നീല ചായയും ശംഖുപുഷ്പവും
നീല ചായയും ശംഖുപുഷ്പവും
Monday, December 7, 2020 3:52 PM IST
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക്ഷാല്‍ ഔഷധ ചായയാണ് ബ്ലൂ ടീ.എന്നാല്‍ ഗ്രീന്‍ടീയുടെ അത്ര പ്രചാരം ബ്ലൂ ടീയ്ക്കില്ല. പലര്‍ക്കും ഇതിന്റെ മേന്മ അറിയില്ലെന്നതാണ് കാരണം. അറിഞ്ഞാലാകട്ടെ ആരും ബ്ലൂടീ ഒട്ടു വിടുകയുമില്ല! സാക്ഷാല്‍ നീല ശംഖുപുഷ്പമാണ് ബ്ലൂ ടീയുടെ കാതല്‍. ശംഖുപുഷ്പത്തില്‍ നിന്നു ചായയോ എന്നല്ലേ?അതെ ഇത് ശംഖുപുഷ്പ ചായ തന്നെ. ഗ്രീന്‍ടീയുടെയത്ര കവര്‍പ്പു ബ്ലൂ ടീക്കില്ല. മധുരമാണിതിന്. നിര്‍മാ ണവേളയിലെ ഓക്‌സീകരണപ്രവര്‍ത്തനമാണ് ബ്ലൂ ടീയ്ക്കു സവിശേഷരസം നല്‍കുന്നത്. നിരോക്‌സീകാരകങ്ങളാല്‍ സമൃദ്ധമാണ് നീലച്ചായ. അതുകൊണ്ടു തന്നെ ആരോഗ്യദായകവും. മനസികസമ്മര്‍ദം അകറ്റാനും ശ്വസനവ്യവസ്ഥയെ കഫവിമുക്തമാക്കാനും ഉത്തമമാണ് ബ്ലൂ ടീ. ചുമ, ജലദോഷം, ആസ്ത്മ എന്നി വയില്‍ നിന്ന് മോചനം നല്‍കും. ഉത്കണ്ഠയും വിഷാദവും അകറ്റും. ശരീരത്തെ സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനത്തില്‍ നിന്നു രക്ഷിക്കും. ശരീരഭാരം കുറയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും. ചര്‍മസംരക്ഷണത്തിന് ഉത്തമം. ബ്ലൂ ടീയിലടങ്ങിയിരിക്കുന്ന ഫ്‌ളാവനോയി ഡുകള്‍ കൊളാജെന്‍ ഉത്പാദനം ത്വരിതപ്പെടുത്തുക വഴി ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്തോസയാനിന്‍ രക്തയോട്ടം വര്‍ധിപ്പിച്ചു മുടിവളര്‍ച്ച ദ്രുതഗതിയിലാക്കും. സമൃദ്ധമായ കേശ സംരക്ഷണത്തിനും ബ്ലൂ ടീ ഉത്തമം.

ബ്ലൂ ടീയുടെ കാതല്‍

കാഴ്ചയ്ക്ക് ഏറെ സവിശേഷതകളുള്ള, പ്രത്യേക ഭംഗിയുള്ള ശംഖുപുഷ്പം ആയുര്‍വേദവിധിപ്രകാരം മസ്തിഷ്‌കത്തെ വിമലീകരിച്ചു ശുദ്ധീകരിക്കാന്‍ കഴിവുള്ള ശിരോവിരേചനോപക ഔഷധികളുടെ ശ്രേണിയില്‍ പെട്ടതാ ണ്. ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ പൂച്ചെടി.വീട്ടുതൊടികളില്‍ അനായാ സം സര്‍വസാധാരണമായി വളരുന്ന ഇതിനു വിവിധ വിളിപ്പേരുകളുമുണ്ട്. ബട്ടര്‍ഫ്‌ളൈ പീ, ബ്ലൂ ബെല്‍ വൈന്‍, ഏഷ്യന്‍ പിജിയന്‍ വിങ്‌സ്, അപരാ ജിത, ഗിരികര്‍ണിക, തുടങ്ങിയ വ. സസ്യനാമം 'ക്ലിറ്റോറിയ ടെര്‍നേ ഷ്യ'. തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രി ക്ക എന്നിവ ജന്മദേശങ്ങള്‍. ഇന്ത്യയി ലെങ്ങും സമൃദ്ധമായി വളരുന്നു. നമ്മുടെ നാട്ടില്‍ പൂന്തോട്ട ത്തിലും വേലിക്കരികിലും എല്ലാം പടര്‍ന്നു വളരുന്ന ചെടി. കടുംനീല നിറത്തിലു ള്ള കുഞ്ഞുപൂക്കള്‍ നിറയെ വിടരുന്ന ഈ വള്ളിച്ചെടി വീട്ടുമുറ്റത്തെ കമാന ങ്ങളിലോ പെര്‍ഗോളകളിലോ ഒക്കെ വളര്‍ത്തിയാല്‍ മികച്ച അലങ്കാരച്ചെടി തന്നെ.

സസ്യപരിചയം

വള്ളിച്ചെടിയാണ് ശംഖുപുഷ്പം. ഇത് തന്നെ രണ്ടു തരമുണ്ട്. കടും നീലയും വെള്ളയും. ക്ലിറ്റോറിയ ടെര്‍നേഷ്യ ആല്‍ബ ആണ് വെള്ള ശംഖുപുഷ്പം. ഒറ്റഞെട്ടില്‍ തന്നെ അഞ്ചു മുതല്‍ ചെറിയ ഏഴിലകള്‍ വരെ. മനോഹരമായ പൂവ് ഒറ്റയ് ക്കാണ് വിടരുക. മുകളില്‍ നിന്ന് താഴേക്ക് എന്ന വിധത്തിലാണ് പൂവിന്റെ ക്രമീകരണം. മൂന്നു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ നീളമുള്ള പൂക്കള്‍. പൂക്കളുടെ മധ്യഭാഗം മങ്ങിയ മഞ്ഞനിറമോ പൂര്‍ണ വെള്ളനിറമോ ആകാം. പൂവായാലും കായായാലും പയറുചെടിയുടേത് പോലെ തന്നെ. കായ്ക്കുള്ളില്‍ വിത്തുകള്‍ നിര നിരയായി അടുക്കിയിരിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രശലഭ ങ്ങളും തേനീച്ചകളും പൂക്കളെ സദാ വട്ടമിടും.നല്ല സൂര്യപ്രകാശം ലഭി ക്കുന്ന സ്ഥലങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെ ടുന്നു. വെള്ളം വളരെകുറച്ചു മതി. വരള്‍ച്ചയെ പ്രതിരോധിക്കും. എങ്കിലും നന്നായി നനച്ചു വളര്‍ത്തിയാ ലേകരു ത്തോടെ വളര്‍ന്നു കൂടുതല്‍ പൂക്കള്‍ പിടിക്കൂ. കാര്യമായ രോഗബാധകളൊന്നുമില്ല.


പയര്‍ വര്‍ഗത്തില്‍പെട്ട ചെടിയായ തിനാല്‍ ഇതിന്റെ വേരുകളിലുള്ള ബാക്റ്റീരിയ അന്തരീക്ഷത്തിലെ നൈട്രജന്‍, ചെടികള്‍ ക്കുപയോഗി ക്കാന്‍ പാകത്തിന് മാറ്റുന്നു. ഇത് മണ്ണിന്റെയും ഗുണനിലവാരം വര്‍ധിപ്പി ക്കാന്‍ സഹായകമാണ്.വിത്തുകള്‍ മുളപ്പിച്ചാണ് കൃഷി. മുളയ്ക്കാന്‍ സാമാന്യം മടിയുള്ളവയാണ് ശംഖു പുഷ്പത്തിന്റെ വിത്തുകള്‍. അതു കൊണ്ടു തന്നെ വിത്തുകള്‍ നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചു നട്ടാല്‍ മുളയ്ക്കല്‍ തടസപ്പെടില്ല. വിത്തു മുളയ്ക്കാന്‍ രണ്ടാഴ്ചയോള മെടുക്കും. വളരുന്ന ചെടി നാലാഴ്ച കഴിയുമ്പോള്‍ പൂവിടാനും തുടങ്ങും. തറയിലും ചട്ടിയിലും തൂക്കുകൂട കളിലും ശംഖുപുഷ്പം വളര്‍ത്താം. കമ്പുകള്‍ നാട്ടി വള്ളി പടര്‍ത്തിവിട്ടാല്‍ കൂടുതല്‍ പൂപിടിക്കും.

ദ്രുതവളര്‍ച്ചാ സ്വഭാവമാണിതിന്. വേണമെങ്കില്‍ ഇത് മണ്ണിനു ആവരണ മായും വളര്‍ത്താം. ചിലയിടങ്ങളില്‍ ഇത് തെങ്ങിന്‍തോപ്പിലും റബര്‍ തോട്ടത്തിലും ആവരണവിളയായി വളര്‍ത്തുന്നു. മികച്ച ഒരു കാലിത്തീറ്റ കൂടെയാണ് ശംഖുപുഷ്പം. വളരുന്ന തനുസരിച്ചു തണ്ടുകള്‍ മുറിച്ചു വിടുന്നത് നല്ലതാണ്. ഇത് ശംഖു പുഷ്പം കുറ്റിച്ചെടി പോലെ പടര്‍ന്നു വളരാനും സഹായകമാകും. വളങ്ങള്‍ ലായനിയാക്കി നല്‍കുന്നത് നന്ന്. അതും അപൂര്‍വമായി മാത്രം. ജൈവ വളങ്ങള്‍ ആണ് നല്ലത്. അത്യാവശ്യം തണലിലും വളരും. അമിതനന വേണ്ട. തണ്ടു മുറിച്ചു നട്ടും ഇത് വളര്‍ത്താം. നാലിഞ്ചു മുതല്‍ എട്ടിഞ്ചു നീളത്തില്‍ മൃദുവോ അര്‍ധ പക്വമോ ആയ തണ്ടുകളാണ് നടാന്‍ നല്ലത്. ചില ന്തികളും മുഞ്ഞയും മറ്റും ഉപദ്രവ ത്തിനെ ത്തുക പതിവാണ്. ഇതിനു പരിഹാരം വേപ്പെണ്ണയും സോപ്പും കലര്‍ത്തി ലായനിയാക്കി തളിക്കുക എന്നതാണ്.

വേലിപ്പടര്‍പ്പിലെ വള്ളിച്ചെടി നിസാരനല്ല!

വാസ്തവത്തില്‍ ദുര്‍ബലയായ ഒരു വള്ളിപ്പൂച്ചെടി എന്നല്ലാതെ പലരും ശംഖുപുഷ്പത്തിന്റെ ആരോഗ്യ സംരക്ഷണ മഹത്വം ഓര്‍ക്കാനിടയില്ല. പരമ്പരാഗതമായി ശംഖുപുഷ്പ ത്തിന് ചില ഉപയോഗങ്ങളുണ്ട്. ചില ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളില്‍ ഗര്‍ഭിണി കളായ സ്ത്രീകള്‍ ഈ ചെടിയുടെ വേര് കയ്യിലോ അരയിലോ കെട്ടുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് സുഖപ്രസവത്തിനു സഹായിക്കുമെ ന്നാണ് വിശ്വാസം. അപരാജിത എന്നാല്‍ പരാജയപ്പെടുത്താന്‍ കഴി യാത്തവള്‍ എന്നാണര്‍ഥം. ദുര്‍ഗ, കാളി പൂജകള്‍ക്ക് നീലശംഖുപു ഷ്പം വിശേഷമാണ്.ദേവിമാര്‍ ഈ പൂവ് ഇഷ്ടപ്പെടുന്നെന്നാണ് വിശ്വാസം. ദുര്‍ഗാപൂജയ്ക്കും ഈ പൂക്കള്‍ കൂടിയേ തീരു. ശിവക്ഷേത്രങ്ങളിലും ഇത് അവിഭാജ്യപുഷ്പമാണ്. ശംഖു പുഷ്പത്തിന്റെ ഇളം കായ്കളും പൂക്ക ളും ഭക്ഷ്യയോഗ്യമാണ്. ഇതിന്റെ സ്വത സിദ്ധമായ നീലനിറം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ചോറിനും മറ്റു ഭക്ഷ്യവിഭവങ്ങള്‍ക്കും നൈസര്‍ഗിക നിറം നല്കാന്‍ ഉപയോഗിക്കുന്നു.

സുരേഷ് മുതുകുളം
ഫോണ്‍: 94463 06909