നഷ്ടം താങ്ങാനാവുന്നില്ല; പിടിവിട്ട് കേരകര്‍ഷകന്‍
നഷ്ടം താങ്ങാനാവുന്നില്ല; പിടിവിട്ട് കേരകര്‍ഷകന്‍
Tuesday, September 13, 2022 4:53 PM IST
കേരത്തിന്‍റെ നാട് എന്ന പേരുമാത്രമേ ഇപ്പോള്‍ കേരളത്തിനുള്ളൂ. തെങ്ങു മാത്രം കൃഷി ചെയ്തു ജീവിക്കാന്‍ കഴിഞ്ഞിരുന്ന കാലം കേരളത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോഴതു തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. തെങ്ങും തേങ്ങ ഉത്പാദനവും അത്ര കുറവല്ലെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥ. കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2020-21 വര്‍ഷത്തില്‍ കേരളത്തില്‍ 7,60,700 ഹെക്ടര്‍ സ്ഥലത്ത് നാളികേരകൃഷിയുണ്ട്. 6974.50 ദശലക്ഷം തേങ്ങ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍, കര്‍ഷകനു കിട്ടുന്ന വില തുച്ഛമാണെന്നു മാത്രം. ഇന്നത്തെ നിലയ്ക്ക് ഒരു തേങ്ങയ്ക്ക് 10 രൂപ പോലും കിട്ടുന്നില്ല. വെളിച്ചെ ണ്ണയ്ക്കും ഭക്ഷ്യ ആവശ്യത്തിനുമാണ് 90 ശതമാനവും തേങ്ങ ഉപയോഗിക്കുന്നത്. ബാക്കി 10 ശതമാനം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും. ഏതാനും വര്‍ഷങ്ങളായി കൊപ്ര, വെളിച്ചെണ്ണ വിപണി ശക്തിപ്രാപിക്കുന്നത് തമിഴ്‌നാട് കേന്ദ്രീകരിച്ചാണെന്നതും കേരളത്തിന് ദോഷകരമായി.

സംഭരണം അശാസ്ത്രീയം

സംസ്ഥാനത്തെ 42 ലക്ഷത്തില ധികം വരുന്ന നാളികേര കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വിലത്തകര്‍ച്ച. ഇത് കൊവിഡ് ദുരന്തത്തിനു മുന്നില്‍ പക ച്ചു നില്‍ക്കുന്ന നാളികേര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധികളിലേക്കു തള്ളിവിടുകയാണ്. കൊപ്രായ്ക്കു കേന്ദ്രം 10,500 രൂപ താങ്ങുവില നിശ്ചയിച്ചെങ്കിലും 9,700 രൂപയാണു കര്‍ഷകനു കിട്ടുന്നത്. കൊപ്ര വില വര്‍ധിച്ചാല്‍ മാത്രമേ പച്ചതേങ്ങയ്ക്കു കൂടുതല്‍ വില കിട്ടുകയുള്ളൂ.

അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ മാത്രമാണ് കേരഫെഡ് ഇപ്പോള്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. എല്ലാ കൃഷി'ഭവനുകള്‍ വഴിയും സംഭരണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ കര്‍ഷകന് ന്യായവില ലഭിക്കുകയുള്ളൂ. സംഭരിച്ച തേങ്ങയുടെ വില അപ്പോള്‍ത്തന്നെ നല്‍കുകയും വേണം. പച്ചതേങ്ങ കിലോയ്ക്ക് 50 രൂപ നല്‍കാനും കേരഫെഡിന് വരുന്ന നഷ്ടം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കാനും സംവിധാനം വേണം.

കൊപ്രയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ സം'രണ ഏജന്‍സിയായ നാഫെഡ് മുഖേന കൊപ്ര സംഭരിക്കാന്‍ സംസ്ഥാന കൃഷി വകുപ്പു തീരുമാനിച്ചെങ്കിലും ഒരു കിലോപോലും സംഭരിക്കാനായില്ല. പച്ചതേങ്ങയ്ക്കു കിലോ 32 രൂപയാണു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില.

താങ്ങുവിലയും ചെലവും

സംഭരണം പേരിനു മാത്രമായതോടെ പച്ചത്തേങ്ങ തോട്ടങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. പിടിച്ചു നില്‍ക്കാന്‍ മാര്‍ഗമില്ലാതെ കിട്ടിയവിലയ്ക്ക് തേങ്ങ സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കേണ്ട ഗതികേടിലാണു കര്‍ഷകര്‍. ഇളനീരിനും വെളിച്ചെണ്ണയ്ക്കുമൊക്കെ വിലയുണ്ടെങ്കിലും നാളികേരത്തിന് വിലയില്ല.

തെങ്ങ് പരിപാലനത്തിനു മാത്രം പ്രതിവര്‍ഷം 800 മുതല്‍ 1000 രൂപവരെ ചെലവ് വരും. പച്ചിലവളവും കാലിവളവും കൃത്യമായ ഇടവേളകളില്‍ നല്‍കണം. അത്യാവശ്യത്തിനു രാസവള പ്രയോഗവും വേണം. വളങ്ങളുടെ വില സമീപകാലത്ത് റോക്കറ്റുപോലെയാണ് കുതിക്കുന്നത്. തൊഴിലാളികള്‍ക്ക് 750 രൂപ മുതലാണു ദിവസക്കൂലി. തേങ്ങിയിടാന്‍ തെങ്ങൊന്നിന് 60 രൂപ മുതല്‍ കയറ്റക്കൂലിയുണ്ട്. മിക്ക തെങ്ങുകളിലും കായ്ഫലം കുറവായതിനാല്‍ കൂലിക്കുള്ള തേങ്ങപോലും കിട്ടാറില്ല.


തേങ്ങയൊന്നിന് ഒന്നേകാല്‍ രൂപവരെ പൊളികൂലി കൊടുക്കണം. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഉത്പാദന ക്ഷമതയുടെ കുറവും കൂടിയായപ്പോള്‍ നാളികേര കര്‍ഷകന്റെ നടുവൊടിഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സാധിക്കാത്തതെ വന്നതും കേരളത്തിലെ നാളികേര കര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്ക്തള്ളിവിട്ടു.

വില സ്ഥിരത ഉറപ്പാക്കണം

വിലയിടിവ് തടഞ്ഞ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനാണു കാര്‍ഷികോത്പന്നങ്ങള്‍ക്കു സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്നത്. ഉത്പാദനച്ചെലവ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നോക്കിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. കൃഷിയെ താങ്ങിനിറുത്താന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ സംഭരണത്തിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുകയാണ് വേണ്ടത്.

ജോണ്‍സണ്‍ വേങ്ങത്തടം


മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം


കെ.എം. സുരേഷ് ബാബു (സംസ്ഥാന ജനറല്‍ സെക്രട്ടറി, നാളികേര കര്‍ഷക സമതി)

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്‍റെ 90 ശതമാനവും വെളിച്ചെണ്ണയ്ക്കും 'ഭക്ഷ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. 10 ശതമാനം മാത്രമാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. വൈവിധ്യമാര്‍ന്ന നാളികേര ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും നാളികേര കൃഷിയെ ലാഭകരമാക്കും. വെളിച്ചെണ്ണയ്ക്ക് വിലയിടിഞ്ഞാലും മറ്റ് ഉത്പന്നങ്ങള്‍ക്കു മുന്തിയ വില കിട്ടും.

ഇതുവഴി തേങ്ങയുടെ വില പിടിച്ചുനിറുത്താന്‍ കഴിയും. നാളികേര സംഭരണത്തിനൊപ്പം ഇതുമൊരു ദൗത്യമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന കേന്ദ്രം താലുക്ക് തലത്തില്‍ ആരംഭിക്കണം. കേര നഴ്‌സറികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുകയും നാളികേര വികസന ബോര്‍ഡിന് മേഖല ഓഫീസ് കോഴിക്കോട്ട് ആരംഭിക്കുകയും വേണം.