സോറിയാസിസ് പകരുമോ?
Thursday, September 22, 2022 12:40 PM IST
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്.
രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ് രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)
വെള്ളി നിറമുള്ള ചെതുന്പലുകൾ പോലെ
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും...
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)). ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS).
പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്. കൂടാതെ നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്.
അലർജി പ്രശ്നമാകുമോ?
ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുന്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ “ തേങ്ങ വെന്ത വെളിച്ചെണ്ണ’’പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
സോപ്പിന്റെ ഉപയോഗം...
ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം.
മദ്യവും പുകവലിയും ഒഴിവാക്കുക. നന്നായി ഉറങ്ങുക.
അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
ഹോമിയോപ്പതിയിൽ...
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ച്ച്പ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ . അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്റ്മെന്റുകളും, അൾട്രാ വയലറ്റ്
രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്.
എന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം; സാവധാനമെങ്കിലും. ചിലരിൽ വലിയ ഒരു മാനസിക ആഘാതത്തിനു ശേഷം ഈ രോഗം വന്നു കണ്ടിട്ടുണ്ട്. അത്തരക്കാരിൽ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് പൂർണ്ണമായും രോഗ ശമനം സാധ്യമായിട്ടുമുണ്ട്.
ഹോമിയോപ്പതിയുടെ കാഴ്ച്ചപ്പാടനുസരിച്ച് ഒാരോരുത്തരിലും രോഗം തുടങ്ങുന്നതിനോ വർധിക്കുന്നതിനോ ആയ കാരണം വ്യത്യസ്തമായിരിക്കും. അതും രോഗിയുടെ മറ്റുള്ള ശാരീരിക പ്രത്യേകതകളും പരിഗണിച്ചു മരുന്നുകൾ കണ്ടെത്തിയാൽ രോഗം മാറ്റാനാവും. രോഗം വീണ്ടും വരുന്നതിന്റെ ഇടവേള കൂട്ടാനും ഹോമിയോ മരുന്നുകൾ കൊണ്ടു സാധിക്കും.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]