മുള ഉദ്യാനം
മുള ഉദ്യാനം
പ്രകൃതി സംരക്ഷണത്തിനായുള്ള വർഷങ്ങൾ നീണ്ട സപര്യയാണ് മുക്കത്തിനടുത്ത് കോഴഞ്ചേരി വീട്ടിൽ ദാമോദരനെന്ന നാൽപത്തൊമ്പതുകാരന്റേത്. മാനവ സംസ്കൃതിയുടെ കഥകളേറെ പറയാനുള്ള ഇരുവഞ്ഞിപ്പുഴയോരത്ത് മുളന്തൈകൾ നട്ടുവളർത്തിയും പരിപാലിച്ചും മനോഹരമായ ഉദ്യാനം തീർത്തിരിക്കുകയാണിദ്ദേഹം. ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിനു സമീപത്തെ 250 മീറ്ററോളം പുഴയോരമാണ് എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെ ദാമോദരൻ ആരെയും ആകർഷിക്കുന്ന ഉദ്യാനമാക്കി മാറ്റിയത്. വീടിനു സമീപത്തുള്ള പുറമ്പോക്ക് ഭൂമിയുടെ സംരക്ഷണം അധികൃതരുടെ പ്രത്യേക അനുവാദത്തോടെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. വെള്ളപ്പൊക്കം മൂലം മണ്ണൊലിപ്പും കരയിടിച്ചിലും മാലിന്യം വന്നടിഞ്ഞും മറ്റും നശിച്ചു കൊണ്ടിരിക്കുകയായിരുന്ന പുഴയോരം സംരക്ഷിക്കപ്പെടണമെന്ന ബോധ്യം പ്രായോഗികതലത്തിലെത്തിക്കുകയായിരുന്നു ഇദ്ദേഹം.

മുളകൾ ഏറ്റവും മികച്ച സംരക്ഷണ കവചമാണെന്ന കേട്ടറിവും പുഴയോരത്തിനു ഏറെ മനോഹാരിത നൽകുമെന്ന തിരിച്ചറിവുമാണ് വയനാട്ടിൽ നിന്നും മുളത്തൈകൾ എത്തിച്ച് ഇരുവഴിഞ്ഞിത്തീരത്ത് നട്ടുപിടിപ്പിക്കാൻ ദാമോദരനെ പ്രേരിപ്പിച്ചത്. 2008ൽ ആദ്യ ഘട്ടത്തിൽ കൊച്ചു തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും വെള്ളപ്പൊക്കത്തിൽ നശിച്ചെന്ന് ദാമോദരൻ പറഞ്ഞു. പിന്നിട് 500 രൂപ നിരക്കിൽ വാങ്ങിച്ച വലിയ 200 മുളത്തൈകൾ പിടിപ്പിക്കുകയായിരുന്നു. ഇവ പെട്ടെന്ന് വളർന്ന് പന്തലിച്ചു. പിന്നീട് മണ്ണ് കിളച്ച് പ്രതലമൊരുക്കി പ്രത്യേക ഡിസൈനിൽ മുളന്തൈകൾ പിടിപ്പിച്ചു. സന്ദർശകർക്ക് വിശ്രമിക്കാനും ഇരിക്കാനുമൊക്കെ മരത്തടികൾ കൊണ്ട് സംവിധാനമേർപ്പെടുത്തി.


അതിവേഗം തഴച്ചുവളർന്ന മുളയുടെ വേരുകൾ കാർപ്പറ്റ് പോലെ മണ്ണിൽ ഇഴുകിച്ചേർന്നതിനാൽ ഇപ്പോൾ എത്ര ശക്‌തമായ മഴയത്തും മണ്ണിളകില്ല. പ്രകൃതി സംരക്ഷിക്കപ്പെടണമെന്ന് ഉത്തമബോധ്യമുള്ള ദാമോദരൻ മറ്റുതിരക്കുകളെല്ലാം മാറ്റിവച്ച് ദിവസവും ഉദ്യാനം പരിചരിക്കും. ഇത്തവണ കനത്ത വേനൽച്ചൂടിൽ ആശ്വാസം തേടി നിരവധി പേരാണ് ഉദ്യാനത്തിലെത്തിയത്.

സാമൂഹിക സാംസ്കാരിക കൂട്ടായ്മകളുടെ ഇഷ്‌ട കേന്ദ്രമാണിപ്പോഴിവിടം. ഉദ്യാനത്തിന്റെ സ്വാഭാവികതയ്ക്കു കോട്ടം തട്ടാത്ത വിധത്തിൽ വിവിധ യോഗങ്ങൾ, വിവാഹ പാർട്ടികൾ, മറ്റ് ചടങ്ങുകൾ തുടങ്ങിയവ നടക്കുന്നുണ്ടിവിടെ. മണിക്കൂറിൽ നാല് സെന്റീമീറ്റർ വരെ വേഗത്തിൽ വളരുന്ന മുളകൾക്ക് ഇപ്പോൾ ക്ഷാമമാണെന്ന് ദാമോദരൻ പറഞ്ഞു. മഞ്ഞമുള വളരെ വിരളമാണ്. ആൽമരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്ത് വിടുന്നത് മുളയാണ്.തീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും മുള നട്ടുപിടിപ്പിക്കാനാണ് ദാമോദരന്റെ ശ്രമം.

മുള ഉദ്യാനം കൂടാതെ മറ്റ് ചെടികൾ, വളർത്തു മൃഗങ്ങൾ പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ഇദ്ദേഹത്തിനുണ്ട്. അവിവാഹിതനായ ഇദ്ദേഹം സാമൂഹ്യ സേവന രംഗത്ത് മുക്കത്തെ നിസ്വാർത്ഥ സാനിധ്യവുമാണ്. പരിസ്‌ഥിതി സംരക്ഷണത്തിനു സ്വയം സൃഷ്‌ടിച്ച മാതൃകയ്ക്കു ഇത്തവണ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദാമോദരൻ. പരിസ്‌ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല പരിപാടിയിൽ എക്സൈസ് തൊഴിൽ മന്ത്രിയിൽ നിന്ന് പ്രകൃതി മിത്ര അവാർഡും സിറ്റിസൺ കൺസർവേറ്റർ നിയമന ഉത്തരവും ദാമോദരൻ ഏറ്റുവാങ്ങുകയുണ്ടായി.

തയാറാക്കിയത്: <യ> ഫസൽ ബാബു