ശ്രവണ വൈകല്യങ്ങള്‍ അറിയാം
പഞ്ചേന്ദ്രിയങ്ങളില്‍ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന അവയവം കര്‍ണമാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുട്ടിക്ക് ഗര്‍ഭകാലത്തിന്റെ ഏകദേശം 20ാം ആഴ്ച ആകുമ്പോള്‍തന്നെ ശ്രവണശക്തി ഉണ്ടാകുന്നു എന്നത് ഇന്ന് ശാസ്ത്രം സംശയാതീതമായി തെളിയിച്ച കാര്യമാണ്. നിത്യജീവിതത്തില്‍ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും സംവദിക്കാനും നമുക്കു ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും അവയോടു പ്രതികരിക്കാനും എന്നുവേണ്ട ജീവിതത്തിലെ സകലമാന മേഖലകളിലും ഒരു വ്യക്തിയെ മറ്റു വ്യക്തികളോടും സമൂഹത്തോടും ബന്ധിപ്പിക്കാന്‍ കേള്‍വി ഒരു പ്രധാന ഘടകമാണ്. അതിന്റെ കുറവുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പലതാണ്. കേള്‍വിക്കുറവിന്റെ കാരണങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാര്‍ഗത്തെക്കുറിച്ചും അറിയാം....

നമ്മള്‍ ശ്രവിക്കുന്നതെങ്ങനെ?

ചെവിക്ക് മൂന്നു ഭാഗങ്ങളാണ് പുറമേകാണുന്ന ഭാഗമാണ് പിന്ന (Pinna). ഇതു ചെവിയിലെ കനാലിലേക്ക്തുറക്കുന്നു (External Auditory Canal). ഈ കനാലിന്റെ മറുഭാഗത്ത് കര്‍ണപുടം (Tympanic Membrane) സ്ഥിതി ചെയ്യുന്നു. ഇവ മൂന്നും ചേര്‍ന്ന് ബാഹ്യകര്‍ണം എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ണപുടത്തിനപ്പുറം മധ്യകര്‍ണം സ്ഥിതിചെയ്യു ന്നു. ഇതില്‍ മൂന്നു കൊച്ചുകൊച്ച് അസ്ഥികള്‍ (Malleus, Incus, Stapes) ഉണ്ട്. കൂടാതെ ടെന്‍ഡര്‍ ടിംപാനി, സ്റ്റെപിഡിയസ് എന്നീ രണ്ടു പേശികളും ചെവിയും തൊണ്ടയുമായി ബന്ധിപ്പിക്കുന്ന കുഴലായ യൂസ്റ്റേക്യന്‍ ട്യൂബും സ്ഥിതിചെയ്യുന്നു. ആന്തരിക കര്‍ണത്തില്‍ സ്ഥിതിചെയ്യുന്ന കോക്ലിയ എന്ന ഭാഗത്താണ് ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി എന്ന ശബ്ദതരംഗങ്ങളെ സ്വീകരിക്കുന്ന പ്രത്യേക കോശങ്ങള്‍ നിലകൊള്ളുന്നത്. ശബ്ദതരംഗങ്ങളെ സ്വീകരിക്കുകയാണ് ബാഹ്യകര്‍ണത്തിന്റെ ധര്‍മം. അത് കര്‍ണപുടത്തില്‍ പതിക്കുമ്പോള്‍ കര്‍ണവും പ്രകമ്പിതമാകുന്നു. അതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മാലിയസ്, ഇന്‍കസ്, സ്റ്റേപിസ് എന്നീ ശ്രവണഗ്രന്ഥികളും പ്രകമ്പിതമായി സ്റ്റേപിസിന്റെ ഫുട്‌പ്ലേറ്റിലൂടെ ഈ തരംഗങ്ങള്‍ ആന്തരിക കര്‍ണത്തിലേക്ക് എത്തുന്നു. ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയില്‍ ഈ ശബ്ദതരംഗങ്ങള്‍ ഇലക്ട്രിക്കല്‍ തരംഗങ്ങളായി രൂപാന്തരപ്പെ് ശ്രവണനാഡിയിലൂടെ തലച്ചോറിലേക്ക് സിഗ്നല്‍ എത്തിക്കുന്നു.

കേള്‍വിക്കുറവ് പലതരം

മേല്‍ വിവരിച്ച രീതിയില്‍ ശബ്ദതരംഗങ്ങള്‍ തലച്ചോറിലേക്ക് എത്തിച്ചേരുമ്പോള്‍ നമ്മള്‍ ശ്രവിക്കുന്നു. ഈ പാതയിലെ ഓരോ ഭാഗവും ശ്രവണപ്രക്രിയയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇതില്‍ ഏതൊരു ഭാഗത്തുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേള്‍വിക്കുറവിനു കാരണമാകും. ബാഹ്യകര്‍ണം മുതല്‍ സ്റ്റേപിസ് ഫുട്‌പ്ലേറ്റിലൂടെ ആന്തരിക കര്‍ണത്തിലേക്ക് സിഗ്നല്‍ കൈമാറുന്ന പ്രക്രിയവരെയുള്ള പ്രശ്‌നങ്ങള്‍ കണ്ടക്ടീവ് ഡെഫ്‌നസ് എന്ന പേരില്‍ അറിയപ്പെടുന്നു. അതുപോലെ ശബ്ദതരംഗങ്ങള്‍ ഇലക്ട്രിക്കല്‍ സിഗ്നല്‍ ആക്കുന്ന പ്രക്രിയയിലുള്ളപ്രശ്‌നങ്ങള്‍ സെന്‍സറി ഡെഫ്‌നസിനു കാരണമാകും. ശ്രവണനാഡിയെ ബാധിക്കുന്ന അസുഖങ്ങള്‍ ന്യൂറല്‍ ഡെഫ്‌നസ് ഉണ്ടാക്കുന്നു. പലപ്പോഴും ഇവ ഒരുമിച്ച് ഉണ്ടാകുന്നതുകൊണ്ട് ഇവയെ സെന്‍സറി ന്യൂറല്‍ ഡെഫ്‌നസ് എന്ന പേരില്‍ വിളിക്കുന്നു. കണ്ടക്ടീവ്സെന്‍സറി ന്യൂറല്‍ എന്നിവ ഒരുമിച്ചു വരുമ്പോള്‍ അതിനെ മിക്‌സഡ് ഡെഫ്‌നസ് എന്നാണ് പറയുന്നത്.

കണ്ടക്ടീവ് ഡെഫ്‌നസ് (Conductive Deafness)
കാരണങ്ങളും പരിഹാരങ്ങളും

1. ജന്മനാല്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍
പുറംചെവിയുടെ ജന്മനാല്‍ ഉണ്ടാകുന്ന രൂപവ്യത്യാസങ്ങള്‍, കനാല്‍ ജന്മനാല്‍ അടഞ്ഞിരിക്കുക, കര്‍ണപുടത്തിന്റെയോ ശ്രവണാസ്ഥികളുടെയോ ജന്മനാല്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവ കേള്‍വിക്കുറവിനു കാരണമാകാം. ഇപ്രകാരം ഉണ്ടാകുന്ന കേള്‍വിക്കുറവ് കനാല്‍ പ്ലാസ്റ്റി, മധ്യകര്‍ണത്തിലെ ശസ്ത്രക്രിയ എന്നിവയിലൂടെ പരിഹരിക്കാം. കേള്‍വിക്കുറവിനു പുറമേ ഈ കുട്ടികള്‍ക്ക് മൂക്കിന്റെയോ ചുണ്ടുകളുടെയോ മുഖത്തെ മറ്റു രൂപവ്യത്യാസങ്ങള്‍കൂടി കണ്ടുവരാറുണ്ട്. ആവശ്യമെങ്കില്‍ അത്തരം വൈകല്യങ്ങള്‍ക്കുള്ള ശസ്ത്രക്രിയകൂടി ആവശ്യമായി വന്നേക്കാം.

2. മധ്യകര്‍ണത്തിലെ നീര്‍വീക്കം (Middle Ear Effusion)
അലര്‍ജിയുള്ളവര്‍ക്കും സൈനസൈറ്റിസ് ഉള്ളവര്‍ക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ജലദോഷമായി തുടങ്ങിയ ശേഷം ഉണ്ടാകുന്നതാണ് ഇത്തരം കേള്‍വിക്കുറവ്. കുട്ടികളില്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെയും മൂക്കിനു പിന്നില്‍ സ്ഥിതിചെയ്യുന്ന അഡിനോയ്ഡ് ഗ്രന്ഥിയുടെയും വളര്‍ച്ചമൂലം ചെവിയും തൊണ്ടയും തില്‍ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യന്‍ ട്യൂബിന്റെ തടസവുമാണ് ഈ പ്രശ്‌നത്തിനു കാരണം. ഔഷധചികിത്സകൊണ്ട് മാറാത്ത അവസ്ഥയില്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി കര്‍ണപുടത്തില്‍ ഒരു ദ്വാരമിട്ട് നീര്‍ക്കെട്ട് വലിച്ചുകളയുകയും വീണ്ടും അത് ഉണ്ടാകാതിരിക്കാന്‍ ഗ്രോമറ്റ് എന്ന ട്യൂബ് കര്‍ണപുടത്തില്‍ വയ്ക്കുകയും ചെയ്യുന്നതാണ് ചികിത്സാരീതി. കൂടാതെ ടോണ്‍സിലും അഡിനോയ്ഡും നീക്കം ചെയ്യുകയും വേണം. രോഗം മാറിയ ശേഷം ഗ്രോമറ്റ് താനേ പുറന്തള്ളപ്പെടുന്നു എന്നതും ഓര്‍ക്കുക.

3. മധ്യകര്‍ണത്തിലെ പഴുപ്പ്
അലര്‍ജി, സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ശക്തമായ ചെവിവേദനയോടെ ഉണ്ടാകുന്ന കേള്‍വിക്കുറവ് ഈ രോഗത്തിന്റെ ലക്ഷണമാണ്. തക്കസമയത്തുള്ള ഔഷധ ചികിത്സയിലൂടെ ഇത് സുഖപ്പെടുത്താം. എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈ അവസ്ഥ കര്‍ണപുടത്തിന് ദ്വാരം ഉണ്ടാക്കാനും ചെവിയിലൂടെ പഴുപ്പ് വരുന്ന സാഹചര്യവും ഉണ്ടായേക്കാം. അത്തരം രോഗികള്‍ക്ക് ടിംപാനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ രോഗം സുഖപ്പെടുത്താം. എന്നാല്‍ കട്ടിയായ ദുര്‍ഗന്ധമുള്ള പഴുപ്പും രക്തസ്രാവവും ഉണ്ടായാല്‍ അത് എല്ലുകള്‍ ദ്രവിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരം പഴുപ്പ് തലച്ചോറിലേക്ക് വ്യാപിക്കാനും ശ്രവണനാഡിയെ ബാധിക്കാനും മുഖം കോടിപ്പോകാനും സാധ്യതയുണ്ട്. അപ്രകാരം ഉണ്ടാകുന്നപക്ഷം ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ആ ലക്ഷ്യം നിര്‍വഹിച്ച ശേഷം സാധ്യമെങ്കില്‍ ടിംപാനോപ്ലാസ്റ്റി വഴി കേള്‍വി ഒരുപരിധിവരെ വീണ്ടെടുക്കാവും.

4. ഓാേ സ്‌ക്ലീറോസിസ്
മധ്യകര്‍ണത്തിനെ ആന്തരകര്‍ണവുമായി ബന്ധിപ്പിക്കുന്ന ശ്രവണാസ്ഥിയായ സ്‌റ്റേപിസിന്റെ ഫുട്‌പ്ലേറ്റ് ഉറച്ചുപോകുന്നതാണ് ഈ അസുഖം. പാരമ്പര്യമായും കൂടുതല്‍ മധ്യവയസ്‌കരായ സ്ത്രീകളിലുമാണ് ഇത് കണ്ടുവരുന്നത്. ഈ രോഗത്തെ സ്‌റ്റെപിഡോ്മി എന്ന ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം. ഈ അസുഖംമൂലം ശ്രവണനാഡിക്ക് കേടുവന്നാല്‍ ശ്രവണസഹായി ഉപയോഗിക്കേണ്ടിവന്നേക്കാം.

5. ബാഹ്യകര്‍ണത്തിലെ പ്രശ്‌നങ്ങള്‍
ബാഹ്യകര്‍ണത്തിലെ ബാക്ടീരിയ, പൂപ്പല്‍ എന്നിവയുണ്ടാക്കുന്ന അണുബാധ, ചെവിയിലെ മെഴുക് കട്ടിയായി നിറഞ്ഞിരിക്കുക എന്നതും കേള്‍വിക്കുറവിന് കാരണമാകും. പുറംചെവി വൃത്തിയാക്കിയും തുള്ളിമരുന്നുകളും ആന്റിബയോട്ടിക് ഗുളികകളും ഉപയോഗിച്ചും അണുബാധ നിയന്ത്രിക്കാവുന്നതാണ്. മെഴുക് അലിയിക്കാനുള്ള മരുന്നുകള്‍ 35 ദിവസം ഉപയോഗിച്ച് അലിഞ്ഞ മെഴുക് മെഷീനിലൂടെ വലിച്ചെടുക്കുകയോ വാക്‌സ് പ്രോബ് ഉപയോഗിച്ച് തോണ്ടിക്കളയുകയോ ചെയ്യാം.

6. ചെവിയില്‍ കടന്നുകൂടുന്ന അന്യവസ്തുക്കള്‍
കുട്ടികള്‍ കളിക്കുമ്പോള്‍ മുത്ത്, കപ്പലണ്ടി എന്നിവ ചെവിയിലിട്ട് അതുമൂലം കേള്‍വിക്കുറവ് ഉണ്ടാകാം. ശ്രദ്ധയോടെ അത് എടുത്തുകളയുമ്പോള്‍ കേള്‍വി പഴയപടിയാകുന്നു. എന്നാല്‍ ഒരിക്കലും സ്വയം വൃത്തിയാക്കാന്‍ ശ്രമിക്കുകയോ വീട്ടില്‍വച്ച് അത് എടുത്തുകളയാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ചെവിയില്‍ പോയ വസ്തു അകത്തേക്കു പോയി ഉറച്ചുപോയാല്‍ ശസ്ത്രക്രിയവഴി എടുത്തുകളയാനേ സാധിക്കൂ. ചെവിയില്‍ കടന്നുകൂടുന്ന ജീവനുള്ള പാറ്റ, ഉറുമ്പ് എന്നിവ ഉണ്ടാക്കുന്ന അസ്വസ്ഥത മാറാന്‍ ചെരിഞ്ഞുകിടന്ന് വെളിച്ചെണ്ണ ഒഴിക്കുകയും അങ്ങനെ പ്രാണികള്‍ ചത്തുപോകുകയും അസ്വസ്ഥത കുറയുകയും ചെയ്യുന്നു. പിന്നെ സൗകര്യംപോലെ ഇവ നീക്കംചെയ്യാവുന്നതാണ്.


7. അപകടങ്ങള്‍
വഴക്കുണ്ടാകുമ്പോള്‍ ചെവിയില്‍ അടിക്കുകയും അപകടം ഉണ്ടാകുമ്പോഴും ശക്തമായ ശബ്ദം കര്‍ണപുടത്തില്‍ പതിക്കുമ്പോഴും ഉദാഹരണത്തിന് വെടിക്കെട്ടിനടത്തു പോകുമ്പോള്‍ കര്‍ണപുടത്തിന് പൊട്ടലും മധ്യകര്‍ണത്തിലെ അസ്ഥികള്‍ക്ക് ഇളക്കം സംഭവിക്കുകയും മധ്യകര്‍ണത്തില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. സാധാരണഗതിയില്‍ കര്‍ണപുടത്തിലെ ദ്വാരം ഏതാണ്ട് ആറാഴ്ചകൊണ്ട് അടയുന്നതാണ്. ഈ സമയം ചെവിയില്‍ നനവ് വരാതെ സൂക്ഷിക്കണം. ശ്രവണാസ്ഥിയില്‍ ഉണ്ടാകുന്ന ഇളക്കം ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം.

സെന്‍സറി ന്യൂറല്‍ കേഴ്‌വിക്കുറവ്
ശ്രവണനാഡിയെ ബാധിക്കുന്ന വിവിധതരം രോഗങ്ങള്‍ ഇത്തരം കേള്‍വിക്കുറവിനു കാരണമാകുന്നു.

1. പ്രസ്ഡയക്യുസിസ്
പ്രായം ഏറുമ്പോള്‍ ശ്രവണനാഡിയുടെ പ്രവര്‍ത്തനം കുറയുന്നു. ആന്തരിക കര്‍ണത്തിലേക്കുള്ള രക്തഓട്ടം കുറയുന്നതാണ് ഇതിനു കാരണം. പ്രമേഹം, രക്താദിസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ക്ക് 50 വയസിനു മുന്‍പേതന്നെ ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നേക്കാം. കേള്‍ക്കുന്നത് വ്യക്തമാകില്ല എന്നതാണ് പ്രധാന ലക്ഷണം. തുടക്കത്തില്‍ ചില ഔഷധങ്ങള്‍ ഉപയോഗിച്ചും പിന്നീട് ശ്രവണസഹായി ഉപയോഗിച്ചും ഈ രോഗികള്‍ക്ക് ആശ്വസമേകാം.

2. അണുബാധ
ബാക്ടീരിയ, വൈറസ് എന്നിവ മൂലം ആന്തരിക കര്‍ണത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശ്രവണനാഡിക്ക് കേടുണ്ടാക്കാം. തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി പൂര്‍ണമായി നഷ്ടപ്പെടാം. മുണ്ടിനീര്, അഞ്ചാംപനി, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളും ഇപ്രകാരമുള്ള കേള്‍വിക്കുറവിന് കാരണമാകുന്നു. ഇത്തരം അസുഖങ്ങള്‍ വന്നശേഷം കേള്‍വി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

3. ഔഷധങ്ങളുടെ പാര്‍ശ്വഫലം
കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍, മലേറിയ, ടിബി, രക്താദിസമ്മര്‍ദത്തിനു കൊടുക്കുന്ന ചില മരുന്നുകള്‍, ചില ആന്റിബയോട്ടിക് മരുന്നുകള്‍, വേദനസംഹാരികള്‍ തുടങ്ങിയവ കേള്‍വിക്കുറവിനു കാരണമായേക്കാം. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ കേള്‍വി പരിശോധിക്കുകയും കുറവ് കണ്ടാല്‍ മറ്റു മരുന്നിലേക്ക് മാറുന്ന കാര്യം പരിഗണിക്കേണ്ടതുമാണ്.

4. മിനിയേഴ്‌സ് ഡിസീസ്
ആന്തരിക കര്‍ണത്തിലെ ദ്രാവകത്തിന്റെ മര്‍ദം ഇടയ്ക്കിടെ കൂടുമ്പോള്‍ ചെവിയില്‍ മൂളലും കേള്‍വിക്കുറവും തലകറക്കവും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. മരുന്നുകളുപയോഗിച്ചും ചില പ്രത്യേക അവസരങ്ങളില്‍ ശസ്ത്രക്രിയ വഴിയും ഈ രോഗം നിയന്ത്രിക്കാം. എന്നാല്‍ ഇത് പൂര്‍ണമായി സുഖപ്പെടാന്‍ സാധിക്കില്ല. രോഗബാധിതമായ ചെവിയിലെ കേള്‍വി ക്രമേണ കുറഞ്ഞ് പൂര്‍ണമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഒരു ചെവി മാത്രമാണ് രോഗബാധിതമാകുന്നതെങ്കിലും ചിലരില്‍ ഈ രോഗം രണ്ടു ചെവിയിലും ബാധിക്കാനുള്ള സാധ്യതയുണ്ട്.

5. മറ്റു രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന കേള്‍വിക്കുറവ്
പ്രമേഹം, വൃക്കരോഗങ്ങള്‍, വാതസംബന്ധമായ രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവ കേള്‍വിക്കുറവിന് കാരണമായേക്കാം. നേരത്തേ കണ്ടുപിടിച്ചാല്‍ ഇവയ്ക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകും.


6. തലയോട്ടിയിലെ പൊട്ടല്‍
അപകടങ്ങളില്‍പ്പെ് തലയോട്ടിയില്‍ പൊട്ടലുണ്ടാകുകയും അത് ആന്തരിക കര്‍ണത്തെ ബാധിക്കുകയും ചെയ്യുമ്പോള്‍ കേള്‍വിക്കുറവിനൊപ്പം മുഖം കോടിപ്പോകുകയും തലച്ചോറിലെ ദ്രാവകം ചെവിയിലൂടെ ഒഴുകി പുറത്തേക്കുവരികയും ചെയ്യും. ഇത്തരം രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

7. തലച്ചോറിലെ മുഴകള്‍
ഒരുവശത്തു മാത്രം ഉണ്ടാകുന്ന ശ്രവണനാഡിയിലെ പ്രശ്‌നങ്ങള്‍ തലച്ചോറില്‍ ഉണ്ടാകുന്ന മുഴകളുടെ ലക്ഷണമാകാം. കേള്‍വിക്കുറവിനൊപ്പം ചെവിയില്‍ മൂളലും തലവേദനയും ഛര്‍ദിയും ഉണ്ടാകാം.

കേള്‍വിക്കുറവ് എങ്ങനെ മനസിലാക്കാം

* പലതരം പരിശോധനകളിലൂടെ കേള്‍വിക്കുറവ് കണ്ടുപിടിക്കാം.
* മുതിര്‍ന്നവരില്‍ പരിശോധനാമുറിയില്‍തന്നെ ചെയ്യാവുന്ന ടെസ്റ്റ് ആണ് ട്യൂണിംഗ് ഫോര്‍ക് ടെസ്റ്റ്. ഇതുവഴി കേള്‍വിക്കുറവുണ്ടോ എന്നും അത് ഏതുതരമാണെന്നും കണ്ടുപിടിക്കാം.
* Pure Tone Audiometry/Tympanometry എന്നീ ടെസ്റ്റുകള്‍വഴി കേള്‍വിക്കുറവിന്റെ കാഠിന്യം, അതിന്റെ കാരണം എന്നിവ കണ്ടെത്താം.
* ചില പ്രത്യേക അവസങ്ങളില്‍ ചെയ്യുന്ന ടെസ്റ്റുകളാണ് DPOAE, ASSR, Electro Cochleography എന്നിവ.
കേള്‍വിക്കുറവിന്റെ കാരണം കണ്ടെത്താന്‍ ചിലപ്പോള്‍ സിടി സ്‌കാന്‍, എംആര്‍ഐ എന്നിവയും ആവശ്യമായി വരാം.

എന്താണ് കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ

ജന്മനാല്‍ ഉണ്ടാകുന്ന ശ്രവണനാഡിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടിയുടെ സംസാരശേഷിയെ അതു ബാധിക്കും. കുട്ടികള്‍ പുറമേയുള്ള ശബ്ദങ്ങള്‍ കേട്ട് അവയെ അനുകരിച്ചാണ് സംസാരിക്കാന്‍ തുടങ്ങുന്നത്. കേള്‍വിക്കുറവ് സംസാരശേഷി വികസിക്കുന്നതിന് തടസമാകും. ഇത്തരം കുട്ടികളില്‍ കേള്‍വിക്കുറവ് നേരത്തെ കണ്ടെത്തി ശ്രവണസഹായിയും ട്രെയിനിംഗും എത്രയും പെെന്നുതന്നെ നല്‍കേണ്ടതാണ്. ശ്രവണസഹായി ഉപയോഗിച്ചിട്ടും സംസാരശേഷി വികസിക്കുന്നില്ലെങ്കില്‍ പ്രത്യേകതരം ഇലക്‌ട്രോഡുകള്‍ ആന്തരിക കര്‍ണത്തിലേക്ക് നേരിട്ട് വയ്ക്കുന്ന ശസ്ത്രക്രിയയാണ് കോക്ലിയര്‍ ഇംപ്ലാന്‍േറഷന്‍. ആറാം മാസം മുതല്‍ രണ്ടുവയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഈ ശസ്ത്രക്രിയ അവരിലെ സംസാരശേഷി പരിശീലനത്തിലൂടെ വികസിക്കാന്‍ സഹായിക്കുന്നു. വൈകുന്തോറും ഈ ശസ്ത്രക്രിയയുടെ വിജയസാധ്യത കുറയുന്നു.

ഇന്നു കേരളത്തില്‍ ശ്രുതിതരംഗം എന്ന പദ്ധതിവഴി ഇത്തരം കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ ഈ ശസത്രക്രിയ ചെയ്തുവരുന്നു. ഇതു ഇന്ത്യയാകെ മാതൃകയാക്കിയിട്ടുള്ള ഒരു ബൃഹദ്പദ്ധതിയായി മാറിക്കഴിഞ്ഞു. എത്ര നേരത്തെ കേള്‍വിക്കുറവ് കണ്ടുപിടിക്കുന്നു എന്നതും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള Auditory Verbal Therapy എത്ര ഫലപ്രദമായി കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശസ്ത്രക്രിയയുടെ വിജയം. തലച്ചോറിലുണ്ടാകുന്ന പഴുപ്പുമൂലം ഉണ്ടാകുന്ന കേള്‍വിക്കുറവിനും ഈ ശസ്ത്രക്രിയ വിജയകരമാണ്.

പെട്ടെന്നുണ്ടാകുന്ന കേള്‍വിക്കുറവ്

ഒരു പനി വന്നശേഷമോ പ്രത്യേകിച്ച് യാതൊരു കാരണംകൂടാതെയോ പെട്ടെന്നുണ്ടാകുന്ന, ഒരു ചെവിയെ മാത്രം ബാധിക്കുന്ന ഈ പ്രശ്‌നത്തിന് ഉടന്‍ ചികിത്സ ചെയ്യണം. വിവിധ ടെസ്റ്റുകള്‍ വഴി തലച്ചോറിലെ മുഴകള്‍, രക്തക്കുഴലിലെ പ്രശ്‌നങ്ങള്‍ എന്നിവയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞരമ്പുകളിലൂടെയും ചെവിക്കകത്ത് നേരിട്ട് കൊടുക്കുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പിലൂടെ ഒരു പരിധിവരെ/ചിലരില്‍ പൂര്‍ണമായും കേള്‍വി വീണ്ടെടുക്കാവുന്നതാണ്. ചികിത്സ വൈകുന്തോറും വിജയസാധ്യത കുറഞ്ഞുവരും. ചില വൈറസ് അണുബാധമൂലം നാഡികളിലുണ്ടാകുന്ന നീര്‍വീക്കമാണ് ഈ ആസുഖത്തിനു കാരണമാകുന്നത്.

മറ്റേതൊരു അസുഖത്തെയുംപോലെ കേള്‍വിക്കുറവും അതിന്റെ കാരണങ്ങളും നേരത്തെ കണ്ടുപിടിക്കുകയും ശരിയായ ചികിത്സ ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടതുമാണ്. പ്രത്യേകിച്ചും നവജാത ശിശുക്കളില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവ് പരിഹരിക്കേണ്ടത് അവരുടെ സംസാരശേഷി വികസിക്കാന്‍ അത്യാവശ്യമാണ്.

ഡോ. പ്രവീണ്‍ ഗോപിനാഥ്
കണ്‍സള്‍ട്ടന്റ് ഇഎന്‍ടി
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം