കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മദ്യപിച്ചെത്തിയ നാലു പേർ 650 രൂപയ്ക്കു തിന്നുകയും പണം ചോദിച്ചപ്പോൾ ഹോട്ടൽ തൊഴിലാളികളെ ഇടിച്ചു പഞ്ചറാക്കുകയും ചെയ്യുന്നതാണ് വീഡിയോ.
നോയിഡയിലെ സെക്ടർ 29 ലെ കുക് ദു കു ഭക്ഷണശാലയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വീഡിയോ ദൃശ്യങ്ങളിൽ മദ്യപസംഘം തൊഴിലാളിയെ മർദിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം.
ഇവരിൽ ഒരാൾ റസ്റ്ററന്റ് ജീവനക്കാരനെ ചവിട്ടി നിലത്തുവീഴ്ത്തുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ അക്രമിസംഘത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഹോട്ടലിൽ അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിയുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരേ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് എടുത്തു.