ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ?
Tuesday, October 20, 2015 4:30 AM IST
? ഞാൻ 33 വയസുള്ള ഗർഭിണിയാണ്. പ്രമേഹമുണ്ട്. ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ? ഞാൻ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധിക്കണം.

= രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കേണ്ടത് ആരോഗ്യവതിയായ അമ്മയ്ക്കും കുഞ്ഞിനും അത്യാന്താപേക്ഷിതമാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ഗർഭസ്‌ഥശിശുവിനും അമ്മയ്ക്കും ഒരുപോലെ അപകടകരമാണ്. സാധാരണ ഗർഭിണികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വെറുംവയറ്റിൽ 90ഉം ഭക്ഷണത്തിനു ശേഷം 120 ഉം ആണ്. പ്രമേഹ ബാധിതരിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ഏറെക്കുറെ ഇതിന് സമാനമായി നിലനിർത്തേണ്ടതുണ്ട്.

ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും ഗർഭകാല പ്രമേഹചികിത്സയിൽ പ്രാധാന്യമുണ്ട്. ഭക്ഷണനിയന്ത്രണം കൊണ്ട് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ ചികിത്സ തുടങ്ങുന്നത്. വെറുംവയറ്റിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 90 ൽ താഴെയും ഭക്ഷണശേഷം ഒന്നര – രണ്ടുമണിക്കൂർ ആകുമ്പോഴുള്ള രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 105–ന് അടുത്തെത്തുന്നതുമാണ് ഗർഭിണികളിൽ അഭികാമ്യം.


സാധാരണ ഗർഭിണികളേക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും പ്രമേഹബാധിതരിൽ വേണം. പ്രമേഹ നിയന്ത്രണത്തിന് പുറമെ ഗർഭസ്‌ഥശിശുവിന്റെ വളർച്ച, അംഗവൈകല്യത്തിനുള്ള സാധ്യതകൾ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. പ്രമേഹം ബാധിച്ച അമ്മമാരിൽ ഗർഭകാലത്ത് ഉണ്ടാകുന്ന രക്‌താതിസമ്മർദ്ദം, അണുബാധ തുടങ്ങിയ സങ്കീർണതകളൊന്നും ഇല്ലെന്ന് ഓരോ പ്രാവശ്യവും ഉറപ്പു വരുത്തേണ്ടതുണ്ട്. ഗർഭസ്‌ഥശിശുവിന് വലിപ്പക്കൂടുതൽ ഉണ്ടോയെന്നും വിലയിരുത്തേണ്ടതുണ്ട്. അൾട്രാസൗണ്ട് സ്കാൻ, ഫീറ്റൽ ഇക്കോ തുടങ്ങിയ ടെസ്റ്റുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് അറിയുവാൻ സഹായിക്കുന്നു.

പ്രമേഹബാധിതരായ ഗർഭിണികളുടെ പ്രസവം സങ്കീർണമാകാനുള്ള സാധ്യത ഏറെയാണ്. സങ്കീർണതകളോടുകൂടിയ അവസ്‌ഥയിൽ അമ്മയുടെയും കുട്ടിയുടെയും സുരക്ഷിതത്വത്തിന് സിസേറിയൻ ചെയ്യുകയാവും ഉചിതം.