ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആരുടെയായാലും പ്രതികരണം. മഹാഭാഗ്യം കൈവന്നതിന്റെ അന്പരപ്പിൽനിന്നു വിമുക്തരാകാൻ അവർക്കു പെട്ടെന്നു കഴിഞ്ഞെന്നും വരില്ല. എന്നാൽ, ബംപറടിച്ചതറിഞ്ഞു ബോധംകെട്ടു പോയാലോ? അമേരിക്കയിൽ അങ്ങനെയും സംഭവിച്ചു.
അമേരിക്കക്കാരിയായ പമേല എന്ന വീട്ടമ്മയ്ക്കു ലോട്ടറിയടിച്ചത് എട്ടു കോടി രൂപയാണ്. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖാപനം. നറുക്കെടുപ്പിന്റെ അവസാന റൗണ്ടില്‍ പമേലയ്ക്കൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നു.
"പമേല! നിങ്ങളാണു വിജയി' എന്ന മൈക്ക് അനൗൺസ്മെന്റ് മുഴങ്ങിയ ഉടൻ ഷോക്കടിച്ചപോലെ അവർ വേദിയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മകളും മറ്റുള്ളവരും ചേർന്നു പമേലയെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
പിന്നീടു സമനില വീണ്ടെടുത്ത ആ വീട്ടമ്മ, ലോട്ടറി തുക ഉപയോഗിച്ച് പുതിയൊരു വീട് വാങ്ങുമെന്നു പറഞ്ഞു. നോർത്ത് കരോലിനയിൽ പുതുവര്‍ഷ രാവിലായിരുന്നു ലോട്ടറി വിജയിയുടെ പ്രഖ്യാപനവും മഹാഭാഗ്യവതിയുടെ ബോധംകെടലും. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.