ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി നിറചിരിയോടെ വീട്ടിലേക്കു കയറിവന്നപ്പോൾ ഭാര്യ അന്പരന്നു. കാരണം അവരുടെ അതുവരെയുള്ള ദാന്പത്യജീവിതത്തിനിടയിൽ അത്തരമൊരു കാഴ്ച ആദ്യമായിരുന്നു.
എന്നാൽ, അവ ഏൽപിച്ചശേഷം ഭർത്താവ് പറഞ്ഞ വാക്കുകൾ കേട്ട് ഭാര്യയുടെ ബോധം പോയില്ലെന്നേയുള്ളൂ. 50,67,041 ഡോളർ (ഏകദേശം 42 കോടി രൂപ) ലോട്ടറി അടിച്ചെന്നായിരുന്നു ഭർത്താവിന്റെ വെളിപ്പെടുത്തൽ.
യുഎസിലെ കൊളറാഡോ സ്വദേശി വാൾഡെമർ ബഡ് ടാഷിനാണ് ബംപർഭാഗ്യം കൈവന്നത്. ഒരു യാത്ര കഴിഞ്ഞു മടങ്ങുന്പോണ് അദ്ദേഹം ലോട്ടറി ഫലം നോക്കിയത്. ഫലം കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയെന്നു ബഡ് ടാഷ് പറഞ്ഞു.
ഇതൊരിക്കലും സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. വാസ്തവമാണെന്നു ബോധ്യപ്പെട്ടതോടെ ഭാര്യ ബോണിക്കായി കുറച്ച് പൂക്കളും ഒരു തണ്ണിമത്തനും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു.
സ്ഥിരമായി താൻ ലോട്ടറി എടുക്കാറുണ്ടെന്നും നമ്പർ തെരഞ്ഞെടുക്കുന്നതിന് തനിക്ക് ഒരു പ്രത്യേക രഹസ്യമുണ്ടെന്നും ബഡ് പറയുന്നു. താനും ഭാര്യയും വളരെ ലളിതമായ ജീവിതം നയിക്കുന്നവരാണ്.
കിട്ടുന്ന തുകയിൽ ഏറെയും ഭാര്യയുടെ സർജറിക്കു വേണ്ടി ചെലവഴിക്കാനാണ് ആലോചിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തുക നൽകും. ബഡ് ടാഷിന്റെ ബംപർ ഭാഗ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരേ ട്രോളുകളും പ്രവഹിച്ചു.
"42 കോടി രൂപ ലോട്ടറിയടിച്ചിട്ടും ഭാര്യയ്ക്കു സമ്മാനമായി കൊണ്ടുവന്നത് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനും മാത്രമോ? താനെന്തു മനുഷ്യനാണു ഹേ...!' എന്നിങ്ങനെയായിരുന്നു കമന്റ്.