ഹൃദയത്തെ പിണക്കല്ലേ
ആയുസിന്റെ കണക്കെടുപ്പില്‍ മധ്യവയസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചാം ദശകം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികളുടേതാണ്. ശരീരത്തിന്റെ പ്രവര്‍ത്തനവ്യവസ്ഥയില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന കാലം. അന്നുവരെ അനുഭവിച്ചുപോന്ന സ്‌നിഗ്ധവും സുന്ദരവുമായ ജീവിതശൈലിയില്‍ അവശതകളുടെ പുത്തനധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന കാലയളവ്. ആ കാലഘത്തെ വിജയപ്രദമായി അതിജീവിക്കുന്നതില്‍ പലര്‍ക്കും പാളിച്ചകള്‍ സംഭവിക്കുന്നു. പ്രത്യേകിച്ച് അതുവരെ വികലമായ ജീവിതശൈലിയും അപഥ്യമായ ഭക്ഷണക്രമവും വച്ചുപുലര്‍ത്തിയവര്‍ക്കു നാല്പതുകളുടെ ആരംഭം പ്രത്യേകമായ ഭീഷണിയുളവാക്കും.

ഉണങ്ങിവരണ്ട് ചുളിവുകള്‍ വീഴുന്ന ചര്‍മവും നരച്ചുതുടങ്ങുന്ന തലമുടിയും വര്‍ധിച്ചുവരുന്ന ശരീരഭാരവും ശേഷിക്കുറവും പാളിപ്പോകുന്ന ലൈംഗികാസക്തിയുമെല്ലാം സ്‌ത്രൈണതയുടെ ചുറുചുറുക്കിനെ തകിടംമറിക്കുന്നു. പലര്‍ക്കുമിത് നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും പരീക്ഷണഘട്ടമാകാറുണ്ട്.

ആര്‍ത്തവ വിരാമത്തിന്റെ തുടക്കം

ഈ പ്രായത്തില്‍ ശരീരത്തിലുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തനം ആര്‍ത്തവവിരാമത്തിന്റെ തുടക്കവും സ്‌ത്രൈണഹോര്‍മോണുകളുടെ ഉത്പാദനത്തിലെ അപര്യാപ്തതയുമാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും. സ്ത്രീത്വത്തെ കാത്തുപരിപാലിക്കുന്നതും ഈ സ്‌ത്രൈണ ഹോര്‍മോണുകളാണ്. ഈസ്ട്രജന്‍, പ്രോജസ്‌റ്റെറോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ത്രീസഹജമായ ചിന്തകള്‍ക്കും സൗന്ദര്യത്തിനും ശരീരവടിവിനും ഉത്തേജക ഘടകങ്ങളാണ്. ഹൃദ്രോഗ സാധ്യതയില്‍നിന്നു സ്ത്രീകളെ പരിരക്ഷിക്കുന്നു. ഗര്‍ഭധാരണവും പ്രസവവും കുട്ടികളെ വളര്‍ത്തലുമൊക്കെ സ്ത്രീകള്‍ക്കു പ്രകൃതി നല്‍കുന്ന ആരോഗ്യഭീഷണിയല്ലേ? ആരോഗ്യഭീഷണി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. ഇവകളെല്ലാം കൂടുതല്‍ ശ്രമകരവും മാനസികശാരീരിക ആയാസം ഏല്‍പിക്കുന്നതുമായ പ്രതിഭാസങ്ങളാണെന്നേ ഉദ്ദേശിച്ചുള്ളൂ. എന്നാല്‍ പ്രകൃതിതന്നെ അതിനു പരിഹാരവും കണ്ടെത്തുന്നുണ്ട്. ആര്‍ത്തവവിരാമത്തിനു മുമ്പ് സ്ത്രീകളെ ഗര്‍ഭധാരണത്തിന് ഒരുക്കുന്നതിനായി ഹൃദ്രോഗഭീഷണി ഉണ്ടാകാതിരിക്കാനുള്ള സഹായങ്ങള്‍ പ്രകൃതി അവര്‍ക്ക് ദാനമായി നല്‍കിയിരിക്കുകയാണ്. ഋതുവിരാമത്തിനു മുമ്പ് 90 ശതമാനം സ്ത്രീകള്‍ക്കും ഹാര്‍ട്ടറ്റാക്കുണ്ടാകുകയില്ല.

ഇതിനു സഹായകമായി ഭവിക്കുന്നതും ഈസ്ട്രജനും കൂട്ടരുംതന്നെ. ഈസ്ട്രജന്‍ 'നല്ല' സാന്ദ്രത കൂടിയ കൊളസ്റ്ററോളിന്റെ (എച്ച്ഡിഎല്‍) അളവിനെ കൂട്ടുന്നതിനൊപ്പം കൊറോണറി ധമനികളുടെയും മറ്റു പൊതുവായ രക്തക്കുഴലുകളുടെയും ഉള്‍വ്യാസം വികസിപ്പിക്കുകയും ചെയ്യുന്നു. വര്‍ധിച്ച എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിനെ രക്തത്തില്‍നിന്ന് അകറ്റുന്നു. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ ആണ് ഓക്‌സീകരണ പ്രക്രിയവഴി ധമനികളില്‍ ജരിതാവസ്ഥയുണ്ടാക്കി ബ്ലോക്കിനു കാരണമാകുന്നത്. ഹൃദയധമനികളിലെ ബ്ലോക്ക് വഷളായി രക്തപ്രവാഹം ദുഷ്‌കരമാകുമ്പോഴാണ് നെഞ്ചുവേദനയും ഹാര്‍ട്ടറ്റാക്കും ഉണ്ടാകുന്നത്. അപ്പോള്‍ സ്‌ത്രൈണത നിലനിര്‍ത്തുന്നതോടൊപ്പം സ്ത്രീകളിലെ ഹൃദയാരോഗ്യ പരിരക്ഷയ്ക്കും ഈസ്ട്രജന്‍ വേദിയൊരുക്കുന്നു. നാല്‍പതുകളുടെ ആരംഭത്തില്‍ തുടങ്ങി ഏതാണ്ട് അമ്പത് വയസാകുന്നതോടെ ഋതുവിരാമം സംഭവിച്ചാല്‍ സ്ത്രീകളിലെ സ്‌ത്രൈണ ഹോര്‍മോണുകളുടെ ഉത്പാദനം പൂര്‍ണമായി നിലയ്ക്കുകയും അതോടെ ഹൃദ്രോഗസാധ്യത കുത്തനേ കൂടുകയും ചെയ്യുന്നം. ഋതുവിരാമത്തിനു ശേഷം അമ്പതുവയസുള്ള പുരുഷന്മാരെക്കാള്‍ ഹൃദ്രോഗഭീഷണി സ്ത്രീകള്‍ക്കുതന്നെ.

ഹൃദ്രോഗം പുരുഷന്മാരെ മാത്രം വേട്ടയാടുന്ന രോഗാതുരതയാണെന്നും അത് സ്ത്രീകളെ ബാധിക്കാറില്ലെന്നുമുള്ള മിഥ്യാധാരണകള്‍ക്കു വിരാമമിട്ടത് 1999ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗരേഖകള്‍ പ്രകാശിതമായപ്പോഴാണ്. സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിടുന്ന സുപ്രധാന വില്ലന്‍ സ്തനാര്‍ബുദമല്ല ഹൃദ്രോഗമാണെന്നും അതിനെ പിടിയിലൊതുക്കാനുള്ള ക്രിയാക മാര്‍ഗങ്ങള്‍ കാലേകൂട്ടി ആരംഭിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ടായി.

മരണസംഖ്യ കൂടുതല്‍

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍പ്രകാരം ലോകത്ത് പ്രതിവര്‍ഷം 91 ലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗങ്ങള്‍ മൂലം മരിക്കുന്നു. ഈ മരണസംഖ്യ അര്‍ബുദം, ക്ഷയരോഗം, എയ്ഡ്‌സ്, മലേറിയ എന്നീ മഹാമാരികള്‍ മൂലമുണ്ടാകുന്നതിനേക്കാള്‍ കൂടുതലാണ്. ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗം മൂലമാണ് മൃത്യുവിനിരയാകുന്നതും. സാമ്പത്തികമായി താഴേക്കിടയിലുള്ള വികസ്വരരാജ്യങ്ങളിലെ സ്ത്രീകളാണ് ഇതില്‍ കൂടുതലും. ഇത് ഗര്‍ഭാനന്തര രോഗങ്ങള്‍മൂലമുള്ള മരണസംഖ്യയേക്കാള്‍ കൂടുതലാണ്. 1990ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. ഹാര്‍ട്ട് അറ്റാക്കിനു ശേഷമുള്ള മരണസംഖ്യ നോക്കിയാല്‍ സ്ത്രീകള്‍ (52 ശതമാനം) പുരുഷന്മാരേക്കാള്‍ (42 ശതമാനം) മുന്‍നിരയില്‍ത്തന്നെ.


ഋതുവിരാമത്തിനു ശേഷമുള്ള വര്‍ധിച്ച ഹൃദ്രോഗസാധ്യത ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അഭാവത്താലായതുകൊണ്ട്, ഈ ഹോര്‍മോണ്‍ നല്‍കുകവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സാധിക്കുമോ എന്ന പഠനങ്ങള്‍ നടന്നു. 1990നു മുമ്പ് നടന്ന പഠനങ്ങള്‍ ഹോര്‍മോണ്‍ പുനരുത്പാദന ചികിത്സയ്ക്ക് അനുകൂലമായി വിധിയെഴുതിയെങ്കിലും അതിനുശേഷം നടന്ന എല്ലാ ബൃഹത്തായ ഗവേഷണ പരീക്ഷണങ്ങളും ഹോര്‍മോണ്‍ കൃത്രിമമായി നല്‍കുന്നതിനെതിരേ വിധിയെഴുതി. ഈ ചികിത്സ ഹൃദ്രോഗം, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ ഇവ വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നതായി തെളിഞ്ഞു. ഇതിന്റെ വെളിച്ചത്തില്‍ പ്രകൃതിദത്തമായ ഋതുവിരാമത്തിനു ശേഷമോ ഗര്‍ഭപാത്രവും ഓവറികളും ശസ്ത്രക്രിയവഴി നീക്കം ചെയ്തതിനു ശേഷമോ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൃത്യ അളവില്‍ നല്‍കേണ്ട ആവശ്യമില്ല. സ്ത്രീ ശരീരത്തിന്റെ സ്‌ത്രൈണസ്വഭാവങ്ങളും ഹോര്‍മോണിന്റെ അപര്യാപ്തമൂലമുണ്ടാകുന്ന പ്രധാന സങ്കീര്‍ണതകളും കുറയ്ക്കാന്‍ വളരെ ചെറിയ അളവില്‍ ഈസ്ട്രജന്‍ നല്‍കാറുണ്ട്.

സ്ത്രീകളില്‍, പ്രത്യേകിച്ച് നാല്‍പതുവയസ് ആകുന്നതോടെ സാവധാനം ആരംഭിക്കുന്ന ആര്‍ത്തവ വിരാമപ്രക്രിയ മൂലം ഹൃദ്രോഗ ഭീഷണി തുടങ്ങുന്നതുകൊണ്ട് അതിനെ ക്രിയാകമായി കൈകാര്യം ചെയ്യാനുള്ള പുതിയ മാര്‍ഗനിര്‍ദേശക രേഖകള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നല്‍കുന്നുണ്ട്. ഇനി ആര്‍ത്തവമുള്ളപ്പോള്‍ത്തന്നെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യതയേറുന്ന സന്ദര്‍ഭങ്ങളുണ്ട്. പ്രമേഹരോഗമുള്ളവര്‍, പുകവലിക്കുന്നവര്‍, ഗര്‍ഭനിരോധന ഗുളികകള്‍ സേവിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള ഏറിയ സാധ്യതയുണ്ട്. രോഗവും ദുശീലങ്ങളും മൂലം പ്രകൃതിയുടെ സംരക്ഷണം നഷ്ടപ്പെടുന്നതു മൂലമാണിത്.

നാല്‍പതുകളിലെ ഗര്‍ഭധാരണം

ഇനി നാല്‍പതുകളില്‍ ഗര്‍ഭധാരണം നടന്നാല്‍ അതും കുട്ടിക്ക് ഹാനികരമാകാം. ഡൗണ്‍ സിന്‍ഡ്രം എന്ന ജനിതകവൈകല്യമുള്ള കുട്ടി ജനിക്കാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭം ധരിക്കാനും ആരോഗ്യമുള്ള കുട്ടി പിറക്കാനും പ്രകൃതി സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം യൗവനകാലഘമാണ്. ഈ പ്രായപരിധി അധികരിക്കുന്തോറും വിവിധ വൈകല്യങ്ങളോടെ കുട്ടി ജനിക്കാനുള്ള സാധ്യതയും ഏറുന്നു. ഡൗണ്‍ സിന്‍ഡ്രം ഉള്ള കുട്ടികള്‍ക്ക് മാരകമായ ജന്മജാത ഹൃദ്രോഗമുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച് ഗൗരവമേറിയ ഹൃദ്രോഗവുമായി കുട്ടി സാധാരണജീവിതം നയിക്കാന്‍ അനുയോജ്യമല്ലാതായിത്തീരുന്നു.

അമിത ഭാരവര്‍ധന

നാല്‍പതുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്‌നം അമിതമായ ഭാരവര്‍ധനയാണ്. ഈ കാലയളവില്‍ സ്ത്രീകളിലെ അടിസ്ഥാനമായ പോഷക പരിണാമത്തോത് കുറയുന്നു. അതായത് സ്ത്രീകള്‍ക്ക് ജീവസന്ധാരണത്തിന് അനിവാര്യമായ കലോറിയുടെ ആവശ്യം കുറയും. അങ്ങനെ ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയം കുറയുന്നു. അപ്പോള്‍ പഴയതോതില്‍ ആഹരിച്ചുകൊണ്ടിരുന്നാല്‍ കൂടുതലുള്ള കലോറി ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞുകൂടും. വ്യായാമം കുറവുള്ളവരില്‍ ഈ പ്രതിഭാസം കൂടുതല്‍ വഷളാകുന്നു. അമിതവണ്ണം അതിരുകടക്കുമ്പോള്‍ രക്തസമ്മര്‍ദവും കൊളസ്റ്ററോളും പ്രമേഹവും അതിരുകടക്കും. നാല്‍പതുകളില്‍ രക്താദിമര്‍ദവും വര്‍ധിച്ച കൊളസ്റ്ററോളും പ്രമേഹബാധയുള്ളവര്‍ക്കും ആര്‍ത്തവവിരാമത്തിനു ശേഷം ആരോഗ്യനിലവാരം ഏറെ വഷളാകുന്നു. ഹൃദയാഘാതവും സ്‌ട്രോക്കും വൃക്കപരാജയവുമൊക്കെയാണ് അനന്തരഫലം.

ശരീരഭാരം ക്രമപ്പെടുത്തി ജീവിതവീക്ഷണ ശൈലികള്‍ സന്തുലിതമാക്കി കൃത്യമായി വ്യായാമം ചെയ്തും എക്‌സിക്യൂട്ടീവ് ചെക്കപ്പുകളും രക്തപരിശോധനകളും കൃത്യ കാലയളവില്‍ നടത്തി നാല്‍പതുകളിലെത്തിയ സ്ത്രീകള്‍ ആരോഗ്യപരിപാലനം സുരക്ഷിതമാക്കണം.

ഡോ.ജോര്‍ജ് തയ്യില്‍
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്, ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം