സംരംഭകയാകുക എന്ന സ്വപ്നം സാക്ഷാത്കരിച്ച് സോണിയ
കൊല്ലം ഈസ്റ്റ് കല്ലട കൊച്ചുപൂട്ടിൽ വീട്ടിൽ സോണിയ മോഹൻദാസ് എം.ടെക് പൂർത്തിയാക്കി എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു നാലു വർഷം. പക്ഷേ, അപ്പോഴൊക്കെയും സോണിയയുടെ മനസിൽ സമൂഹത്തിന് ഉപകാരമാകുന്ന എന്തെങ്കിലുമൊരു സംരംഭം എന്ന ആഗ്രഹമുണ്ടായിരുന്നു.

പല ആശയങ്ങളും മനസിൽ വന്നെങ്കിലും താൻ തെരഞ്ഞെടുക്കുന്നതെന്തായാലും അത് സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നതയിരിക്കണമെന്ന് സോണിയക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് വേഫർചിപ്സ് ടെക്നോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കും ബയോകാൽക്കുലസ് എന്ന ഉപകരണത്തിനും രൂപം കൊടുക്കുന്നത്. ഇസിജി എടുക്കുന്നതിനുള്ള ഉപകരണമാണിത്.

സമൂഹത്തിന് ഉപകാരപ്പെടണം

താൻ തുടങ്ങുന്ന സംരംഭം എന്തായാലും അത് സമൂഹത്തിന് ഉപകാരപ്രദമായിരിക്കണമെന്ന് സോണിയയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അത്തരം സംരംഭംങ്ങളെക്കുറിച്ചായിരുന്നു അന്വേഷണങ്ങൾ. അങ്ങനെയാണ് ഇസിജി മെഷീനിലേക്ക് എത്തുന്നത്.

ഭർത്താവ് അർച്ചു എസ് വിജയിയടെ ബന്ധു ആശുപത്രിയിലായിരുന്ന സമയത്ത് ആശുപത്രികളിൽ നിലവിലുള്ള ഹാൾട്ടർ ഇസിജി മെഷീനും അതിന്‍റെ പ്രവർത്തനങ്ങളുമൊക്കെ കണ്ടിരുന്നു. അങ്ങനെയാണ് ഇത് അൽപ്പം സങ്കീർണമാണല്ലോ, കുറച്ചുകൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരെണ്ണം നിർമിച്ചാലോ എന്ന ചിന്ത മനസിലേക്കു വന്നത്.

അതുപോലെ നിലവലുള്ളതിന് വില കൂടുതലായതിനാൽ ഹോസ്പിറ്റലുകളിൽ ഇതിന്‍റെ എണ്ണവും കുറവായിരിക്കും. രോഗികൾ ചിലപ്പോൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും ഇസിജി എടുക്കാൻ. മെഷീൻ ശരീരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ വീട്ടിലും പോകാൻ സാധിക്കില്ല. എല്ലാത്തരത്തിലും ബുദ്ധിമുട്ടും ചെലവും. അങ്ങനെയാണ് അൽപ്പം കൂടി ലളിതവും കുറഞ്ഞ വിലയുള്ളതുമായ ഒരു ഉപകരണം എന്ന ആശയത്തിലേക്ക് എത്തുന്നത.്സോണിയ പറഞ്ഞു.

സോണിയക്കൊപ്പം ഭർത്താവും ചേർന്നു. കൊല്ലം ടെക്നോപാർക്കിലാണ് 2016 ൽ കന്പനിക്ക് രൂപം കൊടുക്കുന്നത്. സംരംഭത്തിന്‍റെ സ്ഥാപകയും സിഇഒയുമായ സോണിയയുടെയും സഹസ്ഥാപകനും സിടിഒയുമായ അർച്ചുവിന്‍റെയും നേതൃത്വത്തിൽ കന്പനിയിലെ ഗവേഷണ വികസന വിഭാഗമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇസിജി എടുക്കുന്നതിനുള്ള ഉപകരണമാണ് കണ്ടെത്തിയിരിക്കുന്നത്.


ബയോകാൽക്കുലസിന്‍റെ വില 35000 രൂപയോളമേ വരു. ആശുപത്രികളിൽ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ മൂന്നിലൊന്ന് തുക. പൂർണമായും മെഡിക്കൽ മേഖലയ്ക്കു വേണ്ടിയിട്ടുള്ള ഉപകരണമാണ്. കൂടാതെ ഇത് ശരീരത്തിൽ ബാൻഡേജുപോലെ ഒട്ടിച്ചുവെയ്ക്കാം. കുളിക്കുന്നതിനോ മറ്റും കുഴപ്പവുമില്ല. അതുകൊണ്ടു തന്നെ ആശുപത്രിയൽ അഡ്മിറ്റാകുകയും വേണ്ട.

എങ്ങനെ ഉപയോഗിക്കാം

സാധാരണ ഇസിജി മെഷീൻ പോലെ അധികം വയറുകളും മറ്റുമില്ലാത്തതിനാൽ എളുപ്പത്തിൽ ഉപയോഗിക്കാം. ഉപയോഗിക്കാൻ തുടങ്ങുന്പോൾ ഫോണുമായി കണക്ട് ചെയ്യണം. അതിനായി ബയോകാൽക്കുലസ് എന്നൊരു ആപ്ലിക്കേഷനും ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പിന്നെ ഉപയോഗശേഷം ക്ലൗഡിലേക്ക് വിവരങ്ങൾ സേവ് ചെയ്താൽ മതി. ഡോക്ടർമാർക്ക് അവരുടെ വെബ്ഡാഷിൽ ഈ വിവരങ്ങൾ എപ്പോഴും മോണിട്ടർ ചെയ്യുകയും ചെയ്യാം.

ട്രയൽ പരിശോധനകൾ നടത്തിയിരുന്നു. അത് പൂർണമായും വിജയമായിരുന്നു. ഉടനേ വിപണിയലേക്ക ഉത്പന്നം എത്തിതുടങ്ങും ആദ്യഘട്ടത്തിൽ കൊല്ലംജില്ലയിലെ ഏതാനും ആശുപത്രികളിലാണ് ഉത്പന്നം എത്തിക്കുന്നത്.

പതിനഞ്ചുപേരടങ്ങുന്ന വേഫർചിപ്സിന്‍റെ ടീമിൽ ഡോക്ടർമാരുൾപ്പെടെയുള്ളവരുണ്ട്. ആർ ആൻഡ് ഡി വിഭാഗമാണ് ടെക്നോ പാർക്കിൽ പ്രവർത്തിക്കുന്നത്. നിർമാണയൂണിറ്റ് അവിടുന്നൽപ്പം മാറിയാണ്. ആദ്യഘട്ടം കേരളത്തിലെ ആശുപത്രികളിൽ എത്തിക്കുകയാണ് വേഫർചിപ്സിന്‍റെ ലക്ഷ്യം.

ബിപിസിഎലിന്‍റെ ഗ്രാന്‍റ് ലഭിച്ചിട്ടുണ്ട്. കൂടാതെ സ്റ്റാർട്ടപ് മിഷനും മറ്റും ഗ്രാന്‍റ് നൽകിയിട്ടുണ്ട.് മേക്കർ വില്ലേജിലാണ്കന്പനിയുടെ ഇൻകുബേഷൻ.

വേറൊരു ഐഒടി ഉത്പന്നം കൂടി വേഫർപിച്സിനുണ്ട്. സ്മാർട് എനർജി മോണിട്ടറിംഗ് എന്ന ഉത്പന്നം . അതിപ്പോൾ ഏഷ്യാനെറ്റ് സാറ്റലൈറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇന്‍റർനെറ്റിന്‍റെ ഉപയോഗം അതോടൊപ്പം തൊഴിലാളികളെ മോണിട്ടർ ചെയ്യാനുള്ള സംവിധാനം എന്നിവ ചേർന്നതാണിത്.

വരും കാലങ്ങളിൽ ബയോകാൽക്കുലസിനെ എല്ലാവരിലേക്കുമെത്തിക്കുന്നതിനോടൊപ്പം തന്നെ അതിൽ കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഗവേഷണവും വികസനവും നടത്തുക എന്ന ലക്ഷ്യവും കന്പനിക്കുണ്ട്.