വീണ്ടും രതീഷ് വേഗ മാജിക്
വീണ്ടും രതീഷ് വേഗ മാജിക്
സിനിമാസംഗീത വീഥിയിൽ തിരിച്ചുവരവിന്റെ ത്രില്ലിലാണ് രതീഷ് വേഗ. ‘ഇടവേള തീർത്ത ഏകാന്ത വേദനകൾ’ അവസാനിക്കുകയാണ്. ‘ആടുപുലിയാട്ടം’, ‘വെള്ളക്കടുവ’, ‘മരുഭൂമിയിലെ ആന’... ഈണങ്ങൾക്കു കൂടൊരുക്കാൻ കൈനിറയെ ചിത്രങ്ങൾ. ‘മനം കൊതിക്കും കാലമിങ്ങു വന്ന’പ്പോൾ പ്രതീക്ഷകളുടെ പാട്ടുവർത്തമാനങ്ങളുമായി

രതീഷ് വേഗ...അനുഭവങ്ങളുടെ ‘ആടുപുലിയാട്ടം’

‘‘ഹൊറർ പശ്ചാത്തലമുള്ള ഒരു സിനിമയിൽ ഇതാദ്യം. വിരൂപിയായ, പേടിപ്പെടുത്തുന്ന ആത്മാവിനെയാണു ഹൊറർ സിനിമകളിൽ സാധാരണ കാണാറുള്ളത്. ‘ആടുപുലിയാട്ട’ത്തിൽ അങ്ങനെയല്ല. ഒരു വ്യക്‌തിയുടെ ശരീരത്തിൽ ആത്മാവിന്റെ സാന്നിധ്യമുണ്ടാകുന്നു എന്നതിനപ്പുറം അയാളുടെ രൂപത്തിൽ മാറ്റംവരുന്നില്ല. ഭയപ്പെടുത്തുന്ന രൂപാന്തരങ്ങളെല്ലാം സംഗീതത്തിലൂടെയാണ് അനുഭവപ്പെടുത്തുന്നത്. ക്രിയേറ്റിവിറ്റി നന്നായി പ്രകടിപ്പിക്കാൻ അവസരമുണ്ടായി. ഏറെ സപ്പോർട്ടീവായിരുന്നു സംവിധായകൻ കണ്ണൻ താമരക്കുളം.

ഏറെ അനുഭവപരിചയവുമായി 50 സംഗീത വർഷങ്ങളുടെ നിറവിൽ നിൽക്കുന്ന പി. ജയചന്ദ്രൻ സാറിനെക്കൊണ്ട് മൂന്നാം തവണയാണ് എന്റെ ചിത്രത്തിൽ പാടിക്കാനുള്ള ഭാഗ്യമുണ്ടായത്. വലിയ അനുഭവമാണത്. ആ പാട്ട് കംപോസ് ചെയ്യുമ്പോൾതന്നെ എന്റെ മനസിൽ ജയേട്ടനായിരുന്നു. ഗൃഹാതുരത്വമുള്ള, ഇമോഷൻസ് ഉണർത്തുന്ന ജയേട്ടന്റെ ആലാപന ശൈലിയും കൈതപ്രം തിരുമേനിയുടെ പ്രണയം തുടിക്കുന്ന

വരികളും ചേർന്നപ്പോൾ ‘വാൾമുനക്കണ്ണിലെ മാരിവില്ലേ...’എന്ന ഗാനത്തെ ജനം മനസോടുചേർത്തു.

മിഡിൽ ഏജിലുള്ള ധാരാളമാളുകൾ ഈ പാട്ടുകേട്ടശേഷം വിളിക്കുകയും പോസിറ്റീവ് മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ട്.

റിമി ടോമിയുടെ വോയ്സ് എനിക്കിഷ്‌ടമാണ്. റിമിയുടെ ഫാസ്റ്റ് നമ്പറുകളാണ് നാം ഏറെയും കേട്ടിരിക്കുന്നത്. ഒരു പെർഫോർമർ എന്ന നിലയിൽ നല്ല പ്രകടനമാണ് റിമിയുടേത്. പക്ഷേ, അടിസ്‌ഥാനപരമായി അവർ ഗായികയായി വന്നയാളാണ്. ഒരു ഗായികയുടെ എല്ലാ ഔട്ട്പുട്ടും എടുക്കണമെന്ന ആഗ്രഹത്തിലാണ് റിമിയെക്കൊണ്ടു പാടിച്ചത്. റിമിയും നജിം അർഷാദും ചേർന്നു പാടിയ ‘ചിലും ചിലും ചിൽ താളമായ്..’

എന്ന പാട്ടെഴുതിയതു ബി.കെ.ഹരിനാരായണൻ.

തമിഴിലെ പ്രശസ്ത ഗാനരചയിതാവ് മോഹൻരാജൻ എഴുതിയ ‘കറുപ്പാന കണ്ണഴകേ...’ എന്ന പാട്ടുപാടിയത് എന്റെ ഏറ്റവുമടുത്ത സുഹൃത്ത് മംമ്ത. ഞാൻ ആദ്യമായി ചെയ്ത ഡപ്പാംകുത്ത് സ്റ്റൈലിലുള്ള പാട്ട്. മംമ്ത വളരെ പോസിറ്റീവാണ്. ഇങ്ങനെയൊരു പാട്ടിനെക്കുറിച്ചു പറഞ്ഞപ്പോൾ മംമ്ത സസന്തോഷം പാടാൻ തയാറായി. ഒരു ഹാഫ് ഡേയിൽ റിക്കാർഡിംഗ് പൂർത്തിയായി. രസകരമായ സെഷനായിരുന്നു അത്.

ജയറാമേട്ടൻ, രമേഷ് പിഷാരടി, ഷാജു നവോദയ എന്നിവർ ചേർന്നു പാടിയ ‘മഞ്ഞക്കാട്ടിൽ പോകേണ്ടേ...’എന്ന പാട്ടാണ് സിനിമയുടെ മറ്റൊരാകർഷണം. പഴയ ഫോക്ക് സോംഗ് പുതിയരീതിയിൽ ചെയ്തു. സിനിമയിൽ നല്ലൊരു ഫൺ മൊമന്റിൽ വരുന്ന പാട്ടാണത്.

പരിചയസമ്പന്നനായ ഒരു മ്യൂസിക് ഡയറക്ടറുടെ സാന്നിധ്യവും അതിന്റേതായ ക്വാളിറ്റിയും ഫീൽ ചെയ്യുന്നതായി ‘ആടുപുലിയാട്ടം’ കണ്ടശേഷം ജയറാമേട്ടൻ പറഞ്ഞു. എനിക്കു വളരെ വലിയ ഗിഫ്റ്റാണത്. അദ്ദേഹത്തെപ്പോലെ അനുഭവസമ്പന്നതയുള്ള ഒരു നടൻ എന്റെ തിരിച്ചുവരവിന്റെ പാതയിൽ ഒത്തിരി സപ്പോർട്ടാകുന്നു. ‘ആടുപു ലിയാട്ട’ത്തിന്റെ സംഗീത ത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ട് എന്ന് ജയറാമേട്ടനെപ്പോലെ ഒരു നടൻ പറയുമ്പോൾ വലിയ സന്തോഷം.

ആടുപുലിയാട്ടത്തിലെ പാട്ടുകൾക്കു രാഗങ്ങളുടെ പിൻബലമുണ്ട്. എന്നാൽ ഒരു പ്രത്യേക രാഗം എന്നുനോക്കി ചെയ്തതല്ല. സിറ്റ്വേഷനുകളിലെ ഇമോഷനുകൾക്കു പ്രാധാന്യം നല്കി മനസിൽതോന്നിയ മൂഡ് ക്രിയേറ്റ് ചെയ്തു. ട്യൂണിനൊപ്പിച്ചു വരികളെഴുതുകയായിരുന്നു ഗാനരചയിതാക്കൾ.

എന്റെ സംഗീതം

തൃശൂർ ആർ. വൈദ്യനാഥ ഭാഗവതരുടെ ശിക്ഷണത്തിൽ 18 വർഷം കർണാടക സംഗീതപഠനം; മൂന്നു മാസം മുമ്പ് അദ്ദേഹത്തിന്റെ ദേഹവിയോഗം വരെയും. കഴിഞ്ഞ ശിവരാത്രിക്കു വടക്കുംനാഥ സന്നിധിയിൽ കച്ചേരി ചെയ്തു. ബാച്ചിലർ ഓഫ് മ്യൂസിക്കിനു ശേഷം സൗണ്ട് എൻജിനിയറിംഗ് പഠിച്ചു. രണ്ടുവർഷം പിയാനോ പഠനം. ധാരാളം കേൾക്കാറുണ്ട് വെസ്റ്റേൺ മ്യൂസിക്. ഗൃഹാതുരത്വം ഉണർത്തുന്ന നമ്മുടെ സംഗീതവും വെസ്റ്റേണിന്റെ പുതിയ ട്രെൻഡ്സും തമ്മിൽ ചേർത്ത് പുതിയ ഒരനുഭൂതി പകരാനാണു ശ്രമം.

മലയാളത്തിന്റെ തനതായ സംഗീതം ഞാൻ ഇഷ്‌ടപ്പെടുന്നു.

എന്റെ പാട്ടുകളിലൂടെ പകരാൻ ശ്രമിക്കുന്നത് അതിന്റെ പുതിയ വേർഷൻസാണ്. നിശബ്ദതയിൽ ശാന്തമായിരുന്ന് എന്റെ ഒരു പാട്ട് ഒരു മ്യൂസിക് ലവർ കേട്ടാൽ അയാളുടെ മനസിനെ എവിടെയെങ്കിലും തൊട്ടുപോകുന്ന ഘടകങ്ങൾ അതിലുണ്ടാവും. എന്റെ ഒരു പാട്ടും ഒരാളെയും നിരാശപ്പെടുത്തില്ല.

ഇപ്പോൾ കുറച്ചുകൂടി ഇരുത്തം വന്ന ഒരവസ്‌ഥ ഫീൽ ചെയ്യുന്നുണ്ട്. ഇരുത്തവും തഴക്കവുമൊക്കെ ക്രിയേറ്റിവിറ്റിയെ നല്ലരീതിയിൽ സ്വാധീനിക്കുന്നു. ക്രിയേറ്റിവിറ്റി തന്നെയാണു പ്രധാനം. നമ്മൾ നല്ലതു കൊടുക്കുമ്പോൾ നമ്മെ സ്നേഹിക്കുന്നവരും നമ്മുടെ ടാലന്റ് ഇഷ്‌ടപ്പെടുന്നവരും സപ്പോർട്ട് ചെയ്യും. സിനിമയിലും പുറത്തുമുള്ള ഏറെപ്പേരുടെ പിന്തുണയുണ്ട് ഇപ്പോൾ..


<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ാമ്യ23ിമ2.ഷുഴ മഹശഴി=ഹലളേ>

കൂടെ നിന്നവർ, വഴികാട്ടികൾ

സംഗീതജീവിതത്തിൽ എതിർപ്പുകൾ നേരിട്ട ഘട്ടത്തിൽ ഒരുപാടുപേരൊന്നും കൂടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവുമടുത്ത സുഹൃത്തായ വിജയ് യേശുദാസ്

സപ്പോർട്ട് ചെയ്തിട്ടുണ്ട്. അനൂപ് മേനോൻ എന്റെ ഏട്ടനാണ്. അതുപോലെ തന്നെ വികെപിയും. ജോസ് തോമസ്, ബാബു ജനാർദനൻ, ‘ആടുപുലിയാട്ടം’

എനിക്കു തന്ന നിർമാതാവ് ഹസീഫിക്ക, മംമ്ത, കാവ്യാമാധവൻ തുടങ്ങി കുറച്ചു സുഹൃത്തുക്കൾ മാത്രം.

ജീവിതത്തിൽ പലപ്പോഴും പരാജയങ്ങളുണ്ടാവാം. നമുക്കു തെറ്റു പറ്റാം, കൂടെനിൽക്കുന്നവർക്കു തെറ്റുപറ്റാം. ചിലപ്പോൾ നമ്മുടെ തലയിൽ എല്ലാ ഭാരവും വന്നുചേരാം. അവിടംകൊണ്ടു ജീവിതം അവസാനിച്ചു എന്നു ചിന്തിച്ചാൽ നമുക്ക് ഒന്നും ചെയ്യാനാവില്ല. ഞാൻ ജീവിതത്തിൽ തോറ്റാൽ എന്റെ മകൻ ജീവിതത്തിൽ ആരുമല്ലാതെയാകും. എന്റെ കുഞ്ഞിനുവേണ്ടി ജീവിക്കാൻ ഞാനേയുള്ളൂ. എനിക്കു ജീവിച്ചേ പറ്റൂ, ജയിച്ചേ പറ്റൂ. കാരണം അവനു നല്ലൊരു ഭാവിയും അഡ്രസും വേണം. പരാജയപ്പെട്ട ഒരാളുടെ മകനായല്ല, ഉള്ള സാഹചര്യത്തിൽ ജീവിതത്തിൽ ജയിച്ചുവന്ന ഒരച്ഛന്റെ മകനായി അവൻ ജീവിക്കണം... എന്നിങ്ങനെ ചിന്തിച്ചപ്പോൾ ഒരുപാടു കരുത്തു കിട്ടി.

വികെപി എന്നെ സംബന്ധിച്ചിടത്തോളം അറിവുകളുടെ ഒരു യൂണിവേഴ്സിറ്റിയാണ്. ഇത്രയധികം എക്സ്പീരിയൻസുള്ള ഒരാൾക്കൊപ്പം വർക്ക് ചെയ്യാനാകുന്നതു വലിയ ഭാഗ്യമാണ്. എന്റെ ടാലന്റ് തിരിച്ചറിഞ്ഞതും സംഗീതസംവിധാനത്തിൽ മുന്നോട്ടുവരാൻ സപ്പോർട്ട് തന്നതും ഗോപിസുന്ദറാണ്. വികെപിയുമായി ചേർന്നത് ആ ടാലന്റ് പരിപോഷിപ്പിക്കാൻ സഹായകമായി. ഓരോ വികെപി ഫിലിം കഴിയുംതോറും ഞാൻ കുറച്ചുകൂടി മുന്നോട്ടുപോയി എന്ന് എനിക്കുതന്നെ തോന്നും. ജോഷി സാറിനെപ്പോലെയുള്ള ലെജന്റ്സിനൊപ്പംനിന്നു കിട്ടിയ അനുഭവപരിചയമാണ് എന്റെ ആത്മവിശ്വാസം.

നീയാം തണലിനു താഴെ
ബ്യൂട്ടിഫുളിലെ ‘മഴനീർത്തുള്ളികൾ...’, ലേഡീസ് ആൻഡ് ജന്റിൽമാനിലെ
‘പ്രണയമേ...’, പിക്കറ്റ് 43യിലെ ‘മാരിമഴ മാഞ്ഞുപോയ്...’, ആടുപുലിയാട്ടത്തിലെ ‘വാൾമുനക്കണ്ണിലെ മാരിവില്ലേ...’ ഇവയോടൊക്കെ ഇഷ്‌ടമുണ്ടെങ്കിലും ഏറ്റവും കൂടുതൽ ത്രിൽ പകരുന്നത് എന്റെ ആദ്യ പാട്ടു തന്നെ, കോക്ടെയ്ലിലെ ‘നീയാം തണലിനു

താഴെ..’. അതാണ് എനിക്കു സംഗീതസംവിധായകൻ എന്ന അഡ്രസ് തന്ന പാട്ട്. എന്റെ കാലിബർ വിലയിരുത്തപ്പെട്ട പാട്ട്. പാട്ടുവഴിയിലെ ആദ്യ മൈൽ സ്റ്റോൺ. ആരുടെ മുന്നിലും നെഞ്ചുവിരിച്ച് തലയുയർത്തി നിന്നു പറയാനാവും കോക്്ടെയിൽ എന്റെ ആദ്യചിത്രമാണെന്ന്. രണ്ടാമതു ചിത്രം ബ്യൂട്ടിഫുൾ എന്നെ കരിയറിൽ അടുത്ത ലെവലിലേക്കു കൊണ്ടുപോയി. അതിനു പിന്നിൽ ടാലന്റ് മാത്രമല്ല, ഭാഗ്യം കൂടിയുണ്ട്.

വി.കെ. പ്രകാശിന്റെ ‘മരുഭൂമിയിലെ ആന’, ജോസ് തോമസിന്റെ ‘വെള്ളക്കടുവ’ എന്നിവയിലെ പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുന്നു. ബിജുമേനോൻ സിനിമകളാണു രണ്ടും. ഫെസ്റ്റിവൽ മൂഡുള്ള സിനിമകൾ. മായാമോഹിനിക്കും ശൃംഗാരവേലനും ശേഷം ജോസ് തോമസ് ചെയ്യുന്ന പടമാണു ‘വെള്ളക്കടുവ’. ബാബു ജനാർദനൻ എഴുതുന്ന സ്ക്രിപ്റ്റാണ് ‘വെള്ളക്കടുവ’യുടെ ഹൈലൈറ്റ്. ‘മരുഭൂമിയിലെ ആന’ കോമഡി എന്റർടെയ്നർ ആണെങ്കിൽ ‘വെള്ളക്കടുവ’ മാസ് ത്രില്ലറാണ്. പൃഥ്വിരാജ്, ജയസൂര്യ സിനിമകളിലാണ് തുടർന്നു സംഗീതം ചെയ്യുന്നത്.

വളരെ സ്പെഷലായ ചില സന്ദർഭങ്ങളിൽ രതീഷ് വേഗ ബാൻഡ് (ആർവിബി) ഷോ ചെയ്യുന്നുണ്ട്. ആടുപുലിയാട്ടത്തിന്റെ ഓഡിയോ റിലീസിനായിരുന്നു കഴിഞ്ഞ ഷോ.

ഭാര്യ അനു വെറ്ററിനറി ഡോക്ടറാണ്. ഇപ്പോൾ പിജി ചെയ്യുന്നു. മകൻ നാദു ഒന്നാം ക്ലാസിലേക്ക്, തൃശൂർ ദേവമാതാ സ്കൂളിൽ. താമസം തൃശൂരിൽ.

ജീവിതം പഠിപ്പിച്ചത്

നമ്മുടെ ജോലി സത്യസന്ധമായി ചെയ്യുക. അതിൽ മുഴുകിയിരിക്കുക. മറ്റുകാര്യങ്ങളിലേക്കു മനസു തിരിക്കാതിരിക്കുക. നമുക്കു പറ്റുമെന്നു 100 ശതമാനം ഉറപ്പുള്ള കാര്യങ്ങൾ, അതിന്റെ കൺട്രോൾ നമ്മുടെ കൈയിൽ തന്നെയായിരിക്കും എന്നു വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യുക. നിയന്ത്രണം മറ്റുള്ളവരുടെ കൈകളിലേക്കു പോകുന്ന കാര്യങ്ങൾ നമ്മുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ചു ചെയ്യാൻ ശ്രമിക്കാതിരിക്കുക. നമ്മുടെ വിഷനും മറ്റുള്ളവരുടെ വിഷനും ചേർന്നുവരുമ്പോൾ മാത്രമേ നമുക്കു വിജയം ഉണ്ടാവുകയുള്ളൂ. അതല്ലെങ്കിൽ നമ്മളെ ഏല്പിക്കുന്ന ഉത്തരവാദിത്വം മാത്രം ചെയ്യുക.’’