എന്ന് നിങ്ങളുടെ സ്വന്തം ബാലചന്ദ്രമേനോന്‍
കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും സ്വന്തം കൈയിലൊതുക്കി സിനിമാമേഖലയില്‍ ചരിത്രം സൃഷ്ടിക്കുന്ന ബാലചന്ദ്രമേനോന്‍ മലയാള സിനിമയുടെ വണ്‍ ആന്‍ഡ് ഒണ്‍ലി ബാലചന്ദ്രമേനോന്‍. തലയിലൊരു കെട്ടും കണ്ണുകളില്‍ കുറുമ്പും അതുവരെ മലയാള ആസ്വാദകലോകം കേട്ടിട്ടില്ലാത്ത സ്വാഭാവികമായ ഒരു വര്‍ത്തമാന ശൈലിയുമായി എഴുപതുകളുടെ ഒടുവില്‍ എത്തിയ മേനോന്‍ ഇന്നും ചലച്ചിത്രമേഖലയില്‍ സജീവം. പുതിയൊരു ചലച്ചിത്ര സംസ്‌കാരം മലയാള സിനിമയ്ക്കു നല്കിയ ബാലചന്ദ്രമേനോന്‍ എന്നും സ്ത്രീപക്ഷത്തു നില്ക്കുന്ന സംവിധായകന്‍ കൂടിയാണ്. കുടുംബത്തിലെ അമ്മയുടെ, ഭാര്യയുടെ പ്രാധാന്യത്തെയും അവകാശത്തെയുംകുറിച്ച് സമൂഹം സംസാരിച്ചു തുടങ്ങുംമുമ്പേ അതേക്കുറിച്ച് പറഞ്ഞതും ബാലചന്ദ്രമേനോന്‍ തന്നെ. ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സ്ത്രീയുടെ പങ്കിനെക്കുറിച്ചും വീടിന്റെ ഉള്‍ത്താളം തകരാതെ നിര്‍ത്തുവാന്‍ കുടുംബനാഥ അനുഷ്ഠിക്കേണ്ട ധര്‍മത്തെക്കുറിച്ചും വളരെ ലളിതമായി മനോഹരമായി ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഈ സന്ദേശങ്ങള്‍ക്കു പണ്ടത്തെക്കാള്‍ പ്രസക്തി ഇന്നാണെന്ന കാര്യവും അടിവരയിട്ട് പറയണം. തന്റെ സിനിമാനുഭവങ്ങള്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന ഫില്മി ഫ്രൈഡേയ്‌സ് എന്ന വേറിട്ട പരിപാടിയിലൂടെ മേനോന്‍ വീണ്ടും പ്രേക്ഷകലക്ഷങ്ങളെ കൈയിലെടു ക്കുകയാണ്. ഏപ്രില്‍ 12ന് തുടങ്ങിയ ഈ പരിപാടി ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴു മണിക്കാണ് പരിപാടി.

മേനോന്റെ ചലച്ചിത്രാനുഭവങ്ങള്‍ മാത്രമല്ല സിനിമാചരിത്രവും നമുക്കു സാക്ഷാല്‍ ബാലചന്ദ്രമേനോന്‍ ശൈലിയില്‍ തന്നെ കേള്‍ക്കാം. സ്ത്രീശക്തിയെ സ്ത്രീ മനസിനെ തിരിച്ചറിഞ്ഞ് തന്റെ സിനിമകളിലൂടെ സ്ത്രീക്ക് ആദരം നല്കിയ സംവിധായകന്‍ സംസാരിക്കുന്നു...

? ബാലചന്ദ്രമേനോന്‍ സിനിമകള്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും കുടുംബകേന്ദ്രീകൃതങ്ങളാണ്. സ്ത്രീകള്‍ക്കു ബഹുമാനം നല്കുന്നതിലും എന്നും ശ്രദ്ധിച്ചിരുന്നു. ബോധപൂര്‍വമാണോ ഈ സമീപനം.

സിനിമ ഒരു സംവിധായകന്റെ സ്വഭാവത്തിന്റെ പ്രതിഫലനം കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരമ്മയുടെ മകനും സഹോദരിയുടെ സഹോദരനും ഭാര്യയുടെ ഭര്‍ത്താവും മകളുടെ അച്ഛനുമാണ്. സിനിമാസംവിധായകനായി കാമറയ്ക്കു പിന്നില്‍ നില്ക്കുമ്പോഴും തിരക്കഥാകൃത്തായും സംഭാഷണ രചയിതാവായും മാറുമ്പോഴും എന്നില്‍ ഈ ജീവിതറോളുകളുണ്ട്. അതിന്റെ പരിപാവനമായ ധര്‍മങ്ങളുമുണ്ട്. അതു മറന്നുകൊണ്ട് ഒരു സ്ത്രീയെയും ഞാന്‍ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.

? സ്വന്തം സിനിമകളുടെ പ്രമേയത്തിലും സംഭാഷണത്തിലുമെല്ലാം കുടുംബത്തിന്റെ താളം നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ബാലചന്ദ്രമേനോന്‍ ഊന്നിപ്പറയുന്നുണ്ടല്ലോ.

അതേ. ഒരു കുടുംബത്തിന്റെ കേന്ദ്രബിന്ദു അല്ലെങ്കില്‍ ആധാരശക്തി എന്നുപറയുന്നത് കുടുംബത്തിലെ ഗൃഹനാഥ തന്നെയാണ്. ഒരു വീട്ടമ്മ നല്ലതാണെങ്കില്‍ വീടും നല്ലതാവും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിന് അനഭിലഷണീയമായ കൂട്ടുകൊേ മദ്യപാനമോ സ്വഭാവവൈകല്യങ്ങളോ ഉണ്ടെങ്കില്‍പോലും സ്ത്രീ വിചാരിച്ചാല്‍ ഭര്‍ത്താവിനെ നേര്‍വഴിയില്‍ കൊണ്ടുവരാന്‍ സാധിക്കും. സ്ത്രീക്കു മാത്രമേ അതിനുള്ള ശക്തി ഉള്ളൂ. ഭര്‍ത്താവിനെ കൈകാര്യം ചെയ്യേണ്ട ഒരു രീതിയില്‍ മുന്നോട്ടു പോകാതെ ഭാര്യ പ്രകോപിതയായാല്‍ ഭര്‍ത്താവ് കൂടുതല്‍ പ്രശ്‌നക്കാരന്‍ ആവുകയേ ഉള്ളൂ. ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര്‍ക്ക് എന്തും ആകാം എന്ന് അര്‍ഥമില്ല. ഭര്‍ത്താവ് വഴിവിട്ട് ജീവിച്ചാല്‍ തന്റെ ക്ഷമയിലൂടെയും മനഃശക്തിയിലൂടെയും ഭാര്യക്ക് അയാളെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. നൂറു ശതമാനവും സ്ത്രീപക്ഷ ചിന്താഗതിയില്‍നിന്നു തന്നെയാണ് ഞാനീ പറയുന്നത്.

? ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ ഈ സ്ത്രീപക്ഷ വാദത്തോട് യോജിക്കുമെന്നു കരുതുന്നുണ്ടോ
വിയോജിപ്പുകള്‍ ഉണ്ടാകാം. ശരിയായ അര്‍ഥത്തില്‍ മനസിലാക്കാത്തതിന്റെ ഒരു പ്രശ്‌നമായെ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. ക്ഷമയും വിട്ടുവീഴ്ചയും ദൗര്‍ബല്യങ്ങളല്ല. സ്ത്രീയുടെ ക്ഷമ ഏറ്റവും വലിയ ശക്തിയായാണ് ഞാന്‍ കാണുന്നത്. സ്ത്രീയുടെ സ്‌നേഹത്തിന്റെ ശക്തിയും അനന്തമാണ്. കുടുംബം നിലനിര്‍ത്താന്‍ വേണ്ടി സ്ത്രീ മാത്രം എന്തിനു വിട്ടുവീഴ്ച ചെയ്യണം എന്നുള്ള അഭിപ്രായങ്ങളും ചോദ്യങ്ങളും പല സ്ത്രീപക്ഷ ചര്‍ച്ചകളിലും ഉയര്‍ന്നുവരാറുണ്ട്. ഈ വിഷയത്തില്‍ എന്നെ എതിര്‍ക്കുന്നവരെയും ഞാന്‍ പല അവസരങ്ങളിലും നേരിടാറുണ്ട്. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചു വാദഗതികള്‍ ഉയരുമ്പോള്‍ ഞാന്‍ പറയുന്നത് ഒന്നേ ഉള്ളൂ. സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. ഈ വ്യത്യസ്തത സ്ത്രീയുടെ കരുത്താണ്. കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീ, പ്രകൃതിയുടെ തന്നെ പ്രതീകമാണ്. പുരുഷനെക്കാള്‍ സ്ത്രീക്കു സ്ഥാനമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

? ബാലചന്ദ്രമേനോന്റെ രണ്ടാമത്തെ ചിത്രമായ രാധ എന്ന പെണ്‍കുട്ടിയുടെ ശീര്‍ഷകത്തില്‍ തന്നെ ഈ സ്ത്രീപക്ഷം കാണാമോ

1979ല്‍ പുറത്തുവന്ന രാധ എന്ന പെണ്‍കുട്ടിയില്‍ തന്നെ സ്ത്രീയുടെ മനസിനും വികാരങ്ങള്‍ക്കും പ്രാധാന്യം നല്കിയിരുന്നു. ജലജ അവതരിപ്പിക്കുന്ന രാധ എന്ന കഥാപാത്രം തനി ഗ്രാമീണ പെണ്‍കുട്ടിയാണ്. ജീവിതത്തെ രാധ നേരിടുന്ന ഒരു രീതിയുണ്ട്. അതു വളരെ വ്യത്യസ്തമാണ്.

? 'അച്ചുവേട്ടന്റെ വീട്' എന്ന സിനിമയില്‍ പ്രശസ്ത ഹിന്ദി ചലച്ചിത്രനടി അവതരിപ്പിച്ച രുഗ്മിണി ഏറെ വ്യത്യസ്തമായ ഒരു സ്ത്രീമുഖമായിരുന്നുവല്ലോ

എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് രുഗ്മിണി എന്നു പറയുവാന്‍ അഭിമാനമുണ്ട്. ഭര്‍ത്താവ് പെെന്നു നഷ്ടപ്പെടുമ്പോള്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ നേരിടുന്ന ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും അതിന്റെ ഭീകരമായ വേട്ടയാടലുകളും ഇതിലുണ്ട്. എന്നാല്‍ വളരെ പോസിറ്റീവായി, ധീരമായി സ്വന്തം കുടുംബം മുന്നോട്ടു കൊണ്ടുപോകുന്ന സ്ത്രീയെ, വീട്ടമ്മയെ സിനിമയുടെ അവസാനം കാണാം. ഒരു പുരുഷന്റെ തണലില്‍, സുരക്ഷിതത്വത്തില്‍ നിന്നും പെെട്ടന്നു പുറത്താക്കപ്പെടുന്ന സ്ത്രീയുടെ പ്രതിസന്ധികള്‍, ജീവിതത്തിന്റെ ക്രൂരമായ നേരുകള്‍ ഒക്കെ അവരെ തളര്‍ത്തുന്നുണ്ട്. എങ്കിലും തന്നിലെ സ്ത്രീത്വത്തിന്റെ, മാതൃത്വത്തിന്റെ കരുത്തില്‍ അവര്‍ പ്രശ്‌നങ്ങളെ ഒറ്റയ്ക്കു നേരിട്ട് മുന്നേറുകയാണ്.


? സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ചലച്ചിത്രനിരൂപകര്‍ പലരും രുഗ്മിണി എന്ന സ്ത്രീശക്തിയെ കാണാതെപോവുകയാണല്ലോ

അതേ, വളരെ വേദനയുണ്ട്. എന്റെ സിനിമയിലെ കരളുറപ്പുള്ള സ്ത്രീ നിരാകരിക്കപ്പെടുന്നു എന്നതല്ല ഇവിടെ പ്രശ്‌നം. വളരെ ആഴമുള്ള ഒരു സ്ത്രീകഥാപാത്രമാണ് രുഗ്മിണി. മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുന്നവരും ലേഖനങ്ങള്‍ എഴുതുന്ന പത്രപ്രവര്‍ത്തകരും രുഗ്മിണിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

ഞാന്‍ സൃഷ്ടിച്ച കഥാപാത്രമായത് കൊണ്ടല്ല ഇങ്ങനെ പറയുന്നത്. സത്യസന്ധമായ രീതിയില്‍ നിരൂപണം എന്ന കലയെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അഭ്യര്‍ഥനയുണ്ട്. ഇല്ലെങ്കില്‍ പുതിയ തലമുറയെയാണ് ഇവര്‍ തെറ്റായി നയിക്കുന്നത്.

ഒരു പ്രസിദ്ധീകരണത്തില്‍ മലയാള സിനിമയിലെ കുടുംബസംവിധായകരെക്കുറിച്ചുള്ള ഒരു ലേഖനം വന്നു. അതില്‍ വേണു നാഗവള്ളിയുടെ പേരും അഞ്ജലി മേനോന്റെ പേരും ഉണ്ട്. ബാലചന്ദ്രമേനോന്റെ പേര് പരാമര്‍ശിച്ചിട്ടുപോലുമില്ല. ഇത് പത്രപ്രവര്‍ത്തനത്തിനു ഭൂഷണമല്ല. മലയാള സിനിമയിലെ കുടുംബ സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ബാലചന്ദ്രമേനോന്റെ പേര് ഒഴിവാക്കുന്നത് ഇന്ത്യയുടെ ചരിത്രം ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി എഴുതുന്നതുപോലെയല്ലേ?

പലരും സ്ത്രീകഥാപാത്രചരിത്രം എഴുതുമ്പോള്‍ അവര്‍ക്കു താത്പര്യമുള്ള ചലച്ചിത്രക്കാരുടെ സിനിമകള്‍ മാത്രം കണക്കിലെടുക്കുന്നൂ. പ്രത്യേക അളവുകോല്‍ വച്ച് ചില വിഗ്രഹങ്ങളെ മാത്രം പൂജിക്കുന്ന രീതി.

? കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തില്‍ മറ്റൊരു ഭാര്യാമുഖമാണല്ലോ ദൃശ്യമാകുന്നത്

അതേ. ഒരു ഭാര്യ എങ്ങനെ വേണമെന്നു കാണിക്കുന്നതാണ് ഈ സിനിമ. ആദ്യനാളുകളില്‍ വൈകൃത മനോനിലയുള്ള ഭര്‍ത്താവിനു വിധേയയായി ജീവിക്കുന്ന ഭാര്യ പിന്നീട് ശക്തിയാര്‍ജിച്ച് മറ്റൊരു പരിണാമതലത്തില്‍ എത്തുന്ന കാഴ്ചയുണ്ട് ഇതില്‍. ജീവിതസായാഹ്നത്തില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കുന്ന ഭാര്യയെയാണ് സിനിമ കാണിച്ചുതരുന്നതും. ഇന്ദ്രജയാണ് ഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭര്‍ത്താവിന്റെ ഒരു ദുര്യോഗം കൂടിയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍തന്നെ ഇങ്ങനെയുള്ള ഒരു ഭര്‍ത്താവിന്റെ ഗതികേട് സൂക്ഷ്മമായി ചിത്രീകരിക്കുന്നത് ആദ്യമായിാണ്. നമുക്കു ചുറ്റും ഇങ്ങനെ ധാരാളം ഗോപാലകൃഷ്ണന്മാരുണ്ട്.

? സിനിമയിലെ സ്ത്രീവിരുദ്ധത ഇന്നു വലിയ ചര്‍ച്ചാവിഷയമാണല്ലോ

നേരത്തേ പറഞ്ഞതുപോലെ ഒരു സംവിധായകന്റെ മനസ് അയാളുടെ സിനിമയില്‍ കടന്നുവരും. എന്റെ സിനിമകളില്‍ ഒന്നും സ്ത്രീകളെ തരംതാഴ്ത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ ഒരു സമീപനം കാണുവാന്‍ കഴിയില്ല. സഭ്യത വിട്ട് അഭിനയിക്കേണ്ട രംഗങ്ങള്‍ ഒന്നും ഞാന്‍ ചിത്രീകരിച്ചിട്ടില്ല. സ്ത്രീത്വത്തെ ഞാന്‍ ബഹുമാനിക്കുന്നതുകൊണ്ടുതന്നെയാണ് ഇത്. പില്‍ക്കാലത്ത് ദേശീയതലത്തില്‍ തന്നെ വളരെ പ്രശസ്തരായി മാറിയ നിരവധി പുതുമുഖനായികമാരെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖ നായികമാരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച വിശ്വോത്തര സംവിധായകര്‍ എന്നു നാം വിശേഷിപ്പിക്കുന്ന പലരും പുതുമുഖ നായികയെ അവതരിപ്പിക്കുമ്പോള്‍ ഹൈലൈറ്റായി വരുന്നത് അവരുടെ കുളിസീന്‍ ആയിരിക്കും.

? സ്ത്രീസമത്വത്തെ എങ്ങനെ കാണുന്നു

എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീസമത്വം എന്നതിനു വിശാലമായ അര്‍ഥമാണുള്ളത്. ബഹുമാനം നല്കുക, ബഹുമാനം ആര്‍ജിക്കുക എന്നതാണ് പ്രധാനം. ''ഗിവ് റെസ്‌പെക്ട് ആന്‍ഡ് ടേക്ക് റെസ്‌പെക്ട്''. പുരുഷന്റെയും സ്ത്രീയുടെയും കര്‍മങ്ങള്‍ രണ്ടാണ്. പ്രകൃതിയുടെ ഒരു നിയോഗമാണത്. ഭര്‍ത്താവിനു മുന്നിലായി നടന്നതുകൊണ്ടോ പുരുഷനോട് മത്സരിക്കുവാന്‍ വേണ്ടി പ്ലെയിന്‍ പറപ്പിക്കുന്നതുകൊണ്ടോ ഉണ്ടാകുന്നതല്ല സമത്വം. അതു ഹൃദയത്തില്‍നിന്നും ഉണ്ടാകുന്ന ഒരു ഭാവമാണ്. സ്‌നേഹവും ശാന്തിയും ആത്മാര്‍പ്പണവും ഉള്‍ച്ചേര്‍ന്നൊരു ലയനം. നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ സ്ത്രീയെയും പുരുഷനെയും പകുത്തുവച്ച് മത്സരിപ്പിക്കുന്ന ഒരു രീതിയാണ് കാണുന്നത്. മാധ്യമങ്ങളിലെ ചര്‍ച്ചകളിലും ഈ അനാരോഗ്യകരമായ പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ഈ മത്സരങ്ങളും റേറ്റിംഗുകള്‍ കൂട്ടുവാനുള്ള പുതിയ പ്രവണതകളും സ്ത്രീപുരുഷബന്ധത്തിന്റെ സ്വാഭാവികമായ പരിപാവനതയാണ് തകര്‍ക്കുന്നത്.

? അടുത്ത ചിത്രം എപ്പോഴാണ്

ഞാന്‍ ആഗ്രഹിച്ച്, സ്വീകരിച്ച എന്റെ ഇടമാണ് സിനിമ. ഞാനായി തെരഞ്ഞെടുത്ത മേഖല. എന്റെ പ്രേക്ഷകര്‍ എനിക്ക് അംഗീകാരവും സ്‌നേഹവും നല്കിയിട്ടുമുണ്ട്. നാല്പത്തിരണ്ടു വര്‍ഷത്തിനു മുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നു. 37 സിനിമകള്‍ കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇടയ്‌ക്കൊന്നു വിശ്രമിക്കുവാനുള്ള ആവശ്യം എന്റെ മനസിനും ശരീരത്തിനും ഉണ്ട്. അതുകഴിഞ്ഞ് തീര്‍ച്ചയായും സിനിമയുമായി നിങ്ങളുടെ അടുത്തെത്തും. ഇന്നും എന്റെ പേരു പരാമര്‍ശിക്കുമ്പോഴോ എന്നെ നേരിട്ടു കാണുമ്പോഴും ജനം കാണിക്കുന്ന ഒരു സ്‌നേഹമുണ്ട്. അതെന്റെ സിനിമകളുടെ ഒരു സ്വാധീനമായാണ് ഞാന്‍ കാണുന്നത്. എണ്ണം കൂട്ടുവാന്‍ വേണ്ടി ഒരിക്കലും സിനിമ ചെയ്യുവാന്‍ താത്പര്യമില്ല, ചെയ്തിട്ടുമില്ല.

എസ്. മഞ്ജുളാദേവി