പരിചയപ്പെടാം!! വിവിധതരം കർക്കടക വിഭവങ്ങളെക്കുറിച്ച്
പരിചയപ്പെടാം!! വിവിധതരം കർക്കടക വിഭവങ്ങളെക്കുറിച്ച്
Thursday, August 26, 2021 4:25 PM IST
കർക്കടകത്തിൽ ഇലക്കറികൾ കഴിക്കുന്ന ശീലം മലയാളിക്കുണ്ട്. ഏതാനും കർക്കടക വിഭവങ്ങളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാലക്- ദാൽ കറി



ചേരുവകൾ

പാലക് ചീര- ഒരു കെട്ട്
ചെറുപയർപരിപ്പ്- അരക്കപ്പ്
മഞ്ഞൾപ്പൊടി- അര ടീ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

അരപ്പിന്

തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്
മുളകുപൊടി- ഒരു ടീ സ്പൂണ്‍
ജീരകം- കാൽ ടീ സ്പൂണ്‍

വറുത്തിടാൻ

ഉണക്കമുളക്- രണ്ട് എണ്ണം
കടുക്- കാൽ ടീ സ്പൂണ്‍
ഉഴുന്ന്- കാൽ ടീ സ്പൂണ്‍
എണ്ണ- ഒരു ടീ സ്പൂണ്‍

തയാറാക്കുന്നവിധം

പാലക് ചീര കഴുകി വൃത്തിയാക്കി ഒരിഞ്ച് നീളത്തിൽ അരിഞ്ഞ് ഉപ്പും മഞ്ഞളും അൽപം വെള്ളവും ചേർത്ത് വേവിച്ച് വാങ്ങുക. ചെറുപയർപരിപ്പ് വേവിച്ച് ഇതിൽ ചേർക്കണം. അരയ്ക്കാൻ കുറിച്ചവയും നന്നായി അരച്ച് ഇതിൽ ചേർക്കുക.

ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുന്പോൾ ഉണക്കമുളക് മുറിച്ചിടണം. കടുകും ഉഴുന്നുമിട്ട് വറുത്ത് കടുക് പൊട്ടുന്പോൾ കറി ഇതിലേക്ക് പകർന്ന് ഇളക്കി ഒരു തിള വന്നാൽ ഉടൻ വാങ്ങാം.
(കുറിപ്പ്- ഇലക്കറികൾ കൊണ്ടുള്ള കറികളിൽ കറിവേപ്പില ചേർക്കേണ്ടതില്ല.)


ചീരപ്പുളിശേരി



ചേരുവകൾ

വെള്ളച്ചീര- കാൽ കിലോ
വെള്ളരിക്ക- 50 ഗ്രാം
മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പച്ചമാങ്ങ- ഒരു ചെറുതിന്‍റെ കാൽഭാഗം
ചുരണ്ടിയ തേങ്ങ- ഒരു കപ്പ്
ചക്കക്കുരു- ആറ് എണ്ണം
ജീരകം- കാൽ ടീ സ്പൂണ്‍
മുളകുപൊടി- ഒരു ടീ സ്പൂണ്‍
കടുക്- കാൽ ടീ സ്പൂണ്‍
ഉലുവ- കാൽ ടീ സ്പൂണ്‍
ഉണക്കമുളക്- രണ്ട് എണ്ണം
എണ്ണ- രണ്ട് ടീ സ്പൂണ്‍

തയാറാക്കുന്നവിധം

ചീര കഴുകി ചെറുതായി അരിയുക. ചക്കക്കുരു നീളത്തിൽ ആറായി മുറിക്കണം. പച്ചമാങ്ങ ചെറുതായി അരിയുക. വെളളരിക്കയുടെ തൊലിയും കുരുവും കളഞ്ഞ് ചെറുതായി അരിഞ്ഞ് കഴുകിവാരി ചീരയ്ക്കും മാങ്ങയ്ക്കുമൊപ്പം ഉപ്പും മഞ്ഞളും ചേർത്ത് കുറച്ചു വെള്ളത്തിലിട്ട് വേവിക്കണം.

തേങ്ങ, ജീരകം, മുളകുപൊടി എന്നിവ വെണ്ണപോലെയരച്ച് കഷണത്തോടൊപ്പം ചേർക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുകും ഉലുവയും ഉണക്കമുളകുമിട്ട് വറുത്ത് കടുകുപൊട്ടുന്പോൾ കറി ഇതിലേക്ക് ഒഴിച്ച് ഒരു തിളവന്നാലുടൻ വാങ്ങാം.

ഉലുവ- കാബേജ് തോരൻ



ചേരുവകൾ

ഉലുവയില- ഒരു കെട്ട്
കാബേജ്- അരക്കിലോ
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നേകാൽ കപ്പ്
മുളകുപൊടി- ഒരു ടീ സ്പൂണ്‍
ജീരകം- കാൽ ടീ സ്പൂണ്‍
ഉള്ളി- രണ്ട് എണ്ണം
കടുക്- കാൽ ടീ സ്പൂണ്‍
ഉഴുന്ന്- കാൽ ടീ സ്പൂണ്‍
ഉണക്കമുളക്- മൂന്ന് എണ്ണം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്നവിധം

കാബേജും ഉലുവയിലയും കഴുകി ചചെറുതായി അരിയുക. ഇതിൽ ഉപ്പും മഞ്ഞളും തിരുമിപ്പിടിപ്പിക്കണം. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുന്പോൾ ഉണക്കമുളക് രണ്ടായി മുറിച്ചത് ഇടുക. കടുകും ഉഴുന്നുമിട്ട് വറുക്കണം. കടുക് പൊട്ടുന്പോൾ അരിഞ്ഞുവച്ചവ ഇതിലിട്ട് അൽപം വെള്ളം തളിച്ച് വേവിക്കാൻ വയ്ക്കുക.തേങ്ങ, ജീരകം, മുളകുപൊടി എന്നിവ നന്നായി ചതയ്ക്കണം. ഇതിൽ ചതച്ച ഉള്ളി വെന്ത കഷണത്തോടൊപ്പം തേർത്ത് ഇളക്കി നന്നായി ഉലർത്തി വാങ്ങാം.

ചീര അവിയൽ



ചേരുവകൾ

ചുവപ്പു ചീര ചെറുതായി അരിഞ്ഞത്- അരക്കിലോ
പച്ചമാങ്ങ നീളത്തിൽ അരിഞ്ഞത്- കാൽ ഭാഗം
ചക്കക്കുരു നീളത്തിൽ അരിഞ്ഞത്- ആറ് എണ്ണം
ചീരത്തണ്ട് ചെറുവിരൽ നീളത്തിൽ അരിഞ്ഞത്- ഒരു കപ്പ്

ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂണ്‍
ഉള്ളി- രണ്ട് എണ്ണം
ജീരകം- കാൽ ടീ സ്പൂണ്‍
മുളകുപൊടി- ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്നവിധം

ചീര, പച്ചമാങ്ങ, ചക്കക്കുരു, ചീരത്തണ്ട് എന്നിവ കഴുകി അരിഞ്ഞത് ഒരു പാത്രത്തിലാക്കുക. ഉപ്പും മഞ്ഞളും അൽപം വെള്ളവും ചേർത്ത് ഇത് വേവിച്ചു വാങ്ങണം. തേങ്ങ, ജീരകം, മുളകുപൊടി, ഇഞ്ചി എന്നിവ തരുതരുപ്പായി അരച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കുക. ഇളക്കി ഉടൻ വാങ്ങി വെളിച്ചെണ്ണ ഒഴിച്ചിളക്കി അൽപനേരം അടച്ചുവച്ചതിനുശേഷം വിളന്പാം.

തഴുതാമയില- പയറില എരിശേരി



ചേരുവകൾ

തഴുതാമയില ചെറുതായി അരിഞ്ഞത്- രണ്ട് കപ്പ്
പയറില- രണ്ടു കപ്പ്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂണ്‍
ചുരണ്ടിയ തേങ്ങ- ഒന്നരക്കപ്പ് + ഒരു ടേബിൾ സ്പൂണ്‍
വെളുത്തുള്ളി- രണ്ട് അല്ലി
മുളകുപൊടി- ഒരു ടീ സ്പൂണ്‍
കുരുമുളക്- മൂന്ന് എണ്ണം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
ഉണക്കമുളക്- രണ്ട് എണ്ണം
കടുക്- കാൽ ടീ സ്പൂണ്‍
ഉഴുന്ന്- കാൽ ടീ സ്പൂണ്‍

തയാറാക്കുന്നവിധം

മുക്കാൽ ടീ സ്പൂണ്‍ എണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാകുന്പോൾ കടുക് ഇടുക. തുടർന്ന് ഉണക്കമുളക് രണ്ടായി മുറിച്ചതും ഉഴുന്നും ഇട്ട് വറുത്ത് കടുകുപൊട്ടിയാൽ ഇലകൾ കഴുകി അരിഞ്ഞതിട്ട് ഇളക്കണം. ഉപ്പും മഞ്ഞളും ചേർക്കുക. അൽപം വെള്ളം തളിച്ച് ഇത് വേവിക്കണം.
തേങ്ങയും കുരുമുളകും മുളകുപൊടിയും തരുതരുപ്പായി അരയ്ക്കുക. ചതച്ച വെളുത്തുള്ളി ഇതിൽ ചേർക്കണം. ഈ അരപ്പ് കുറച്ചു വെള്ളത്തിൽ കലക്കി വെന്ത കഷണത്തോടൊപ്പം ചേർക്കുക. ഒരു തിള വന്നാലുടൻ വാങ്ങാം. കാൽ ടേബിൾ സ്പൂണ്‍ എണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ തേങ്ങായിട്ട് വറുത്ത് ബ്രൗണ്‍ നിറമായാൽ കറിയിലേക്ക് കോരിയിടുക.

മത്തനില- മുളപ്പയർ പച്ചടി

ചേരുവകൾ

മത്തനില ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്- നാല് കപ്പ്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- ഒരു ടീ സ്പൂണ്‍
മുളപ്പയർ- അരക്കപ്പ്
തൈര്- അരക്കപ്പ്
ചുരണ്ടിയ തേങ്ങ- ഒന്നരക്കപ്പ്
പച്ചമുളക്- രണ്ട് എണ്ണം
കടുക്- അര ടീ സ്പൂണ്‍
ഉലുവ- കാൽ ടീ സ്പൂണ്‍
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി- കാൽ ടീ സ്പൂണ്‍
ഉണക്കമുളക് രണ്ടായി മുറിച്ചത്- രണ്ട് എണ്ണം

തയാറാക്കുന്നവിധം

മത്തനില അരിഞ്ഞതും പയറു മുളപ്പിച്ചതും ഒരുമിച്ചാക്കി ഉപ്പും മഞ്ഞളും കുറച്ചു വെള്ളവും ചേർത്ത് വേവിച്ച് വാങ്ങുക. തേങ്ങ, പച്ചമുളക്, കാൽ ടീ സ്പൂണ്‍ കടുക്, മുളകുപൊടി എന്നിവ നന്നായി അരച്ച് വെന്ത കഷണത്തോടൊപ്പം ചേർക്കണം. ഇതിൽ തൈരും ഒഴിച്ച് ഇളക്കി വയ്ക്കുക.
ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുന്പോൾ ഉണക്കമുളക്, ഉലുവ, കാൽ ടീ സ്പൂണ്‍ കടുക് എന്നിവയിട്ട് വറുക്കണം. കടുക് പൊട്ടിയാൽ കൂട്ട് ചേർത്ത് കറി ഇതിലേക്ക് പകർന്ന് ഒരു തിള വന്നാലുടൻ വാങ്ങാം.

ചേന്പിൻതാൾ തീയൽ

ചേരുവകൾ

ചേന്പിന്‍റെ തണ്ട്(താൾ)- ഒരെണ്ണം
ഉള്ളി ചെറുതായി അരിഞ്ഞത് - 12 എണ്ണം
പച്ചമുളക് പിളർന്നത്- രണ്ട് എണ്ണം
ഉണക്കമുളക് - നാല് എണ്ണം
മഞ്ഞൾപ്പൊടി- ഒരു ടീ സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നരക്കപ്പ്
മല്ലി- ഒരു ടേബിൾ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
പുളി- ഒരു ചുള
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
കടുക്- കാൽ ടീ സ്പൂണ്‍
ഉലുവ- കാൽ ടീ സ്പൂണ്‍

തയാറാക്കുന്നവിധം

തേങ്ങ, മൂന്ന് ഉണക്കമുളക്, രണ്ട് ഉള്ളി അരിഞ്ഞത്, മല്ലി, ഒരു തണ്ട് കറിവേപ്പില എന്നിവ എണ്ണയിൽ വറുത്ത് ബ്രൗണ്‍ നിറമാക്കുക. ആറിയശേഷം മിക്സി ജാറിലാക്കി പൊടിച്ച് അൽപം വെളളം തളിച്ച് കുതിർത്ത് പുളിയും ചേർത്ത് നന്നായി അരച്ചെടുക്കണം. താള് ഒരിഞ്ച് നീളത്തിൽ അരിയുക. ഇതിൽ പത്ത് ഉള്ളി അരിഞ്ഞതും പച്ചമുളകും ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചു വാങ്ങുക. തുടർന്ന് അരപ്പിട്ട് ഇളക്കണം. കടുകും ഉലുവയും ഒരു തണ്ട് കറിവേപ്പിലയയും ഒരു ഉണക്കമുളകും അര ടേബിൾ സ്പൂണ്‍ എണ്ണയിൽ വറുക്കുക. കറിയിൽ ഇത് താളിച്ച് വാങ്ങാം.