മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് ജീവിതശൈലീ രോഗങ്ങൾ. നാൾക്കുനാൾ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയും ചികിത്സാച്ചെലവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
അമിതവണ്ണം, രക്താദിസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ വ്യതിയാനം, കാൻസർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കു കാരണം മാനസിക സമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയവയാണ്. ഒരിക്കൽ പിടിപെട്ടാൽ ജീവിതത്തിന്റെ ഭാഗമാകുന്ന ഈ രോഗങ്ങളിൽ പലതും പാരന്പര്യ സ്വഭാവം പ്രകടമാക്കി അടുത്ത തലമുറയിലേക്ക് പകർന്നുവരുന്നു എന്നുള്ളത് അതീവപ്രാധാന്യം അർഹിക്കുന്നു.
ജീവിതശൈലീരോഗങ്ങൾ വരാനുള്ള സാധ്യത ഒരാൾക്കുണ്ടെങ്കിൽപോലും ചിട്ടയായ വ്യായാമവും ആഹാരരീതിയും ജീവിതക്രമവും ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാത്ത രീതിയിലുള്ള ഔഷധങ്ങളുടെ ഉപയോഗവും ശീലിച്ചാൽ ഇവയെ ഒരുപരിധിവരെ അകറ്റിനിർത്താൻ സാധിക്കും.
ജീവിതശൈലീ രോഗങ്ങൾ മനസിലാക്കാനും പരിശോധനകളിലൂടെ കണ്ടെത്താനും അവയെ ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ - സമഗ്ര ചികിത്സയിലൂടെ പ്രതിരോധിക്കാനും ചികിത്സിക്കാനുംവേണ്ടി ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭവഃ.
ജീവിതശൈലീരോഗ നിയന്ത്രണത്തിന്
ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ.
1. ആരോഗ്യകരമായ ദിനചര്യകൾ.
2. ആരോഗ്യകരമായ ആഹാരശൈലി.
3. ആരോഗ്യകരമായ ജീവിതശൈലി.
ആരോഗ്യകരമായ ദിനചര്യകൾ
ഒരാൾ ഉണരുന്പോൾ മുതൽ ദിവസവും പാലിക്കപ്പെടേണ്ട
ചില നല്ല ശീലങ്ങളും ചിട്ടകളുമാണ് ദിനചര്യയിൽ പ്രതിപാദിക്കുന്നത്.
ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുക (പുലർച്ചെ 3-6).
മലമൂത്ര വിസർജനം നടത്തുക.
പല്ലും മോണയും നാവും വൃത്തിയാക്കുക.
അഞ്ജനം കണ്ണിലെഴുതുക.
എണ്ണ തേച്ച് നിത്യവും കുളിക്കുക.
വ്യായാമം ചെയ്യുക.
സദ്വൃത്തം (ആചാര്യമര്യാദകൾ) പാലിക്കുക.
* ശരീര ബലസംരക്ഷണത്തിനുള്ള മൂന്നു തൂണുകളാണ് ആഹാരം, ഉറക്കം, ബ്രഹ്മചര്യം.
ഉറക്കം: ദിവസവും കുറഞ്ഞത് 6-7 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.
പ്രകൃതിസഹജമായ വേഗങ്ങളെ തടസപ്പെടുത്തരുത് (മലമൂത്ര വിസർജനം, അധോവായു, ഏന്പക്കം, തുമ്മൽ, കോട്ടുവായ, കണ്ണുനീർ, ഛർദി, ചുമ, കിതപ്പ്, ദാഹം, വിശപ്പ്, ഉറക്കം മുതലായവ).
ഋതുചര്യ
ഋതുക്കളിൽ സംഭവിക്കുന്ന മാറ്റം മനുഷ്യനിൽ പലതരം രോഗങ്ങൾക്കു കാരണമാകാം. കാലാവസ്ഥയുടെ വ്യതിയാനമനുസരിച്ച് ഒരുവർഷത്തെ 6 ഋതുക്കളായി വിഭജിച്ചിരിക്കുന്നു (ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്). ഓരോ ഋതുവിലും ശരീരത്തിന് വരാവുന്ന മാറ്റങ്ങളെ മുൻകൂട്ടി കണ്ട് ആഹാരങ്ങളിലും വിഹാരങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ ഋതുചര്യയിൽ പ്രതിപാദിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി
* രാവിലെയോ വൈകുന്നേരമോ 30 മിനിറ്റു സമയം ലഘുവ്യായാമങ്ങൾക്കും/യോഗ, പ്രാർഥനയ്ക്കുമായി മാറ്റിവയ്ക്കുക.
* ശാരീരിക ആരോഗ്യംപോലെതന്നെ സുപ്രധാനമാണ് മനസിന്റെ ആരോഗ്യവും.
* വൃത്തിയുള്ളതും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
* രാവിലെയും വൈകുന്നേരവും ഇളംവെയിൽ കൊള്ളുക. (രാവിലെ ഒൻപതു മണിക്കു മുൻപും വൈകുന്നേരം നാലുമണിക്കു ശേഷവും).
* പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ നിർത്തുക.
* ശുദ്ധവായു ശ്വസിക്കുക, ശ്വസന വ്യായാമങ്ങൾ ശീലിക്കുക.
* ആഴ്ചയിൽ ഒരുദിവസം ഉപവാസം നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ആയുഷ്മാൻ ഭവ: ക്ലിനിക്ക്
(ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി)
ജില്ലാ ഹോമിയോ ആശുപത്രി, നാഗന്പടം, കോട്ടയം