കംപ്യൂട്ടറും വില്ലനാണ്
കംപ്യൂട്ടറും വില്ലനാണ്
Tuesday, July 2, 2019 3:19 PM IST
കംപ്യൂട്ടര്‍ ഉപയോഗം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അമിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന അസ്ഥിസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാം...

കഴുത്തുവേദന

ദിവസവും മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണയായി കണ്ടുവരുന്നരോഗമാണ് തുടര്‍ച്ചയായ കഴുത്തുവേദന. ഒരേദിശയില്‍ കുറേനേരം ഇരിക്കുമ്പോള്‍ കഴുത്തിലെ പേശികള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇതുമൂലം ഉണ്ടാകുന്ന Fatigue ആണ് ഇതിനു കാരണം. അവ്യക്തമായ കഴുത്തുവേദനയാണ് ഇതിന്റെ ലക്ഷണം. കഴുത്ത് അനക്കുമ്പോഴും വശങ്ങളിലേക്കു തിരിക്കുമ്പോഴും ഈ വേദന കൂടുകയും ചികിത്സിക്കാതിരുന്നാല്‍ അസഹനീയം ആകുകയും ചെയ്യും.

Myofascitis/ Fibromyalgia

ചില ആളുകളില്‍ കഴുത്തില്‍ മാത്രമുള്ള വേദന കഴുത്തിനു താഴേക്കും പുറംഭാഗത്തേക്കും തോളിനു പുറകില്‍ ആയും നടുവിന്റെ താഴ്ഭാഗത്തേക്കും വ്യാപിച്ചു കാണുന്നു. ഈ ഭാഗങ്ങളില്‍ പേശികള്‍ കട്ടിയായി അനുഭവപ്പെടും. ഈ അവസ്ഥ Fibromyalgia/Myofascitis എന്നാണ് അറിയപ്പെടുന്നത്. ഈ അസുഖത്തിന്റെ പ്രത്യേകത മേല്പറഞ്ഞ ഭാഗങ്ങളിലെ ചില പ്രത്യേക പോയിന്റുകളില്‍ ഞെക്കി നോക്കുമ്പോള്‍ അതികഠി നമായ വേദന അനുഭവപ്പെടുന്നു എന്നുള്ളതാണ്. ഇതിനെ Multiple Tender Spots എന്നു പറയുന്നു. ലോക്കല്‍ സ്റ്റിറോയ്ഡ് ഇന്‍ജെക്ഷന്‍ അല്ലെങ്കില്‍ ലോക്കല്‍ അനസ്‌തെറ്റിക്‌സ് ഈ Tender Spot കളില്‍ ഇന്‍ജെക്ഷന്‍ ചെയ്യുന്ന ചികിത്സാ രീതിയും ഇന്നുണ്ട്.

Cervical IVDP

ചിലര്‍ക്ക് കഴുത്തിലെ വേദന, തോള്‍വഴി കൈകളില്‍ വ്യാപിക്കുന്നത് കാണാം. ചിലര്‍ക്ക് അല്പം മരവിപ്പ്/തരിപ്പ് ആയിട്ടായിരിക്കും അനുഭവപ്പെടുന്നത്. കഴുത്തിലെ കശേരുക്കളുടെ ഇടയിലെ ഡിസ്‌കിന് സ്ഥാനചലനം സംഭവിച്ച് കൈയിലേക്കുള്ള നാഡീഞരമ്പുകളില്‍ മര്‍ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത്. ശരിയായ സമയം ചികിത്സ എടുത്തില്ലെങ്കില്‍ കൈകള്‍ക്ക് ബലക്കുറവ് ഉണ്ടാകാന്‍ ഇതു കാരണമാകും.

തോള്‍വേദന

കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഒന്നാണ് മൗസ് ഉപയോഗിക്കുന്ന കൈയുടെ തോളിന് ഉണ്ടാകുന്ന വേദനയും അനക്കക്കുറവും. ജോലി തുടങ്ങുന്നത് മുതല്‍ തീരുന്നതുവരെ തോള്‍ അനക്കാതെ മൗസ് മാത്രം ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം തോളിന് അനക്കക്കുറവ് ഉണ്ടാകുകയും വേദന ഉണ്ടാകുകയും ചെയ്യുന്നു.

Olecranon Bursitis

നിത്യവും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ അപൂര്‍വമായി കാണുന്ന അസുഖമാണിത്. ചിലര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നത് കൈമുട്ടുകള്‍ മേശമേല്‍ വച്ചുകൊണ്ടായിരിക്കും. നിരന്തരമായുള്ള സ്‌ട്രെയിന്‍ കാരണം കൈമുട്ടിന്റെ പുറകില്‍ വേദനയോടുകൂടിയോ ഇല്ലാതെയോ ഉണ്ടാകുന്ന ചെറിയ മുഴ ആണിത്. സാധാരണ ഗതിയില്‍ ഇതു കുഴപ്പമുള്ള മുഴ അല്ല. എന്നാല്‍ മുഴയിലേക്ക് രക്തസ്രാവം ഉണ്ടാകുകയോ ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയോ പഴുപ്പ് ബാധിക്കുകയോ ചെയ്യാം. അല്ലെങ്കില്‍ പെെന്ന് വലിപ്പം കൂടാം. ഈ സാഹചര്യങ്ങളില്‍ മുഴ നീക്കം ചെയ്യേണ്ടിവരികയോ ID (Incision and Drainage)ചെയ്യുകയോ ഒക്കെ വേണ്ടിവരാം.

Tennis Elbow

മൗസ് ഉപയോഗിക്കുന്ന കൈയിലെ വിരലുകള്‍ നിരന്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് കൈമുട്ടിനു താഴെയുള്ള പേശികള്‍ക്ക് നിരന്തരം സ്‌ട്രെയിന്‍ ഉണ്ടാകുന്നു. ഇതാണ് ടെന്നീസ് എല്‍ബോ (Tennis Elbow) എന്ന അസുഖത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണിത്.

Carpal Tunnel Syndrome

കണങ്കൈ മേശപ്പുറത്ത് വച്ചുകൊണ്ട് വിരലുകള്‍ മാത്രം ഉപയോഗിച്ചാണ് ചിലര്‍ മൗസ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് കൈവെള്ളയിലും ആദ്യത്തെ മൂന്നു വിരലുകളിലും പെരുപ്പും മരവിപ്പും കാണാറുണ്ട്. ഇതിനെ Carpal Tunnel Syndrome എന്നാണ് പറയുന്നത്. കൈവെളളയിലെ Median Nerve ല്‍ ക്ഷതം ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

നടുവേദന

സ്ഥിരം കംപ്യൂട്ടര്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ കാണുന്ന ഒന്നാണ് നടുവേദന. ശരിയായ രീതിയില്‍ കൃത്യമായ പൊസിഷനില്‍ ഇരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നടുവിലെ പേശികള്‍ക്ക് വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ടു നടുവേദന ഉണ്ടാകാം.

Sciatica/IVDP

അപ്രതീക്ഷിതമായ വെട്ടിത്തിരിയലുകളും ആയാസപ്പെടലും കാരണം ചിലരില്‍ നടുവേദന നടുവില്‍നിന്ന് ഒരു കാലിലേക്കോ ചിലപ്പോള്‍ രണ്ടു കാലിലേക്കോ വ്യാപിക്കുന്നത് കാണാം. മറ്റു ചിലരില്‍ ഇത് മരവിപ്പ്/തരിപ്പ് ആയോ കാണാം. നട്ടെല്ലിലെ ഡിസ്‌ക് സഥാനം തെറ്റി കാലിലേക്കുള്ള നാഡീ ഞരമ്പിനു ക്ഷതം ഏല്‍പ്പിക്കുന്നതാണ് ഇതിനു കാരണം. ഇതിനെ Sciatica എന്നു പറയുന്നു. ശരിയായ സമയത്ത് ചികിത്സ എടുത്തില്ലെങ്കില്‍ കാലിനു ബലക്ഷയം വരെ വരാം.




Lumbosacral Strain or Sacroiliac Strain

കസേരയില്‍ ഇരുന്നു ജോലി ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് അപ്രതീക്ഷിതമായി വെട്ടിത്തിരിയുക, ശ്രദ്ധയില്ലാതെ പെട്ടെന്ന് എണീക്കുക, കുനിയുക എന്നിവ മൂലം നടുവിനുണ്ടാകുന്ന ആയാസമാണ് ഇതിനു കാരണം.

ഇടുപ്പെല്ല് സന്ധിവേദന

ചിലര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നോട്ട് ആഞ്ഞിരുന്നാണ് മണിക്കൂറുകള്‍ ജോലി ചെയ്യുന്നത്. ഇത് ഇടുപ്പെല്ലിന് ആയാസം ഉണ്ടാക്കുകയും നിരന്തര വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

Ischial Bursitis

കട്ടിയുള്ള കസേരകളില്‍ മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന അസുഖമാണിത്.

Meralgia Paresthetica

ലോ വെയ്സ്റ്റ് ജീന്‍സും മറ്റു സമാന വസ്ത്രങ്ങളും ധരിച്ച് മണിക്കൂറുകളും മാസങ്ങളും സ്ഥിരമായി ജോലിചെയ്യുന്ന ചിലരില്‍ തുടയുടെ പുറംഭാഗത്ത് മാത്രം മരവിപ്പ് അനുഭവപ്പെടാറുണ്ട്. കഹശമര ആീില ന്റെ അടുത്തുള്ള ഒരു നാഡീഞരമ്പിന് ക്ഷതം ഏല്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

മുട്ടുതേയ്മാനം (Osteo Arthritis of Knee)

ചിലര്‍ കസേരയില്‍ ഇരിക്കുന്നത് സ്ഥിരമായി മുട്ടുകള്‍ അധികം മടക്കി കസേരയ്ക്ക് അടിയിലേക്ക് ആയിട്ടാണ്. ഇത്തരക്കാരില്‍ മുട്ടിനു ചെറിയ തോതിലുള്ള തേയ്മാനം സംഭവിക്കാന്‍ സാധ്യത ഉണ്ട്.

Foot Drop

ചിലര്‍ നിരന്തരം കംപ്യൂട്ടര്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് കാല്‍മുട്ടിന്റെ തൊട്ടുതാഴെ ഉള്ള ഭാഗം മേശയുടെ കാലുകളിലോ മറ്റു വസ്തുക്കളിലോ ചാരിവച്ചിട്ട് ആകും. നിരന്തരം ഇങ്ങനെ ചെയ്യുമ്പോള്‍ പാദങ്ങളെ മുകളിലോട്ട് അനക്കുന്ന നാഡീഞരമ്പിനു ക്ഷതം ഏല്‍ക്കാന്‍ സാധ്യത ഉണ്ട്. തുടര്‍ച്ചയായുള്ള ക്ഷതം കാരണം അപൂര്‍വം ചിലരില്‍ Foot Drop എന്ന അസുഖം കണ്ടുവരുന്നു.

പരിശോധന

മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു അസ്ഥിരോഗ വിദഗ്ധനെ കണ്ട് അസുഖം കൃത്യമായി കണ്ടുപിടിക്കണം. മേല്‍ സൂചിപ്പിച്ച അസുഖങ്ങളിലെ പല കാരണങ്ങളില്‍ ഒന്നുമാത്രം ആണ് കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നത്.

എക്‌സ്‌റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, USG Scan for Olecranon Bursitis and Ischial Bursitis, Nerve Condition study for Carpal Tunnel Syndrome and Foot drop, Sciatica, പതിവായിുള്ള രക്ത, മൂത്ര പരിശോധനകള്‍.

ചികിത്സ

വ്യക്തവും കൃത്യവുമായ രോഗനിര്‍ണയത്തിനുശേഷം മാത്രമേ ചികിത്സ നടത്താവൂ. രോഗത്തിന്റെ കാരണം കണ്ടുപിടിച്ച് അതിനെയാണ് ചികിത്സിക്കേണ്ടത്.

ജോലിക്കിടയില്‍ ഇടയ്ക്കിടെ വിശ്രമം എടുക്കുക പരമപ്രധാനമാണ്. വ്യായാമം, ഫിസിയോതെറാപ്പി, ചൂടുപിടിക്കുക, വേദനാസംഹാരികള്‍, മസില്‍ റിലാക്‌സന്റ്‌സ്, വേദനാസംഹാരികളുടെ ഉപയോഗം, നാഡീഞരമ്പുകള്‍ക്കുള്ള മരുന്നുകള്‍, ചില സാഹചര്യങ്ങളില്‍ ഓപ്പറേഷന്‍ ചെയ്യുക എന്നിവയാണ് ചികിത്സയിലുള്ളത്.

പ്രതിരോധിക്കാം

1. തുടര്‍ച്ചയായി ജോലി ചെയ്യേണ്ടുന്ന സാഹചര്യങ്ങളില്‍ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ 15 മിനിറ്റ് വിശ്രമം എടുക്കണം.
2. മൃദുവായിട്ടുള്ള കസേരകളില്‍ നടുവ് നിവര്‍ത്തി കസേരയോടു ചേര്‍ന്ന് ഇരിക്കുക.
3. മൗസ് ഉപയോഗിക്കുന്ന കൈയുടെ ഷോള്‍ഡര്‍ ഇടയ്ക്ക് എല്ലാ വശങ്ങളിലേക്കും അനക്കുക. മേശയില്‍ സ്ഥിരമായി കൈമുട്ടും കണങ്കൈയും വയ്ക്കുന്നത് ഒഴിവാക്കുക.
4. കാല്‍മുട്ടുകള്‍ 90 ഡിഗ്രിയില്‍ കൂടുതല്‍ മടക്കി കസേരയുടെ അടിയിലേക്ക് വയ്ക്കുന്ന രീതി മാറ്റുക.
5. സ്ഥിരമായി കഴുത്തിനും നടുവിനും തോളിനും ശരീരം ആകമാനവും വ്യായാമം ചെയ്യുക.

ഡോ.സുധീര്‍ ഷെറീഫ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ആന്‍ഡ് ജനറല്‍ സര്‍ജന്‍, സെന്റ് വിന്‍സന്റ് കോണ്‍വെന്റ് റോഡ്, പാലാരിവട്ടം