ഫെഡറല്‍ ബാങ്ക് റുപേ സിഗ്‌നെറ്റ് കോണ്‍ടാക്റ്റ്ലെസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
ഫെഡറല്‍ ബാങ്ക്  റുപേ സിഗ്‌നെറ്റ് കോണ്‍ടാക്റ്റ്ലെസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
Tuesday, September 28, 2021 8:54 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക്, നാഷണല്‍ പേമെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്നു "ഫെഡറല്‍ ബാങ്ക് റുപേ സിഗ്‌നെറ്റ് കോണ്‍ടാക്റ്റ്ലെസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി.

പ്രതിവര്‍ഷം 5.88 ശതമാനം വാര്‍ഷിക പലിശയാണ് ഈ കാര്‍ഡിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. യാത്ര, ഭക്ഷണം, ഷോപ്പിംഗ്, സ്പോര്‍ട്സ്, വിനോദം, ജീവിതശൈലി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന സൗജന്യങ്ങള്‍ റുപേ സിഗ്‌നെറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും. ഡിജിറ്റലായും കാര്‍ഡ് വാങ്ങാന്‍ സാധിക്കും.

ആമസോണ്‍ ഗിഫ്റ്റ് വൗച്ചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്‍റുകള്‍, സ്വാഗത സൗജന്യങ്ങള്‍, ഇനോക്സില്‍ വണ്‍ ഗെറ്റ് വണ്‍ സൗജന്യ വാഗ്ദാനം, കോപ്ലിമെന്‍ററി അംഗത്വ പരിപാടികള്‍, കോപ്ലിമെന്‍ററി സ്വിഗി വൗച്ചറുകള്‍, ആഭ്യന്തര, അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ സൗജന്യമായി ലോഞ്ച് തുടങ്ങിയ സൗകര്യങ്ങൾ നിലവിലുള്ള ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് വാങ്ങുമ്പോള്‍ ലഭ്യമാകും.

ഫെഡറല്‍ ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വെറും മൂന്നു ക്ലിക്കുകൊണ്ട് കാര്‍ഡ് ലഭ്യമാകും. തുടര്‍ന്നു ഫിസിക്കല്‍ കാര്‍ഡ് ഉപയോക്താവിനു കൈമാറും. പുതുതലമുറ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള കാര്‍ഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്പോൾ പ്രത്യേക ഇളവും ലഭിക്കും.

പുതിയ കാലത്തെ ഉപയോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായ വിധത്തിലാണ് ഫെഡറല്‍ ബാങ്ക് റുപേ സിഗ്നെറ്റ് കോണ്‍ടാക്റ്റ്ലെസ് ക്രെഡിറ്റ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായ് പറഞ്ഞു.

പുതിയ ഉത്പന്നത്തിലൂടെ ഫെഡറല്‍ ബാങ്ക് വീണ്ടും "ഡിജിറ്റല്‍ അറ്റ് ദി ഫോര്‍, ഹ്യൂമന്‍ അറ്റ് ദി കോര്‍' എന്ന മന്ത്രം ഉറപ്പുവരുത്തിയിരിക്കുകയാണെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ശാലിനി വാര്യര്‍ പറഞ്ഞു.