നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
Wednesday, November 23, 2022 11:49 AM IST
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റന്പാൻപാട്ട് അരങ്ങേറി. അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി.
മാതൃവേദി നേരത്തേ സംഘടിപ്പിച്ച റന്പാൻപാട്ട് മത്സരത്തിൽ വിജയികളായവരാണു നേതൃത്വം നൽകിയത്. മാളിയേക്കൽ കുടുംബാംഗമായിരുന്ന മാർതോമാ റന്പാനാണ് റന്പാൻപാട്ടിന്റെ കർത്താവ്. വാമൊഴിയായി തലമുറകൾ പാടിയിരുന്ന തോമാശ്ലീഹായുടെ ചരിത്രം പറയുന്ന പാട്ട് പിന്നീട് എഴുതപ്പെട്ടുവെങ്കിലും കാലഹരണപ്പെട്ടു. ക്രിസ്തീയകലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണു മെഗാ റന്പാൻപാട്ട്.
പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റന്പാൻപാട്ട് ഉദ്ഘാടനം ചെയ്തു. സാരിക്കു പുറമേ ചട്ടയും മുണ്ടും മേയ്ക്കാമോതിരവും ധരിച്ചെത്തിയ അമ്മമാരെ അഭിനന്ദിച്ച ആർച്ച്ബിഷപ് ലോകം മുഴുവൻ എത്തുന്ന ചരിത്ര നിമിഷമാണ് പാലയൂരിൽ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സിബിസിഐ പ്രസിഡന്റായശേഷമുള്ള ബിഷപ്പിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്.
തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണന്പുഴ അധ്യക്ഷനായിരുന്നു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസി. ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, സഹവികാരി ഫാ. മിഥുൻ വടക്കേത്തല, മാതൃവേദി രൂപത പ്രസിഡന്റ് എൽസി വിൻസന്റ്, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവർ പ്രസംഗിച്ചു.
ജീന ജോസഫ്, ശോഭാ ജോണ്സൻ, റെജി ജെയിംസ്, സിമി ഫ്രാൻസിസ്, ട്രസ്റ്റിമാരായ ലിജിയൻ മാത്യു, സിന്റോ തോമസ്, ജിന്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ലോകറിക്കാർഡിന്റെ സർട്ടിഫിക്കറ്റ് ബിഷപ്പും മെഡൽ രൂപത പ്രസിഡന്റും ഏറ്റുവാങ്ങി.