ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
പീറ്റർ ഏഴിമല
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായിരുന്നു വാഗ്ദാനങ്ങൾ. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം തിരിച്ചുകിട്ടും.
അതിനുമുണ്ട് ആകര്‍ഷണീയമായ വ്യവസ്ഥകള്‍. ഒരുലക്ഷത്തിന് നിക്ഷേപത്തില്‍ കുറവുവരുത്താതെ തന്നെ ആദ്യ ആഴ്ചയില്‍ പതിനായിരം അക്കൗണ്ടിലേക്ക് വരും. വാഗ്ദാനപ്രകാരമുള്ള മൂന്നുലക്ഷം പ്രതിമാസ ഗഡുക്കളായി മൂന്നുവര്‍ഷത്തിനുള്ളില്‍ അക്കൗണ്ടിലെത്തും.
നിക്ഷേപസംഖ്യ ഒരുകാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ല എന്ന നിബന്ധന ലാഭക്കണ്ണോടെ നോക്കിക്കാണുന്നവര്‍ ശ്രദ്ധിക്കാറില്ല. മാത്രമല്ല പ്രതിമാസമുള്ള പണം വാങ്ങാതിരുന്നാല്‍ ആദ്യ മൂന്നുവര്‍ഷത്തിന് ശേഷം അടുത്ത മൂന്നുവര്‍ഷം കൂടിയാകുമ്പോഴേക്കും ആദ്യമിട്ട ഒരുലക്ഷം ഒന്‍പതു ലക്ഷമാകും. അഞ്ച് ലക്ഷം നിക്ഷേപിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി കാര്‍ അച്ചീവ്മെന്റുമുണ്ട്.
ഇത്തരത്തില്‍ കണക്കിലെ ലാഭം കണക്കാക്കി നിക്ഷേപം പെറ്റുപെരുകുന്നത് കാത്തിരിക്കുന്നവരാണേറെയും. ഒരുലക്ഷം നിക്ഷേപിച്ചവര്പോലും കാര്‍ അച്ചീവ്മെന്റ് എന്ന വാഗ്ദാനത്തില്‍ മയങ്ങി പ്രതിമാസ വിഹിതം പോലും കൈപ്പറ്റാതെ കണക്കിലെ പെരുക്കവും കാത്തിരിക്കുകയാണ്. അതിനാൽ നിക്ഷേപകരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ലാഭവിഹിതമുള്‍പ്പെടെ നല്കേണ്ടിവരികയെന്നതാണ് ഈ തട്ടിപ്പിന്റെ അടിസ്ഥാനഘടകം.
ആവശ്യമുള്ളവര്‍ക്ക് മാസവിഹിതം അവരുടെ അക്കൗണ്ടുകളിലെത്തുന്നതോടെ സ്വീകാരതയോടുകൂടിയ പ്രചാരണവും കൊഴുക്കുന്നു. വീടും സ്ഥലവും പണയപ്പെടുത്തി ഹൈറിച്ചില്‍ ചേര്‍ന്നവരുണ്ട്. ഒരുകോടി രൂപവരെ നിക്ഷേപിച്ചവരുണ്ടെന്ന വിവരം പങ്കുവയ്ക്കുന്നതും ഇതിന്റെ പ്രചാരകരായി എത്തുന്നവര്‍ തന്നെയാണ്.
വന്‍ലാഭം, കാറ്, വിദേശയാത്ര
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെ മയങ്ങി വീഴുന്ന നിക്ഷേപകര്‍കര്‍ക്ക് ഇത്രയും ലാഭം എങ്ങനെയാണ് നല്കാന് കഴിയുകയെന്നോ മുടക്കുമുതലിന്റെ മൂന്നിരട്ടിയോളം ലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്ത് ബിസിനസാണ് കമ്പനി നടത്തുന്നതെന്നോ അറിയില്ല എന്നതാണ് യാഥാര്‍ഥ്യം.
നിക്ഷേപകരില്‍ ചിലരെ ബന്ധപ്പെട്ടപ്പോള്‍ ഇവരെ കണ്ണികളാക്കി ചേര്‍ത്തവര്‍ കമ്പനിയിലൂടെ ലക്ഷങ്ങളാണ് മാസംതോറും സമ്പാദിക്കുന്നതെന്ന് വിശ്വസിപ്പിച്ചിരിക്കുകയാണെന്നാണ് മനസിലായത്.
മാസംതോറും നാലര ലക്ഷം വരുമാനമുണ്ടാക്കുന്നതായി പ്രചരിപ്പിക്കുന്നവരും 60,000 രൂപ ശന്പളമുണ്ടായിരുന്ന ജോലി കളഞ്ഞ് നിക്ഷേപകരെ ചേര്‍ത്ത് ലക്ഷങ്ങള്‍ വാങ്ങുന്നവരുമാണ് തങ്ങളെന്നാണ് ദല്ലാളൻമാർ പറയുന്നത്.
ആളെ പിടിക്കാന്‍ കമ്പനിയെപ്പറ്റിയുള്ള സ്തുതിഗീതമാലപിക്കുന്നതില് പ്രത്യേക പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. കാണിച്ചുകൊടുക്കാനായി മൊബൈലില്‍ വരുമാന കണക്കുകളും.
പ്രതാപന് 19 കേസുകളിലെ പ്രതി
ഹൈറിച്ചിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ ഈരം കരുവന്വളപ്പിലെ കോലാട്ട് ദാസന് പ്രതാപൻ, മണിചെയിന്‍ മാതൃകയില്‍ ഗ്രീന്‍കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തി രണ്ടുവര്‍ഷംകൊണ്ട് 16 കോടി തട്ടിയെടുത്തതുള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്.
ഇതില്മൂന്നു കേസുകളില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷയനുഭവിച്ച ഇയാള്‍ ഒരുകോടിയോളം രൂപ കെട്ടിവച്ചാണ് പുറത്തിറങ്ങിയത്. പത്തുകേസുകള്‍ പണംകൊടുത്ത് ഒതുക്കി തീര്‍ത്തതായാണ് പുറത്തുവരുന്ന വിവരം.
2016ലെ ഗ്രീന്‍കോ തട്ടിപ്പ് കേസ് എട്ടുവര്‍ഷമായിട്ടും കോടതി നടപടികളിലാണ്. ഹൈറിച്ചിനെതിരേയുള്ള പുതിയ കേസിന്റെ അന്തിമ വിധിവരാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതായും വരും. ഒന്നേമുക്കാല്‍ കോടിയോളം ആളുകളെ വിട്ട് എങ്ങും പോകില്ലായെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയ കമ്പനി ഉടമകളിപ്പോള് ഒളിവിലാണ്.
ഇതിനിടയില്‍ ഹൈറിച്ചിന്റെ തട്ടിപ്പിന്റെ ആഴം നിയമസഭയില്‍ മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി.
അനിവാര്യമായ പരിസമാപ്തിയിലേക്ക്
മണിചെയിന്‍ ബിസിനസുകളില്‍ ആദ്യം ചേരുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. എന്നാല്‍, ഇവര്‍ക്കുകിട്ടുന്ന അമിതലാഭം എങ്ങനെയാണ് കിട്ടുന്നതെന്നോ എവിടെനിന്നാണെന്നോ ആരും ചിന്തിക്കാറില്ല. പിരമിഡ് മാതൃകയിലായതിനാല്‍ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷമായ താഴെത്തട്ടിലുള്ളവര്ക്കായിരിക്കും നഷ്ടം കൂടുതല്‍.
ഏജന്റുമാരും പ്രൊമോട്ടര്‍മാരും കാറും വീടുമൊക്കെയായി നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവസാന കണ്ണികളായി മാറുന്ന ലക്ഷക്കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്നതാണ് മണിചെയിന്‍ ഇടപാടുകളുടെ ബാക്കിപത്രം.
ഇതുതന്നെയാണ് മറ്റു മണിചെയിന്‍ തട്ടിപ്പുകളേപ്പോലെ ഹൈറിച്ചിനും സംഭവിച്ചത്. "വേഗത്തില്‍ സമ്പന്നരാകുക' അല്ലെങ്കില്‍ ‘വലിയ വരുമാനം നേടുക'എന്ന ലക്ഷ്യത്തോടെയാണ് ‘സാക്ഷരകേരളീയര്‍' മണിചെയിന്‍ ബിസിനസിലേക്ക് എത്തിപ്പെടുന്നത്.
ഹൈറിച്ചിന്റെ പതനംമുന്നില്ക്കണ്ട് ഇതിന്റെ ഏജന്റുമാരായിരുന്ന പലരും വിവിധ പേരുകളിലറിയപ്പെടുന്ന മറ്റു മണിചെയിനുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തുടെനീളം സാമ്പത്തിക സാക്ഷരത വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുകയാണ് കേരളത്തില്‍ അരങ്ങേറിയ മണിചെയിന്‍ തട്ടിപ്പുകള്‍.
(അവസാനിച്ചു)