കരുതിയിരിക്കാം, വാഹനാപകടങ്ങളെ
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
Monday, February 8, 2021 3:55 PM IST
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ അല്ലെങ്കില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ പ്രിയപ്പെട്ടവര്‍ക്കോ അപകടം പിണയുമ്പോഴാണു നാമതിന്റെ വേദനകളും ഉള്‍ക്കടച്ചിലുകളും അറിയുക എന്നു മാത്രം. ലോകമെങ്ങും അനേകായിരങ്ങളുടെ ജീവനെടുക്കുന്ന ദുരന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനാപകടം. അശ്രദ്ധയും അതിവേഗവും അബദ്ധങ്ങളും ചേര്‍ന്നു തകര്‍ക്കുന്ന ലോഹപ്പെട്ടകങ്ങള്‍ക്കുള്ളില്‍ ചിതറുന്ന ശരീരങ്ങള്‍... ചുവന്നു കറുത്ത ചോര പടരുന്ന നിരത്തുകള്‍... മരണം, അംഗഭംഗം... വാഹനാപകടം ആര്‍ക്കും ഏതുനിമിഷവും സംഭവിക്കാവുന്ന ഒരു ദുരന്തമാണ്.

ഇതു ശ്രദ്ധിക്കാം

നമുക്ക് ഒരപകടം സംഭവിക്കുന്നുവെന്നു കരുതുക. അല്ലെങ്കില്‍ നാം ഒരപകടത്തിനു സാക്ഷിയാവുകയാണ്. എന്താണ് ആദ്യം ചെയ്യേണ്ടത്..?

ആദ്യം ചെയ്യേണ്ടതു പോലീസിനെ അറിയിക്കുക എന്നതാണ്. 9846100100 ഹൈവേ അലര്‍ട്ടാണ്. 100 ഡയല്‍ ചെയ്താല്‍ സമീപത്തെ കണ്‍ട്രോള്‍ റൂമിലേക്ക് കണക്റ്റാവും. 112ല്‍ വിളിച്ചാലും സഹായമെത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, എവിടെ നിന്നും വിളിക്കാവുന്ന സദാ സുസജ്ജമായ പോലീസിന്റെ കണ്‍ട്രോള്‍ റൂമുകളാണിവ.

പോലീസില്‍ വിളിക്കുമ്പോള്‍ വെപ്രാളപ്പെടാതിരിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഏതു റോഡ്, ഏതു ദിശ, സമീപത്തെ ഏതെങ്കിലും കെട്ടിടം, ട്രാന്‍സ്‌ഫോര്‍മര്‍ അങ്ങനെ അപകടസ്ഥലത്തിന്റെ ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാന്‍ ഉതകുന്ന വിവരങ്ങള്‍ ചുരുക്കി അറിയിക്കുക.

സ്ഥലം അറിയില്ലെങ്കില്‍ ഉദാഹരണത്തിന് ആലുവയില്‍ നിന്നു തൃശൂര്‍ക്കു പോകുമ്പോള്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞ് എന്‍എച്ചിന്റെ അരുകില്‍ ഒരു വളവില്‍ കാണുന്ന പാടത്തിന്റെ അടുത്ത്. വാഹനം പാടത്തേക്കു മറിഞ്ഞതാണെങ്കില്‍ അതു പറയണം. അത്രയും മതിയാവും... പോലീസ് നിങ്ങളെ തേടി എത്തിയിരിക്കും.

ആംബുലന്‍സ് ആവശ്യമുണ്ടെങ്കില്‍ അക്കാര്യം പറയാം. ഫയര്‍ഫോഴ്‌സിന്റെയോ ക്രെയിന്‍ സര്‍വീസിന്റെയോ ആവശ്യം വരുമെങ്കില്‍ അതും സൂചിപ്പിക്കാവുന്നതാണ്. ഏതുതരം അപകടമാണെന്ന് അറിയിക്കാം. ഡിവൈഡറില്‍ ഇടിച്ചതാണോ പാടത്തേക്ക് മറിഞ്ഞതാണോ വാഹനങ്ങള്‍ തമ്മിലാണെങ്കില്‍ ഏതൊക്കെ തരം വാഹനങ്ങള്‍, സാധ്യമെങ്കില്‍ അതിന്റെ നമ്പറുകള്‍ എന്നിവ അറിയിക്കുക.

പെട്രോളിയം ഉല്‍പന്നങ്ങള്‍, ആസിഡ്, രാസവസ്തുക്കള്‍, പെെട്ടന്നു തീപിടിക്കുന്ന വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു നിര്‍ബന്ധമായും അറിയിക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കു വേണ്ടത്ര മുന്‍കരുതലുകളോടെ അപകടസ്ഥലത്തെത്താനും സമയനഷ്ടം ഒഴിവാക്കാനും അതുകൊണ്ടു സാധിക്കും.

നമ്മുടെ വാഹനം ഇടിച്ച് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവര്‍ക്ക് പ്രഥമശുശ്രൂഷ ഉറപ്പാക്കല്‍ നമ്മുടെ ഉത്തരവാദിത്വമാണ്. എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഉചിതം.

എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളാല്‍ വാഹനം നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവുമടുത്ത പോലീസ് സ്‌റ്റേഷനിലോ നേരത്തെ പറഞ്ഞ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ദയവായി അതു ചെയ്യണം. നമുക്ക് ഒരു തെറ്റുപറ്റിയതു സത്യമാണ്. പക്ഷേ അതിന്റെ പേരില്‍ ഒരു നിരപരാധിയുടെ ജീവിതവും കുടുംബവും ഹോമിക്കപ്പെടരുത്.

അപകടസ്ഥലത്തിന്റെയും വാഹനത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്നതു നല്ലതായിരിക്കും. റോഡില്‍ വാഹനങ്ങളുടെ കിടപ്പു മനസിലാകുന്ന രീതിയില്‍ ചിത്രമെടുക്കാം. കാറിലും മറ്റും റിക്കാര്‍ഡിംഗ് കാമറകള്‍ ഘടിപ്പിക്കുകയാണെങ്കില്‍ വളരെ നല്ലതാണ്. കേസുണ്ടായി തര്‍ക്കമുണ്ടായാല്‍ അതിലേക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല തെളിവാണ് ഇത്.

വാഹനം ഓടിച്ചു മാറ്റാന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ ഫോട്ടോയെടുത്തതിനുശേഷം റോഡരികിലേക്കു മാറ്റിയിടുക. റോഡിനു നടുവില്‍ കിടക്കുന്ന വാഹനത്തില്‍ അതറിയാതെ ഓടിയെത്തുന്ന മറ്റു വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.


വാഹനത്തിന്റെ ഭാഗങ്ങള്‍ വല്ലതും റോഡില്‍ കിടപ്പുണ്ടെങ്കില്‍ അവയും ശ്രദ്ധയോടെ എടുത്തു മാറ്റുക. ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കിയിടുന്നതു മറ്റു വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരും പെട്ടെന്നു ശ്രദ്ധിക്കാന്‍ ഉപകരിക്കും. രാത്രിയില്‍ പ്രത്യേകിച്ചും.

വാഹനത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അതിയായ ബലം പ്രയോഗിച്ചു വലിച്ചെടുക്കാന്‍ ശ്രമിക്കരുത്. പരിക്കുകള്‍ ഗുരുതരമാവാനും അവയവങ്ങള്‍ മുറിഞ്ഞു പോകാനും സാധ്യതയുണ്ട്. സ്റ്റിയറിംഗ് ജാമായി ഇരിക്കുന്ന അവസ്ഥയില്‍ സീറ്റ് മൊത്തമായി പിന്നിലേക്കു നീക്കാന്‍ കഴിഞ്ഞാല്‍ ആളെ എളുപ്പത്തില്‍ പുറത്തെടുക്കാന്‍ കഴിയുമെന്ന് ഓര്‍ക്കുക.

വാഹനം തീപിടിച്ചിട്ടുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. മുന്നിലാണു തീ കത്തുന്നതെങ്കില്‍ അത്ര ഭയക്കേണ്ടതില്ല. പൊതുവെ ഇന്ധനടാങ്ക് വാഹനത്തിന്റെ പിന്നിലാണ് ഉണ്ടാകുക. അതിനാല്‍ പരിഭ്രാന്തരാവാതെ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്താവുന്നതാണ്.

അപകടസ്ഥലത്ത് ഓര്‍ത്തുവയ്‌ക്കേണ്ട മറ്റൊരു കാര്യം മോഷണമാണ്. എല്ലാവരും സഹായിക്കാനാവില്ല എത്തുന്നത്. ഫോണ്‍, ആഭരണങ്ങള്‍, പണം എന്നിവ മോഷ്ടിക്കപ്പെടാന്‍ സാധ്യതയേറെയാണ്. അക്കാര്യം സൂക്ഷിക്കുക. വാഹനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ചില കേസുകളില്‍ തോട്ടിലോ കുറ്റിക്കാട്ടിലോ ഒക്കെ ആളുകള്‍ തെറിച്ചുവീണതു കണ്ടെത്താനാകാതെ രക്തം വാര്‍ന്നു മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനാല്‍ അപകടസ്ഥലത്തിനു ചുറ്റും വിശദമായി പരിശോധിക്കേണ്ടതാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ

വാഹനത്തിന്റെ രേഖകള്‍ എപ്പോഴും കൃത്യമാക്കി വയ്ക്കുക. ഇന്‍ഷുറന്‍സ് ലഭിക്കാന്‍ വാലിഡ് ആയ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയൊക്കെയുള്ള കാലമാണ്. ലൈസന്‍സ്, ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവയുടെ കാലാവധി പരമപ്രധാനമാണ്. അപകട സമയത്താണു പലരും ഇതൊന്നും ക്ലിയറല്ലെന്നു മനസിലാക്കുക. പക്ഷേ, വൈകിപ്പോയിരിക്കും.

ഫുള്‍കവര്‍ ഇന്‍ഷുറന്‍സുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ നന്നാക്കുന്നതിന് ഏതാണ്ട് മുഴുവനായിത്തന്നെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓരോ വര്‍ഷവും നോ ക്ലെയിം ബോണസായി ഒരു തുക നമ്മള്‍ അടക്കുന്ന ഫുള്‍ കവര്‍ പോളിസികളിന്മേല്‍ കമ്പനികള്‍ നമുക്കു നല്‍കുന്നുണ്ട്. നിസാര അപകടങ്ങള്‍ക്കു ക്ലെയിം ചെയ്താല്‍ ഈ ബോണസ് അടുത്ത വര്‍ഷം കുറച്ചു കിട്ടില്ല. അതിനാല്‍ വമ്പന്‍ തുകകള്‍ വരാത്ത വര്‍ക്കുകള്‍ സ്വന്തം കൈയില്‍ നിന്നു പണം ചെലവിട്ടു ചെയ്താലും ലാഭമാണ്.

പക്ഷേ, ഭൂരിഭാഗം വാഹനങ്ങളും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആകും എടുത്തിട്ടുണ്ടാവുക. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഈ പോളിസിയില്‍ ഓടിച്ചയാള്‍ക്കോ വാഹനത്തിനോ വരുന്ന അപകടങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. നമ്മുടെ വാഹനം മൂലം മറ്റാളുകള്‍ക്കോ മറ്റൊരു വാഹനത്തിനോ നഷ്ടപരിഹാരം ലഭിക്കുന്നതാണ് തേര്‍ഡ് പാര്‍ട്ടി പോളിസികള്‍. അത് ഓര്‍ത്തുവയ്ക്കുക. മറ്റേ വാഹനത്തിന്റെ പോളിസിയില്‍ നിന്നാണു നമ്മുടെ വാഹനത്തിനു നഷ്ടപരിഹാരം ലഭിക്കുക.

അപകടസ്ഥലത്തുവച്ചു നടത്തുന്ന വാഗ്ദാനങ്ങള്‍ മിക്കവാറും പാലിക്കപ്പെടില്ല എന്നതാണു വാസ്തവം. ആ സമയത്തു രക്ഷപ്പെട്ടു പോവുക എന്ന ഉദ്ദേശ്യമേ പലര്‍ക്കും ഉണ്ടാകൂ. ഒരു രൂപ കൊടുത്തു വെള്ളപ്പേപ്പര്‍ വാങ്ങി എഴുതിക്കൊടുക്കുന്ന വാഗ്ദാനത്തിനുശേഷം ആ പേപ്പര്‍ തിരികെ കൊടുത്താല്‍ പത്തു പൈസ പോലും കിട്ടില്ലെന്ന് ഓര്‍ക്കുക. അത്രേയുള്ളൂ ആ കരാറിന്റെ വില. മുദ്രപ്പത്രത്തിലല്ലാത്ത കരാറുകള്‍ക്ക് അതെഴുതിയ മഷി വേസ്റ്റാണെന്നര്‍ത്ഥം.

അതത് പരിധിയിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് അപകടത്തിന്റെ ഗൗരവമനുസരിച്ച് എഫ്‌ഐആറോ അല്ലെങ്കില്‍ ജിഡിഎന്‍ട്രിയോ ലഭിക്കും. ഇന്‍ഷ്വറന്‍സ് ആവശ്യത്തിലേക്ക് അതു മതിയാകും.

സുനില്‍ ജലീല്‍
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍, കൊച്ചി കമ്മീഷണറേറ്റ്