നാൽപ്പതിനുശേഷം കുട്ടികളുണ്ടാകുന്നത് റിസ്കാണോ?
നാൽപ്പതിനുശേഷം കുട്ടികളുണ്ടാകുന്നത് റിസ്കാണോ?
എന്റെ മാതാപിതാക്കളെ പരിപാലിക്കേണ്ടതിനാൽ എന്റെ വിവാഹം മാറ്റിവയ്ക്കേണ്ടിവന്നു. ഞാൻ വിവാഹം കഴിച്ചത് 42–ാം വയസിലാണ്. ഒരു കുട്ടിക്കുവേണ്ടി ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും 40 വയസു കഴിഞ്ഞ സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നത് റിസ്കാണെന്ന് ആളുകൾ പറയുന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞങ്ങൾ ആകെ സന്ദേഹത്തിലാണ് ഡോക്ടർ?
–ജയ ഇടുക്കി.

നാൽപ്പത് വയസിനുശേഷം ഗർഭിണിയാകുന്നത് അമ്മയ്ക്കും വളർന്നുവരുന്ന ഭ്രൂണത്തിനും പലവിധ പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാം. പ്രായം കൂടുന്തോറും വന്ധ്യതയ്ക്കുള്ള സാധ്യതകൾ കൂടുകയും ഗർഭം ധരിക്കുന്നതിന് പ്രയാസം നേരിടുകയും ചെയ്യാം. ക്രോമസോമുകളുടെ തകരാർ മൂലമുണ്ടാകുന്ന ഡൗൺസ് സിൻഡ്രോം, ഗർഭം അലസിപ്പോകുന്നതിനുള്ള സാധ്യതകൾ എന്നിവയും ഉണ്ടാകാം. അമ്മയ്ക്ക് ഉയർന്ന രക്‌തസമ്മർദമുണ്ടാകുക, പ്രീ–എക്ലാംപ്സിയ, എക്ലാംപ്സിയ, ഹെൽപ് സിൻഡ്രോം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുക എന്നിവയ്ക്കും സാധ്യതയുണ്ട്.

നാൽപത് വയസിനു ശേഷമാണ് ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗർഭിണിയാകുന്നതിനുമുമ്പായി ഒരു ഗൈനക്കോളജിസ്റ്റിന്റെ കൗൺസലിംഗിന് വിധേയമാകുന്നതു നന്നായിരിക്കും. ഗർഭം ധരിക്കുന്നതിനുമുമ്പായി മൂന്നുമാസം ഫോളിക് ആസിഡ് ഗുളികകൾ കഴിക്കണം. ഗർഭിണിയായതിനുശേഷം അൾട്രാസൗണ്ട് പരിശോധനയ്ക്കൊപ്പം പലവിധ പരിശോധനകൾ നടത്തി ഭ്രൂണത്തിന് അപാകതകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. മുറിവുകളുണ്ടാക്കാതെ തന്നെ രക്‌തമെടുത്തുള്ള പരിശോധനകളിലൂടെ ഭ്രൂണത്തിന്റെ പ്രശ്നങ്ങൾ ഒരു പരിധിവരെ കണ്ടെത്താൻ കഴിയും. ഭ്രൂണത്തിന് ചുറ്റുമുള്ള ആംമ്നിയോട്ടിക് ദ്രാവകം എടുത്തുള്ള പരിശോധനകളായ ആമ്നിയോസെന്റേസിസ്, കോറിയോൺ വില്ലസ് സാംപിളിംഗ്്, കോർഡോസെന്റസിസ് എന്നിവ ജനിതകപ്രശ്നങ്ങൾ ഉറപ്പാക്കുന്നതിന് സഹായിക്കും. ഉയർന്ന രക്‌തസമ്മർദ്ദം ഉണ്ടോയെന്ന്് തിരിച്ചറിയുന്നതിന് തുടർച്ചയായി രക്‌തസമ്മർദം പരിശോധിക്കണം.


ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (ഒജിടിടി) ഗർഭത്തിന്റെ തുടക്കത്തിലും പിന്നീടും ചെയ്യുന്നത് ഗർഭകാലത്തെ പ്രമേഹം ഇല്ലെന്ന് ഉറപ്പുവരുത്തും. 28 ആഴ്ച, 32 ആഴ്ച, 36 ആഴ്ച എന്നിങ്ങനെ ഇടവേളകളിൽ തുടർച്ചയായി അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് ഭ്രൂണത്തിന്റെ വളർച്ചയും ആരോഗ്യവും നിരീക്ഷിക്കുന്നതിന് ആവശ്യമാണ്. നിങ്ങൾക്ക് 40 വയസിൽ കൂടുതലാണ് പ്രായമെന്നതുകൊണ്ട് നിങ്ങൾക്ക് ഗർഭം ധരിക്കാനുള്ള സാധ്യതകൾ കുറവായിരിക്കുകയും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലായിരിക്കുകയും ചെയ്യും.