എല്ലുകളുടെ കരുത്തിനും വിളർച്ച തടയാനും തക്കാളി
Tuesday, December 27, 2016 4:35 AM IST
മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിൻ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തുന്നു. തക്കാളിയുടെ അസിഡിറ്റി മുടിയുടെ പിഎച്ച് നില സംതുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു.

പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായകം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റ് ബോൺ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആന്റിഓക്സിഡന്റുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.

തക്കാളിയിലെ ആന്റി ഓക്സിഡന്റുകൾ കാൻസർ തടയുന്നതിനും സഹായകം. തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.


തൂക്കം കുറച്ച് സ്ളിം ആകാൻ പദ്ധതിയിടുന്നവർ ആഹാരക്രമത്തിൽ തക്കാളി കൂടുതൽ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്. തക്കാളിയിൽ കൊഴുപ്പു കുറവാണ്. കൊളസ്ട്രോൾ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാൽ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.

നീർവീക്കത്തെ തുടർന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇൻഫ്ളമേറ്ററി ഏജന്റുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത്
കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്