വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
Wednesday, December 9, 2020 4:23 PM IST
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്‍റെ പരമ്പരാഗത പ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പം മാറി ശാസ്ത്രീയ ഇടപെടലിലൂടെയാണ് വികസന മുന്നേറ്റമുണ്ടാക്കിയത്. നെല്‍വിത്തിനൊപ്പം പച്ചക്കറിതൈകളുടെ ഉത്പാദനം, സംയോജിതകൃഷി, മൂല്യവര്‍ധന എന്നിവയിലൂടെ ഫാമിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്കായി.

ആറുപതിറ്റാണ്ടിന്‍റെ പ്രവര്‍ത്തന സമ്പത്ത്

1960 കളിലാണ് ഗുണമേന്മയുള്ള നെല്‍വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ഉദേശ്യത്തോടെ കൃഷി വകുപ്പ് ഈ വിത്തു ഫാം കോട്ടയത്തു സ്ഥാപിച്ചത്. ഉമ നെല്‍വിത്താണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കുന്നത്.

വൈവിധ്യവത്കരണത്തിലേക്ക്

കൃഷി അസി. ഡയറക്ടര്‍ ലിസി ആന്‍റണി ഫാം സൂപ്രണ്ടായതു മുതലാണ് ഫാമിന്റെ വൈവിധ്യവത്കരണ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്.

പച്ചക്കറിതൈകള്‍ക്ക് ആവശ്യക്കാരേറെ

നെല്‍വിത്തുത്പാദനം മാത്രം നടന്നിരുന്ന ഫാമില്‍ തരിശായികിടന്നിരുന്ന കരപുരയിടം എങ്ങനെ വരുമാനസ്രോതസാക്കാം എന്ന ചിന്തയാണ് പച്ചക്കറിതൈ ഉത്പാദനത്തിലേക്കു ചെന്നെത്തിയത്. തൊഴിലാളികളുടെ പരിചയക്കുറവായിരുന്നു പ്രധാന കടമ്പ. വര്‍ഷങ്ങളായി നെല്‍കൃഷിയും നെല്‍വിത്തുത്പാദനവും പരിചയിച്ചു പോന്നിരുന്ന തൊഴിലാളികള്‍ക്ക് വിവിധ പച്ചക്കറിതൈകളുടെ ഉത്പാദനരീതികള്‍ പരിചയപ്പെടുത്തി. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ 30,000 തൈകളാണ് ഉത്പാദിപ്പിച്ചത്.അത്യുത്പാദന ശേഷിയുള്ള വിത്തുകളില്‍ നിന്ന് ഗുണമേന്മയുള്ള തൈകള്‍ റെഡി. എന്നാല്‍ ഇതെവിടെ വിറ്റഴിക്കുമെന്നത് അടുത്ത കടമ്പയായി. അതിനും വഴി കണ്ടെത്തി. കടുത്തുരുത്തി മാര്‍ക്കറ്റ് പരിസരവും പള്ളിക്കു സമീപവും പച്ചക്കറിതൈ വിപണനത്തിനായി തെരഞ്ഞെടുത്തു. വണ്ടിയില്‍ പച്ചക്കറിതൈകളെത്തിച്ച് കൃഷി ഫാമിന്റെ ബാനര്‍ കെട്ടിയായിരുന്ന വിപണനം. ഞൊടിയിടയില്‍ തൈകളെല്ലാം വിറ്റഴിഞ്ഞു. മാത്രമല്ല, തൈകള്‍ വാങ്ങിക്കൊണ്ടുപോയവരും ഇതു കേട്ടറിഞ്ഞവരും വീണ്ടും തൈകള്‍ വാങ്ങാന്‍ ഫാമിലെത്തി. നല്ലയിനം വിത്തുകളില്‍ നിന്ന് ഉത്പാദിപ്പിച്ച മികച്ചയിനം തൈകളില്‍ നിന്നു ലഭിച്ച നൂറുമേനി വിളവാണ് കര്‍ഷകരെ വീണ്ടും ഫാമിലേക്ക് ആകര്‍ഷിച്ചത്.

കോവിഡുകാലത്ത് രണ്ടുലക്ഷം പച്ചക്കറിതൈകള്‍

പച്ചക്കറിതൈകള്‍ അന്വേഷിച്ച് ഫാമിലേക്ക് കൂടുതല്‍ ആള്‍ക്കാര്‍ എത്താന്‍ തുടങ്ങിയതോടെ, ഉത്പാദന നിരക്കും കൂട്ടി. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ധാരാളം ശീതകാലപച്ചക്കറിതൈകളും വിറ്റഴിച്ചു. കോവിഡ് ലോക്ഡൗണില്‍ ഒന്നേമുക്കാല്‍ ലക്ഷം പച്ചക്കറിതൈകള്‍ ഉത്പാദിപ്പിച്ചു. കുറ്റിപ്പയര്‍, വള്ളിപ്പയര്‍, പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, വെള്ളരി തൈകള്‍ ഉത്പാദിപ്പിച്ച് ജില്ലയിലെ കൃഷിഭവനുകളില്‍ നല്‍കി. ഇതോടൊപ്പം ഞാറ്റുവേലചന്തയില്‍ വിതരണം ചെയ്ത 50,000 കരുമുളകു തൈകളും ഫാമില്‍ നിന്നാണു വിതരണം ചെയ്തത്.

കൂട്ടായി മത്സ്യകൃഷിയും

നെല്‍കൃഷി മാത്രം ചെയ്തുപോന്നിരുന്ന ഫാമില്‍ പച്ചക്കറികള്‍ക്കു പുേെറ കിഴങ്ങുവര്‍ഗങ്ങളായ കപ്പ, ചേന, ഫലവര്‍ഗങ്ങള്‍, വാഴ എന്നിവയും നട്ടുപിടിപ്പിച്ചു. ലോക്ഡൗണ്‍ കാലത്തു തന്നെ പുരയിടത്തില്‍ വെറുതെ കിടന്നിരുന്ന 10 സെന്റില്‍ ഗിഫ്റ്റ് തിലാപ്പിയ കൃഷി ആരംഭിച്ചു. ഇത് വിളവെടുക്കുമ്പോള്‍ ആവശ്യക്കാര്‍ വന്നു വാങ്ങുകയാണ് പതിവ്.


മൂല്യവര്‍ധനയിലൂടെ ഇരട്ടിനേട്ടം

ഫാമില്‍ വിത്തെടുത്തശേഷം പാഴായിപ്പോകുന്ന പാവയ്ക്കയും മറ്റും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുകയായി അടുത്ത ലക്ഷ്യം. ജൈവരീതിയില്‍ ഫാമില്‍ വിളയിച്ചെടുത്ത മറ്റ് ഉത്പന്നങ്ങളും മൂല്യവര്‍ധനവിലൂടെ വരുമാനദായകമാക്കുന്നതിനു തുടക്കം കുറിച്ചു. പ്രതിദിനം 150 കിലോഗ്രാം ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് ഉണക്കാന്‍ കഴിയുന്ന ഡ്രയര്‍, ഫാമില്‍ സ്ഥാപിച്ചു. ഫാമിലെ കപ്പയില്‍ നിന്നു വാട്ടുകപ്പയും പാവയ്ക്ക ഉണക്കിയതും തേങ്ങയില്‍ നിന്നു വെളിച്ചെണ്ണയുമൊക്കെ മനോഹരമായ പാക്കറ്റുകളില്‍ അണിനിരത്തി. ഈ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയപ്പോള്‍ വിപണിയില്‍ നിന്നു കാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ വാങ്ങി ഉണക്കി പാക്കറ്റുകളിലാക്കി. ഡ്രയറില്‍ ഉണക്കുന്നതിനാല്‍ കാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയുമൊക്കെ ആകര്‍ഷകമായ നിറം നിലനിര്‍ത്താന്‍ കഴിഞ്ഞു. ഫാമില്‍ ഉത്പാദിപ്പിക്കുന്ന പാളയംകോടന്‍ പഴവും ഇത്തരത്തില്‍ ഉണക്കി വില്‍ക്കാനുള്ള തയാറെടുപ്പിലാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴത്തിന് തേന്‍മധുരമാണ്. ദീര്‍ഘനാള്‍ കേടുകൂടാതിരിക്കും. അടുത്ത സീസണില്‍ പഴുത്ത ചക്കയും പച്ചച്ചക്കയും ഇതുപോലെ സംസ്‌കരിച്ച് വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

തൊഴിലാളികള്‍ ഫാമിന്റെ മുതല്‍ക്കൂട്ട്

അഞ്ചുജീവനക്കാരും ഒമ്പതു സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടെ 14 തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം വിശ്രമമില്ലാതെ പണിചെയ്യുന്ന തൊഴിലാളികളാണ് ഫാമിന്റെ മുതല്‍ക്കൂട്ടെന്ന് ലിസി ആന്റണി പറയുന്നു.

ഇനി ഇക്കോടൂറിസത്തിലേക്ക്

12.9 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന വാലാച്ചിറ വിത്തുത്പാദന കേന്ദ്രത്തിന്റെ ഇക്കോടൂറിസം സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പച്ചപ്പു ചാര്‍ത്തി നില്‍ക്കുന്ന നെല്‍പ്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളുമൊക്കെ ഹൃദ്യമായ ദൃശ്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കോട്ടയം- എറണാകുളം എംസി റോഡില്‍ കടുത്തുരുത്തി പഞ്ചായത്തിലാണ് ഈ ഫാം.

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷവും ഫാമില്‍ നടത്തിയ നെല്‍കൃഷി ലാഭകരമായില്ല. പുറം ബണ്ട് ഉയര്‍ത്തി ബലപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങളെ അതിജീവിച്ച് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം നെല്‍കൃഷി നടത്താനാകൂ. ഈ ആവശ്യം കൂടി യാഥാര്‍ഥ്യമായാല്‍ മികച്ച ഇക്കോ ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്.

അനിത സി. എസ്.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, കൃഷി ഡയറക്ടറേറ്റ്, തിരുവനന്തപുരം