സംഗീതം.... ജോൺസൺ
Thursday, August 18, 2022 4:38 PM IST
സംഗീതം.... അതിന്റെ മറു പേരായിരുന്നു ജോൺസൺ...
കേട്ടുണരാനും കേട്ടുറങ്ങാനും ഓർത്തോർത്തു മൂളാനും കൈക്കുമ്പിളിൽ
എത്ര കോരിയാലും തീരാത്ത ഇളനീരിന്റെ രുചിയും പിച്ചകപ്പൂവിന്റെ
ഗന്ധവുമുള്ള പാട്ടുകൾ നമുക്ക് തന്നിട്ടു പോയ ജോൺസൺ മാസ്റ്റർ..
വേർപാടിന്റെ കണക്കുപുസ്തകത്തിൽ വർഷങ്ങൾ എത്ര മുന്നോട്ടു പോയാലും
ഓർമകളുടെ പിന്നിലേക്ക് പോകാതെ ജോൺസൺ മാസ്റ്ററുടെ മനസ് പതിഞ്ഞ
ആ ഗാനങ്ങൾ ഇപ്പോഴും നമ്മെ മോഹിപ്പിച്ച് കൊണ്ടേയിരിക്കുന്നു...
അതാണ് ....
ജോൺസൺ മാഷെ കേൾക്കാത്ത ഒരു ദിവസമെങ്കിലും മലയാളിക്ക് ഉണ്ടാകുമോ.. ഉണ്ടാവില്ല ഉറപ്പാണ്.. സംഗീതം ജോൺസൺ എന്ന് കേൾക്കാതെ ഒരു ദിവസവും മലയാളിയെ കടന്നുപോകുന്നില്ല. അതാണ് സംഗീതത്തിൽ ഇപ്പോഴും നമ്മൾ പ്രണയിക്കുന്ന ആ ജോൺസൺ ടച്ച്..
ജോൺസൺ മാസ്റ്റർ ഒരിക്കൽ പറഞ്ഞു - പാട്ടിന്റെ ഈണമായാലും സിനിമയുടെ പശ്ചാത്തല സംഗീതമായാലും കേൾക്കുന്ന ആദ്യ മാത്രയിൽത്തന്നെ അത് മനസിനെയും ഹൃദയത്തെയും കീഴടക്കണം. പച്ച ക്ലാവ് പോലെ അത് മനസ്സിൽ പതിഞ്ഞു കിടക്കണം...
വയലിനിലോ ഗിറ്റാറിലോ ഫ്ലൂട്ടിലോ ഏതിൽ വേണമെങ്കിലും ആയിക്കോട്ടെ.. ജോൺസൺ മാസ്റ്റർ മനസ് വെക്കുന്ന ഏതിലും കൊതിപ്പിക്കുന്ന ഒരു ഈണം വിടരുമായിരുന്നു.
മനസിൽ സംഗീതമുള്ള ശരീരത്തിലെ ഓരോ അണുവിലും അപാര താളബോധമുള്ള തൃശൂർകാരുടെ മണ്ണിലായിരുന്നു ജോൺസന്റെ ജനനം.
തൃശൂർ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി തൃശൂരിൽ ജനിച്ച ജോൺസൺ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘത്തിൽ ആണ് സംഗീത ജീവിതം ആരംഭിച്ചത്. ഒടുവിൽ അതേ പള്ളിയിലെ സെമിത്തേരിയുടെ മണ്ണിൽ തന്നെയായിരുന്നു ജോൺസന്റെ നിത്യനിദ്രയും.
ജോൺസൺ മാസ്റ്റർക്ക് സംഗീതത്തിൽ വഴങ്ങാത്ത ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഏത് ഗാനം ചിട്ടപ്പെടുത്തുമ്പോഴും അത് ആസ്വാദകർ കേട്ട് ഏറ്റു മൂളണമെന്ന നിർബന്ധം അദ്ദേഹത്തിന് മനസ്സിലുണ്ടായിരുന്നു. ക്ലാസിക്കൽ ശൈലിയിലുള്ള സിനിമപാട്ട് പോലും ആസ്വാദകർ ഹൃദയത്തിൽ സ്വീകരിച്ചു എന്നത് എങ്ങിനെ ശാസ്ത്രീയ സംഗീതത്തെ പോലും സിനിമാ സംഗീതത്തിലേക്ക് ചേർത്തുവയ്ക്കാം എന്നതിന്റെ തെളിവായിരുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ഗോപികേ നിൻ വിരൽ.. എന്ന സെമി ക്ലാസിക്കൽ ടച്ചുള്ള ഗാനം.
പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലെ ഏത് ഗാനമാണ് ഏറ്റവും മികച്ചത് എന്ന് പറയുക ഇപ്പോഴും അസാധ്യം. സിനിമയുടെ വിഷ്വലുകളും ആയി ചേർന്നുപോകുന്ന ഈണമാണ് കൂടെവിടെ എന്ന ചിത്രത്തിലെ ഗാനങ്ങളിൽ കാണാൻ സാധിക്കുക. ദൃശ്യങ്ങൾക്കു പോലും താളവും ഈണവും ഉണ്ടെന്ന് ജോൺസൺ മാസ്റ്റർ കാണിച്ചു തന്നു.
ഭരതനേയും പത്മരാജനെയും സത്യൻ അന്തിക്കാടിനെയും പോലുള്ള സംവിധായകരുടെ ഒപ്പം ചേർന്നപ്പോൾ ജോൺസൺ സംഗീതം പകർന്ന ഗാനങ്ങൾക്ക് അപൂർവ്വ ദൃശ്യഭംഗി ആയിരുന്നു.
സന്ദർഭം എന്ന ചിത്രത്തിലെ ഡോക്ടർ സാറേ എന്ന ഗാനം ജോൺസന് ഏതുതരം സംഗീതവും വഴങ്ങുമെന്നതിന്റെ കൗതുകമുള്ള ഒരു ഉദാഹരണം മാത്രം. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ് , ഞാൻ ഗന്ധർവൻ എന്നിവയിലെ ഗാനങ്ങൾ ജോൺസൺ മാസ്റ്ററുടെ പല തലങ്ങളിൽ ഉള്ള റേഞ്ച് വ്യക്തമാക്കുന്നതായിരുന്നു.
പാട്ടുകൾക്കൊപ്പം തന്നെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിലും ജീനിയസ് ആയിരുന്നു ജോൺസൺ മാസ്റ്റർ . ഒരു സിനിമയുടെ മൂഡിനെ എത്രമാത്രം പശ്ചാത്തല സംഗീതത്തിന് സ്വാധീനിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കേൾപ്പിച്ചു തന്നു.
ഉദാഹരണത്തിന് സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന സിനിമയുടെ പശ്ചാത്തല സംഗീതം വല്ലാത്തൊരു വെല്ലുവിളി നിറഞ്ഞതായിരുന്നു. വിവിധ മാനസികാവസ്ഥ കളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എല്ലാം ചേർന്നുള്ള സദയം എന്ന സിനിമയ്ക്ക് ജോൺസൺ മാസ്റ്റർ പകർന്നു നൽകിയ പശ്ചാത്തല സംഗീതം ആ സിനിമയുടെ ഉള്ളറിഞ്ഞ ചെയ്തതാണ്. അതുകൊണ്ടുതന്നെ ആ സിനിമയിലെ രംഗങ്ങളും പശ്ചാത്തലസംഗീതവും കാഴ്ചയെയും കേൾവിയേയും ഒരുപോലെ സുന്ദരമാക്കി.
പറയാനുള്ളതല്ല, വായിക്കാനുള്ളതല്ല മറിച്ച് കേൾക്കാൻ ഉള്ളതാണ് ജോൺസൺ..
കേട്ടു പഠിക്കാനുള്ളതാണ് ജോൺസൺ ഗാനങ്ങൾ. ഇനിയും തലമുറകളും കേട്ട് മോഹിക്കാൻ ഉള്ളതാണ് ആ പാട്ടുകൾ..
ജോൺസൺ ചെറുപ്പകാലത്ത് പാടിയ പാട്ടുകളും ഗിറ്റാറിൽ മീട്ടിയ ഈണങ്ങളും കേട്ടു കോരിത്തരിച്ച മണ്ണിലാണ് ജോൺസൺ ഉറങ്ങുന്നത്.. നക്ഷത്രങ്ങളുടെ ലോകത്ത് ജോൺസൺ ഈണങ്ങളുടെ പുതിയ പൂക്കാലം തീർത്തിട്ടുണ്ടാകും.
അടർന്നുപോയ ഒരു ദിനം കൂടി ഓർമ്മകളിൽ അടയാളപ്പെടുത്തുമ്പോൾ മൂളാതെ വയ്യ..
കണ്ണീർ പൂവിന്റെ കവിളിൽ തലോടി.. മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ...
ഋഷി