കാ​ർ​മ​ൽ ജ്യോ​തി​ക്കു ത​ണ​ലാ​യി മു​ള
കാ​ർ​മ​ൽ ജ്യോ​തി​ക്കു ത​ണ​ലാ​യി മു​ള
Wednesday, March 29, 2023 9:50 PM IST
പ​ല ത​ര​ത്തി​ലും നി​റ​ത്തി​ലു​മു​ള്ള മു​ള​ക​ളു​ടെ അ​പൂ​ർ​വ ലോ​ക​മാ​ണ് ഇ​ടു​ക്കി അ​ടി​മാ​ലി​ക്കു സ​മീ​പം കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ മ​ച്ചി​പ്ലാ​വി​ലു​ള്ള കാ​ർ​മ​ൽ ജ്യോ​തി മു​ള ന​ഴ്സ​റി. ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​മ​ൽ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ന​ഴ്സ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കാ​രു​ണ്യ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് ഇ​വി​ടെ മു​ള​ക​ൾ വ​ള​രു​ന്ന​ത്. കാ​ർ​മ​ൽ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബി​ജി ജോ​സ് സി​എം​സി​യാ​ണ്. 177 കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. അ​വ​രെ ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കാ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് മു​ള ന​ഴ്സ​റി.





ക​ന​ത്ത മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഹൈ​റേ​ഞ്ചി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന മ​ണ്ണൊ​ലി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണു സ്കൂ​ളി​ന്‍റെ ശ്ര​ദ്ധ മു​ള​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. മ​ണ്ണ് സം​ര​ക്ഷ​ണ​വും തോ​ട് സം​ര​ക്ഷ​ണ​വും നി​ർ​വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള മു​ള​ക​ളു​ടെ പ്ര​ചാ​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​യി​രു​ന്നു അ​ത്.


ഇ​തേ​ത്തു​ട​ർ​ന്നു വ​യ​നാ​ട് ഉ​റ​വ് എ​ന്ന സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ൾ​ക്കും സ്റ്റാ​ഫി​നും പ​രി​ശീ​ല​നം ന​ൽ​കി തു​ട​ർ​ന്ന് ന​ഴ്സ​റി നി​ർ​മി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ മു​തി​ർ​ന്ന ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഇ​തൊ​രു വ​രു​മാ​ന മാ​ർ​ഗ​വു​മാ​ണ്. ബാം​ബൂ​സ് ബ​ൽ​കോ​വ, ബ​ർ​ബ ജൈ​ൻ​ഡ്, ആ​ന​മു​ള, ഗ​രു​ഡ തു​ട​ങ്ങി 14 ത​രം മു​ള​ക​ളാ​ണ് ഇ​പ്പോ​ൾ ന​ഴ്സ​റി​യി​ലു​ള്ള​ത്. 30 മു​ത​ൽ 600 രൂ​പ വ​രെ​യാ​ണ് വി​ല.

ജാ​വ​ലി​ൻ ത്രോ ​നി​ർ​മി​ക്കാ​നും തോ​ട്ടി ഉ​ണ്ടാ​ക്കാ​നു​മൊ​ക്കെ​യാ​യി മു​ള​ക​ൾ അ​ന്വേ​ഷി​ച്ചു ദി​നം​പ്ര​തി നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. മു​ള​ക​ൾ കൊ​ണ്ടു വി​വി​ധ ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ല​ക്ഷ്യ​മി​ട്ട് മു​ള ന​ഴ്സ​റി​യോ​ടൊ​പ്പം ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി, കോ​ഴി, പ​ന്നി, ആ​ട്, പ​ശു ഫാ​മു​ക​ളും സ്കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​പ്പം സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ഫാ​ർ​മേ​ഴ്സ് ക്ല​ബു​മു​ണ്ട്.

ഫോ​ണ്‍: 04864223063. 9446213313.‌‌‌


ജി​ജോ രാ​ജ​കു​മാ​രി