പ്രളയത്തില്‍ രക്ഷകനായി ട്രൈക്കോ കാപ്‌സ്യൂള്‍
2018-ലെ പ്രളയസമാനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുകയാണ് കേരളത്തിലെ കാര്‍ഷിക മേഖല. കൃഷിയിടങ്ങള്‍ ഒലിച്ചുപോയും വെള്ളത്തില്‍ മുങ്ങിയും കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത് പെട്ടന്നു തിരിച്ചു പിടിക്കുക അസാധ്യമാണ്. പടിപടിയായുള്ള പുനഃക്രമീകരണങ്ങളാണാവശ്യം. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ വളക്കൂറുള്ള മേല്‍മണ്ണ് ഒലിച്ചുപോയി ചെടികളുടെ വളര്‍ച്ച മുരടിച്ചു. ഈര്‍പ്പക്കൂടുതലുള്ള മണ്ണ് രോഗാണുക്കള്‍ക്ക് വളരാന്‍ അനുകൂല ഘടകമാണ്. വളക്കൂറില്ലാതെ ആരോഗ്യം നഷ്ടപ്പെട്ട ചെടികളെ വെള്ളക്കെട്ടില്‍ വളരുന്ന രോഗാണുക്കള്‍ക്ക് പെട്ടന്ന് ആക്രമിക്കാനാകും. മണ്ണിന്റെ വളക്കൂറു വര്‍ധിപ്പിക്കാനും രോഗാണുക്കളുടെ വ്യാപനം തടയാനും മണ്ണിലെ തന്നെ മിത്രകുമിളുകളെ നമുക്ക് ഉപയോഗിക്കാം.

ഇത്തരത്തില്‍ മണ്ണില്‍ നിന്നും വേര്‍തിരിച്ചെടുത്ത മിത്രകുമിളാണ് ട്രൈക്കോഡര്‍മ. രോഗപ്രതിരോധത്തിനും വിളകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന ഇതിന് കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചെടികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന വിവിധ ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ എന്നിവ ഈ കുമിള്‍ ഉത്പാദിപ്പിക്കുന്നു. രോഗകാരികളായ കുമിളുകളെ നശിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. കൃഷിയിടങ്ങള്‍ പുനരുദ്ധരിച്ച് കുമ്മായപ്രയോഗം നടത്തി രണ്ടാഴ്ചയ്ക്കു ശേഷം ആവശ്യത്തിന് ജൈവവളങ്ങളും ചേര്‍ത്ത് ഈ മിത്രകുമിളിനെക്കൂടി നല്‍കിയാല്‍ മണ്ണിനെ വേഗം ജീവസുറ്റതാക്കി മാറ്റാന്‍ സാധിക്കും.

പ്രളയശേഷം പല കൃഷിയിടങ്ങളിലും വിളകളെബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനും ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പോഷകമൂലകങ്ങളുടെ ലഭ്യത കൂട്ടുന്നതിനും ട്രൈക്കോഡെര്‍മ ഉപയോഗിക്കാം. കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ മൂടുചീയല്‍, പച്ചക്കറികളെ മണ്ണുവഴി ബാധിക്കുന്ന രോഗങ്ങള്‍, തെങ്ങിന്റെ മണ്ടചീയല്‍, ചെന്നീര് ഒലിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്ക് ട്രൈക്കോഡര്‍മ ഫലപ്രദമാണ്.

അന്തരീക്ഷത്തെ മലിനമാക്കുന്ന അമിത രാസകീടനാശിനി പ്രയോഗം ഒഴിവാക്കാന്‍ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ചുള്ള ജൈവ നിയന്ത്രണമാര്‍ഗങ്ങള്‍ ഗുണപ്രദമാണ്. ദോഷവശങ്ങള്‍ ഇല്ലാത്ത ഇവ കൃഷിയെ സഹായിക്കുന്നു.

സാധാരണയായി ടാല്‍ക്കം പൊടിയില്‍ ഈ മിത്രകുമിളുകള്‍ ചേര്‍ ത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇവ ജൈവവസ്തുക്കളില്‍ വംശവര്‍ധന നടത്തിയശേഷമാണ് മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നത്. അതായത് വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയില്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് അഞ്ചുദിവസം വെയില്‍ ഏല്‍ക്കാതെ നനഞ്ഞ ചണച്ചാക്കുപയോഗിച്ച് മൂടി സൂക്ഷിക്കുന്നു. ഇതിനു ശേഷം ഈ മിശ്രിതം ചെടിച്ചുവട്ടിലിടുന്നു. പക്ഷെ ടാല്‍ക്കംപൊടി രൂപത്തില്‍ കൂടുതല്‍ അളവ് ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതു കൂടാതെ ഈ കുമിളിന് ടാല്‍ക്ക് പൊടിയില്‍ ആറുമാസത്തിനു മുകളില്‍ നിലനില്‍ക്കാന്‍ കഴിയുകയുമില്ല.


ഈ പ്രതിസന്ധിക്ക് പരിഹാരമായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആര്‍ - ഐഐഎസ്ആര്‍) ഒരു നൂതന വിദ്യ വികസിപ്പിച്ചുട്ടുണ്ട്. സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ഡോ. എം. ആനന്ദരാജിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ട്രൈ ക്കോഡര്‍മയെ എന്‍ക്യാപ്‌സുലേറ്റ് ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതിക വിദ്യയില്‍ ട്രൈക്കോഡര്‍മയുടെ തന്തുക്കളെ നിഷ്‌ക്രിയ അവസ്ഥയിലാക്കി ഈ അവസ്ഥയില്‍ തന്നെ നിലനിര്‍ത്താനുള്ള ചില ആവശ്യ രാസ ഘടകങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ജലാറ്റിന്‍ ക്യാപ്‌സ്യൂളുകളില്‍ നിറയ്ക്കുന്നു. ഇങ്ങനെ നിറച്ച ഒരു ക്യാപ്‌സൂളിന് ഒരു ഗ്രാം തൂക്കമുണ്ടാവും.

ട്രൈക്കോഡര്‍മ അടങ്ങിയ ഒരു ക്യാപ്‌സ്യൂള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 100 ഇരട്ടി വെള്ളം ചേര്‍ത്ത് രണ്ടു മണിക്കൂറിനകം ഉപയോഗിക്കണം. ഈ ലായനി ചെടികളുടെ ചുവട്ടില്‍ മണ്ണില്‍ ഒഴിച്ചു കൊടുക്കണം. ഇത് മണ്ണില്‍ നല്‍കുന്ന സമയത്ത് ധാരാളം ജൈവ വസ്തുക്കള്‍ ഉണ്ടായിരുന്നാല്‍ ഈ മിത്രകുമിളിനെ മണ്ണില്‍ പെരുകാന്‍ സഹായിക്കുന്നു.

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നും ട്രൈക്കോഡെര്‍മയുടെ ബയോക്യാപ്‌സ്യൂള്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. (ഫോണ്‍: 0495-2731410). നൂറു രൂപയാണ് ഒരു ക്യാപ്‌സൂളിന്റെ വില. കേരളത്തിലെ വിടെയും തപാല്‍ വഴിയും ക്യാപ് സ്യൂള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ഇതു കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ ക്യാപ്‌സ്യൂളുകള്‍ കേരളത്തില്‍ ആര്‍.എല്‍ കോ-ഇന്നവേറ്റീവ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ലഭ്യമാണ് (ഫോണ്‍: 94963 45414, 99953 38282) കര്‍ണാടകയില്‍ പ്രവര്‍ത്തി ക്കുന്ന കൊഡഗ് അഗ്രിടെക്കിന്റെ ക്യാപ്‌സ്യൂളുകള്‍, കൊഡഗ് ട്രൈ ക്കോക്യാപ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്.

ഇന്ന് ഈ സാങ്കേതിക വിദ്യവഴി ഏതൊരു മിത്ര സൂക്ഷ്മാണുവിനേയും ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കാന്‍ സാധിക്കും. കര്‍ഷകര്‍ വിളകള്‍ക്ക് അനുയോജ്യമായ, നിര്‍ദ്ദേശിക്കപ്പെട്ട മിത്ര സൂക്ഷ്മാണു ക്യാപ് സ്യൂളുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണ മെന്നു മാത്രം.

പ്രവീണ ആര്‍, ലിജോ തോമസ്, ദിനേശ് ആര്‍.
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
കോഴിക്കോട്
ഫോണ്‍: ഡോ. പ്രവീണ- 94475 68555.