കോവിഡില്‍ പകച്ച്
കോവിഡില്‍ പകച്ച്
Friday, June 18, 2021 3:48 PM IST
പതിമൂന്നു വയസുകാരിയായ നിഷ ചെറുപ്പം മുതലേ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം വിദേശത്താണ് താമസം. ഇപ്പോള്‍ അവളുടെ സഹോദരന്‍ മറ്റൊരു രാജ്യത്ത് ഉപരിപഠനത്തിനായി പോയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് മാതാപിതാക്കള്‍ ജോലിക്കുപോയപ്പോള്‍ പകല്‍ സമയത്ത് പലപ്പോഴും നിഷ തനിച്ചായിരുന്നു. കുറച്ചുനാളുകളായി നിഷയെ ഗുരുതരമായ ഒരു പ്രശ്‌നം ബാധിച്ചിരിക്കുന്നുവെന്നു പറഞ്ഞാണ് നിഷയുടെ അമ്മ എന്റെ ഫോണിലേക്ക് വിളിച്ചത്.

മൂന്നുമാസമായി തങ്ങള്‍ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ആകാതെ കടുത്ത മാനസികവിഷമത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്തു വസ്തുവില്‍ തൊട്ടാലും അത് അശുദ്ധമാണെന്നുള്ള തോന്നലാണ് നിഷയ്ക്കുള്ളത്. ആ അശുദ്ധി മാറ്റാന്‍ നിരന്തരം കൈകഴുകുകയും കുളിക്കുകയും ചെയ്യുന്നു. പൂര്‍ണമായും ശുദ്ധമായില്ല എന്ന തോന്നല്‍ മൂലം കൈകഴുകലും കുളിയും മണിക്കൂറുകളോളം നീളുന്നു. ഒരു സാനിറ്റൈസര്‍ കുപ്പി ഒരു ദിവസത്തേക്കു തികയുന്നില്ല. എന്തില്‍ തൊട്ടാലും ആരു തൊട്ടാലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുദ്ധമാക്കിയില്ലെങ്കില്‍ അവള്‍ ബഹളം വയ്ക്കും. മുമ്പൊക്കെ നിഷ കൂട്ടുകാരുമൊത്ത് പാര്‍ക്കിലും മാളുകളിലുമൊക്കെ പോയിരുന്നു. എന്നാല്‍, ഇന്ന് അശുദ്ധമാകുമെന്ന ഭയത്തില്‍ പുറത്തേക്കിറങ്ങാന്‍ അവള്‍ മടിക്കുന്നു. ഒരു ദിവസം കൂട്ടുകാര്‍ വന്നു പുറത്തുപോകാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ മാതാപിതാക്കളും അതിനെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍, അവള്‍ കരഞ്ഞുകൊണ്ട് സ്വന്തം മുറിയിലേക്ക് ഓടി അകത്തുനിന്ന് കതകടച്ചു. സ്വന്തം മുറിയിലെ കസേരയിലും കട്ടിലിലും മാത്രമേ അവള്‍ ഇരിക്കുകയും കിടക്കുകയും ചെയ്യും. മറ്റാരെങ്കിലും അതില്‍ തൊട്ടാല്‍ അസ്വസ്ഥയാകും. സാനിറ്റൈസര്‍ ഉപയോഗിച്ച് തുടക്കാതെ അവയില്‍ തൊടില്ല.

സ്വീകരണമുറിയിലേക്ക് വല്ലപ്പോഴും ഇറങ്ങിയാല്‍ മാതാപിതാക്കള്‍ ഇരുന്ന കസേരയിലോ സോഫയിലോ തൊടുകപോലും ചെയ്യില്ല. ടാബ് ചാര്‍ജ് ചെയ്യാനായി ഫ്രിഡ്ജിന്റെ മുകളില്‍ വച്ചാല്‍ അതില്‍ ആരെങ്കിലും തൊടുന്നുണ്ടോയെന്നു നോക്കിനില്‍ക്കും. ആരെങ്കിലും ഫ്രിഡ്ജിന്റെ മുകളിലോ വയറിലോ തൊട്ടാല്‍ ബഹളമുണ്ടാക്കുകയും തുടയ്ക്കുകയും ചെയ്യും. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ കതകു തുറന്നുകൊടുത്തശേഷം കതകില്‍ തൊട്ട് അശുദ്ധിമാറ്റാന്‍ നിരന്തരം കതകിന്റെ പിടിയിലും കൈയിലും സാനിറ്റൈസര്‍ പുരിക്കൊണ്ടിരിക്കും. മാതാപിതാക്കള്‍ വസ്ത്രങ്ങള്‍ നേരെ വാഷിംഗ് മെഷീനിലിട്ട് കുളിച്ച് പുതിയ വസ്ത്രം ധരിച്ചല്ലാതെ അടുക്കളയിലോ മറ്റു മുറികളിലോ കയറാന്‍ അവന്‍ സമ്മതിക്കില്ല. അവളുടെ ഫോണ്‍ മാതാപിതാക്കളെടുത്താന്‍ വഴക്കുണ്ടാക്കുകയും അത് സാനിറ്റൈസ് ചെയ്യുകയും ചെയ്യും.

പ്രാര്‍ഥിക്കാനായി മാതാപിതാക്കള്‍ക്കൊപ്പം നിലത്തിരിക്കുകയാണ് അതുവരെയുള്ള പതിവ്. എന്നാല്‍ ഇപ്പോള്‍ നിലത്തിരുന്നാല്‍ അശുദ്ധമാകുമെന്ന് ഭയന്ന് അവളുടെ കസേരയില്‍ ഇരുന്നേ പ്രാര്‍ഥിക്കാറുള്ളൂ. കുളിക്കാന്‍ മണിക്കൂറുകളോളം സമയമെടുക്കും. ടാപ്പ് അടക്കാനും ശരീരം തുടച്ച ടര്‍ക്കി കഴുകാനും അമ്മ വരണം. വീണ്ടും അതില്‍ തൊട്ടാല്‍ ശരീരം അശുദ്ധമാകുമെന്ന തോന്നലാണ്. അതിഥികള്‍ വീട്ടില്‍ വന്നാല്‍ അവര്‍ പോയിക്കഴിയുമ്പോള്‍ ബഹളം ഉണ്ടാക്കുകയും വീട് തുടയ്ക്കുകയും ചെയ്യും.

ഇത്തരം ചിന്തകളും പ്രവൃത്തികളും ഉണ്ടായതുമൂലം കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കളോടുളള അവളുടെ ബന്ധം നഷ്ടപ്പെട്ടു. പഠനത്തിലും പിന്നോക്കമായി. ഭക്ഷണസാധനങ്ങളെല്ലാം സംശയത്തോടെയായിരുന്നു അവള്‍ നോക്കിയിരുന്നത്. മനോരോഗവിദഗ്ധനില്‍ നിന്നു മൂന്നുമാസം മരുന്നു കഴിച്ചെങ്കിലും മാറ്റമുണ്ടായില്ല. സൈക്കോതെറാപ്പിയും ആവശ്യമാണെന്ന് ആ ഡോക്ടര്‍ പറഞ്ഞപ്രകാരമാണ് എന്നെ വിളിച്ചത്.

ഒബ്‌സെസീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ എന്ന രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു അത്. എന്നാല്‍ ആ രോഗമാണെന്ന് തീരുമാനിക്കണമെങ്കില്‍ ഒസിഡി സ്‌കെയിലും എസ്യുഡി സ്‌കെയിലും ഉപയോഗിച്ച് രോഗത്തിന്റെ മാനദണ്ഡങ്ങളെല്ലാം ഉണ്ടോയെന്ന് കണ്ടെത്തിയശേഷം മാത്രമേ സാധിക്കൂ. എന്നാല്‍ ഇവിടെ ആ മാനദങ്ങളെല്ലാം ഇല്ലാത്തതിനാല്‍ പെെട്ടന്നുണ്ടായ ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒസിഡി പോലെയുള്ള ഒരു പ്രതിഭാസമാണ് ഉണ്ടായതെന്നു പറയാം.

രോഗകാരണം

നിഷയുടെ ഫ്‌ളാറ്റിനു താഴത്തെ നിലയിലുള്ള സഹപാഠിയെ കാണാന്‍ ഒരു ദിവസം അവള്‍ അവിടെപ്പോയി. അവിടെവച്ച് അമ്മയുടെ സഹപ്രവര്‍ത്തകയായ ഒരു ആന്റിയെ കണ്ടു. അവര്‍ നിഷയുടെ കൈയില്‍പ്പിടിച്ച് അഭിവാദ്യം ചെയ്തു സംസാരിച്ചു. പിറ്റേന്ന് അവര്‍ക്ക് കോവിഡ് ആണെന്ന വാര്‍ത്ത അറിഞ്ഞ് നിഷ ഞെട്ടിത്തരിച്ചുപ്പോയി. അവള്‍ വലിയ ശബ്ദമുണ്ടാക്കി മുറിയിലേക്ക് ഓടിപ്പോയി. അതിനുശേഷമാണ് മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണിച്ചുത്തുടങ്ങിയത്.


ഒബ്‌സസീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍

ഒസിഡി എന്നാണ് സാധാരണയായി ഈ രോഗം അറിയപ്പെടുന്നത്. സ്ഥിരവും ശക്തവുമായ യുക്തിരഹിത ചിന്തകള്‍ മനസിലുണ്ടായി ഭയം ഉളവാക്കും. ആ ഭയത്തില്‍ നിന്നു രക്ഷനേടാന്‍ ആവര്‍ത്തിച്ചുള്ള ചില അനുഷ്ഠാനങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ അടിസ്ഥാന ലക്ഷണം. ഉദാഹരണത്തിന് തൊട്ടപ്പോള്‍ അശുദ്ധിയുണ്ടായി എന്ന് ശക്തമായ ചിന്ത വരുമ്പോള്‍ നിര്‍ത്താതെ കഴുകി സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നുവെങ്കിലും പൂര്‍ണമായി സമാധാനം ലഭിക്കാത്തതിനാല്‍ കഴുകല്‍ നീണ്ടുപോകുന്നു.

കാരണങ്ങള്‍

തലച്ചോറിലെ രാസഘടനയുടെ വ്യത്യാസം, തലച്ചോറിലെ ഘടനാപരവും പ്രവൃത്തിപരവുമായ വൈകല്യങ്ങള്‍ എന്നിവയും ഒസിഡിക്ക് കാരണമാകും. ജനിതകാരണങ്ങള്‍, പാരമ്പര്യ കാരണങ്ങള്‍ ഇവയും ഒസിഡിക്ക് പ്രേരകമാകാം. വികലമായ അനുഭവങ്ങളും ഭയവും ഒസിഡിപോലെയുള്ള ലക്ഷണങ്ങള്‍ തെറ്റിധാരണയില്‍ നിന്നുളവാകുന്ന വിശ്വാസങ്ങള്‍ എന്നിവ ഒസിഡി ലക്ഷണങ്ങളെ ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യും.

ഒബ്‌സെസീവ് ചിന്തകള്‍ പ്രധാനമായും താഴെ പറയുന്നവയാണ്.

1. ഒബ്‌സെഷന്‍ ഓഫ് ചെക്കിംഗ്

ഒരു കാര്യം ചെയ്തത് ശരിയായോ എന്നു വീണ്ടും വീണ്ടും പരിശോധിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നു. കതക് പൂട്ടിയോ ഗ്യാസ് സ്റ്റൗ ഓഫാക്കിയോ തേപ്പുപെട്ടി സ്വിച്ച് ഓഫ് ആക്കിയോ എന്നൊക്കെ പല തവണ തിരിച്ചുചെന്ന് പരിശോധിക്കുന്നു. അവസ്ഥ നിയന്ത്രണാതീതവും അസ്വസ്ഥതാജനകവുമാകുന്നെങ്കില്‍ അത് ഒബ്‌സെഷനാണെന്നു പറയാം. ചെറിയ തോതില്‍ ഇത് ഹാനികരമല്ലെന്ന് നാം അറിഞ്ഞിരിക്കണം. ആവര്‍ത്തിച്ചുള്ള ഇത്തരം പ്രവൃത്തികള്‍ അസ്വസ്ഥതയുളവാക്കുന്നുണ്ടെങ്കില്‍ ആണ് പ്രശ്‌നമായി കണക്കാക്കേണ്ടത്. ചിലര്‍ക്ക് നന്നായി പഠിച്ചു കഴിഞ്ഞാലും പഠിച്ചു കഴിഞ്ഞോ എന്ന ചിന്ത അലട്ടിയേക്കാം. മുറിയൊക്കെ വൃത്തിയാക്കിയാലും വൃത്തിയാക്കല്‍ ആവര്‍ത്തിക്കും.

2. ഒബ്‌സെഷന്‍ ഓഫ് ക്ലിന്‍ലിനസ്

അശുദ്ധമായി എന്ന ശക്തമായ തോന്നല്‍മൂലം ആവര്‍ത്തിച്ച് കുളിക്കുകയോ വൃത്തിയാക്കുകയോ കഴുകുകയോ തുടയ്ക്കുകയോ ചെയ്യുന്നതാണ് ഇവിടത്തെ പ്രശ്‌നം. അശുദ്ധമായി എന്ന ചിന്ത ശക്തമാകുമ്പോള്‍ കടുത്ത അസ്വസ്ഥതയുണ്ടാകുന്നു. ആ അസ്വസ്ഥതയില്‍ നിന്നു രക്ഷനേടാന്‍ നിരന്തരം വൃത്തിയാക്കുന്നു. അതുവഴി തത്കാലത്തേക്കു സമാധാനം ലഭിക്കും.

3. ഒബ്‌സെഷന്‍ ഓഫ് സിമെറ്റ്‌റി

കാര്യങ്ങളും വസ്തുക്കുളും ചില പ്രത്യേകരീതിയില്‍ മാത്രം ക്രമീകരിക്കണമെന്ന് വാശിപിടിക്കുകയും അത് പാലിക്കപ്പെടാതിരിക്കുമ്പോള്‍ അസ്വസ്ഥരാകുകയും ചെയ്യുന്നു. അടുക്കും ചിട്ടയും അമിതമായി കാംക്ഷിക്കുകയും അതിന്റെ പേരില്‍ നിരന്തരം അസ്വസ്ഥരാകുകയോ വഴക്കടിക്കുകയോ ചെയ്യുന്നവര്‍ ഇത്തരക്കാര്‍ ആകും. ചിലര്‍ സ്വന്തം വസ്തുക്കള്‍ ഉപയോഗശൂന്യമായാല്‍പ്പോലും അവ ഉപേക്ഷിക്കാന്‍ ശക്തമായി വിസതിക്കും. പഴയതില്‍ നിന്നു മാറ്റം വരുമ്പോള്‍ ഇവര്‍ അസ്വസ്ഥരാകും.

4. അയവിറക്കല്‍

ചിലയാളുകള്‍ ഒരു തെറ്റുചെയ്തതില്‍ പശ്ചാത്തപിക്കുകയും പരിഹാരക്രിയകളും ചെയ്യും. ഇത്തരം ക്രിയകളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ സമാധാനം കിട്ടാനാണ് പരിഹാരം ആവര്‍ത്തിക്കുന്നത്. ഇത് സ്പിരിച്വല്‍ ഒബ്‌സെഷനാണ്. ഇതുപോലെ സെക്ഷ്വല്‍ ഒബ്‌സെഷനുകള്‍ ഉണ്ടാകുമ്പോള്‍ അതിന് അനുസരിച്ചുള്ള പ്രവൃത്തികളും ചെയ്യാന്‍ പ്രേരിതരാകും. കഴിവില്ല എന്ന തോന്നലുപോലെയുളള ഒബ്‌സെഷനും ഉണ്ടാകാറുണ്ട്.

പരിഹാരമാര്‍ഗങ്ങള്‍

മരുന്നുകളും മനഃശാസ്ത്ര ഇടപെടലുകളും ഒത്തുചേര്‍ന്ന് ഉപയോഗിച്ച് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാം. അടുത്തകാലത്ത് കര്‍ണാടകയില്‍ ഒസിഡി ബാധിച്ച ഒരു കുടുംബിനി ഭര്‍ത്താവ് വീട്ടില്‍ എപ്പോള്‍ വന്നാലും കുളിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എല്ലാത്തരത്തിലും അനുവര്‍ത്തിക്കാന്‍ പറ്റാത്ത തരത്തിലുള്ള വൃത്തി നിബന്ധനകള്‍ക്കുവേണ്ടി ശഠിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ഒസിഡി ആണെന്നുള്ള യാഥാര്‍ഥ്യം ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല. സഹികെട്ട ഭര്‍ത്താവ് അവരെ കൊലചെയ്തിട്ട് ആത്മഹത്യ ചെയ്തു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ അനുകമ്പയോടെ തിരിച്ചറിഞ്ഞ് പരിഹാരമാര്‍ഗങ്ങള്‍ തേടണം.

ഡോ.പി.എം. ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി