംദാസ് തൃക്കാക്കര ശ്മശാനവും ഏറ്റെടുത്തുനടത്തി യിരുന്നു. അതിനിടെ ഒരു ദിവസം തൃക്കാക്കര ശ്മശാനത്തിൽ ജോലിക്ക് ആളില്ലാതെവന്നു. സെലീനയുമായുള്ള പരിചയം വച്ച് ഈ ജോലി ചെയ്യാൻ താത്പര്യമുണ്ടോ എന്ന് രാംദാസ് ചോദിച്ചു. മകളുടെ വിവാഹം കഴിഞ്ഞ് വലിയ സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന സെലീനയ്ക്ക് വേറൊന്നും ആലോചിക്കാനുണ്ടാ യിരുന്നില്ല. പണം തന്നാൽ താൻ ചെയ്യാമെന്നായിരുന്നു സെലീനയുടെ മറുപടി. 150 രൂപയായിരുന്നു ആദ്യ പ്രതിഫലം. ആദ്യ കാലങ്ങളിൽ പരിചയക്കുറവു മാത്രമാണ് ഒരു ബുദ്ധിമുട്ടായി തോന്നിയതെന്ന് സെലീനയുടെ നേർസാക്ഷ്യം. സെലീന അധികനാൾ ഈ ജോലി ചെയ്യില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ 11 വർഷം മുൻപു തുടങ്ങിയ ഈ ജോലി സെലീന ഇന്നും തുടരുന്നു. ബന്ധുക്കളിൽ നിന്ന് ആദ്യമൊക്കെ ചെറിയൊരു എതിർപ്പും ഉണ്ടായിരുന്നു.


ചില കണക്കുകൾ

ഏഴു വർഷമായി തൃക്കാക്കര പൊതുശ്മശാനം സെലീന സ്വന്തമായി കരാർ എടുത്തു നടത്താൻ തുടങ്ങിയിട്ട്.

""1500 രൂപയാണ് ഒരു മൃതദേഹം സംസ്കരിക്കുന്നതിന് ലഭിക്കുന്നത്. ഇതിൽ 550 രൂപ മുനിസിപ്പാലിറ്റിയിൽ അടയ്ക്കണം. ബാക്കിവരുന്ന 950 രൂപയിൽനിന്നു വേണം വിറകും ചിരട്ടയും മടലുമൊക്കെ വാങ്ങാൻ. എല്ലാ ചെലവും കഴിഞ്ഞ് ഒരു മൃതദേഹത്തിൽ നിന്നും ലഭിക്കുന്നത് 400-450 രൂപ. സഹായത്തിന് മറ്റൊരാളെക്കൂടി വിളിച്ചാൽ കൊടുക്കാനുള്ള ലാഭം ഇതിൽ നിന്നില്ല. അതുകൊണ്ടുതന്നെ ഒറ്റയ്ക്കാണ് ഈ ജോലിയെല്ലാം ചെയ്യുന്നത് ''- സെലീന പറയുന്നു.

കനലെരിയാൻ എത്ര സമയം

ചിതയിൽ ഒരു മൃതദേഹം കത്തിത്തീരുന്നതിന് രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ സമയമാണ് വേണ്ടതെന്ന് സെലീന അനുഭവത്തിൽ നിന്നും പറയുന്നു. ശരീരത്തിന്‍റെ വലിപ്പവും ചിത കത്തിത്തീരുന്ന സമയവും തമ്മിൽ യാതൊരു ബന്ധവുമില്ല. അസുഖങ്ങൾ ബാധിച്ചുള്ള അകാല മരണമാണെങ്കിൽ ചിതയെരിയുന്നതിന് അഞ്ചുമണിക്കൂർ വരെ സമയമെടുക്കും. ദീർഘകാലം മരുന്നുകൾ കഴിച്ചിട്ടുള്ള ശരീരമാണെങ്കിൽ ഇരട്ടിയോളം വിറകു വേണ്ടിവരുമെന്നും സെലീന പറയുന്നു. അങ്ങനെ വരുന്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും പണിക്കൂലി പോലും ലഭിക്കില്ല. മൃതദേഹങ്ങൾ ദഹിപ്പിക്കുന്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

മൃതദേഹത്തിന് പല അവസ്ഥാന്തരങ്ങളുണ്ട്. മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങളാണ് മറ്റൊരു വെല്ലുവിളി. ദുർഗന്ധമുണ്ടാകും, കൂടുതൽ ഭാരവും. കത്തിത്തീരാനും അധികസമയം വേണം. ഇത്തരം മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്പോഴൊക്കെ കൂടുതൽ വിറക് ആവശ്യമായി വരും. ചിതയൊരുക്കുന്നതിന് മാവിന്‍റെ വിറകാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഹിന്ദുമതവിശ്വാസികൾക്ക് ഇതുതന്നെയാണ് താത്പര്യവും. അതുകൊണ്ടുതന്നെ മാവിന്‍റെ വിറക് ആവശ്യത്തിന് സ്റ്റോക്കുചെയ്യുമെന്നു സെലീന പറയുന്നു. എന്നാൽ കുടുതലായി ഇതു സൂക്ഷിക്കാനാകില്ല. ഉണങ്ങിക്കഴി ഞ്ഞാൽ വിറക് പെട്ടെന്നു കത്തിപ്പോകും. പുളിയുടെ വിറകും ഉപയോഗിക്കും.

ചിതയ്ക്കരികിലെ അമ്മ

മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഈ ജോലി ചെയ്താണ് രണ്ടു പെണ്‍മക്കളെയും സെലീന വിവാഹം കഴിച്ചയച്ചത്. രണ്ടു പേർക്കും ഇപ്പോൾ രണ്ടു കുട്ടികൾ വീതമായി. സ്വന്തമായി പണികഴിപ്പിച്ച വീട്ടിലാണ് ഇന്ന് സെലീന ഒരു മകളോടൊപ്പം താമസിക്കുന്നത്. ശ്മശാനത്തിന്‍റെ തൊട്ടടുത്തുതന്നെ. കൊച്ചുമക്കളായ ഒൻപതു വയസുകാരി നന്ദനയും ആറു വയസുകാരി നയനയും കളിച്ചുവളരുന്നതും ഈ ശ്മശാന അന്തരീക്ഷത്തിൽ തന്നെ. പേരക്കുട്ടികളെ ഇരിക്കാറായപ്പോൾ മുതൽ ഇവിടെ കൊണ്ടുവരുന്നതാണെന്ന് സെലീന പറയുന്നു. പുറത്തെ കോണ്‍ക്രീറ്റ് ബഞ്ചിൽ കുട്ടികളെ ഇരുത്തിയശേഷമാണ് സെലീന ചിതയ്ക്കരികിലേക്കു പോകുന്നത്. ഇടയ്ക്കു കാലിനു പരിക്കുപറ്റി കുറച്ചുനാൾ വിശ്രമം വേണ്ടിവന്നപ്പോൾ മരുമക്കൾ സഹായിക്കാനെത്തി. ഇപ്പോഴും വയ്യാത്ത അവസരങ്ങളിൽ മക്കളും മരുമക്കളും സഹായത്തിനെത്തും. ജോലിയില്ലെങ്കിലും സെലീന ശ്മശാന പരിസരത്തുതന്നെ കാണും. കണ്ടില്ലെങ്കിൽ ശ്മശാനത്തിന്‍റെ ഗേറ്റിൽ എഴുതി വച്ചിരിക്കുന്ന സെലീനയുടെ മൊബൈൽ നന്പരിൽ വിളിച്ചാൽ മതി. സെലീന ഓടിയെത്തും.

ആരാണ് ചിതയിലേക്കെത്തുകയെന്ന് സെലീനയ്ക്ക് അറിയില്ല. എങ്കിലും സെലീന മൈക്കിൾ തന്‍റെ വിറകുകൾ അടുക്കിവയ്ക്കുകയാണ്. മരണമെന്ന അവസാന യാത്രയിൽ ആത്മാക്കൾക്കു കൂട്ടിരിക്കുന്പോൾ വിയർപ്പു പൊടിയുന്ന ആ മുഖത്ത് എന്തോ തേജസ് വന്നു നിറയുന്നുവെന്നു തോന്നും.

റിച്ചാർഡ് ജോസഫ്