പോഷകസന്പന്നം ഓണസദ്യ
Monday, August 28, 2023 12:48 PM IST
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്.
ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ചോറ്
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ - അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്.
ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ , യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു.
നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്.
മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്.
പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.