കരിമ്പാറക്കൂട്ടത്തിലെ വിസ്മയ ഡ്രാഗണ്‍ പഴത്തോട്ടം
കരിമ്പാറക്കൂട്ടത്തിലെ വിസ്മയ ഡ്രാഗണ്‍ പഴത്തോട്ടം
Tuesday, October 18, 2022 3:12 PM IST
ഭംഗിയിലും രുചിയിലും അത്യാകര്‍ഷകമാണു ഡ്രാഗണ്‍ ഫ്രൂട്ട്. കഠിനാധ്വാനത്തിലൂടെ അതു വിളയിച്ചെടുക്കുന്ന കര്‍ഷകന്‍റെ മുഖത്തും ആ സന്തോഷം നിറഞ്ഞു കാണാം. പത്തനംതിട്ട ജില്ലയിലെ റാന്നി അത്തിക്കയത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വനത്തും മുറിയിലെ ജെ. ജെ ഗാര്‍ഡന്‍ ഇതിനു നേര്‍സാക്ഷ്യം.

കരിമ്പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നാലേക്കറോളം ഭൂമിയില്‍ വിസ്മയ വ്യാളിപ്പഴത്തോട്ടം നിര്‍മിച്ചു ജീവിതം ആസ്വദിക്കുകയാണു കെ.എസ്. ജോസഫ് എന്ന മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മുതല്‍മുടക്കിനു തക്ക വരുമാനം കൂടി ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം തികഞ്ഞ ആത്മസംതൃപ്തിയിലും.

ഫെഡറല്‍ ബാങ്കിലെ അസി. മാനേജര്‍ തസ്തികയില്‍ നിന്നു വിരമിച്ചശേഷമാണു ജോസഫ് കൃഷിയിലേക്കു തിരിഞ്ഞത്. പൈതൃകമായി കിട്ടിയ ഭൂമിയില്‍ കാര്യമായ കൃഷിയൊന്നുമുണ്ടായിരുന്നില്ല. പറക്കൂട്ടങ്ങള്‍ നിറഞ്ഞ മണ്ണില്‍ കുറച്ചു റബറും പാഴ്മരങ്ങളും മാത്രം.

വെറുതെ കിടക്കുന്ന സ്ഥലത്ത് എന്തു ചെയ്യണമെന്നുള്ള ആലോചനയായി പിന്നെ. അങ്ങനെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിലെത്തിയത്. വ്യാളിപ്പഴ ചെടിക്ക് മണ്ണും വെള്ളവും കുറച്ചു മതിയെന്ന പ്രത്യേകതയും തീരുമാനത്തിലെത്താന്‍ സഹായകമായി. 2017-ലാണു തുടക്കം. 200 മൂട് നട്ടു. ഒരു മൂട്ടില്‍ നാലു ചെടികള്‍. പിറ്റേവര്‍ഷം മാര്‍ച്ചില്‍ വിളവെടുത്തു. പഴങ്ങള്‍ വിറ്റ് 50,000 രൂപ കൈയില്‍ കിട്ടി.

കൗതുകത്തിനുവേണ്ടി തുടങ്ങിയ കൃഷി കൈ നിറയെ ആദായം തരുമെന്നറിഞ്ഞതോടെ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിച്ചു. പൈതൃ കമായി കിട്ടിയതിനൊപ്പം കുറച്ചു സ്ഥലങ്ങള്‍ കൂടി വാങ്ങി. പാറക്കെട്ടുകളിലും വിടവുകളിലും മറ്റും ചെറു കയ്യാലകള്‍ തീര്‍ത്തു മണ്ണു നിറച്ചു സ്ഥലമൊരുക്കി.10 അടി അകലത്തില്‍ ചെടി നട്ടു.

ജോസഫിനൊപ്പം സഹോദരന്‍ കെ.എസ്. ആന്‍റണിയും ചേര്‍ന്നതോടെ കൃഷി തികച്ചും വ്യാവസായി കാടിസ്ഥാനത്തിലായി. ചുരുങ്ങിയ കാലംകൊണ്ടു പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്‍റേഷനായി മാറിക്കഴിഞ്ഞു ജെ.ജെ. ഗാര്‍ഡന്‍.

മരുഭൂമിയിലെ കള്ളിമുള്‍ച്ചെടി വര്‍ഗത്തില്‍പ്പെട്ട വള്ളിച്ചെടിയാണു ഡ്രാഗണ്‍ ഫ്രൂട്ട്. ഉഷ്ണമേഖലയില്‍ വളരുന്ന ചെടിയായതിനാല്‍ വെള്ളവും വളവും കുറച്ചു മതി.

അമേരിക്കയാണു ജന്മനാടെന്നു പറയുമ്പോഴും ഇന്ത്യയ്‌ക്കെപ്പം പെറു, മെക്‌സിക്കോ, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇതു വിപുലമായി കൃഷി ചെയ്യുന്നുണ്ട്. പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റും, വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്ന പഴം ഔഷധമായും ഉപയോഗിക്കുന്നു.

മലേഷ്യന്‍ റെഡ്, അമേരിക്കന്‍ ബ്യൂട്ടി, പൊലേറ, ഒര്‍ജീനിയ, വൈറ്റ് തുടങ്ങിയ ഇനങ്ങള്‍ ജെ.ജെ ഗാര്‍ഡനിലുണ്ടെങ്കിലും പര്‍പ്പിള്‍ നിറമുള്ള അമേരിക്കന്‍ ബ്യൂട്ടിയാണ് ഏറെയും. അവയ്ക്കിടയില്‍ മഞ്ഞ, വെള്ള നിറങ്ങളിലുള്ള പഴങ്ങള്‍ കൂടി നിറയുമ്പോള്‍ ജെ. ജെ. ഗാര്‍ഡന്‍ ശരിക്കും വിസ്മയിപ്പിക്കും. മലഞ്ചെരുവിലെ സുഖശീതമായ കാറ്റും പ്രഭാതത്തിലെ കോടമഞ്ഞും സന്ദര്‍ശകര്‍ക്കു സമ്മാനിക്കുന്നതു മറ്റൊരു ലോകം തന്നെ.


കാര്യങ്ങള്‍ ഇങ്ങനെയെക്കെയാണെങ്കിലും ചെടികള്‍ക്കു ശ്രദ്ധയോ ടെയുള്ള പരിചരണം ആവശ്യമാണ്. ജെ.ജെ. ഗാര്‍ഡന്‍സില്‍ അതു ശരിക്കും കാണുകയും ചെയ്യാം. രാവിലെ ആറിനു തോട്ടത്തിലെത്തുന്ന ജോ സഫ് രാത്രി വൈകിയാണു പലപ്പോഴും മടങ്ങുന്നത്.

ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ പോകുന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും തോട്ടത്തില്‍ തന്നെ. വിളവെടുപ്പിനും പഴങ്ങള്‍ പായ്ക്കു ചെയ്ത് അയയ്ക്കാനും മാത്രമല്ല, വളമിടാനും കള പറിക്കാനുമൊക്കെ ജോസഫ് എപ്പോഴും തെഴിലാളികള്‍ക്കൊപ്പമുണ്ടാകും. വ്യാളിപ്പഴങ്ങള്‍ പെട്ടെന്നു കേടാകില്ല. സാധാരണ അന്തരീക്ഷത്തില്‍ 14 ദിവസം വരെ കേടു കൂടാതെ ഇരിക്കും.

ഇപ്പോള്‍ മൂവായിരം മൂട് ചെടികളാണു തോട്ടത്തിലുള്ളത്. ഒരു മൂട്ടില്‍ നാലെണ്ണം വച്ചു 12000 തൈകള്‍. സാധാരണ ഏപ്രില്‍ മാസത്തിലാണു പൂവിടുന്നത്. പൂവിട്ട് കൃത്യം 30-ാം ദിവസം വിളവെടുക്കാം. ഒരു ചെടി 10 തവണയെങ്കിലും പുഷ്പിക്കും. പൂവിടല്‍ സെപ്റ്റംബര്‍ മാസം വരെ തുടരും. ഒക്ടോബര്‍ വരെ ആറു മാസത്തോളം തുടര്‍ച്ചയായി വിളവെടുക്കാം.

ചെടിയുടെ ആയുസ് 25 വര്‍ഷത്തോളം വരുമെന്നാണു കണക്ക്. മൂന്നു വര്‍ഷം പ്രായമാകുന്നതോടെ പൂര്‍ണ വിളവ് ലഭിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് ഇതുവരെ പ്രശ്‌നമായിട്ടില്ലെന്നു ജോസഫ് പറഞ്ഞു. ആവശ്യത്തിനു കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണു പ്രശ്‌നം.

ചെടികള്‍ക്കു പറ്റിപ്പിടിച്ചു കയറി വളരാന്‍ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിക്കലാണ് ആദ്യ ജോലി. തൈകള്‍ക്കു വേരു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ വളര്‍ച്ച ത്വരിതഗ തിയിലാണ്. തായ് വേരില്ലാതെ ചുറ്റു വേരുകള്‍ മാത്രമുള്ള ചെടിയാണിത്.

സാധാരണ ചെടികള്‍ ഒരുമിച്ചാണു പൂവിടുന്നത്. അതുകൊണ്ടു തന്നെ വിളവെടുപ്പും ഒന്നിച്ചു നടത്താം. നിറയെ പൂമ്പൊടിയുമായി വലിയ പൂക്കളാണിതിനുള്ളത്. സന്ധ്യയ്ക്കാണു പൂ വിരിയുന്നത്. തേനീച്ച കള്‍ വഴിയാണു പരാഗണം. പൂക്കള്‍ വിരിയുന്ന കാലത്ത് പുലര്‍ച്ചെ തോട്ടത്തിലെത്തിയാല്‍ ധാരാളം തേനീച്ചകളെ കാണാം.

ജൈവ മാര്‍ഗത്തിലാണു ജോസഫിന്‍റെ കൃഷി. കോഴി കാഷ്ഠം, ചാണ കപ്പൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ യാണ് വളം. കീടനാശിനികളും രാസവളവും ഒട്ടും ഉപയോഗിക്കാറില്ല. അങ്ങനെ കാര്യമായ കീടബാധയുണ്ടാകാറില്ലെന്നും ജോസഫ് വെളിപ്പെടുത്തി. എന്നാല്‍, കളശല്യം രൂക്ഷമാണ്. ഇടവിട്ടുണ്ടാകുന്ന മഴയും കടുത്ത വെയിലുമാണ് കാരണം. കൃത്യമായ ഇടവേളകളില്‍ തോട്ടത്തില്‍ നിന്ന് യന്ത്രസഹായത്താല്‍ കളകളും പുല്ലും നീക്കം ചെയ്യും.

തോട്ടം കാണാനും കൃഷിയെക്കു റിച്ച് അറിയാനും പഠിക്കാനും സംസ്ഥാ നത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധിപ്പേരാണ് ജെ. ജെ. ഗാര്‍ഡന്‍സിലെത്തുന്നത്. ഒറ്റയ്ക്കും കുടുംബമായും വിവിധ ഗ്രൂപ്പുകളായും വരുന്നവരാണ് ഏറെയും. സന്ദര്‍ശകര്‍ക്ക് ഇരുന്നു വിശ്രമിക്കാന്‍ തോട്ടത്തില്‍ വിശ്രമകേന്ദ്രങ്ങളുണ്ട്.

ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള വാച്ച് ടവറില്‍ കയറിയാല്‍ തോട്ടത്തിന്‍റെ മനോഹരമായ ദൂരവീക്ഷണവും കാണാം. പഴത്തിനൊപ്പം തൈകളും, കോണ്‍ ക്രീറ്റ് കാലുകളും മിതമായ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഒപ്പം കൃഷിക്കാവശ്യമായ നിര്‍ദേശങ്ങളും.
ഫോണ്‍: 9446818547, 9447116731.

തോമസ് റാന്നി