ചെങ്കൊടിയും ഹരിതവും പാറുന്ന നാട്
ചെങ്കൊടിയും ഹരിതവും പാറുന്ന നാട്
കേരളത്തിലെ മലമ്പുഴ, തൃക്കരിപ്പൂർ, മലപ്പുറം, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങൾ സഞ്ചരിക്കുന്നത് ചരിത്രത്തിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ സിപിഎമ്മിനേയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെയും മാത്രം തുണയ്ക്കുന്ന മണ്ഡലങ്ങളാണ് ഇവകൾ.

പാലക്കാട് ജില്ലയിലെ മലമ്പുഴ, കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ എന്നിവ സിപിഎമ്മിനു മാത്രം വഴങ്ങുമ്പോൾ, മലപ്പുറം ജില്ലയിലെ മലപ്പുറം, കൊണ്ടോട്ടി എന്നിവ ലീഗിനും വഴങ്ങുന്നു. ഇവിടെ ഇരുപാർട്ടികൾക്കും എതിരേ മത്സരിച്ചവരാരും ഇന്നുവരെ നിയമസഭ കണ്ടിട്ടില്ല. പാർട്ടികളുടെ സ്‌ഥാനാർഥി ആരായാലും അവർ നിയമസഭ കാണുകയും ചെയ്യും. ഇടതു, വലതു തരംഗം ആഞ്ഞടിച്ച് വൻമരങ്ങൾ കടപുഴകിയപ്പോഴും ഇവിടെ മാത്രം ഇന്നുവരെ മാറ്റത്തിന്റെ തിരയിളക്കമുണ്ടായിട്ടില്ല. ചെങ്കൊടിയും, ഹരിതക്കൊടിയും മാത്രം പാറുന്ന സംസ്‌ഥാനത്തെ അപൂർവ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചവരിൽ മൂന്നു പേർ കേരളത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. മറ്റുളളവർ മന്ത്രിമാരായിട്ടുണ്ട്, പ്രതിപക്ഷ നേതാവായിട്ടുമുണ്ട്. 2016 തെരഞ്ഞെടുപ്പിലും നാലു മണ്ഡലങ്ങളും കുത്തക കാത്തു സൂക്ഷിച്ച് ചരിത്രം സൃഷ്‌ടിച്ചു.

<യ> മലമ്പുഴയുടെ ചെങ്കൊടി ചരിത്രം

രാഷ്ര്‌ടീയ കേരളത്തിൽ എന്നും മലമ്പുഴ ചുവക്കുന്ന കാഴ്ചയാണുളളത്. ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിമാരായ മണ്ഡലത്തിന് അപൂർവതകളേറെയാണ്. ഇത്തവണയും വിഎസ് വൻഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുേൾരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മലമ്പുഴ നിയോജകമണ്ഡലം. ഇടതുപക്ഷത്തെ പ്രമുഖർ ജയിച്ചു വരുന്ന മണ്ഡലമെന്ന ഖ്യാതിയാണ് മലമ്പുഴക്കുളളത്. 1965 മുതൽ 2016 വരെ നടന്ന പതിമൂന്ന് തെരെഞ്ഞെടുപ്പിലും സിപിഎം സ്‌ഥാനാർഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

1965–ൽ എം.പി.കുഞ്ഞിരാമനാണ് മലമ്പുഴയിൽ ആദ്യം ചെങ്കൊടി പാറിച്ചത്. 1967ൽ വീണ്ടും അദ്ദേഹം തന്നെ ജനപ്രതിനിധിയായി. വി.കൃഷ്ണദാസ്, പി.വി.കുഞ്ഞിക്കണ്ണൻ എന്നിവർക്ക് ശേഷമാണ് രണ്ടുതവണ ഇ.കെ.നായനാരും, മൂന്നു തവണ ടി.ശിവദാസമേനോനും, നാലാം തവണയും വി.എസ്. അച്യുതാനന്ദനും വിജയിച്ചുവരുന്നത്. 1980ൽ ഇ.കെ.നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നത് മലമ്പുഴയിൽ വിജയിച്ചാണ്. പിന്നീട് 1991ൽ ടി.ശിവദാസ മേനോൻ വിജയിച്ച് വൈദ്യുതി–ഗ്രാമവികസന മന്ത്രിയായി. പിന്നീട് 96ൽ എക്സൈസ് മന്ത്രിയുമായി.

2001 മുതലാണ് വി.എസ്.അച്യുതാനന്ദന്റെ തേരോട്ടം. 2001ൽ പ്രതിപക്ഷ നേതാവായ വിഎസ് 2006–ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2011ൽ വീണ്ടും പ്രതിപക്ഷ നേതാവായ വിഎസിന് പക്ഷെ ഇത്തവണ മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിലും പാർട്ടിയുടെ തികഞ്ഞ ആദരവ് ലഭിച്ചിട്ടുണ്ട്.

<യ> ചെങ്കൊടി പാറുന്ന തൃക്കരിപ്പൂർ

കാസർഗോഡ് ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. കയ്യൂർ സമരത്തിന്റെ പൊളളുന്ന ഓർമകളുളള മണ്ഡലത്തിൽ ചെങ്കൊടിയല്ലാതെ ഇന്നുവരെ മറ്റൊരു കൊടി പാറിപ്പറന്നിട്ടില്ല. 1977ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. കന്നിയങ്കത്തിൽ തന്നെ സിപിഎമ്മിലെ പി.കരുണാകരൻ തുടങ്ങിയ വച്ച വിജയം എം.രാജഗോപാൽ 16,959 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കെ.പി.കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തി നിലനിർത്തി. നീലേശ്വരം മുനിസിപ്പാലിറ്റി, ചെറുവത്തൂർ, തൃക്കരിപ്പൂർ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ, ചീമേനി, പിലിക്കോട്, പടനെ, വലിയപറമ്പ് എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃക്കരിപ്പൂർ മണ്ഡലം.

1987ൽ ഇ.കെ.നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയായത് തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ചപ്പോഴാണ്. പിന്നീട് 1991ൽ വീണ്ടും വിജയിച്ച് പ്രതിപക്ഷ നേതാവുമായി. രണ്ടു തവണ വീതം പി.കരുണാകരൻ, കെ.സതീഷ് ചന്ദ്രൻ, കെ.കുഞ്ഞിരാമൻ, ഒ.ഭദ്രൻ തുടങ്ങിയവർ സിപിഎം ചിഹ്നത്തിൽ മൽസരിച്ച് വിജയം കൊയ്തു. ഇത്തവണയും മണ്ഡലത്തിൽ ചെങ്കൊടി താഴ്ത്തിക്കെട്ടാൻ ആയിട്ടില്ല.

<യ> പച്ചക്കൊടിയുടെ മലപ്പുറം പെരുമ

മലപ്പുറം ജില്ല എക്കാലത്തും മുസ്ലിം ലീഗിന് വളക്കൂറുളള മണ്ണാണ്. എന്നാൽ 2006ൽ ഇടതു തരംഗത്തിൽ പാർട്ടിയിലെ പ്രമുഖരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ അടക്കം തോൽവി ഏറ്റുവാങ്ങിയപ്പോഴും ലീഗിനൊപ്പം നിന്ന മണ്ഡലമാണ് മലപ്പുറവും, കൊണ്ടോട്ടിയും, താനൂരും. എന്നാൽ താനൂരിൽ ഇത്തവണ മുസ്്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണി പരാജയപ്പെട്ടതോടെ കുത്തക മണ്ഡലമെന്ന ഖ്യാതി നിലവിൽ മലപ്പുറത്തിനും കൊണ്ടോട്ടിക്കും മാത്രമായി.

പാണക്കാട് കുടുംബത്തിന്റെ കർമമണ്ഡലമാണ് മലപ്പുറം നിയോജകമണ്ഡലം. മലകളും വയലുകളും നിറഞ്ഞ പ്രദേശം. മലബാർ സമര പോരാട്ടങ്ങളുടെ കഥപറയുന്ന പൂക്കോട്ടൂരും, ബ്രിട്ടീഷുകാരുടെയും എംഎസ്പിയുടെയും വെടിയൊച്ച മുഴങ്ങിയ കോട്ടക്കുന്നും സ്‌ഥിതിചെയ്യുന്ന നാട്. മലപ്പുറം മുനിസിപ്പാലിറ്റി, മൊറയൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ, കോഡൂർ, ആനക്കയം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നവയാണ് മലപ്പുറം മണ്ഡലം.


<യ> മുസ്ലിം ലീഗിന് മുഖ്യമന്ത്രി മുതൽ റിക്കാർഡ് ഭൂരിപക്ഷം വരെ

1957 മുതലുള്ള ചരിത്രമെടുത്താൽ മുസ്ലിം ലീഗിനല്ലാതെ വേറൊരു പാർട്ടിക്കും ഇവിടെ നിന്നും വിജയിച്ച് കയറാനായിട്ടില്ല. മുസ്ലിം ലീഗിനു മൃഗീയ ഭൂരിപക്ഷം കിട്ടുന്ന കുത്തക മണ്ഡലമാണ് മലപ്പുറം. 1957 ലെ കന്നിയങ്കത്തിൽ മുസ്ലിം ലീഗിലെ കെ.ഹസൻ കനി 4971 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തുടങ്ങിയ മലപ്പുറത്തെ വിജയത്തേരോട്ടം 2011ൽ പി.ഉബൈദുള്ള സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 44,508 വോട്ടു നേടി നിലനിർത്തി. ഇത്തവണ പി.ഉബൈദുളള 35,672 വോട്ടുകൾക്കാണ് വിജയം നേടിയത്. എം.പി.എം അഹമ്മദ് കരിക്കൾ, ചാക്കീരി അഹമ്മദ് കുട്ടി, യു.എ.ബീരാൻ, സി.
എച്ച്. മുഹമ്മദ് കോയ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ.മുനീർ, അഡ്വ.എം.ഉമ്മർ തുടങ്ങിയ ലീഗ് പ്രമുഖരാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്.

1979ൽ മുസ്്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ മലപ്പുറം മണ്ഡലത്തിൽ നിന്നുളള പ്രതിനിധിയായിരുന്നു. ലീഗിന് കൈവന്ന ഏക മുഖ്യമന്ത്രിസ്‌ഥാനവുമായിരുന്നു ഇത്. പിന്നീട് മകൻ ഡോ. എം.കെ.മുനീറും രണ്ടു തവണ മലപ്പുറത്ത് നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. ഇതിൽ 2001ൽ പൊതുമരാമത്ത് മന്ത്രിയാവുകയും ചെയ്തു. എന്നാൽ 1969ൽ മലപ്പുറത്ത് നിന്ന് വിജയിച്ച എം.പി.എം അഹമ്മദ് കുരിക്കളാണ് ആദ്യം മന്ത്രിപദത്തിലെത്തിയത്. പൊതുമരാമത്ത് മന്ത്രിയായിരുന്നു എം.പി.എം അഹമ്മദ് കുരിക്കൾ. പിന്നീട് 1977–ൽ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതും മലപ്പുറത്ത് നിന്ന് വിജയിച്ചാണ്. മണ്ഡലത്തിന്റെ കുത്തക തകർക്കാൻ ഇടതുമുന്നണി ഓരോ തെരഞ്ഞെടുപ്പിലും ശ്രമിക്കാറുണ്ടെങ്കിലും ഭൂരിപക്ഷം ഉയർത്തി മുസ്്ലിം ലീഗ് തടയിടുകയാണ് പതിവ്.

<യ> ആര് എതിർത്താലും ലീഗിന് വഴങ്ങുന്ന കൊണ്ടോട്ടി

ഇശലിന്റെയും ഗസലിന്റെയും മണമുള്ള മണ്ണാണ് കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടിവൈദ്യരുടെ ജന്മംകൊണ്ട് അനുഗൃഹീതമായ നാട്. 1957മുതലുള്ള നിയമസഭാ മണ്ഡല ചരിത്രം എടുത്താൽ മുസ്ലീം ലീഗ് അല്ലാതെ വേറൊരു പാർട്ടിയും ഇവിടെ നിന്നും ഇന്നുവരെ വിജയിച്ചിട്ടില്ല. കൊണ്ടോട്ടി നഗരസഭയും, വാഴയൂർ, വാഴക്കാട്, ചീക്കോട്, പുളിക്കൽ, ചെറുകാവ്, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയോജകമണ്ഡലം.

1957ൽ എം.പി.എം അഹമ്മദ് കുരിക്കൾ 7,115 വോട്ടുകൾക്ക് വിജയിച്ചാണ് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ സീറ്റുറപ്പിച്ചത്. 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാം അങ്കത്തിനിറങ്ങിയ എം.പി.എം.അഹമ്മദ് കുരിക്കൾ ഭൂരിപക്ഷം 21,307 നേടി മൂന്നിരട്ടിയാക്കി. എ.മൊയ്തീൻ കുട്ടിഹാജി, സെയ്ത് ഉമ്മർ ബാഫഖി തങ്ങൾ, സി.എച്ച്.മുഹമ്മദ് കോയ, നാലുതവണ പി.സീതിഹാജി, കെ.കെ.അബു, പി.കെ.കെ. ബാവ, അഡ്വ.കെ.എൻ.എ.ഖാദർ, രണ്ടുതവണ കെ.മുഹമ്മദുണ്ണി ഹാജിയും വിജയം കൈവരിച്ച മണ്ഡലത്തിൽ ഇത്തവണ ടി.വി.ഇബ്രാഹീം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്വതന്ത്രൻ കെ.പി.ബീരാൻകുട്ടിയെ പരാജയപ്പെടുത്തിയത്.

<യ> മന്ത്രിമാർ വാഴാത്ത അപൂർവ മണ്ഡലം

എക്കാലത്തും മുസ്്ലിം ലീഗിന് വഴങ്ങിയ മണ്ഡലമായിട്ടും ഇന്നുവരെ കൊണ്ടോട്ടിയിൽ നിന്ന് ജയിച്ച് മന്ത്രിമാരാകാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. എന്നാൽ കൊണ്ടോട്ടി മണ്ഡലത്തിൽ പിറന്നവരും, മണ്ഡലം വിട്ട് മൽസരിച്ചവരും മന്ത്രിമാരായ കാഴ്ചയുമുണ്ടായി. സി.എച്ച്.മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കൾ, പി.കെ.കെ.ബാവ, പി.സീതിഹാജി എന്നിവരാണ് മണ്ഡലം മാറിപരീക്ഷിച്ച് മന്ത്രിമാരായത്. നാലുതവണ കൊണ്ടോട്ടി എംഎൽഎ ആയ പി.സീതിഹാജി ഗവ.ചീഫ് വിപ്പായത് താനൂരിൽ മൽസരിച്ചപ്പോഴാണ്. പി.കെ.കെ.ബാവ ഗുരുവായൂരിൽ നിന്ന് മൽസരിച്ചും സി.
എച്ച്. മുഹമ്മദ് കോയ, എം.പി.എം അഹമ്മദ് കുരിക്കൾ എന്നിവർ മലപ്പുറത്ത് നിന്ന് മൽസരിച്ചും മന്ത്രിമാരായി. കൊണ്ടോട്ടി മണ്ഡലത്തിൽ ജനിച്ച വാഴക്കാട് എളമരം സ്വദേശികളായ ഇ.ടി.മുഹമ്മദ് ബഷീർ, എളമരം കരീം എന്നിവരാണ് തിരൂർ, ബേപ്പൂർ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിമാരായത്. ഏറനാടിന്റെ വിപ്ലവനായകൻ കുഞ്ഞാലി, സൈതാലിക്കുട്ടി എന്നിവരുടെ ജന്മസ്‌ഥലം കൂടിയാണ് കൊണ്ടോട്ടി.

<യ> –അഷ്റഫ് കൊണ്ടോട്ടി