പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
സീമ മോഹന്‍ലാല്‍
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിനായി എത്തിയ കെ. മീനുമോള് എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയത് ചക്രക്കസേരയിലിരുന്ന് വിദ്യാര്‍ഥികളെ സംഗീതം പഠിപ്പിക്കുന്ന ഡിക്സന് സി. സേവ്യര്‍ എന്ന അധ്യാപകനിലായിരുന്നു.
ജനിച്ച് പത്താം മാസം മുതല്‍ പൂര്‍ണമായും നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന മസ്കുലാര്‍ ഡിസ്ട്രോഫി ബാധിതനായി വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഡിക്സന്റെ പാട്ടുകള്‍ അതിമനോഹരമായിരുന്നു.
ഒരാഴ്ചത്തെ ട്രെയിനിംഗിനിടയില്‍ അവള് പലപ്പോഴും ആ പാട്ടുകള്‍ക്കായി കാതോര്‍ത്തു. പക്ഷേ ഇതൊന്നും അദേഹം അറിഞ്ഞിരുന്നുമില്ല. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും അധ്യാപികയായി മറ്റു വിദ്യാര്‍ഥികളെ ട്രെയിനിംഗിന് എത്തിച്ചപ്പോഴും സംഗീതവുമായി ഡിക്സന് രക്ഷാ സ്കൂളിലുണ്ടായിരുന്നു.
ഉള്ളിലെ ഇഷ്ടം പറഞ്ഞ് മീനു ഡിസ്കനായി നാലു വര്‍ഷം കാത്തിരുന്നു. പ്രണയത്തിന് തീയേക്കാള്‍ ചൂടുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ഈ ലോകത്തോട് മുഴുവന്‍ എതിര്‍ത്ത് നിന്ന് പൊരുതാനുള്ള കരുത്തു നേടിയ ദിനങ്ങള്‍.
ഹൃദയത്തില്‍ പ്രണയ പ്രതീക്ഷകളുടെ പനിനീര്‍പ്പൂക്കള്‍ വിരിയുന്ന ഈ വാലന്റൈൻ ദിനത്തില്‍ തന്റെ പ്രിയതമന്റെ വൈകല്യത്തില്‍ പതറാതെ താങ്ങും തണലുമായി നില്ക്കുന്ന ഈ ദമ്പതികളുടെ കഥ വായിക്കാം...
പ്രഥമദര്‍ശനത്തിലെ അനുരാഗം
ചേര്‍ത്തല തേവള്ളി വീട്ടില്‍ അംബിക-കാര്ത്തികേയന് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളായിരുന്നു മീനു. പ്ലസ്ടു പഠനത്തിനുശേഷം ചേര്‍ത്തല കെവിഎം കോളജില്‍ സ്പെഷല്‍ എജ്യുക്കേഷന്‍ ഡിപ്ലോമ കോഴ്സിനു ചേര്‍ന്നു.
നാലാം സെമസ്റ്റര്‍ ആയപ്പോഴേക്കും ഒരാഴ്ചത്തെ അധ്യാപക പരിശീലനത്തിനായിട്ടാണ് മറ്റു കുട്ടികള്‍ക്കൊപ്പം മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലെത്തിയത്.
ജനിച്ച് പത്താം മാസത്തില്‍ മസ്കുലാര്‍ ഡിസ്ട്രോഫി ബാധിതനായി വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന എറണാകുളം പളളുരുത്തി പൂപ്പനവീട്ടില് ഡിക്സന് അവിടെ സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്നു.
ചക്രക്കസേരയില്‍ ഇരുന്നു കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീതം പകര്‍ന്നു നല്കുന്ന ഡിക്സനെ ആദ്യം കണ്ടപ്പോള്‍ തന്നെ, പാട്ടുകള്‍ ഏറെ ഇഷ്ടമുള്ള മീനുവിന് ഏറെ അടുപ്പമുള്ള ആളായിട്ടാണ് തോന്നിയത്. പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല.
പരിശീലനക്ലാസ് തീരും വരെ ആ പെണ്‍കുട്ടി എല്ലാ ദിവസം ഡിക്സനെ ശ്രദ്ധിക്കുമായിരുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ മീനുവിന് 2012 ല്‍ കെവിഎം കോളജില്‍ തന്നെ സ്പെഷല്‍ എജ്യുക്കേഷന്‍ അധ്യാപികയായി ജോലി ലഭിച്ചു.
പലപ്പോഴും അവളുടെ ഓര്‍മകളില്‍ ഡിക്സന്റെ മുഖം മിന്നിമറയുമായിരുന്നു.
വീണ്ടും രക്ഷാ സ്കൂളിലേക്ക്
അധ്യാപികയായതോടെ കെവിഎം സ്കൂളിലെ കുട്ടികളെ ഒരാഴ്ചത്തെ ട്രെയിനിംഗിനായി രക്ഷാ സ്കൂളിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യം മീനുവിനായിരുന്നു. അവിടെയെത്തിയപ്പോള്‍ സംഗീതാധ്യാപകനായി ഡിസ്കന് സ്കൂളില്‍ ഉണ്ട്.
ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നു കരുതിയിരുന്ന ആളെ വീണ്ടും കണ്ടപ്പോള്‍ മീനുവിന് അതിരുകളില്ലാത്ത സന്തോഷമായിരുന്നു. സഹ അധ്യാപകരും വിദ്യാര്‍ഥികളുമൊക്കെ ഡിക്സന്റെ സംഗീതത്തെക്കുറിച്ചും അസുഖത്തെക്കുറിച്ചുമൊക്കെ പറയുന്നത് മീനു കേട്ടിരുന്നു.
ട്രെയിനിംഗ് പൂര്‍ത്തിയാക്കി കുട്ടികളുമായി മടങ്ങുംമുമ്പ് മറ്റൊരു അധ്യാപിക വഴി മീനു ഡിക്സന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. മീനുവിന്റെ ഫോണ്‍ നമ്പര്‍ ഡിക്സനും കൈമാറി. പിന്നീടുള്ള ഫോണ്‍ വിളികളില്‍ ഡിക്സന് തന്നോടുള്ള കരുതല്‍ അവള് തിരിച്ചറിഞ്ഞു.
ഏറെ വൈകാതെ തന്നെ മീനു തന്റെ ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും വൈകല്യമുള്ള ഒരാളെ ജീവിത പങ്കാളിയാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഡിക്സന് അവളോട് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷേ വൈകല്യത്തിന്റെ പേരില്‍ ഡിക്സനെയും അദേഹത്തിന്റെ സംഗീതത്തെയും ഒഴിവാക്കാന്‍ മീനു ഒരുക്കമല്ലായിരുന്നു.
കാത്തിരിപ്പിന്റെ നാലു വര്‍ഷം
ഒരിക്കല്‍ സംസാരത്തിനിടെ മീനു അമ്മയെ ഡിക്സന്റെ ഫോട്ടോ കാണിച്ച് തന്റെ ഇഷ്ടത്തെക്കുറിച്ച് ചെറിയൊരു സൂചന നല്കി. വ്യത്യസ്ത മതത്തിലുള്ള ശാരീരിക ന്യൂനതകളുള്ള ഒരാളെ മകളുടെ ജീവിത പങ്കാളിയാക്കാന്‍ അവര്‍ക്ക് താല്പര്യമില്ലാതിരുന്നതിനാല് ആ ചിന്ത വേണ്ടെന്ന് മകള്‍ക്ക് താക്കീത് നല്കി.
ഡിക്സനുവേണ്ടി മീനു നാലുവര്‍ഷത്തോളം കാത്തിരുന്നു. നാളുകള്‍ക്ക് ശേഷം മീനുവിന് വിവാഹാലോചനകള്‍ എത്തിത്തുടങ്ങിയ കാലത്ത് വിദേശത്തുള്ള അച്ഛന് വിവാഹം ഉറപ്പിക്കുന്നതിനായി നാട്ടിലെത്തി. മകളുടെ ഇഷ്ടത്തെക്കുറിച്ച് അമ്മ അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം എതിര്‍ത്തു.
ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ ബന്ധത്തില്‍നിന്ന് പിന്മാറാന് മീനുവിനെ പ്രേരിപ്പിച്ചു. ആലപ്പുഴ സ്വദേശിയുമായി വിവാഹം നിശ്ചയിച്ച പിറ്റേന്ന്, 2015 ഡിസംബര്‍ 14-ന് മീനു മറ്റൊന്നും ആലോചിക്കാതെ ഡിക്സന്റെ വീട്ടിലേക്കു പോന്നു. വ്യത്യസ്ത സമുദായം ആയതിനാല്‍ ക്രൈസ്തവ മതത്തിലേക്ക് മാറിയ മീനു 2016 ഏപ്രില്‍ 20 ന് 24-ാം വയസില്‍ ഡിക്സന്റെ ജീവിതസഖിയായി.
രക്ഷാ സ്കൂളിലെ തന്നെ പൂര്‍വവിദ്യാര്‍ഥിയായ ഡിക്സന്റെ സംഗീതാഭിരുചി തിരിച്ചറിഞ്ഞത് അമ്മ കുഞ്ഞുമോളും അവിടത്തെ അധ്യാപകരുമായിരുന്നു. പളളുരുത്തി രാമന്‍കുട്ടി ഭാഗവതരുടെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ സംഗീതം പഠിച്ചു തുടങ്ങിയ ഡിക്സന് പിന്നീട് ഉണ്ണികൃഷ്ണന് മാഷുടെ കീഴില്‍ സംഗീതം പഠിച്ചു.
കര്‍ണാടക സംഗീതത്തില്‍ ലോവര്‍ ഗ്രേഡ് പാസായ ഇദ്ദേഹം സഹൃദയ ഗാനമേള ട്രൂപ്പിലെ മികച്ച ഗായകരിലൊരാളാണ്. കൂടാതെ തോപ്പുംപടി ഒവര്‍ ലേഡീസ് ഹൈസ്കൂള്‍, ഫോര്‍ട്ടുകൊച്ചി കൊത്തലംഗേ സ്പെഷല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ സംഗീതാധ്യാപകനും കൂടിയാണ്. വീട്ടില്‍ നിരവധി കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കുന്നുമുണ്ട്.
പരസ്പരം താങ്ങും തണലുമായി
പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഡിക്സന്റെ താങ്ങും തണലുമായി മീനു എപ്പോഴും കൂടെയുണ്ട്. ഇലക്ട്രിക് വീല്‍ ചെയറിലേക്ക് തന്റെ ഭര്‍ത്താവിനെ എടുത്തിരുത്തുമ്പോഴും മീനുവിന് ഡിക്സന്റെ കരുതലിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.
"നേടിയെടുക്കണമെന്നു കരുതി മുന്നോട്ടു കുതിച്ചവരേ ഈ ലോകത്ത് എന്തും നേടിയെടുത്തിട്ടുള്ളൂവെന്നാണ് ഇദ്ദേഹം പറയുന്നത്. ആ പോസിറ്റീവ് എനര്‍ജി എനിക്ക് തരുന്ന ശക്തി വളരെ വലുതാണ്. ഒരു സഹതാപത്തിന്റെ പേരിലല്ല ഞങ്ങള്‍ ഒന്നായത്.
നോര്മലായവരെ നോക്കി വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ഏതു പ്രതിസന്ധിക്കു മുന്നിലും ചങ്കൂറ്റത്തോടെയുള്ള അദ്ദേഹത്തിന്റെ നില്പ്പുമതി എനിക്ക്. എന്നെയും മോള് അമലയേയും പൊന്നുപോലെ നോക്കുന്നുണ്ട്.
എന്റെ വീട്ടുകാര്‍ക്കും ഇപ്പോള്‍ ഞങ്ങളോട് വല്യ സ്നേഹമാണ്.'- മട്ടാഞ്ചേരി യുആര്‍സി അര്‍ബന്‍ റിസോഴ്സ് സെന്ററിന്റെ കീഴിലെ വിവിധ സ്കൂളുകളിലെ അധ്യാപികയായ മീനു തന്റെ പ്രണയം പറഞ്ഞു നിറുത്തുന്നു.