ശീലമാക്കാം, നാരുകളടങ്ങിയ ഭക്ഷണം
Monday, October 24, 2016 3:16 AM IST
നാരുകളടങ്ങിയ ഭക്ഷണത്തിനു ഡീടോക്സിഫിക്കേഷൻ(ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനു) പ്രവർത്തനങ്ങളിൽ മുഖ്യപങ്കുണ്ട്. ജലത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ തരം നാരുകളടങ്ങിയ ഭക്ഷണം പ്രധാനം. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ വിഘടിപ്പിക്കുന്നു. കൊഴുപ്പിൽ ശേഖരിക്കപ്പെടുന്ന ടോക്സിനുകൾ രക്‌തത്തിലേക്കും പിന്നീട് വിസർജ്യാവയവങ്ങൾവഴി പുറത്തേക്കും തളളപ്പെടുന്നു.സസ്യഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനരസത്തിന്റെ സാന്നിധ്യത്തിൽ ദഹിക്കില്ല. നാരുകൾ അന്നനാളത്തിലെയും കുടലിലെയും തടസങ്ങൾ നീക്കുന്നു. ചിലതരം നാരുകൾ കുടലിൽ ദഹനപ്രക്രിയയെ സഹായിക്കുന്ന മിത്ര ബാക്ടീരിയകൾക്കു ഭക്ഷണമാകുന്നു.

നാരുകൾ ധാരാളമടങ്ങിയ ഭക്ഷ്യവിഭവങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഇടംപിടിക്കട്ടെ. നാരുകളില്ലാതെ ആരോഗ്യജീവിതം സഫലമാകില്ല. ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നാരുകൾക്കു നിർണായകസ്‌ഥാനമാണുളളത്. സുഗമമായ ദഹനപ്രവർത്തനങ്ങൾക്കു നാരുകൾ വേണം. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കിൽ കൊഴുപ്പടിയാതിരിക്കണം.


കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കണം. അതിനൊക്കെ നാരുകൾ സഹായികൾ. കുടലിൽ കാൻസറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം.

നാരുകൾ മലബന്ധം ഒഴിവാക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനും സഹായകം. വൻകുടലിൽ വിഷപദാർഥങ്ങൾ രൂപപ്പെടുന്നതിനുളള സാധ്യത കുറയ്ക്കുന്നു. പിത്താശയക്കല്ലുകളെ പ്രതിരോധിക്കുന്നു. ഹൃദയരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്