മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഗ്രാമമായ വഡ്നഗറിലാണ് ബിസി 800ലേത് എന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനത്തില്‍ കണ്ടെത്തിയത്.
ഖരഗ്പുര്‍ ഐഐടി ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ഡെക്കാന്‍ കോളജ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഗവേഷണത്തില്‍ പങ്കാളിയായി. മൂവായിരം വര്‍ഷങ്ങള്‍ക്കിടയിലെ വിവിധ ഭരണകൂടങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അധിനിവേശവും മുതല്‍ അക്കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള കാര്യങ്ങളെക്കുറിച്ചു ഖനനത്തില്‍നിന്നു സൂചന ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഗവേഷകർ വ്യക്തമാക്കി.
ക്വാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്നഗറിലെ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. പ്രദേശത്ത് ഖനനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമത്തില്‍ വന്നിട്ടുണ്ട്. പഴയതരം ഇഷ്ടികകൊണ്ടു നിര്‍മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറുകിണര്‍ വരെ ദൃശ്യങ്ങളില്‍ കാണാം.