കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം
Wednesday, May 15, 2019 3:07 PM IST
രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ കേ​ര​ളം ര​ണ്ടാ​മ​തെ​ന്ന് ക​ണ​ക്കു​ക​ള്‍.

പ​ഞ്ചാ​ബാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. അ​വി​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ചെ​റു​പ്പ​ക്കാ​ര്‍ ല​ഹ​രി​ക​ള്‍​ക്ക് അ​ടി​മ​യാ​ണെ​ന്ന് ചി​ല ഔ​ദ്യോ​ഗി​ക ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പാ​കി​സ്ഥാ​ന്‍റെ അ​തി​ര്‍​ത്തി ക​ട​ന്ന് എ​ത്തു​ന്ന​ത് ട​ണ്‍​ക​ണ​ക്കി​ന് ല​ഹ​രി വ​സ്തു​ക്ക​ളാ​ണ്. അ​തി​ന് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​കേ​ണ്ട ചെ​റു​പ്പ​ക്കാ​രി​ല്‍ പ​കു​തി​യിലേ​റെ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട് ക​ഴി​യു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ടി​കൂ​ടി​യ​ത് 850 കോ​ടി​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ്. പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ മാ​ത്രം 1,000 ട​ണ്‍ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചെ​ന്നും എ​ക്സൈ​സ് വ​കു​പ്പ് പ​റ​യു​ന്നു. 2014ല്‍ ​ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 900 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ങ്കി​ല്‍ 2018 ആ​യ​പ്പോ​ഴേ​ക്കും ഇ​ത് 7,700 കേ​സു​ക​ളാ​യി മാ​റി.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം സം​സ്ഥാ​ന​ത്ത് ല​ഹ​രി മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7,802 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 1,900 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. 2,200 ക​ഞ്ചാ​വ് ചെ​ടി​ക​ള്‍, 65 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍, 32 കി​ലോ എം​ഡി​എം​എ എ​ന്നി​വ​യും പി​ടി​ച്ചു. ഇ​തു കൂ​ടാ​തെ ബ്രൗ​ണ്‍​ഷു​ഗ​ര്‍, ഹെ​റോ​യി​ന്‍, എ​ല്‍​എ​സ്ഡി, ച​ര​സ്, ഒ​പി​യം അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 1,000 ട​ണ്ണോ​ളം പു​ക​യി​ലയാ​ണ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രു​ടെ ഇ​ഷ്ട കേ​ന്ദ്ര മാ​യി സം​സ്ഥാ​ന​ത്ത് കൊ​ച്ചി മാ​റു​ന്ന​താ​യാ​ണ് സ​മീ​പകാ​ല​ത്തെ സം​ഭ​വ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗ് ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളിലാ​ണ് മ​യ​ക്കു​മ​രു​ന്ന​് വ്യാ​പ​കം. ഇ​പ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല​യും ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം 40 കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വ​ന്‍​സം​ഘം​ത​ന്നെ ഈ ​ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

സം​സ്ഥാ​ന -അ​ന്ത​ര്‍ സം​സ്ഥാ​ന ലോ​ബി​ക​ളും ക​ണ്ണി​ക​ളു​മു​ള​ള ഈ ​സം​ഘം അ​തിസ​മ​ര്‍​ഥ​മാ​യാ​ണ് മ​യ​ക്കു മ​രു​ന്നു​ക​ള്‍ എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തി​ക്കു​ന്ന​ത്. മു​മ്പ് കോ​ട്ട​യ​ത്തെ പ്ര​ശ​സ്ത​മാ​യ മൂ​ന്ന് ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ല്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ റെ​യ്ഡ് ന​ട​ത്തി മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. മു​ഖ​ക്കു​രു​വി​നു​ള്ള മ​രു​ന്നാ​യും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​വാ​യും വ​യ​റ്റി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് നി​റം വ​യ്ക്കു​വാ​ന്‍ വേ​ണ്ടി​യും കു​ങ്കു​മ​പ്പൂ​വ് ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തി​ല്‍ മ​തി​യാ​യ അ​ള​വി​ല്‍ ഹെ​റോ​യി​ന്‍ ക​ല​ര്‍​ത്തി​യാ​യി​രു​ന്നു വി​ല്പ​ന.

ക​ട​ല്‍​മാ​ര്‍​ഗ​വും ആ​കാ​ശ​മാ​ര്‍​ഗ​വും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ക്കു​ന്നു. വി​മാ​ന​മാ​ര്‍​ഗം വ​ഴി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് പി​ടി​ക്കു​ന്ന​തി​നാ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ത്തോ​ടെ​യു​ള്ള സ്കാ​നിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

ല​ഹ​രി​യെ​ത്തു​ന്ന​ത് അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ന്ന്

അ​ഫ്ഗാ​നി​സ്ഥാ​ന്‍ വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം മ​യ​ക്കു​മ​രു​ന്നു​ക​ളും മ​റ്റു ല​ഹ​രിവ​സ്തു​ക്ക​ളും എ​ത്തു​ന്ന​ത്. അ​വി​ടെ നി​ന്ന് എ​ത്തു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ മും​ബൈ, ഗോ​വ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തും. ക​ഞ്ചാ​വ് എ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ര​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. മാ​വോ​യി​സ്റ്റ്, ന​ക്സ​ലൈ​റ്റ് സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യ തോ​തി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍​ഗം ഇ​താ​ണ്.

ആ​ന്ധ്രപ്ര​ദേ​ശി​ലെ തു​ണി​യി​ൽ നി​ന്നാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. വി​ശാ​ഖ​പ​ട്ട​ണം, ലം​ബ​സി​ങ്കി എ​ന്നി​വി​ട​ങ്ങ​ളും ക​ഞ്ചാ​വി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വി​ടങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും കൃ​ഷി​ചെ​യ്യാ​ന്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​ത് ന​ക്സ​ലുക​ളാ​ണ്. കേ​ര​ള​ത്തി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ അ​വി​ടെ​യെ​ത്തി വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്നു​ണ്ട​ത്രേ. മ​ണി​പ്പൂ​ര്‍, നാ​ഗാ​ലാ​ൻ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ചി​ല വി​ഘ​ട​ന​വാ​ദ സം​ഘ​ട​ന​ക​ളും പ​ണമു​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി വ​ന്‍​തോ​തി​ല്‍ ഓ​പ്പി​യം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്തു​ന്നു​ണ്ട്. ലാ​ഭ​ത്തി​ന്‍റെ പ​കു​തി തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ആ​ന്ധ്ര​യി​ല്‍ ഒ​രു കി​ലോ ക​ഞ്ചാ​വി​ന് 2,000 -3,000 രൂ​പ വ​രേ​യാ​ണ് വി​ല.


ഇ​ത് കേ​ര​ള​ത്തി​ലെ​ത്തി​യാ​ല്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ 30,000 രൂ​പ വ​രെ ന​ല്‍​കും. അ​ത് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര​ന്‍ വി​ല്ക്കു​ന്ന​ത് 40,000 - 50,000 രൂ​പ​യ്ക്കു വ​രെ​യാ​ണ്. ഇ​ത്ര​യേ​റെ ലാ​ഭം കി​ട്ടു​ന്ന മ​റ്റൊ​രു ബി​സി​ന​സ് ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. ഇ​തി​നാ​ല്‍ ഒ​ട്ടേ​റെ ചെ​റു​പ്പ​ക്കാ​ര്‍ ഇ​തി​ന്‍റെ​ഏ​ജ​ന്‍റു​മാ​രാ​യും കാ​രി​യ​ര്‍​മാ​രാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇതരസം​സ്ഥാ​നത്തൊഴി​ലാ​ളി​ക​ളും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്നു​ണ്ട്.

നി​യ​മം ശ​ക്തം, പ​ക്ഷെ ശു​ഷ്ക്കം

നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പ്പി​ക് സ​ബ്സ്റ്റന്‍റ്സ് ആ​ക്ട് (എ​ന്‍​ഡി​പി​എ​സ്) വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ല്‍ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 1986ല്‍ ​പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​മാ​ണ​ത്. ലോ​ക​ത്ത് ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഇ​തു​വ​ഴി വ​ധ​ശി​ക്ഷ വ​രെ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. ക​ര്‍​ശ​ന​മാ​യ നി​യ​മം ആ​യ​തി​നാ​ല്‍ ത​ന്നെ എ​ളു​പ്പ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

ഒ​രി​ക്ക​ലും ഈ ​നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ക​യും സാ​ധാ​ര​ണ​ക്കാ​ര്‍ ഇ​ര​യാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​രു​തെ​ന്ന മു​ന്‍​ധാ​ര​ണ​യോ​ടെ​യാ​ണ് ഇ​ത് പാ​സാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ എ​ന്‍​ഫോഴ്സ്മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​നി​യ​മം കൈ​കാ​ര്യം ചെ​യ്യാ​ന്‍ വ​ള​രെ ബു​ദ്ധിമു​ട്ടാ​ണ്. ഒ​രു കേ​സെ​ടു​ത്താ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ വി​ദ​ഗ്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നും അ​യാ​ളു​ടെ സം​ഘ​വും കു​റ​ഞ്ഞ​ത് എ​ട്ടു​മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ക്കും ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​ഴു​തു​ക​ളി​ല്ലാ​തെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍.

ശ​ക്ത​മാ​യ സാ​ക്ഷി​ക​ള്‍ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. എ​ന്നാ​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ സാ​ക്ഷി​ക​ളാ​യി നി​ല്‍​ക്കാ​ന്‍ ആ​രും ത​യാ​റാ​കാ​ത്ത​ത് കേ​സി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. സാ​ക്ഷി​ക​ളു​ടെ കാ​ര്യ​ത്തി​ലും സ​ങ്കീ​ര്‍​ണ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കേ​ണ്ട​തു​ള്ള​തി​നാ​ല്‍ ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ സാ​ക്ഷി​ക​ളാ​കാ​ന്‍ ആ​ളു​ക​ള്‍ ത​യാ​റാ​കി​ല്ല. കേ​സെ​ടുക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സാ​ക്ഷി​ക​ള്‍​ക്ക് വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സ്ഥി​തി​യാ​ണ്. സാ​ക്ഷി ദു​ര്‍​ബ​ല​മാ​ണെ​ങ്കി​ല്‍ കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചു കു​ത്തും. പ്ര​തി ശി​ക്ഷി​ക്കപ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​ടു​ങ്ങു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​വു​ക. അ​തി​നാ​ല്‍ ഇ​ത്ത​രം കേ​സു​ക​ളി​ൽ റി​സ്ക്കെ​ടു​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും മ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ് പ​ല​പ്പോ​ഴും കാ​ണു​ന്ന​ത്. നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ ന​ന്നാ​യി മു​ത​ലാ​ക്കു​ന്നു​മു​ണ്ട്. ല​ഹ​രി​യു​ടെ അ​ള​വ് നി​യ​മ​ത്തി​ല്‍ ഒ​രു ഘ​ട​ക​മാ​യി വ​ന്ന​തോ​ടെ അ​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​നു​ള്ളി​ല്‍ നി​ന്നാ​ണ് ഇ​പ്പോ​ള്‍ ക​ച്ച​വ​ട​ക്കാ​ര്‍ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. നി​ശ്ചി​ത അ​ള​വി​ലാ​ണെ​ങ്കി​ല്‍ ശി​ക്ഷ പി​ഴ​യി​ല്‍ മാ​ത്രം ഒതുങ്ങും. കേ​സ് കോ​ട​തി​യി​ലെ​ത്തി​യാ​ല്‍ 100 ശ​ത​മാ​ന​വും സം​ശ​യ​ലേ​ശ​മെ​ന്യേ കു​റ്റം തെ​ളി​ഞ്ഞാ​ല്‍ മാ​ത്ര​മേ ല​ഹ​രി​ക്കേ​സു​ക​ളി​ല്‍ ശി​ക്ഷ​യു​ണ്ടാ​കൂ.
(തുടരും)

പി. ജയകൃഷ്ണൻ