ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
Thursday, August 4, 2022 3:15 PM IST
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന്‍ ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവും ശംഖുപുഷ്പവും, മന്ദാരവും, ചെത്തിയും പിന്നെ പല വര്‍ണങ്ങളില്‍ ചെമ്പരത്തിയും ചെമ്പകവും... വീട്ടുമുറ്റത്തെ മതിലിലേക്കു ചാഞ്ഞു നില്‍ക്കുന്ന പിച്ചിപ്പൂക്കളുടെ നറുമണവും ഭംഗിയും സവിശേഷം തന്നെയാണ്. നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണപ്പെടുന്ന മുക്കുറ്റിയും, തുമ്പയും പൂവാംകുറിന്നിലയും മറ്റൊരു അപൂര്‍വത.

തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തെ ഏറത്തുവീട്ടിലാണ് ഈ ഉദ്യാനസൗന്ദര്യം. നാടന്‍ പൂക്കളാണ് ഇവിടെ അധികവും. എങ്കിലും കലേഡിയം, കലാത്തിയ, കോളിയസ് (കണ്ണാടിച്ചെടി) എപ്പീസിയ, അലോക്കേഷിയ തുടങ്ങിയ ഇലവര്‍ഗ, പുഷ്പ ചെടികളുമുണ്ട്. സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാന അധ്യാപികയായി വിരമിച്ച ശ്രീകുമാരി അമ്മയുടെ വീടാണിത്. ശ്രീകുമാരി അമ്മയുടെ മകളും കൃഷി വകുപ്പിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടറുമായ സി. എസ്. ലേഖയാണ് അമ്മയുടെ വീട്ടുമുറ്റം ഇത്രമേല്‍ പുഷ്പ സമൃദ്ധമാക്കുന്നത്.

കുറ്റിമുല്ലകളും നാടന്‍ റോസാപുഷ്പങ്ങളുടെ ഒരു വലിയ ശേഖരവും ഉദ്യാനഭംഗി വര്‍ധിപ്പിക്കുന്നു. പനിനീര്‍ റോസ, ബുണ്‍ റോസ, നാടന്‍ ചുവന്ന റോസ, വെള്ളയും ഇളം റോസും കലര്‍ന്ന പഴയ നാടന്‍ റോസകള്‍ എന്നിവ കൗതുകമുണര്‍ത്തും. ഓറഞ്ച്, ചുവപ്പ്, റോസ്, വെള്ള നിറങ്ങളിലെ ചെത്തി കുലകള്‍ മനോഹര കാഴ്ചയാണ്. ചെമ്പരത്തിയുടെ വിവിധ ഇനങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.

നാടന്‍ പുഷ്പ ചെടികളെ ആധുനിക ഗാര്‍ഡനിംഗ് സംവിധാനം ഉപയോഗിച്ച് ഭംഗിയായി ഒരുക്കിയിരിക്കുന്നു എന്നത് ഉദ്യാനത്തിന്റെ പ്രത്യേകതയാണ്. കമ്പി വളച്ച് കുടപോലെയാക്കി അതില്‍ പടര്‍ത്തിയിരിക്കുന്നത് ശംഖുപുഷ്പവും നാടന്‍ പിച്ചിചെടിയും. പത്തുമണിചെടികളുടെ വിവിധ തരവും കാണാം. പത്തു വര്‍ഷം കൊണ്ട് തീര്‍ത്തെടുത്തതാണ് ഈ ഉദ്യാന ലാവണ്യം.

സ്വപ്നസാക്ഷാത്കാരം

പുഷ്പചെടികളുടെയും പച്ചക്കറികളുടെയും കൃഷി പണ്ടു മുതലേ ലേഖയുടെ സ്വപ്നങ്ങളായിരുന്നു. കൃഷി വകുപ്പിലാണ് ജോലി ചെയ്തിരുന്നതെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമായിരുന്നതിനാല്‍ കൃഷിയില്‍ വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.



എങ്കിലും ഇക്കാലത്ത് വീട്ടുമുറ്റത്ത് അത്യാവശ്യം ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. 2021 ല്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്ത ശേഷമാണ് ഉദ്യാന പരിപാലനത്തിനു കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയത്. അതു പ്രധാനമായും അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നു. അടുത്തടുത്താണ് വീടുകള്‍. രണ്ട് വീടുകളിലും ഉദ്യാനം ഒരുക്കാന്‍ അത് കൂടുതല്‍ സഹായകമായി.

നാടന്‍ പുഷ്പചെടികളാണ് അധികവും. അതിനാല്‍ വലിയ വളപ്രയോഗമൊന്നും നടത്താറില്ല. ചാണകപൊടിയാണ് കൂടുതലും ഉപയോഗിക്കുന്നത്. നഴ്‌സറികളില്‍ നിന്നു വാങ്ങുന്നവയും വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിച്ചവയുമാണ് ഉദ്യാനത്തിലുള്ളത്. ചാണകപ്പൊടിയില്‍ നിന്നാണ് മുക്കുറ്റിയും തുമ്പയും എത്തിയത്.

ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്കും പ്രായമായവര്‍ക്കും ഉണ്ടാകാറുള്ള വിരസതയെ ഒരുപരിധിവരെ ചെറുക്കാന്‍ ഉദ്യാന പരിപാലനങ്ങള്‍ക്കു കഴിയുമെന്ന അഭിപ്രായവും സി. എസ് ലേഖയ്ക്കുണ്ട്. മഴക്കാലം പല പൂച്ചെടികള്‍ക്കും ദോഷമാണെങ്കിലും നന്ദ്യാര്‍വട്ടം, കനകാംബരം തുടങ്ങിയവയെ മഴ ബാധിക്കാറില്ല. ഇവിടെ നാടന്‍ റോസയായതിനാല്‍ ഹൈബ്രിഡ് ഇനങ്ങള്‍ക്കു നല്കുന്ന പരിചരണം വേണ്ടി വരുന്നുമില്ല. എല്ലാ മാസത്തിലും ചാണകപ്പൊടി നന്നായി ഇട്ടു കൊടുക്കും.

പുഷ്പിക്കുന്ന ചെടികള്‍ക്കും ഫ്‌ളവര്‍ ഫെര്‍ട്ടിലൈസര്‍ രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കും. പല ചെടികളുടെയും ഇലകള്‍ ചുവട്ടില്‍ വീണു പ്രകൃതിദത്തമായ വളമായി മാറുകയും ചെയ്യുന്നു. ജൈവ കീടനാശിനിയാണു തളിക്കുന്നത്. കൃത്യ സമയത്ത് പ്രൂണിംഗ് നടത്തുകയും ചെയ്യും. ഫോണ്‍: 9947674468

എസ്. മഞ്ജുളാദേവി