കൗതുകം നിറച്ച് പക്ഷിക്കൂടാരം
അജിത് മാത്യു
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേരിൽ രണ്ട് യുവ സംരംഭകർ വീടിനോട് ചേർന്ന് ആരംഭിച്ച പക്ഷിക്കൂടാരം ഇന്ന് സഞ്ചാരികളുടെ മനം നിറക്കുകയാണ്.
ബേർഡ്സ് ഏവിയറി(പക്ഷിക്കൂട്ടം) എന്ന ആശയത്തിൽനിന്നുമാണ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് എത്തിയതെന്ന് വയനാട് കാട്ടിക്കുളം സ്വദേശികളായ അരുൺ ജോർജും സഹോദരൻ അലൻ ജോർജും പറയുന്നു.
കുട്ടിക്കാലം മുതൽ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും തോന്നിയ ഇഷ്ടം ഇന്ന് ഇവരുടെ വരുമാനമാർഗമാണ്. ഒരു വർഷം മുന്പാണ് ജിപി ഇക്കോട്ടിക് ലാൻഡ് പ്രവർത്തനം ആരംഭിക്കുന്നത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും മത്സ്യങ്ങളും മെക്സിക്കൻ വിഭാഗത്തിൽപ്പെടുന്ന അപൂർവയിനം നീല ഇഗ്വാന തുടങ്ങിയവയെല്ലാം ഇക്കോട്ടിക് ലാൻഡിന്റെ പ്രത്യേകതകളാണ്.
22 ഇനം വ്യത്യസ്ത പക്ഷികളാണ് പക്ഷിക്കൂടാരത്തിൽ സന്തോഷത്തോടെ കഴിയുന്നത്. ഏറ്റവും അധികമുള്ളത് കോനൂർ വിഭാഗത്തിൽപ്പെടുന്ന സൺ കോനൂർ, പൈനാപ്പിൾ കോനൂർ, ബ്ലൂ ചിക്ക് കോനൂർ, ഗ്രീൻ കോനൂർ, ക്രിംസൺ കോനൂർ തുടങ്ങിയവയാണ്. ആഫ്രിക്കൻ ലൗ ബേർഡ്സിന്റെ വിവിധയിനങ്ങളാണ് മറ്റൊരു പ്രത്യേകത. കോക്ടെയിൽ ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും ഇവിടെയുണ്ട്.
പക്ഷിക്കൂടാരം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് ഇവയോടൊപ്പം സമയം ചെലവഴിക്കാം. പക്ഷികൾക്ക് തീറ്റ നൽകുന്നതിനും അവയെ പരിചരിക്കുന്നതിനും അവസരമുണ്ട്. കൈകൾ കഴുകി അണുവിമുക്തമാക്കിയശേഷമേ സഞ്ചാരികളെ പക്ഷിക്കൂടാരത്തിന് അകത്തേക്ക് പ്രവേശിപ്പിക്കു.
അകത്തേക്ക് പ്രവേശിച്ചയുടൻ പക്ഷികൾ പറന്നുവന്ന് ദേഹത്തിരുന്ന് പക്ഷിക്കൂടാരത്തിലേക്ക് സ്വാഗതമരുളും. പിന്നീട് ഇവയ്ക്ക് സഞ്ചാരികളുടെ കൈകളിൽ സൂക്ഷിച്ച തിനയുൾപ്പെയുള്ള ഭക്ഷധാന്യങ്ങൾ നൽകാം. ഇവിടം സന്ദർശിക്കുന്ന കുട്ടികളാണ് പക്ഷിക്കൂടാരം ഏറെ ആസ്വദിക്കുന്നത്.
പക്ഷികളെ തൊട്ടും തലോടിയും കുട്ടികൾ വേഗത്തിൽ അവയുമായി ചങ്ങാത്തത്തിലാകും. കൈയിൽ കരുതിയ തീറ്റ തീർന്നാലും പക്ഷികൾ ദേഹത്തുനിന്നും ഇറങ്ങില്ല. പക്ഷിക്കൂടാരത്തിന് ഉള്ളിൽതന്നെയാണ് മത്സ്യങ്ങൾക്കുള്ള കുളവും ക്രമീകരിച്ചിരിക്കുന്നത്. ഇവിടെനിന്നും മത്സ്യങ്ങൾക്കും തീറ്റ നൽകാം.
വെള്ളത്തിൽ കൈകൾ വച്ചാൽ മത്സ്യങ്ങൾ കൈവെള്ളയ്ക്കുള്ളിൽ കയറി തീറ്റ തിന്നാൻ ആരംഭിക്കും. കോയി ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ഇന്ത്യൻ കോയി, ജാപ്പനീസ് കോയി ഇനങ്ങളാണ് കുളത്തിൽ സഞ്ചാരികളുടെ ആകർഷണം. ഇതിനകം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്.
വനസമാനമായി വളരുന്ന കാപ്പിത്തോട്ടത്തിന് നടുവിലാണ് ജിപി ഇക്കോട്ടിക് ലാൻഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തോട്ടത്തിൽതന്നെ വിളയുന്ന കാപ്പിക്കുരു വറുത്ത് പൊടിച്ച് ലൈവ് കാപ്പിയും നൽകുന്നുണ്ട്.
വയനാടൻ റോബസ്റ്റ, അറബിക്ക എന്നി ഇനങ്ങളാണ് സന്ദർശകരുടെ മുന്പിൽവച്ച് വറുത്ത് പൊടിച്ച് രുചിയൂറുന്ന കാപ്പിയായി നൽകുന്നത്. കുട്ടികൾക്കായി പുറത്ത് കളി സ്ഥലവും മുതിർന്നവർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനും പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്ക് കൂടുതൽ രുചികരമായ കാപ്പി വിഭവങ്ങൾ ഒരുക്കുന്നതിന് ഇറ്റാലിയൻ നിർമിത ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഉടൻതന്നെ ഇവയും പ്രവർത്തനം ആരംഭിക്കും. അമേരിക്കാനോ, ഡോപ്പിയോ, ലാട്ടേ, മോക്ക, കോട്ടാർഡോ, അഫക്കാട്ടോ തുടങ്ങിയ വിവിധ ഇനങ്ങളും ഇവിടെ ലഭിക്കും. കൂടാതെ കോക്ടെയ് ലും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദമായി സഞ്ചാരികൾക്ക് വയനാടിനെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവർക്ക് പുറമേ രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള സഞ്ചാരികളും വിദേശികളും ഇവിടേക്കെത്തുന്നുണ്ട്.
ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധയാണ് ഇവക്ക് നൽകുന്നത്. ചോളം, വിവിധയിനം ഇലകൾ, പഴങ്ങൾ, ആര്യവേപ്പിന്റെ ഇല, പച്ചമുളക്, സൂര്യകാന്തിയുടെ വിത്ത്, മുട്ട, പ്രോട്ടീൻ പൗഡർ തുടങ്ങിയവയെല്ലാം ഇവക്ക് നൽകുന്നുണ്ട്.
ജിപി ഇക്കോട്ടിക് ബേർഡ്സ് ഏവിയറി ഒരു തുടക്കമാണ്. ഇത്തരത്തിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ധൈര്യത്തോടെ മുന്നോട്ടുവരാനുള്ള ഒരു പ്രചോദനവും.